കരിയന്നൂര്‍

യേന കേന പ്രകാരേണ പ്രസിദ്ധ: പുരുഷോ ഭവേല്‍

Tuesday, March 13, 2018

വീട്

മാനം നോക്കി കിടക്കുന്ന വീടിൻറെ കണ്ണിൽനിന്ന്
ഏറാൽ വെള്ളം വീഴുന്നു.
അവരെന്തു ചെയ്യുകയാണവോ
തലവേദനയുടെ  കലക്കം തട്ടിയ കണ്ണും അടച്ച്
തിന്നു തീർക്കാനുള്ള ദുർഭാഗ്യങ്ങൾ അയവെട്ടുകയാകും
കിട്ടാക്കനിക്കായ് കാതങ്ങൾ താണ്ടി
സ്വാതന്ത്ര്യത്തിൻറെ പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയ
വിമ്മിഷ്ടത്തിൻറെ പേറ്റു നോവിലാണോ ആവോ.
വിറ്റുപോയ വീടിന് ഏറാൽ വെള്ളംഇറ്റു വീഴ്ത്താനല്ലാതെ
എന്തു ചെയ്യാൻ പറ്റും
വീടുവിൽക്കുമ്പോൾ അവരോർക്കണമായിരുന്നു.
വേരുകൾ മുറിക്കയാണെന്ന്.
വേരുകൾ മുറിച്ചാൽ ശാഖകളുണങ്ങും.
അതിൽ ഇലയും പൂവ്വും കായും ഉണ്ടാകില്ലെന്ന്
ഓർക്കണമായിരുന്നു.
അവരവിടെ വീടു വച്ചിരിക്കാം.
 വീടിനുള്ളിൽ മുല്ലയും തുളസിയും അരുമയായി
നട്ടുനനച്ചിട്ടുമുണ്ടാകും.
പുരയ്ക്കു ചുറ്റും കൊടും തണുപ്പ്
കല്ലിച്ചു കിടക്കുമ്പോൾ ആ പുരയ്ക്കെങ്ങിനെ
സമാധനമായി പൂവ്വിനെ പ്രസവിക്കാനാകും.
എങ്ങിനെ ഏറാൽകണ്ണീരിറ്റിക്കാനാകും.
 

Thursday, April 20, 2017

ചാത്തോത്തെ കുഞ്ഞുണ്ണി

ചാത്തോത്തെ കുഞ്ഞുണ്ണി ചത്തുപോയാല്‍
എത്തുന്ന ദിയ്ക്കൊന്നു നോക്കുവാനായ്
കയറില്‍കുരുക്കിട്ടു മോന്തായത്തില്‍
തൂങ്ങുവാനേതാണ്ടൊരുങ്ങിനിന്നു
കണ്ഠം കയറിന്‍ കുരുക്കിലായി
പെട്ടെന്നു കുഞ്ഞുണ്ണിയ്ക്കുള്‍ത്തടത്തില്‍
പിന്‍വിളിപോലൊരു ചിന്ത വന്നു.
കാണുന്നകാര്യം കുറിച്ചുവെയ്ക്കാന്‍
പുസ്തകം കയ്യില്‍ കരുതീലെന്ന്
ഓര്‍ത്തിട്ടു പെട്ടന്നിറങ്ങീടുംപോള്‍
കൈവിട്ടു ടപ്പോന്ന് താഴത്തേയ്ക്ക്.
കയറിന്‍ കുരുക്കു ചുരുങ്ങിവന്നു.
ചത്തുപോയാലെത്തുന്ന ദിക്കിലെത്തി
എന്നു താൻ ലോകർനിനച്ചിടുന്നു.

പെൺകുട്ടി

അമ്മ ചവര്‍പ്പെഴുമാവലാതി ചേര്‍ത്ത
ഉച്ചയൂണ്‍ പാത്രത്തിലാക്കീടവേ
പ്രാതല്‍ത്തളികയില്‍ വക്കത്തു ശേഷിച്ച
വേപ്പിലയങ്ങോട്ടിങ്ങോട്ടു നീക്കി
മൗനത്തിലാഴ്ന്നപോലുള്ളൊരു പെണ്‍കുട്ടി
കണ്ണില്‍ പ്രതിഷേധബാഷ്പവുമായ്
അസ്വസ്ഥസാന്ദ്രമാം നിശ്ചലതയ്ക്കുള്ളില്‍
വറ്റിവരണ്ടപോല്‍ കേട്ടിരുന്നു.

Tuesday, September 27, 2011

ദുഖസാന്ദ്രമാം ചിരി

ഇന്നലെയെന്‍ കൊച്ചുമോളുടെ വാക്തുംപികള്‍ക്കു കല്ലായ് കിടക്കാന്‍
കുസൃതിക്കുന്നിക്കുരുക്കള്‍ പെറുക്കാന്‍
കുരുന്നുകനവിന്‍ പട്ടങ്ങള്‍ പറത്താന്‍
എന്‍കിതപ്പിന്‍ തുംപില്‍ തൂങ്ങി
തുള്ളിത്തുളുംപി
ജരാനരകേറിയ കൗമാരക്കാരനായി നടന്നേന്‍

വഴിയിലത്ഭുതം പൂണ്ട പോക്കാച്ചിത്തവള
കണ്ണുതള്ളിയിരുന്നതും,
നിറംമാറ്റക്കാരന്‍ ഓന്ത്
ബാലനിറമാര്‍ന്നു ചാഞ്ചാടിയതും,
പാംപ് ശീല്‍ക്കാരമെറിഞ്ഞ്
രണ്ടുപേരുണ്ടെന്നാരോടോ
നാവിനാലാങ്ഗ്യം കാട്ടിയതും,
മുള്‍ച്ചെടികള്‍ ലോഗ്യം ചൊല്ലാനായ്
പിടിച്ചു വലിച്ചതും
താണ്ടി ഞങ്ങള്‍
ഗ്രാമാതിര്‍ത്തിക്കുന്നിന്‍ പുറത്തെത്തിച്ചേര്‍ന്നാര്‍

ഭൂമിയിലേയ്ക്ക് ഞാന്നു കിടന്ന
മാനത്തിന്നടില്‍ക്കൂടി കരിങ്കാറ്
എത്തിനോക്കുന്നതും,
അവയുടെ പിന്നില്‍
ഇടിമുഴക്കങ്ങള്‍ അവസരം പാര്‍ത്ത്
പതുങ്ങിയിരിയ്ക്കുന്നതും,
ചപ്രത്തലയുള്ള മലകളും,
ഇളന്നിറങ്ങളും കടുന്നിറങ്ങളും
തേച്ച ചതുരപ്പാടങ്ങളും,
തീപ്പട്ടിക്കൂടുപോല്‍
ബസ്സിഴയുന്നതും
നോക്കി കൗമാരക്കാരന്‍
മുത്തച്ഛനും കൊച്ചുമകളും
ചക്രവാളങ്ങളില്‍
കണ്ണുകള്‍ കൊളുത്തിവലിച്ച്
ഇളകാന്‍ ആവാതെ ലയിച്ചു നിന്നൂ.

മലയുടെ അടിയില്‍
ചുവന്ന കന്നിമണ്ണിടിച്ച്
ചുവപ്പു തളംകെട്ടിയ
ഒരിടം

കൊച്ചുമകളെനിയ്ക്ക് എടുത്താല്‍
പൊങ്ങാത്തൊരു ചോദ്യം തന്നാള്‍
നമുക്ക് മലയെ തൊടാന്‍ പാടില്ലേ?
ചേച്ചിയ്ക്കിതുപോലെ ചുവന്ന ചോരവന്നപ്പോള്‍
അമ്മ പറഞ്ഞല്ലോ തൊടാന്‍ പാടില്ലെന്ന്

ജരാനരകേറിയ കൗമാരക്കാരന്‍റെ മുഖത്തൊരു
ദുഃഖസാന്ദ്രമാം ചിരി നിന്നു കിതച്ചു

Saturday, January 22, 2011

നടക്കുന്നകാലം

ഒളിച്ചും തെളിഞ്ഞും പുളയ്ക്കുന്നു മായാ
തെളിഞ്ഞില്ല കാര്‍മേഘവര്‍ണ്ണന്‍റെ രൂപം
മുളയ്ക്കുന്നു കള്ളത്തരങ്ങള്‍ മനസ്സില്‍
തിളയ്ക്കുന്നു രാഗാദിദോഷങ്ങള്‍ നിത്യം

കണ്ണില്‍ തറയ്ക്കുന്ന കാഴ്ചയ്ക്കുമുന്നില്‍
പിണങ്ങാതിണങ്ങുന്നു കണ്ണീര്‍ക്കയത്തിന്‍
ഉണങ്ങാത്ത തീരത്തു നിര്‍ത്തുന്നു പിന്നെ
തുണയ്ക്കാത്ത കണ്ണിന്നടങ്ങുന്നു ജീവന്‍

എടുക്കും തൊടുക്കും വികാരങ്ങളെല്ലാ
മൊടുക്കും മടങ്ങും തടുക്കാന്‍ നിനച്ചാല്‍
മടിയ്ക്കുള്ളില്‍ വെച്ചുള്ള പാംപിന്‍ കണക്കേ
കടിയ്ക്കും മുടിയ്ക്കും തടുത്താലടങ്ങാ

കണ്ണാണു കാണുന്നതെന്നേ നിനച്ചാല്‍
കാണുന്നതില്‍നിന്നു കണ്ണേ പറയ്ക്കാന്‍
കണ്ണിന്നു ദണ്ണം ഭവിയ്ക്കില്ല പുണ്ണാ-
യുണ്ണേണ്ട മണ്ണില്‍ നടക്കുന്നകാലം

Thursday, November 4, 2010

വെടി

"അല്ല കുഞ്ഞുണ്യേ! ഇത് പ്പൊ വെറും ഒരു കതിന പൊട്ടിയ്ക്കണ കാര്യല്ലലോ. ഭഗോതീടെ താല്പലിക്കണ്ടത്തില് കതിനപൊട്ടിച്ചാലല്ലേ വേലകേറാന്‍ പറ്റൂ? അവര് താല്പലിക്കണ്ടം അടച്ച് കെട്ട്യാ എന്താ ചെയ്യാ?"
"ആര്‍ത്തക്കരക്കാര് കൂട്ട്യാ പറ്റണത് അവരങ്ങട് ചെയ്യട്ടേന്ന്." കുഞ്ഞുണ്ണി തോര്‍ത്തുമുണ്ട് കൊടഞ്ഞ് തലേക്കെട്ടി. "കരിങ്കുന്നത്ത് വേല ആര്‍ത്താക്കരക്കാര് കൂട്ട്യാ ഇല്യാണ്ടെ ആവ്വോ ന്‍റെ ഗോപാലേട്ടാ."
കുഞ്ഞുണ്ണി മടിക്കുത്ത് അഴിച്ച് കൊറച്ചും കൂടി മേല്‍പ്പോട്ട് കേറ്റി ചുറ്റി പാടത്തയ്ക്ക് എറങ്ങി.
"ഓന്‍ എന്തങ്കിലും കണ്ട്ണ്ടാവും." ഗോപാലേട്ടന്‍ മൂക്ക് പിടിച്ച് തിരുംപി. "ഏത് കുരുത്തെ കെട്ടോറ്റ ആണാവോ പ്രാകണത്." ഗോപാലേട്ടന്‍ വേലൂനോട് ചോദിച്ചു. "അന്‍റെ അട്ത്ത് പൊകലണ്ടോ?"
വേലു മടീന്ന് പൊതിട്ത്ത് പൊകലേടെ ഒരു കഷ്ണം പിരിച്ച് ട്ത്ത് കൊടുത്തു.
"യ്ക്ക് ത്രൊന്നും വേണ്ട. ഒര്ചെകരം. അധികയാലേ തലതിരീം."
"ആര്‍ത്താക്കര മാധവമേനോന്‍റെ പുത്രനാണ് ഇപ്പൊ കാര്യം നോക്കണത്. ആ കുട്ടിയ്ക്ക് എന്തിന്‍റെ സൂക്കടാന്നാ അറിയാത്തത്. കല്യാണമണ്ഡപം പണിയ്യാന്‍ പോവ്വാത്രേ. ഞ്ഞി പ്പ അതില്യാത്തൊരു കൊറവേ ണ്ടാര്‍ന്നുള്ളൂ." ഗോപാലേട്ടന്‍ കോലായേന്ന് എറങ്ങി ചാണകം തേച്ച മിറ്റിത്തിന്റെ അറ്റത്ത് പോയി തുപ്പി വന്നു.


"വേലടെ ഒരു കതിനടെ വെലണ്ടാവ്വോ അവര്ടെ കല്യാണമണ്ഡപത്തിന്. ഭഗോത്യോട് കളിച്ചാ കള്യങ്ങട് പഠീം ത്രേ ള്ളൂ. അണക്ക് അറ്യോ. ഈ താല്പലിക്കണ്ടം താല്പലിയ്ക്ക് വിട്ട് കൊട്ത്തേന് ള്ള കാരണം. ന്റെ അമ്മമ്മ പറഞ്ഞ് കേട്ടതാണ് ട്ടോ. ആര്‍ത്താക്കരമാധവമേന്റെ അമ്മാമന്റെ അമ്മാമന് ള്ള കാലത്താത്രേ സംഭവം. മൂപ്പര്ക്ക് കൊറച്ച് രാത്രി കെട്ന്നാ ഒറക്കം വരായണ്ടാര്‍ന്നു. ഏതേങ്കിലും പെണ്ണങ്ങളടെ ചൂട് തട്ട്യാലെ ഒറക്കം വരൂ. നമ്മടെ കുഞ്ഞീതു താമസിയ്ക്കണ വീട് ല്യേ. അവടെ ഒരു കൂട്ടര് താമസിച്ചേര്ന്നൂത്രേ. അവടെ ഒരു പെംപെറന്നോത്തി ണ്ടാര്‍ന്നു. അവര്ടെ അട്ത്താണ് മൂപ്പര്ക്ക് സാധാരണ പറ്റ്. ഒര് പ്രാവശ്യം വേലടെ സമേത്ത് ആര്‍ത്താക്കരമേനോന്‍ മൂപ്പത്യേരെ സ്വകാര്യായിട്ട് വിളിച്ച് അംപലത്തിന്റെ പിന്നിലെ ആ പൊന്ത നിക്കണ സ്ഥലത്തയ്ക്ക് കൊണ്ട് പോയി. കാര്യങ്ങള് കൊറച്ചങ്ട് നീങ്ങ്യപ്ലയ്ക്കും ണ്ട് അട്ത്ത് ഒരനക്കം. വേലയ്ക്ക് കൊണ്ടോന്ന ആന കെട്ടഴിഞ്ഞതാ. അയമ്മ ണീറ്റ് മണ്ടി. തുണില്യാണ്ടെ പാടത്തുക്കൂടെ മണ്ടണത് കണ്ടോര്ണ്ടത്രേ. മേനോന്ണീട്ടപ്ലയ്ക്കും കൊഴഞ്ഞ് വീണു. ആന ആനടെ വഴിയ്ക്ക് പോവ്വും ചെയ്തു. ആരോ മൂത്രൊഴിയ്ക്കാന്‍ പോയപ്പൊ കാണ്ട്ട്ട് മേന്‍ന്നെ വീട്ടില്യ്ക്ക് ട്ത്ത്ട്ടാത്രേ കൊണ്ടോയത്. എന്തിനു പറേണൂ മേനോന് സൂക്കട് വെച്ചടി വെച്ചടി അധികായി. ന്ന്ട്ട് തലക്കാട്ടെ ജ്യോതത്സ്യോമ്മാര് വന്ന് രാശി വെച്ച് കൊറേ പൂജേം മന്ത്രവാദോം ക്കെ ചെയ്തിട്ടാത്രേ ശര്യായ്യേ. അന്ന് രാശീല് കണ്ടപ്രകാരം ആണത്രേ. താല്പ്പലിക്കണ്ടം താല്പ്പലിയ്ക്ക് വിട്ട് കൊട്ത്തത്. അതാ പ്പൊ കല്യാണമണ്ഡപം ന്നൊക്കെ പറഞ്ഞ് അടച്ച് കെട്ടണത്. ഭഗോതി സമ്മതിയ്ക്ക്വോ"
"വേല്വോ ആരാ വരണത്? നമ്മടെ കെണിയന്‍ നാണ്വ?"
"അതെ ഗോപാലേട്ടാ ഓന്തന്നെ ആണ്. വല്യേ സന്തോഷത്തിലാണ് വരണത്. ആരേങ്കിലും പറ്റി എന്തേങ്കിലും കിട്ടീട്ട്ണ്ടാവും." കെണിയന്‍ വന്ന് കേറീതും പറഞ്ഞു.
"ഗോപാലേട്ടാ! ആ വേല്വേട്ടനും ണ്ടോ ബ്ടെ? നമ്മടെ കല്യാണമണ്ഡപത്തിന്റെ പണി വേണ്ടാന്ന് വെച്ചു."
"എന്തേ ണ്ടായ്യേ?"
"ആര്‍ത്താക്കര തലക്കാട്ടെ ജ്യോത്സ്യര് വന്ന് രാശിവെച്ചു പറഞ്ഞൂത്രേ താല്പലിക്കണ്ടത്തില് ഭഗോതിടെ ഇഷ്ടം വിട്ട് ഒന്നും ചെയ്യാന്‍ പാടില്യാന്ന്."
"എന്തേ പ്പൊ പ്രശ്നത്തിന്?"
"മാധവമേനോന്റെ രണ്ടാമത്തെ മകന് ഇല്യേ. മൂപ്പര്ക്ക് ബിസിനസ്സ് അങ്ങ്ട് ശര്യാവ്ണ്ല്യാത്രേ. നമ്മടെ കുഞ്ഞുണ്ണി പറയ്യേത്രേ രാശിവെച്ച് നോക്കാന്‍ . അതറിഞ്ഞപ്പൊ മാധവമേനോന്റെ ഭാര്യേം പറഞ്ഞു രാശിവെച്ച് നോക്കണം ന്ന്. രാശിവെച്ചപ്പൊ താല്പ്പലിക്കണം തൊടാന്‍ പാടില്യാന്ന് കണ്ടൂത്രേ അതിരിയ്ക്കട്ടെ ങ്ങള് കുഞ്ഞുണ്യേ കണ്ട്വോ?"
"ദാ പ്പൊ ഇവ്ടന്ന് അങ്ങട് എറങ്ങീട്ടേള്ളൂ. എന്തേ?"
"തലക്കാട്ടെ ജ്യോത്സ്യന്‍ അന്വേഷിച്ചു. കരിങ്കുന്നത്ത് വരുംപോ കുഞ്ഞുണ്ണി എന്തോ കൊട്ക്കാന്ന് പറഞ്ഞിട്ടണ്ടത്രേ. ന്നാ ഞാനെറങ്ങട്ട? കുഞ്ഞുണ്യേ നോക്കണം."


"വേല്വോ. താല്പലിക്കണ്ടത്തിലെ വെട്യേക്കാട്ടിലും വല്യേ വെടി ആയീലോ. ന്നാലും കുഞ്ഞുണ്ണി ഇത്രവല്യേ വെടി വെയ്ക്കും ന്ന് ഞാന്‍ വിചാരിച്ചില്യ"Monday, October 18, 2010

ചന്ദ്രനെ തിന്നുവാന്‍ നോക്കരുത്

കൂരിരുള്‍ പോലെ കറുത്തള്ള മേഘങ്ങള്‍
ചന്ദ്രനെയെങ്ങാനും തിന്നിടുമോ?
മേഘങ്ങളെന്തിനാണകാശത്തിങ്ങനെ
പേടിപ്പെടുത്താന്‍ നടന്നീടുന്നു?
ചന്ദ്രന്‍റെയച്ഛനിവറ്റകളേയൊക്കെ
ആട്ടിക്കളയാന്‍ വരാത്തതെന്തേ?
മേഘങ്ങളെങ്ങാനും താഴത്തു വീണെങ്കില്‍
കാരക്കോല്‍ കൊണ്ടു പെട കൊടുക്കാന്‍
പാപ്പാനോടൊന്നു പറയണം. കാലിന്മേല്‍
ചങ്ങലകൊണ്ടു തളച്ചിടേണം
പട്ടകൊടുക്കില്ല. വെള്ളം കൊടുക്കില്ല.
ചന്ദ്രനെ തിന്നുവാന്‍ നോക്കരുത്

Wednesday, September 15, 2010

ധര


കൊത്തുന്ന തൂംപയുടെ ലക്ഷ്യത്തിലാഴ്ന്ന ചെറു ഞാഞ്ഞൂള്‍ പിടഞ്ഞതിനു കേഴാത്ത രാജകുലം
കത്തുന്ന കൊള്ളിയിലെ ചൂടില്‍ പിടഞ്ഞ പുഴു ചത്താലുമാജ്യഹവനത്തിന്‍റെ പാവനത
എത്താത്ത ചൊവ്വയിലെ വെള്ളം തിരക്കുക നമുക്കീ ധരയ്ക്കുദകദാനത്തിനൊത്തദിനം
എത്തുന്നു മക്കളുടെ ദുഷ്കര്‍മ്മപിണ്ഡഭരമുള്ളില്‍ കനത്തുഴലുമമ്മയ്ക്കു പിണ്ഡദിനം


എല്ലിന്നകത്തു വിളയാടുന്ന വേദനകള്‍ കല്ലിന്‍റെ നിഷ്ഠുരത ചുറ്റില്‍ പരത്തിയതു
ചില്ലയ്ക്കുചില്ലകളില്‍ കായ്ക്കുന്നു. ഭീകരത കൊല്ലുന്നു. കൊന്നതിനെ തിന്നാതിരിപ്പതിനു
ചില്ലിന്നകത്തു കൊടികുത്തുന്നഹങ്കൃതികള്‍ വല്ലാതെ ചീറി തിരനോക്കുന്നു. പേടിയുടെ
യല്ലിന്‍റെ തേങ്ങലുകള്‍ കൂട്ടിക്കുഴച്ചു തരുമിപ്പിണ്ഡമേറ്റു ധരണീ നീ മടങ്ങിടുക


കണ്ണിന്‍റെ കുണ്ടുകളില്‍ മാറിന്‍റെ കുന്നുകളില്‍ നാണമ്മറച്ച പെരുകാടിന്നകം വരെയും
കണ്ണാല്‍ ചുഴിഞ്ഞു നെറികേടാലെയമ്മയുടെ നാണം മുറിച്ചു വികസിയ്ക്കുന്നതും പാര്‍ത്ത്
എണ്ണും പിണങ്ങളുടെ എണ്ണം തികപ്പതിന്നു പെണ്ണുങ്ങളും പണവുമെണ്ണാതൊഴുക്കുമിവര്‍
മണ്ണില്‍ മുളച്ചതു പൊറുക്കാതെ നിന്‍റെ വിധി താങ്ങിത്ത്തരുന്നചുമടേറ്റിത്തിരിയ്ക്ക ധരേ

Friday, August 13, 2010

സത്യകാമശ്രാദ്ധംസത്യകാമന്‍ ചെയ്ത കൊന്നുകൂടാവ്രതം നിര്‍ത്തുവാന്‍
പൊട്ടിയ ശാപപ്പടക്കമുഴക്കം നനച്ചതാര്‍?

കപിലശാപത്തിനാല്‍*വിഷസഹജപുത്രര്‍ക്കു
കത്തിപ്പടരുന്ന ദേഹധൂമത്തിന്നു ദാഹം നനച്ചതാം
ഭാഗീരഥശ്രമം വറ്റിച്ചെടുത്ത പിതൃക്കളോ മക്കളോ

പ്രകൃതിയുടെയാധാരപത്രം നടത്തിക്കൊടുത്തതിന്‍
കൂലിയാല്‍ ബോധമോശം കുടിച്ചുടുതുണുയിലാകവേ
ഛര്‍ദ്ദിച്ചിഴയും ക്ഷണികാഗ്രഹങ്ങളോ?

മുലയുടെ നിഴല്‍പറ്റിയിറ്റുവീഴുന്ന
വത്സലബിന്ദുക്കുള്‍ നൊട്ടി നുണയവേ
മട്ടിപ്പു മാറുവാനെകിറുകൊണ്ടുറയുന്ന
രക്തത്തിനുന്മാദമേറ്റ ശിശുക്കളോ?

ദൈവവചനത്തിലാഞ്ഞാഞ്ഞുരയ്ക്കുന്ന
ശസ്ത്രനിരയ്ക്കുള്ള മൂര്‍ച്ച പരീക്ഷിച്ച
രക്തക്കറയുള്ള കൈകളോ? ദൈവമോ?

കൊല്ലാവ്രതത്തിന്‍റെ പാരണയുണ്ണുവാന്‍
ചെത്തിക്കളഞ്ഞു സമപ്പെടുത്തീടുവാന്‍
സത്യകാമശ്രാദ്ധമൂട്ടണം ഉണ്ണണം

സത്യകാമത്തിനേ മോക്ഷം ലഭിയ്ക്കണം

Monday, July 12, 2010

ശാന്തത

അരുതരുതു നോക്കരുതിങ്ങിനെ ശാന്തമായ്
കണ്ണില്‍ പടരുന്ന ശീതള വേരുകള്‍
അനുനിമിഷമുയിരിന്‍റെയാഴത്തിലാണിടും
കോശകോശാന്തരം ദൂതു പറഞ്ഞിടും

കുരുടരുടെ മുന്നില്‍ വിളങ്ങിടുമായിരം
രശ്മികളൂക്കോടെ രക്തത്തില്‍ വീണിടും.
വിവിധതരശാപങ്ങള്‍ വേഷങ്ങള്‍ കെട്ടിയ-
ങ്ങാടിയുറഞ്ഞാര്‍ത്തു താണ്ഡവമാടിടും
ഉടലിലെ ഞരംപുകള്‍ പാലിച്ചു പോന്നുള്ള
ധര്‍മമധര്‍മ്മവും സങ്ഗരമാര്‍ന്നിടും.
നിഴലിനെയടിച്ചടിച്ചാകെ വിവശരാ-
യൂരുപിളര്‍ന്നു രണത്തില്‍ കിടന്നിടും

അരുതരുതു നോക്കരുതിങ്ങിനെ ശാന്തമായ്
ശാന്തത ഞങ്ങള്‍ക്കു കാളകൂടം വിഷം

Wednesday, June 2, 2010

ശാപം

"കണ്ണൊന്നു വിട്ടാല്‍ കളിയാണു പിന്നേ
പെണ്ണിന്നു കല്ലിന്‍റെ വിചാരമില്ല
കിണ്ണത്തിലാഴക്കരികഞ്ഞിനല്‍കാന്‍
വിണ്ണീന്നു വീഴില്ലെടി കല്ലുടയ്ക്ക്

തുള്ളിത്തുളുംപിക്കളിയാടിടാമെ-
ന്നുള്ളില്‍ നിയ്ക്കുന്നതു നല്ലതല്ല
പിള്ളേര്‍ക്കു ചെറ്റൊന്നു കുടുംബഭാര-
മുള്ളില്‍ മുളച്ചീടുക തന്നെ വേണം

എന്താണു പെണ്ണിന്‍റെ വിചാരമയ്യോ
തന്തയ്ക്കു സര്‍ക്കാര്‍പണിയാണിതെന്നോ
ചന്തിയ്ക്കു കിട്ടും പുളിവാറലാലെ
കുന്ത്രാണ്ടമേ പോകെടി കല്ലുടയ്ക്ക്"

കണ്ണീരു പായുന്നു ഞെരംപുതോറു-
മുണ്ണിയ്ക്കു ഹോംവര്‍ക്കിനു ഹെല്‍പ്പു നെല്‍കെ
ഉണ്ണിക്കരത്തില്‍ ചെറുപെന്‍സില്‍ നല്‍കെ
പുണ്ണായിടുന്നാ ശിശുദൈന്യരൂപം

തുറിച്ചു നോക്കുന്നു പിതൃക്കളെല്ലാം
വിറച്ചിടും ശാപകരങ്ങള്‍ പൊക്കി
ചിറിച്ചു രോഷാരവമാര്‍ത്തുചുറ്റും
കറങ്ങിടുന്നു ദയവറ്റപോലെ

നിനച്ചിടുന്നോ ബലിയിട്ടിടുംപോള്‍
നനഞ്ഞിടും നാവിലെ ദാഹമെന്ന്?
കനത്ത വെയ്ലത്തുരുകുന്നപെണ്ണേ
നിനക്കു മുത്തേകി മരിച്ച പാവം

Monday, April 5, 2010

ഏതന്മേ

നടുക്കില്‍ എള്ളു കൂട്ടിയൊരു വെള്ളം
ഉണ്ണീ, പിണ്ഡം കുറച്ചകത്തിപ്പിടിച്ചേയ്ക്കൂ
കണ്ണീരിറ്റുപ്പുചേരേണ്ടഅടുത്ത ഗര്‍ഭപാത്രം തേടിയലുംപോള്‍
പൊതിച്ചേറില്‍ ഉപ്പധികമാക്കി എനിയും വിഷമിപ്പിയ്ക്കരുത്.

തേങ്ങലിന്‍ ഓളങ്ങളൊന്നടക്കിയേക്കൂ.
മരണവേദനയുടെ വേരുകള്‍ മുഴുവന്‍ വിട്ടു പോയിട്ടുണ്ടാവില്ല.
ചെറിയ ഇളക്കം പോലും താങ്ങാന്‍ പറ്റന്ന അവസ്ഥയിലായിരിയ്ക്കില്ല.

മന്ത്രങ്ങള്‍‍ ശരിയ്ക്കു ചൊല്ലൂ
നിന്‍റെ അക്ഷരങ്ങളില്‍ പിഴപിണഞ്ഞാല്‍
വയംപരച്ചു തന്നു വളര്‍ത്തിയ സങ്കല്‍പ്പങ്ങളില്‍
ഇതികര്‍ത്തവ്യതാമൂഢതപടര്‍ന്ന്
തെക്കേത്തൊടിയില്‍ ചിതയിലെരിഞ്ഞുകരിഞ്ഞ ശിരസ്സ
ചൂടാറാത്ത കയ്യില്‍ താങ്ങി
മോക്ഷകവാടം മറന്നേ ഇരിയ്ക്കും.

Wednesday, March 24, 2010

വേനല്‍

തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുകനാം

വേനലിലായിരമാര്‍പ്പും വിളിയും പൊങ്ങിയ പാടത്ത്
മനമിളകും പോല്‍ കളികകളിലാടിയ ചിരിയുടടെയോരത്ത്
ചെറുചെറുപരിഭവമടിപിടിയായി കണ്ണു കലങ്ങുംപോള്
‍ചറുപറെ കണ്ണീര്‍ തൂകി നനച്ചൊരു ധരയുടെ മാറത്ത്
കൊടികുത്തീടും വാക്കുകള്‍ വാതുകള് നട്ടൊരു പാടത്ത്
വെടിയും പൂരവുമുറഞ്ഞു തിള്ളിയ നിനവിന്നോരത്ത്‍
തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുകനാം

നമുക്കുകിട്ടിയ ബാല്യസുഖത്തില്‍ പുളച്ച നാമെന്തേ
നമുക്കുപോലും താങ്ങാനാവാ ചുമടിന്‍ ഭാരത്തെ
തലയ്ക്കുവെച്ചുകൊടുപ്പൂ? കളിയുടെ ഹരമേ പോയെന്നോ?
വിലങ്ങവെച്ചൂ പൈതങ്ങളെ നാം‍ കച്ചോടക്കാര്‍ക്കായ്
പഠനം കഠിനം, മത്സരമുനയില്‍ നടനം കഠിനതരം
ജഠരാപൂരണപഠനം ലക്ഷ്യം മാനവതാ തുച്ഛം
തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുകനാം

നമ്മുടെ കുട്ടികളവരുടെ മക്കള്‍ക്കേകീടാനായി
വിലങ്ങു പണിവതു കണ്ടു നടുങ്ങാന്‍ തയ്യാറാവാം നാം
നനുത്ത മഴകൊണ്ടോടി നടന്നൂ തൊടിയില്‍ നാമെല്ലാം
മക്കള്‍ക്കേകാന്‍ മഴയും തൊടിയും കഥകളിലാക്കീനാം
മക്കള്‍ മക്കള്‍ക്കേകാന്‍ കഥയുടെ പൊടിയും കിട്ടാതെ
നട്ടം തിരിവതു കണ്ടു തപിച് കിടക്കാം നമ്മള്‍ക്ക്
തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുകനാം

Thursday, February 18, 2010

പുഴ

ചുട്ടു പഴുത്തു തിളച്ചു കിടക്കും ധരയുടെ നിശ്വാസങ്ങള്‍
കാലംകൊണ്ടു കറുത്തു തടിച്ചൂ മേഞ്ഞൂ മാനത്താകെ
മിന്നല്‍പ്പിണരും പൊട്ടിച്ചാകെ കൂറ്റം കുത്തി നടന്നു
ഝടഝടയെന്നവ തമ്മില്‍ തമ്മില്‍ കൊംപുകാളാലെയുടക്കി
ദീര്‍ഘതപസ്സില്‍ മുഴുകിയദിക്കുകള്‍ ഞെട്ടിയുണര്‍ന്നു ചൊടിച്ചു
ഓടിനടക്കുന്നവെയെ ദോഹനശിക്ഷയായി വിധിച്ചൂ
മനുജര്‍ ഹൃദയത്തട്ടില്‍ കുളിരാം പാലുകറന്നാര്‍ മുറ്റും
ചെടികള്‍ പുതിയൊരു പച്ചനിറത്തെ കറന്നെടുത്താരിലയില്‍
പശുനിര നിറുകയില്‍ വാലുംകുത്തീട്ടോടിനടന്നു കറന്നു
ഭൂമിയില്‍ മേയാല്‍ പുല്ലിന്‍മുളകള്‍ തണലുകളയവെട്ടാനും
ദോഹനസുഖവേദിതനിശ്വാസപംപര പിന്നെ പിന്നെ
മലകളെ മുലയൂട്ടാനായവയെ മുട്ടി യുരുമ്മീ മെല്ലെ
അകിടു നിറച്ചു ചുരത്തിയതെളിനീര്‍ പെയ്തു നനച്ചൂ മലയെ
കുടിച്ചു മയങ്ങിയ മലയുടെയാലസ്യങ്ങള്‍ പുകപോല്‍ മലയെ
മൂടീ പിന്നെ, സൂര്യന്‍ വന്നു വിളച്ചു പുതപ്പും മാറ്റീ
വെള്ളച്ചാട്ടമണിഞ്ഞൂ മലയും കുളിര്‍നീര്‍ മാലകള്‍ പോലെ.
കളകളനാദമുണര്‍ത്തീ മാലകള്‍ താഴത്തേയ്ക്കു കുതിച്ചൂ.
താഴ്വാരത്തില്‍ കാടിന്നിടയില്‍ നൃത്തം വെച്ചു കളിച്ചൂ
മാമുനിമാര്‍ വന്നാദരപൂര്‍വ്വം മന്ത്രാചമനം ചെയ്തു
മാമരനിരയും വേരാലൊട്ടു തടഞ്ഞൂ സൊഹൃദമരുളി
ക്രൂരമൃഗങ്ങള്‍ കണ്ണുമടച്ചു കുടിച്ചാര്‍ ശാന്തം കുടിനീര്
‍ശാന്തമൃഗങ്ങള്‍ തെളിനീരില്‍ തന്‍ രൂപം കണ്ടു പകച്ചൂ
കാടിന്‍ പാവനശാന്തതയോടെ നാണം പൂണ്ടുങ്കൊണ്ടേ
നാട്ടില്‍ മനുജര്‍ ധരയുടെ മാറില്‍‍ കൊത്തും കൈക്കോട്ടിന്‍റെ
ക്രൂരതമോന്തിയ ചളിവെള്ളത്തിന്‍ ചങ്ങാതിത്തം നേടി
ഇരുകരതിങ്ങി നിറഞ്ഞു കവിഞ്ഞീലോകം മുങ്ങോന്‍പോരും
ഉദ്ധതയാലെ ചില നാളുകളില്‍ ഘോരതയാര്‍ന്നും പാഞ്ഞും
കയ്യില്‍ കിട്ടിയതൊക്കെയൊടുക്കി കലിയുംതുള്ളിക്കൊണ്ടേ
നുരയും പതയും ചുഴിയും പൊന്തക്കെട്ടും ശവവുമൊഴുക്കി
ആക്രമണോത്സുകമാകും ഭ്രാന്തില്‍ പെട്ടു തിളച്ചു മറിഞ്ഞു
പലനാളുകളായ് ക്രോധിച്ചാകാശത്തെത്താത്താ സൂര്യന്‍
കാര്‍മ്മേഘങ്ങളടങ്ങിയ വേളയില്‍ മെല്ലെ താഴെ നോക്കി.
യുഗയുഗമായിട്ടെരിയും കണ്ണുകള്‍ കണ്ടു നടുങ്ങീ പുഴയും
അക്രമവാസനയെല്ലാം വിട്ടു പതുക്കേ വാങ്ങിയൊതുങ്ങി
ചളിയുടെ ചങ്ങാതിത്തം വിട്ടു തെളിഞ്ഞൂ കുഞ്ഞലയാലെ
കരയെ തഴുകീ പരിഭവമുള്ളതു കഴുകിക്കളയും പോലെ
കറുത്തമണലും വെളുത്തമണലും വേറിട്ടാക്കാന്‍ നോക്കി
മണപ്പുറത്തെ കാല്‍പ്പാടുകളില്‍ തെറ്റും ശരിയും ചേര്‍ന്നു
കരയിലുയര്‍ന്ന മാഹാനഗരത്തില്‍ പാതകപാപം വാങ്ങി
മാരകരോഗം ദുഷ്ടത ചവറുകള്‍ വാങ്ങിയഴുക്കിന്‍ ചാലായ്
ജീവിതമാകെ മടുത്തു മരിയ്ക്കാന്‍ തയ്യാറായക്കൊണ്ടേ
കടലില്‍ ചെന്നു മറഞ്ഞാളലകടല്‍ തിരമാലകളാലലറി

Thursday, January 7, 2010

പ്രതിഗമനം ദേവതാ

നരമൃഗഃ ഋഷിഃ
ഗായത്രീ ഛന്ദഃ
പ്രതിഗമനം ദേവതാ

തുടക്കത്തെ മടക്കത്തിന്‍
തുടിയ്ക്കും ലക്ഷ്യമാക്കുവാന്‍
ബുദ്ധി നല്‍കട്ടെയീശ്വരന്‍

കടലില്‍ നിന്നു പൊങ്ങീടും
കട്ടിക്കാര്‍ കടല്‍ പൂകിടും.
ബുദ്ധി വന്‍തിരയാകണം

കാട്ടില്‍ ചാടും കുരങ്ങന്‍റെ
കാടത്തം പൂണ്ട മാനുഷര്‍
എങ്ങോട്ടാണുമടങ്ങുക?

നാട്ടിലിന്നും രണ്ടു കാലില്‍
ഓടും മാനുഷര്‍ മുള്ളുവാന്‍
കാലുയര്‍ത്തീടില്‍ നായയാം

വാലില്ലേല്‍ നാവിനാലാവാം
തിരുമുംപിലെ സേവനം
പോയാല്‍ തന്നെ മടങ്ങണം?

പോയില്ലെങ്ങുമേ നമ്മള്‍
മടങ്ങും കാര്യമോര്‍ക്കുവാന്‍
രങ്ഗം മാറ്റുന്നതീശ്വരന്‍

Monday, November 2, 2009

ജനനം

മലമുകളില്‍ കാര്‍മേഘങ്ങള്‍
നിരനിരയായ് തിരയാനെത്തി
ചെറുചെടികള്‍ക്കിടയില്‍ തിരയാന്‍
ചെറുപവനന്‍ പാഞ്ഞു നടന്നു
ഇടിമുരളും മാനത്താരോ
മിന്നല്‍ തെളിയിച്ചു തിരഞ്ഞു

ധരയുടെ ചുടുമാറിലുറങ്ങും
ചെറുവിത്തിനെ കണ്ടെല്ലാരും

വര്‍ഷാരവമകലേനിന്നേ
ഭൂമണ്ഡലാമാകെ നനച്ചു്
മടിപൂണ്ടു കിടക്കും വിത്തിന്‍
അരികത്തു തിമര്‍ത്തു മതിച്ചു

ചെറുതോടില്‍ നനവുപരക്കെ
ചെറുവിത്തിന്‍ കുഞ്ഞകതാരില്‍
അറിയാതൊരുകുളിരു പരന്നു
ചെറുകുളിരില്‍ നെടുനാളായി
മതികെട്ടുകിടക്കും വിത്തിന്‍
കൈകാലുകള്‍ ഞെരിപിരികൊണ്ടു

ഞെരിപിരിയാല്‍ നാരാം വേരുകള്‍
അമ്മപുതപ്പിച്ചു കിടത്തിയ
ചെറുതോടിന്‍ വെളിയില്‍ വന്നു
ധരയുടെ കനിവാര്‍ന്നു നനഞ്ഞ
ചെറുചൂടെഴുമുടലില്‍ കൊണ്ടു

സ്നേഹാദ്യസ്പര്‍ശനമെന്തെ-
ന്നാരായാന്‍ തോടില്‍ നിന്നും
തലമെല്ലെ വെളിയലെടുത്ത്
മുട്ടില്‍ കുംപിട്ടു തിരഞ്ഞൂ.


കിളികള്‍ കളനാദത്താലെ
ജനനോത്സവനാദമുതിര്‍ത്തൂ
ചെറുപവനന്‍ ചൊല്ലുകയാലെ
മരനിരകള്‍ ഇലയില്‍ കാത്ത
ചെറുതുള്ളികള്‍ കണ്ടു കൊടുത്തൂ
സൂര്യന്‍ ജഗദധിപന്‍ തന്നെ
ചെറുമുളയെ തൊട്ടുതലോടി
രാത്രിവരാന്‍ കാത്തീടാതെ
പനിമതിയും മാനത്തെത്തീ
ചെറുതെങ്കിലുമൊരുജനനത്തിന്‍
മേളത്തില്‍ ചേര്‍ന്നേന്‍ ഞാനും

Tuesday, August 18, 2009

ഗുരുത്വാകര്‍ഷണം

ഭൂമിയില്ലെല്ലാതും വീണുപോകുന്നത്
ചുമാതല്ലായതിന്‍ കാരണമായ്
കണ്ടുപിടിച്ചത് ഭൂഗുരുത്വത്തിന്‍റെ
കൊണ്ടുപിടുത്തത്തിന്‍ വ്യഗ്രതയാം
ആവൂ സമാധാനമെന്നുടെ ദേഹത്തില്‍
സര്‍വ്വരും കല്ലെറിഞ്ഞീടുകിലും
വന്നു പതിയ്ക്കില്ല ചെയ്തതു ചിന്തിച്ചാല്‍
നന്നായി കുന്നോളം തോന്ന്യാസങ്ങള്‍
കിട്ടിയതിനാലെ വേണ്ടതില്‍ കൂടുതല്‍
വിട്ടുപോയീടാ ഗുരുത്വക്കേട്
വല്ലതും വന്നു പതിയ്ക്കേണമെങ്കിലോ
നല്ലഗുരുത്ത്വമുള്ളാളാവണം

അല്ലയെനിയ്ക്കൊരു സംശയം തോന്നുന്നു
വല്ലമലയിലും താമസിയ്ക്കും
കച്ചോടക്കാരൊക്കെ കൂടുതല്‍ കാശിന്നു
കച്ചോടം ചെയ്യേണ്ട കാര്യമില്ലേ
മേലെയും താഴത്തും തൂക്കത്തില്‍ കാര്യമായ്
തുല്യത നഷ്ടപ്പെടുന്നതില്ലേ
കള്ളത്തുലാസൊന്നു കൈക്കലാക്കീടണം
എള്ളോളം പോയാലും നഷ്ടമല്ലേ

പെണ്ണുങ്ങളെ ചുറ്റും പൂവാലരെ നിങ്ങള്‍
കണ്ണിലും വായിലും നോക്കിനിന്നാല്‍
നിങ്ങള്‍ക്കു നിങ്ങടെ പോക്കിന്‍റെയൂര്‍ജ്ജത്തില്‍
മങ്ങല്‍ വന്നീടുകില്‍ ബുദ്ധിമുട്ടും
പെട്ടെന്നവരുടെയാകര്‍ഷണത്തിനാല്‍
മുട്ടീടും ദേഹത്ത്. പൊട്ടും പൂശ
വേഗം നടന്നെനാലാകര്‍ഷണത്തിനെ
വേഗം ജയിച്ചീടും നല്ലതത്

Friday, August 14, 2009

സ്വാതന്ത്ര്യം

തിളച്ചുമറിയും സ്വാതന്ത്ര്യത്തിന്‍ ഭാവം പൂണ്ടീടാന്‍
തളച്ചചങ്ങലയഴിച്ചുകളയുകയന്യോന്യം നമ്മള്‍
കച്ചോടക്കാര്‍ നല്‍കുമുടുപ്പിന്‍ പാകത്തിന്നായി
ഇച്ചെറു ദേഹം ചെത്തീടുവതിന്നിച്ഛിച്ചീടരുതേ
നമ്മുടെയിടയില്‍ മതിലുകള്‍ പണിയാന്‍ വേറങ്ങാര്‍ക്കാനും
നമ്മുടെ മെയ്നീരാക്കിക്കിട്ടിയ സമ്പാദ്യം നല്‍കാ.
മതിലുകള്‍ വേണം ദുസ്വാതന്ത്ര്യത്തടപണിയാന്‍‍ മാത്രം
മൊത്തം നമ്മളകപ്പെട്ടീടും മതിലുകള്‍ പണിയേണ്ട
നാമുണ്ടാക്കുമതിര്‍ത്തികള്‍കാക്കാന്‍ ചോരയൊഴുക്കീടും
വിമ്മിഷ്ടത്തിന്‍ മതിലുതകര്‍ക്കാന്‍ ഞാനെന്നേ തയ്യാര്‍
ഞാന്‍ പാടീടും പാട്ടുകള്‍ കേള്‍ക്കാന്‍ തയ്യാറുണ്ടെങ്കില്‍
ഞാന്‍ പാടീടാം ദുസ്വാതന്ത്ര്യപ്പാട്ടിന്നില്ലാ ഞാന്‍

Wednesday, June 24, 2009

സൌരം

വറ്റുന്ന സൂര്യനായിട്ടെന്‍
അറ്റുപോകുന്ന നീരിനാല്‍
ചുട്ടുപൊള്ളീടുമഞ്ജലി

ലാവ പായും ഞെരമ്പിന്മേല്‍
കവാത്തുണ്ടെന്‍റെ കാമന
കാവലാദിത്യ നല്‍കുക.

കര്‍ണ്ണകുണ്ഡലമില്ലാഞ്ഞും
നിഴലില്‍‍ കര്‍മബന്ധനം
വേരിലശ്രു തളിയ്ക്കുക

മേഘങ്ങള്‍ നിഴല്‍ ‍പെയ്യുംപോള്‍
എന്‍ നിഴല്‍ വീണ്ടു കിട്ടുവാന്‍
ചണ്ഡരശ്മിയയ്ക്കുക

പാപബീജം വേരിറങ്ങും
രാത്രിയില്‍ നിസ്സഹായയായ്
വെളിച്ചത്തെയൊഴുക്കുവേന്‍‌

എന്നുള്ളില്‍ വെട്ടമേകായ്ക
അഹങ്കാരത്തിലെ കറ
വര്‍ത്തമാനത്തിലേ മറ

ജടയില്‍ രശ്മിയാഴ്ത്തായക
ഇടയില്‍ ദ്രൌണിനല്‍കിയ
കടയും വ്രണവേദന

രശ്മിയൂറ്റി കുടിപ്പോര്‍ക്ക്
ശ്മശാനത്തിന്നു തീയിന്നായ്
പ്രേമത്തോടത്തല്‍ നല്‍കുക

Monday, June 22, 2009

ആശ

തണ്ണിര്‍കുടങ്ങളില്‍ തണുപ്പു
ബ്രഹ്മഹത്യാപാപത്തിനു തപസ്സു ചെയ്യുന്നു.
വേനനും വൃത്രനും വെട്ടിയിട്ട ഇടിമുഴക്കങ്ങളും
മിന്നലുകളും ജീര്‍ണ്ണിച്ച് പോയിരിയ്ക്കുന്നു.
തണുപ്പിനു പേടിയാണ്

ചൂടില്‍ കാഴ്ചകളൊക്കെ പുളയുന്നു
തണുപ്പിനു പേടിയാണ്
ക്രൂരജന്മങ്ങള്‍ മലയില്‍
കാറ്റുതീയ്യാല്‍ ചൂടിന് ആരതിചെയ്യുന്നുണ്ട്
തണുപ്പിനെ കണ്ടുപിടിച്ച് ബലികൊടുക്കുമോ?
തണുപ്പിനു പേടിയാണ്

സൃഷ്ടി ഒരിടിമുഴക്കം മെനയുന്നുണ്ടാവും
വിധി അതെടുത്ത് ഒരുനാള്‍ തടവയ്ക്കും
മഴത്തുള്ളികള്‍ ചൂടിന്‍റെ ഫണംതോറും
നൃത്തം വയ്ക്കും
ഇലകളും പുല്ലുകളും മഴത്തുള്ളിയുടെ
നൃത്തത്തില്‍ മതിമറന്ന് ആളിക്കളിയ്ക്കും
തണ്ണീര്‍ക്കുടത്തിലെതണുപ്പ് അന്ന് നാടുവാഴാന്‍വരും.
വേനനും വൃത്രനും ജീര്‍ണ്ണിയ്ക്കും

Tuesday, June 16, 2009

രക്ഷിയ്ക്കണേ

ചേരയെ തിന്നുന്ന നാട്ടിലെനിയ്ക്കൊരു
ചേരവാല്‍ തിന്നുവാന്‍ വായയില്ല
വായയില്‍ മാലിന്യക്കൂമ്പാരം കൂട്ടിയോര്‍
കയ്യുമലര്‍ത്തി കടന്നു പോയി
അണ്ഡകടാഹം കുരച്ചു വിറപ്പിയ്ക്കും
അണ്ഡമുടഞ്ഞുള്ള നായവാലില്‍
ആകെ ഭ്രമിച്ചോളിപാടുന്ന പട്ടിയ്ക്കു
മൂക്കിന്‍ മുകളിലോ പന്നിപ്പനി
ചക്കക്കുരുവിത്ര വേണമോ ചക്കയ്ക്കു
ചുക്കിച്ചുളിഞ്ഞ വൃഷണദ്വയം
കൊണ്ടുകുലുമാലു കൂട്ടുന്നു കൂടുന്നു
വിണ്ടലം വിള്ളിയ്ക്കും ഭീകരത
ചോരയില്‍ നിന്നു മുളച്ചോര്‍ക്കു ചോരയില്‍
ഊര വഴുക്കും കൊളസ്റ്റ്രോളത്രേ
ചേരയെ തിന്നുന്ന നാട്ടിലെനിയ്ക്കൊരു
ചേരവാല്‍ തിന്നുവാന്‍ വായയില്ല

Wednesday, April 22, 2009

കുമ്പിളിനു വ്യത്യാസം. കഞ്ഞി കഞ്ഞി തന്നെ

ഞാറാഞ്ഞു നട്ട് നിവര്‍ന്നപ്പോള്‍
മുതുകത്താലുമുളച്ചു
ആലിന്തറയിരുന്നു മുറുക്കി
തുപ്പുത്തുന്നതു കേട്ടിട്ടാണ്
ചുകന്നതാടി തിരശ്ശീല
തകര്‍ക്കാന്‍ നോക്കിയത്.
പാവംഅണ്ഡകടാഹം
ചീറിപ്പൊളിച്ചാലും
തിരശ്ശീല കീറില്ലെന്ന്
കത്തിയോ, താടിയോ, കരിയോ അറിയുന്നോ?

പൈതലിന്‍ പിളരും ചുണ്ടു നിനച്ചു
കളപറിച്ചു പറിച്ച്മുലചുരന്നു.
നെല്ലിന്‍ മണിയില്‍ പാലൊഴിച്ചു വച്ചു
പാലിനശുദ്ധമില്ലെന്നാര്‍ക്കാണറിയാത്തത്?
പാലും നൂലും കൂടി കാശിയ്ക്കു പോയി
പാല്‍ ഗംഗയില്‍ മുങ്ങിച്ചത്തു.
ഗംഗ പരിശുദ്ധയായി
നൂലും പരിശുദ്ധമായി.

ഉണങ്ങി ജീവനുപേക്ഷിച്ച
വൈക്കോലിന് പശു മോക്ഷം കൊടുക്കുന്നത്
ഇന്നു മുതലാണ്
നെല്ലിന്‍റെ ഭാഗ്യം
വിദേശത്തു പോകുന്നത്രേ
ചെല്ലുന്നെങ്കില്‍നഗനരായ് ചെല്ലണം
എന്ന് അവര്‍ നിയമം വെച്ചിട്ടുണ്ടത്രേ
എന്നാലും വിദേശത്തേയ്ക്കല്ലേ
നാണമ്മറയ്ക്കാഞ്ഞാലും സാരമില്ല

Tuesday, April 14, 2009

വിഷു

ഉണരുണരു കണ്ണിണ ചിമ്മിയുണരുക കണ്ണന്നു മുന്നിലേ കണ്‍ തുറക്കാവു നീ
കനകനിറകണിക്കൊന്ന, പുഞ്ചിരി തൂകും വിളക്കുകള്‍, വെള്ളരി വെച്ചുള്ള വെള്ളരി,
നിറയെയറിവുറയുന്നപുസ്തകം, ചിത്തമേ തുള്ളിടും കൈനേട്ടവും ജ്ജ്യേഷ്ഠനച്ഛനും
അരുമകലരും നിന്‍റെ കണ്ണു തുറക്കുവാന്‍ കാത്തിരിപ്പാണുണ്ണിയമ്മയെടുത്തിടാം
അരുതരുതു കണ്ണു തുറക്കരുതമ്മ പറഞ്ഞിടാം മിങ്ങിരുന്നീടുകയങ്ങനെ
ചെറുചിരിപൊഴിയ്ക്കുന്ന കണ്ണനനെ കണ്ടുവോ? മിന്നിത്തിളങ്ങിടും കാഴ്ചകള്‍ കണ്ടുവോ?
ഇരുകരവുമിങ്ങിനെ നീട്ടിപ്പിടിയ്ക്കുക. കൈ നിറച്ചുണ്ടെന്‍റെയുണ്ണിയ്ക്കു നാണയം
എനിയവിടെയേട്ടന്‍റെ കയ്യും പിടിച്ചു നീ ചെല്ലുകയുണ്ണിയെ നോക്കണേ നല്ലപോല്‍
ചടപടപടക്കങ്ങള്‍ പൊട്ടണം, പൂത്തിരി കത്തണം ചക്രങ്ങള്‍ ചുറ്റണം ചിത്രമായ്
പുതുമനിറയും പുതുവത്സരമുണ്ണിയ്ക്കു നല്‍കണേയീശ്വരാ നല്ലതെല്ലായ്പ്പൊഴും

Monday, April 6, 2009

നിദ്ര

മേല്‍വിലാസമില്ലാച്ചിന്തകള്‍ വന്നെന്‍റെ പായയില്‍ കൂട്ടുകിടപ്പൂ
ആരിവര്‍ക്കൊക്കെ കണിശമായെന്‍ മുറി കാട്ടിക്കൊടുക്കുന്നു നിത്യം?
ഒന്നൊഴിഞ്ഞാല്‍ പിന്നെയൊന്നുവന്നെപ്പോഴും കെട്ടിപ്പിടിച്ചൂകിടപ്പൂ
ഭൂതകാലത്തില്‍ ചട്ടിയാചേറിന്‍റെ നാറ്റം സഹിയക്കാതടുക്കല്‍
വന്നിരിയ്ക്കുമ്പോള്‍ ഞാനെങ്ങിനെ ശാന്തസുഷുപ്തിപുതച്ചൊന്നുറങ്ങും?
വര്‍ത്തമാനത്തിന്‍ വിയര്‍പ്പിറ്റുവീഴുമറയ്ക്കുന്ന ചിന്തകള്‍ പുല്‍കേ
വേനല്‍ പുഴുകുന്ന രാത്രിയിലെങ്ങനെ നിദ്ര കുളിരായ് പരക്കും?

Monday, March 16, 2009

മഴക്കാലം

തിയ്യുപോല്‍ വേനല്‍ കത്തുമ്പോള്‍
മെയ്യില്‍ വറ്റുന്ന വേര്‍പ്പുമായ്
കയ്യിലേ ജലപാത്രത്തെ
പയ്യെ സഞ്ചീന്നെടുക്കവേ

ആര്‍ത്തികത്തുന്ന കണ്ണാലെ
ആര്‍ത്തഭാവസ്വരൂപിണി
പേര്‍ത്തതെന്‍ ജലപാത്രത്തില്‍
ആര്‍ത്താളും ജാതവേദനായ്

ബലം പോയിമറഞ്ഞിടും
ജലമൂറുന്നകണ്ണിനാല്‍
ജലത്തില്‍ തീ പിടിയ്ക്കുന്നു
ബലഹീനതയീജലം

വേനല്‍ കാലം കടന്നൊന്നു
മനസ്സില്‍ കുളിര്‍കോരിടും
കനക്കും കാറുതിങ്ങീടും
മാനം കാണുന്നുതെന്നു താന്‍?

ഒരു നാള്‍ ചക്രവാളത്തില്‍
നീരണിഞ്ഞ കിനാവുപോള്‍
വരും കാര്‍മേഘസംഘാതം
ചൊരിയും സാന്ദ്രശീതതാ

മഴയേയാനയിക്കാനായ്
വഴിതോറും മരങ്ങളെ
തഴുകും കുളിര്‍കാറ്റാകെ
മിഴിവേകും ജഗത്തിനേ

മിന്നല്‍ കൈ നീട്ടിയാകാശം
മന്നിനേയാണ്ടു പുല്‍കവേ
ആനന്ദാ‍മൃതവര്‍ഷത്തില്‍
നനയും കാര്യമോതിടും

ദിഗന്തം മുഴുവന്‍ തോഷ-
ഗദ്ഗദം നിറയും വിധം
ജഗത്തിനെയുണര്‍ത്താനായ്
സ്വര്‍ഗ്ഗം ദുന്ദുഭി കൊട്ടിടും

തുള്ളിയ്ക്കൊരുകുടം പോലെ
തുള്ളിയാര്‍ക്കുന്ന പേമഴ
ഉള്ളത്തില്‍ പുതുമണ്ണിന്‍റെ
തിളയ്ക്കും മണമേകിടും

ഏറാല്‍വെള്ളം വിഴും ശബ്ദം
നിറയും നനയുമ്മനം
നിറയും കിണറും തോടും
നിറയും ഭേകരോദനം

പുതപ്പിന്നുളിലേയ്ക്കെത്തും
പുതുശീതം നുകര്‍ന്നിടാന്‍
കൊതിയാകുന്നു. പേമാരി
മതിയില്‍ കുളിര്‍ കോരിടാന്‍

Wednesday, March 11, 2009

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പാണരിഞ്ഞെടുപ്പാണുണര്‍ന്നെണീയ്ക്കൂ നാട്ടാരേ
അരിഞ്ഞുകൊണ്ടവര്‍ നിറഞ്ഞുപോയാല്‍ പിന്നെ കാണാന്‍ കിട്ടില്ല
കിട്ടാക്കാര്യം കേള്‍‍ക്കാന്‍ പോലും പുറത്തിറങ്ങാന്‍ വയ്യെന്നോ
കേട്ടിട്ടെന്താ ചെവിയിലെ ചെപ്പിക്കാട്ടം പോലും പോകില്ല
ചെപ്പിക്കാട്ടം നിറഞ്ഞിരുന്നാല്‍ കാര്യം ചൊന്നാല്‍ കേള്‍ക്കില്ല
അപ്പൊപ്പിന്നെ തിന്നാനുള്ളതു തിരുടിപ്പോയാലറിയില്ല
തിരുടര്‍ തിരുടി തിരുടിപ്പിന്നെ തിരുടല്‍ നിയമം താനാകും
തിരുമുടിചൂടിയ തിരുടര്‍ രാജ്യം പിഴിഞ്ഞെടുത്തേ വിരമിയ്ക്കൂ

Saturday, February 28, 2009

ഭ്രാന്തന്‍ യാത്ര

ഭ്രാന്തുകൊണ്ടതിരാവിലെപ്പെരു കല്ലുരുട്ടിയുയര്‍ത്തിടാം
ചന്തമുള്ള മലയ്ക്കു മേലെ വിയര്‍ത്തു കേറ്റിയൊടുക്കമോ
അന്തിമാനവുമത്ഭുതത്തിലലിഞ്ഞു ചെറ്റു ചുവക്കവേ
സന്തതാന്തതമസ്സിലേയ്ക്കതു വീണ്ടുമങ്ങുമറിയ്ക്കണം

പോരു പോരു വഴിയ്ക്കു തീയ്യു കിടച്ചിടുന്ന ചിതാന്തിക-
ത്താരുമൊന്നു കിടുങ്ങിടുന്ന നിതാന്തശാന്തജനസ്ഥലം
നീരുടഞ്ഞ കുടത്തിലുണ്ടരി ബാക്കിയുള്ളതു വെച്ചിടാന്‍
ആരുമൊന്നു തിരിഞ്ഞു നോക്കുകയില്ലയുണ്ടു കിടന്നിടാം

കാളികൂളികള്‍ വന്നു നിന്നു തിമര്‍ത്തിടട്ടെയവര്‍ക്കുമേ
നാളൊരിത്തിരി കൂട്ടിടാ മരണം വരുന്ന ദിനത്തിനായ്
പൊള്ള പോലെ തടിച്ച മന്തു വലത്തുകാലിനു ഭൂഷണം
കള്ളമല്ലയിടത്തു കാലിനു മാറ്റിയാലതനുഗ്രഹം

നല്ല ജോലി ലഭിയ്ക്കുവാന്‍ പണമേറെ വന്നു മറഞ്ഞിടാന്‍
വല്ലവര്‍ക്കുമടിയ്ക്കു വീണുപണിഞ്ഞിടുന്ന മനുഷ്യരേ
കല്ലുരുട്ടുക കണ്ണില്‍ വന്നതു തിന്നുറങ്ങുക ശാന്തമായ്
നല്ല നാളുകള്‍ തിന്നുതീര്‍ക്കുവതിന്നു പോരിക വട്ടുമായ്

Sunday, February 22, 2009

പഞ്ചാര

അച്ഛനു ചോരയില്‍ പഞ്ചാരയുണ്ടെന്നു
ഡോക്ടറമ്മാവന്‍ പറഞ്ഞൂ പോലും
പഞ്ചാരയാകില്ല നല്ലമുളകിന്‍റെ
ചോപ്പുപൊടിയാകാനാണു വഴി
പഞ്ചാര ചോരയിലുള്ളവര്‍ക്കിങ്ങിനെ
ശുണ്ഠിവന്നീടാന്‍ വഴിയില്ലല്ലോ
പൂമുഖത്തു വെള്ള പൂശിയ ഭിത്തിയില്‍
കുത്തിവരച്ചെന്നു ചൊല്ലി നല്ല
തല്ലു തരാമോ ഞാന്‍ കുത്തിവരച്ചില്ല
ആനയെയൊന്നു വരച്ചു നോക്കി.
വെള്ളയില്‍ നല്ല കറുപ്പുകരിക്കട്ട
കൊണ്ടു വരച്ചാലേ നല്ലതാകൂ
എന്നതിങ്ങാര്‍ക്കണറിയാത്തതെല്ലാര്‍ക്കും
കാണേണ്ടേ ചിത്രം വരച്ചുവെന്നാല്‍

Saturday, February 21, 2009

പ്രയാസം

അപ്പൂപ്പന്‍ താടിയ്ക്കു കാറ്റില്‍ പറക്കുവാന്
‍എപ്പോഴും പറ്റുന്നതെന്താണാവോ
ഉള്ളതലമുടിയൊക്കെ നരച്ചിട്ടു
വെള്ളയായ് തീര്‍ന്നതു കൊണ്ടാണാവോ
ആവില്ല. മുത്തശ്ശിയാകെ നരച്ചിട്ടും
പാവം നടപ്പതു കൂനിക്കൂനി
നീണ്ടു നീണ്ടുള്ള മുടിയുള്ളതാവുമോ
വിണ്ടലില്‍ നീന്തുവാന്‍ ശക്തിയേകി?
എന്നാലെന്നോപ്പോള്‍ക്കു ഹൈഹീല്‍ ചെരുപ്പിട്ടും
ഇന്നോളം ആയില്ലാക്കാര്യമൊട്ടും
കുഞ്ഞുശരീരമോ പാറുവാന്‍ പറ്റുവാന്‍?
കുഞ്ഞുടലാണല്ലോ കുഞ്ഞെലിയ്ക്ക്
എന്നിട്ടും കാറ്റത്തു നീന്തിക്കളിയ്ക്കുവാന്‍
ഇന്നോളം പറ്റീലയെന്തോന്നാവോ

ഉള്ളിലഹങ്കാരം കള്ളമസൂയകള്‍
ഉള്ളോര്‍ക്കു പാറല്‍ പ്രയാസമാവും

Sunday, February 15, 2009

യാത്ര

യാത്രാരംഭമറിഞ്ഞുവോ? ജനനിതന്‍ ഗര്‍ഭത്തിനങ്ങേപ്പുറ-
ത്തെന്താണെന്നതുകണ്ടുവോ?, വഴിയിലില്ലാരും തുണയ്ക്കെന്നതെന്‍
ചിന്തയ്ക്കുള്ളിലുറഞ്ഞുവോ? സഹജമാം രോഷാദിഭാവങ്ങളാല്‍
സ്വാന്തത്തില്‍ തിരയാര്‍ന്നുവോ? സ്മൃതിയിലില്ലൊന്നും. വെറും ശൂന്യതാ

എന്നോ വന്നു പിറന്നു. പിന്നെയധരം കോട്ടുമ്പൊഴേയ്ക്കും സദാ
തന്നൂ സ്നേഹവിലോലലോലമധുരം പാലൂഷ്മളം സാന്ത്വനം.
എന്നോ കാഴ്ചകള്‍ കണ്ടു, പുഞ്ചിരിയുറഞ്ഞീടും മുഖം തോറുമേ
മിന്നീ ഭാവവിഭാവനങ്ങളവ, പഠിച്ചീടാന്‍ ചിരിച്ചീടിനേന്‍.

മുന്നേ വന്നവര്‍ തൂകിയിട്ട ചരണപ്പാടില്‍ കരം ചേര്‍ത്തു ഞാന്‍
മുന്നോട്ടാഞ്ഞു നിലത്തു നീന്തി,യുലകം ജിജ്ഞാസയാല്‍ നേടുവാന്‍.
“പിന്നോട്ടാണിവനെപ്പൊഴും ഗതി“ നറും വാത്സല്യവാക്കേല്‍ക്കവേ-
യന്നേ തോന്നിയിരിയ്ക്കണം വിഗതിയാണെന്നും ഫലം മേല്‍ക്കുമേല്‍

കാലിന്‍ താളമറിഞ്ഞിടാതെയിടറും പാദങ്ങള്‍, പാതത്തിനാല്‍
മാലാര്‍ന്നുള്ള കരച്ചില്‍, വാശികള്‍, കുഴക്കീടുന്ന ദണ്ണങ്ങളും
ഓലപ്പാമ്പിലുമാടിടുന്ന ഭയവും, യാത്രയ്ക്കിടയ്ക്കിപ്പൊഴും
കാലില്‍ പൂട്ടിയ ചങ്ങലയ്ക്കു കനമില്ലാതാക്കിടുന്നൂ ദൃഢം

വാക്കാല്‍ തമ്മിലടുത്തു കെട്ടിവരിയാന്‍ കൊഞ്ചുന്ന നാവില്‍ പിതാ-
വക്കാരുണ്യവരാക്ഷരങ്ങള്‍ നിറയാന്‍ സ്വര്‍ണ്ണാക്ഷരം തൂകിനാന്‍
ഇക്കാണുന്നതിനൊക്കെയും കയറുപോലെന്നുള്ളു ബന്ധിയ്ക്കുവാന്‍
വാക്കുണ്ടായതു മെല്ലെ മെല്ലെയകലാന്‍ വയ്യാതെയാക്കീ സ്വയം

ജ്യേഷ്ഠന്‍ നീട്ടിയ കൈ പിടിച്ചു ചെറുതാം പാഥേയവും ഗ്രന്ഥവും
കഷ്ടപ്പെട്ടു പുറത്തു കേറ്റിയറിവിന്‍ ക്ഷേത്രത്തിലെത്തീടിനേന്‍
ഇഷ്ടര്‍ക്കൊത്തു നടന്നു ദൂരെ മറയത്താരോ കുറിച്ചിട്ടതാ-
മഷ്ടിയ്ക്കുള്ള വഴിയ്ക്കിരുട്ടുനിറയാന്‍ തെണ്ടിത്തിരിഞ്ഞീടിനേന്‍

സൂര്യന്‍ തൊട്ടുവിടര്‍ത്തിടുന്നഴകെഴും പുഷ്പങ്ങളില്‍, നീര്‍മ്മദം
ചോരും വീരഗജങ്ങളില്‍, വെടി കുലുക്കീടുന്ന പൂരങ്ങളില്‍
മാരന്‍ സുന്ദരവര്‍ണ്ണമിട്ട തരുണസ്വപ്നങ്ങളില്‍, മുദ്രകള്‍
ഹാരം ചേര്‍ന്നിളകുന്നിടത്തുമലയാന്‍ വെമ്പല്‍ കലര്‍ന്നീടിനേന്‍

മിന്നും പൊന്‍വളകള്‍ സ്വകാര്യമരുളും കയ്യില്‍ പിടിച്ചീടവേ
തന്നത്താനെ വലിഞ്ഞു ലജ്ജയിലൊളിച്ചീടും നവോഢാകരം
ചിന്നീടും പുളകം കലര്‍ന്നു കവരേയാശംസ നേര്‍ന്നീടിനാര്‍
പിന്നില്‍ പോയി മറഞ്ഞിടുന്ന നിമിഷക്കൂട്ടം വഴിത്താരയില്‍

ചുറ്റും നിന്നു തുളുമ്പിടുന്ന കുളിരാം കറ്റക്കിടാങ്ങള്‍ സ്വരം
തെറ്റെന്നാകെ വളര്‍ന്നിടുന്നു തണലായ് മാറുന്നു മദ്യാത്രയില്‍
വറ്റിപ്പോകുമൊരിയ്ക്കലീ ഹൃദയതാളത്തിന്നൊഴുക്കും നിറം
മുറ്റും കാഴ്ചകള്‍ മങ്ങിടും മണിമുഴങ്ങീടും നിറുത്തും രഥം

Saturday, February 14, 2009

ശുണ്ഠി

ശുണ്ഠിയെട്ടുത്തു കളിച്ചിടൊല്ലേ
പൊട്ടിയാല്‍ നന്നല്ല മറ്റുള്ളോര്‍ക്കും
കയ്യിലെടുത്തതു താഴെവയ്ക്കാന്‍
വയ്യെങ്കിലാകെ കുഴങ്ങിപ്പോകും
രാഷ്ട്രമെടുത്തതു താഴെ വയ്ക്കാന്‍
കഷ്ടം ധൃതാരാഷ്ട്ട്രര്‍ക്കായതില്ല
കയ്യിലെടുത്തതു താഴെ വച്ചാല്‍
കയ്യാല്‍ സുഖമാ‍യ് ചൊറിഞ്ഞു നില്‍ക്കാം
അല്ലെങ്കില്‍ നല്ലൊരു കട്ടന്‍ ചായ
ഉല്ലാസ്സമായൂതി മോന്തി നില്‍ക്കാം

അക്ഷരം തെറ്റിയാലാരും വീഴും
നക്ഷത്രം നോക്കി നടന്നെന്നാലും

നോക്കി നടക്കണം നിന്നു താന്‍ നോക്കണം
മൂക്കത്തു ഭൂതക്കണ്ണാടി വേണം.
ഭൂതക്കണ്ണാടിയാല്‍ കാണുന്നതെല്ലാമേ
ഭൂതങ്ങളാണെന്നു തോ‍ന്നിക്കൂടാ

കണ്ണാടിവെച്ചര്‍ നോക്കിപ്പറയുമ്പോള്
‍കണ്ണില്‍ കടിയെന്നു തോന്നിക്കൂടാ

കണ്ണാടിവച്ചര്‍ കണ്ണാടിവയ്ക്കാത്തോര്
‍കണ്ണുമടച്ചു നടക്കുന്നവര്
‍കണ്ണുമടച്ചിട്ടും കാണുന്നോര്‍കണ്ണുകള്‍
തള്ളിത്തുറന്നിട്ടും കാണാത്തവര്
‍മണ്ണില്‍ മുളച്ചീടൂം പിന്നെ കൊഴിഞ്ഞീടും
മണ്ണിലേ വെച്ചേയ്ക്കു ശുണ്ഠി വേഗം

Wednesday, February 11, 2009

നായവാല്‍

ആണ്‍കുട്ടികളുടെ പേരിന്‍റെയറ്റത്തു നായവാല്‍ പോലെ വളവുണ്ടത്രേ
രാമന്‍‍ ദിവാകരന്‍ കൃഷ്ണന്‍ നാരായണന്‍‍ എല്ലര്‍ക്കും വാലുവളഞ്ഞിട്ടത്രേ
അമ്മേ ഈ കുഞ്ഞോപ്പോള്‍‍ ചൊല്ലുന്നതു കേട്ടു ദേഷ്യം വരുന്നുണ്ടു നല്ലവണ്ണം
കുഞ്ഞോപ്പോള്‍ ക്കുമുണ്ടു വാലെന്നു ചൊന്നപ്പോള്‍ ഓപ്പോള്‍ക്കു പേരു “ശ്രീദേവി“ പോലും

Monday, February 9, 2009

കമ്പോളം

ബലൂണ്‍ ബലൂണ്‍ ബലൂണ്‍
ഒരു ബലൂണിനു പതിനായിരം
വെറും പതിനായിരം

ആകെയുള്ളാളുകളില്‍
പത്തു ശതമാനത്തിനേ
ഈ ബലൂണുള്ളൂ

നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്നേ ഉള്ളൂ
ബലൂണ്‍ നിറച്ചും തിങ്ങി നില്‍ക്കുന്നത്
ശരികളാണ്.

ബലൂണ്‍ പൊട്ടില്ല.
എന്തെന്നല്‍ അതും ശരികൊണ്ടാണുണ്ടാക്കിയത്

ഇതിലെ ശരിയാശ്രയിച്ചാണ്
രാഷ്ട്രം പോലും ശരിയായിരിയ്ക്കുന്നത്

സൌരയൂഥം ഇതിലെ ശരിയുടെ
ശക്തിയാല്‍ തിരിയുന്നു

വെറും പതിനായിരം
നിങ്ങള്‍ക്ക് സൌരയൂഥം തിരിച്ച്
സുഖമായ് ജീവിയ്ക്കേണ്ടേ?

ബലൂണ്‍ ബലൂണ്‍ ബലൂണ്‍
ഒരു ബലൂണിനു പതിനായിരം
വെറും പതിനായിരം

നാളെയും പതിനായിരം
മറ്റന്നാള്‍ ലക്ഷം
ഇന്നേ വാങ്ങൂ
ബലൂണ്‍ ബലൂണ്‍ ബലൂണ്‍
ഒരു ബലൂണിനു പതിനായിരം
വെറും പതിനായിരം

തീര്‍ച്ചയാണല്ലോ

തിര്‍ച്ച കടും തീര്‍ച്ച

അയ്യയ്യയ്യോ
എന്‍റെ ബലൂണ്‍ പൊട്ടിപ്പോയല്ലോ

സോറി
ശരിയിലാരോ ഇറ്റു നുണ ചേര്‍ത്തു

പാലില്‍ മോരുചേര്‍ക്കും പോലെ
ശരിയെല്ലാം നുണയായി

അപ്പോള്‍ എന്‍റെ പതിനായിരം?

നുണയിലലിഞ്ഞുപോയി

നിലനില്‍പ്പ്

അപരിചിതര്‍ ചാരത്തായ്
ചിരിവിടരുംപടി നിന്നു പേരു ചോദിയ്ക്കേ
ഓടിപ്പോയ് കാലിടയില്‍
മുഖമരുമ്പടി നിന്നതെന്‍റെ നിലനില്‍പ്പ്.

കാടത്തം കാട്ടിടുവാന്‍
വികൃതികളൊരോതരം തരമ്പോലെ
കാട്ടുമ്പോള്‍ ചെറുചിരിയാല്‍
വാത്സല്യത്താല്‍ നിന്നതാണു നിലനില്‍പ്പ്

കളിയിടയില്‍ വിളിയുയരും
വിശപ്പുതീര്‍ക്കാനിടയ്ക്കിടയ്ക്കായി
ഇരുകരവും നീട്ടുമ്പോള്‍
‍ജീവിതമധുരം തന്ന നില്‍പ്പു നിലനില്‍പ്പ്‍

അടിപിടിയാല്‍ കൂട്ടരുമായ്
പലവുരു തെറ്റിപ്പിരിഞ്ഞിടും നേരം
അതിനിടയില്‍ സാന്ത്വനമായ്
കണ്ണീരണികണ്‍ തുടച്ചപാടു നിലനില്‍പ്പ്

വെള്ളത്തില്‍, മഴയത്ത്
ചാടിമറിഞ്ഞും തിമര്‍ത്തു വിളയാട്ടം
തീര്‍ന്നാലെന്‍ നീരണിയും
തലതോര്‍ത്തേ തന്ന നോവു നിലനില്‍പ്പ്

Wednesday, February 4, 2009

കറുപ്പ്

കാക്കയ്ക്കു കട്ടക്കറുപ്പു പുരളുവാന്‍ എന്താണു കാരണം മുത്തച്ഛാ?
കാര്‍മേഘത്തോളമുയരത്തില്‍ പാറിപ്പോയ്പറ്റിയതാകാന്‍ വഴിയുണ്ടോ?
കാര്‍മ്മേഘക്കൂട്ടം കറുത്തതു വീട്ടീന്നു പൊങ്ങും പുകകൊണ്ടിട്ടായീടുമോ
പാത്രത്തിന്‍ താഴത്തു നിന്നു പരുങ്ങിയകാറ്റാണോ പുകയായിമാറുന്നേ
പാത്രത്തിന്‍ താഴത്തായിത്ര കരി വരാന്‍എന്താണു കാരണം മുത്തച്ഛാ
വിറകു കറുപ്പല്ല. തീയ്യു കറുപ്പല്ല. തീപ്പൂട്ടുമമ്മ കറുപ്പല്ല
നോക്കിനിന്നീടുന്ന ഞാനും കറുപ്പല്ല. എവിടുന്നു വന്നീ കരിംകറുപ്പ്

Sunday, February 1, 2009

കടുകു വറക്കുംചിരി

കാലമനാദിതമസ്സില്‍ സുഖമായ് നീണ്ടു നിവര്‍ന്നു കിടക്കേ
വെറുതേയൊന്നു തിരിഞ്ഞു കിടന്നൂ സ്പന്ദനതതികളുണര്‍ന്നൂ
ചലനത്തിരകള്‍ തമ്മിലിടഞ്ഞൂ തിരകളില്‍ രോഷം ചിതറീ
രോഷം കലിയാല്‍ തുള്ളിത്തുള്ളിയൊടുക്കം കത്തിക്കയറി
അനാദിതമസ്സിലിതാദ്യമുണര്‍ന്നൊരു തേജസ്സായിവിളങ്ങി
തമ്മില്‍ കണ്ടൂ തിരകള്‍ നിഴലും വെട്ടവുമണിയുന്നിണയേ
നാണമുണര്‍ന്നാദ്യം പിന്നെ പുഞ്ചിരി ഗാഢാശ്ലേഷം
നിര്‍വൃതി വിരഹം ദുഖം വീണ്ടുമടുക്കാനുള്ളതിടുക്കം
ഉണ്മയുമ്മില്ലായ്മകളും തഴുകി കോള്‍മയിര്‍ കൊണ്ടൂ തിരകള്‍
‍ഇങ്ങിനെയയുതവികാരവികമ്പിതകടലുണ്ടായിത്തീര്‍ന്നു
ലഹരീയോഗവിഭാവിതഭാവനയുലകിനെ ഗര്‍ഭം പൂണ്ടു
ചടുലവികാരശതങ്ങള്‍ ശിശുവിനു കരചരണാദികളായി
ഗര്‍ഭമുടഞ്ഞു പുറത്തു കടന്നൂ ശിശുരൂപമ്പൂണ്ടുലകം
ശിശു കൈകാലു കുടഞ്ഞു കരഞ്ഞൂ ശബ്ദമുണര്‍ന്നു പരന്നൂ
ശബ്ദമുണര്‍ന്നതു ദിക്കുകള്‍ കൈക്കൊണ്ടാകാശത്തെ മെനഞ്ഞു
ആകാശത്തിന്നിണയായ് മെല്ലെ ഭൂമിയുമുണ്ടായ്ത്തീര്‍ന്നു.
അവരുടെ സംയോഗത്തില്‍ നിന്നും പുല്ലും മരവും മൃഗവും
മനുജനുമുണ്ടായവരെ തമ്മില്‍ കൂട്ടിയിണക്കും ചിരിയും
തടവിയടുക്കാനുണ്ടായ് തീര്‍ന്നൂ വേദന ദേഹം തോറും
ആശ്ലേഷിച്ചവര്‍ തല്ലിപ്പിരിയാന്‍ സംശയമുണ്ടായ് തീര്‍ന്നു.
ചിരിയെ ചിരിയായ് നോവിനെ നോവായ് കാണാന്‍ വയ്യാതുള്ള
മൂടല്‍ മഞ്ഞായ് സംശയമെങ്ങും ചുറ്റിനടന്നു നിറഞ്ഞു
പരനുടെ ചിരിയെ നോവായ് കാണും കാഴ്ച ജയിപ്പൂ മേല്‍മേല്‍
പരനുടെ വേദന കുടുകുടെ മോദം കടുകുവറക്കും ചിരിയായ്

Friday, January 30, 2009

പ്രവാസിയ്ക്കു നാടുത്സവം

നല്‍ക്കോടികള്‍ വാരിയുടുത്തും
പൂക്കൂടകള്‍ തൂക്കിനടന്നും
ഊക്കോടെ കളികള്‍ കളിച്ചും
മൂക്കറ്റം സദ്യകഴിച്ചും
നാക്കിന്‍റെ - തുമ്പത്ത് - നാടിന്നേ - തണലായി - പൂവിളികള്‍ - പൊട്ടിമുള‍ച്ചൂ

ചെറുകുളിരില്‍ ചുണ്ടുവിറച്ചും
തിരുവാതിര നീരാട്ടാര്‍ന്നും
ഒരു പാവന നോല്‍മ്പു പുതച്ചും
താരസ്വരഗതിവിഗതികളാല്‍
നാരീനിര - നാടിന്നേ - സംസ്കാരം - തീര്‍ത്തീടും - കൈകൊട്ടി - കളികള്‍കളിച്ചൂ

പൂത്തുലയാന്‍ കൊന്നയുണര്‍ന്നു
ഹൃത്തടമുണരും കണികണ്ടു
പൂത്തിരികള്‍ പുളകമുതിര്‍ത്തി
മെത്താപ്പുകള്‍ പൊലിമപരത്തി
കൈത്താരില്‍ - കൈനേട്ടം - മാനത്ത് - കൊട്ടാരം - തീര്‍ക്കാനായ് - വിത്തുവിതച്ചൂ

അതിചടുലം കതിനകള്‍ പൊട്ടി
തതിതതിയായാനകള്‍ വന്നു
മതിമറിയും മേളമുണര്‍ന്നൂ
പുതുപുതുതാമോരോ നിമിഷം
പതിയേ നീ - നാട്ടീന്നേ - ദൂരയ്ക്കായ് - നീങ്ങീടില്‍ - ഉത്സവമനുനിമിഷം നാട്ടില്‍‍

Wednesday, January 21, 2009

ശിവനേ

ദേഹത്തു രോഗവും പ്രജകളില്‍ മരണവും ചേര്‍ത്തും കളഞ്ഞുമിരിയ്ക്കേ
പോയതും നില്‍പ്പതും വരുവതും ചേരുന്ന ചേര്‍ച്ചയില്‍ നില്‍ക്കണേ ശിവനേ
ഉള്ളില്‍ ഇരുന്നക്ഷവാജികളേന്തുന്ന ദേഹരഥം തെളിയ്ക്കുമ്പോള്‍
ജാഗ്രദവസ്ഥയും സ്വപ്നവുമതിഗാഢസുപ്തിയും നേടുന്ന ജിവന്‍
എങ്ങോട്ടു പോകുന്നുവെന്നറിയാതെയിപന്ഥാവില്‍ വീണ്ടും കുതിപ്പൂ
ഉന്നത കൈലാസാശിഖരത്തില്‍ നിന്നങ്ങു ചൊല്ലുന്നതെങ്ങിനെ കേള്‍പ്പേന്‍
ഇങ്ങൊന്നു വന്നു വഴിവിട്ടവഴിയില്‍ നിന്നുച്ചത്തിലൊന്നു പറയൂ
എങ്ങോട്ടു പോകണമെങ്ങിനെ പോകണമാരാണു കൂട്ടു വരുവോര്‍

Saturday, January 17, 2009

കുഴി

നിരത്തിലെ കുഴികള്‍ക്കെതിരെ രോഷതാമ്രാക്ഷര്‍
ജാഥ നടത്തിയത്രേ.

തെരുവിലെ തെണ്ടിപ്പയ്യുകളും പട്ടികളും
അന്തം വിട്ടു നോക്കിനിന്നൂ പോലും

കുഴികള്‍ നരകങ്ങളാണെന്നും
നിരത്ത് നരകങ്ങളുടെ ഷോറൂമുകളാണെന്നും ഉള്ള
മൂര്‍ച്ചയുള്ള കത്തികളെറിഞ്ഞ്
വാക്കേറുകാരന്‍ നേതാവ്‍ പഥികരുടെ
തലച്ചോറില്‍ തറപ്പിയ്ക്കന്‍ നോക്കിയത്രേ

ഇലക്റ്റ്രിക് കമ്പികളില്‍ കാക്കകള്‍ കാ കാ എന്ന്
ഉദ്വേഗപൂര്‍വ്വം കാര്യം തിരക്കി
കുഴിയുടെ കാര്യമാണെന്നറിഞ്ഞപ്പോള്
‍താഴെ പോകുന്ന കഷണ്ടിക്കാരന്‍റെ തലയില്
‍അവജ്ഞാപൂര്‍വ്വം കാഷ്ഠമിട്ടു തന്‍ പണിനോക്കിപ്പോയത്രേ

രോഷതാമ്രാക്ഷര്‍ സൂര്യനെ സ്തംഭിപ്പിയ്ക്കുമെന്നും
കുഴികള്‍ക്കു പകരം നിരത്തില്‍
കുന്നുകള്‍ മുളപ്പിയ്ക്കും എന്നും
വിചാരിയ്ക്കുന്ന മനുഷ്യരെ പഠിപ്പിച്ച്
ക്ഷീണിച്ച സൂര്യന്‍പടിഞ്ഞാറ്
വിശ്രമിയ്ക്കാന്‍ പോയത്രേ

പിറ്റേദിവസം നിരത്തുകാര്യക്കാരന്‍കുഴിയളന്ന്
സാമ്പിള്‍നരകമണെന്നും
വളരെ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും
അധികാരികള്‍ക്ക് വിശദീകരണം കൊടുത്തു പോലും

മനുഷ്യരുടെ നന്മയ്ക്കായി ഉരുത്തിരിഞ്ഞതാണ്കുഴികള്‍ എന്ന്
നിരത്തുമന്ത്രി പ്രസ്താവാന ഇറക്കി പോലും

ചെറു ചെറു പാപം ചെയ്തവര്‍ക്ക്
അതിന്‍റെ ഫലംഇവിടെ തന്നെ അനുഭവിയ്ക്കാനും
നരകത്തില്‍ തിരക്കുകുറയ്ക്കാനും
കുഴികള്‍പൂര്‍വ്വാധികം ഭങ്ഗിയായി സംരക്ഷിയ്ക്കാനും
തീരുമാനമായി

Sunday, January 11, 2009

അമ്മിഞ്ഞപ്പാല്‍

അമ്മിഞ്ഞയ്ക്കിത്രമേല്‍ മാധുര്യമേറുവാന്‍
‍കാരണമെന്തമ്മേ ചൊല്ലിത്തരൂ
അമ്മയ്ക്കു ശൈശവകാലത്തില്‍ മറ്റുള്ളോര്‍
‍തന്നുള്ള സ്നേഹത്തിനോര്‍മ്മചേര്‍ത്തോ?
ചുറ്റിലും തേനോലും പൂവ്വുകള്‍ പുഞ്ചിരി
തൂകുന്നതുള്ളില്‍ നിറച്ചതാണോ?
ഭൂമി പുതുമഴയേല്‍ക്കുമ്പോള്‍ പൂണ്ടീടും
ആശ്വാസം നെഞ്ഞില്‍ കരുതിയതതോ?
മാരിവില്‍ കാണുമ്പോള്‍ കുഞ്ഞുന്നാളുണ്ടാകു-
മത്ഭുതം കുഞ്ഞിനായ് കാത്തുവെച്ചോ?
ഊരുവില്‍ താളമിട്ടമ്മയുറക്കുന്ന
താരാട്ടുപാട്ടിന്‍റെയീണം ചേര്‍ത്തോ?
ബാല്യത്തിലോണപ്പുടവയുടുക്കുമ്പോള്‍
തുള്ളിയതോരര്‍മ്മയില്‍ നിന്നു ചേര്‍ത്തോ?
മഞ്ഞണിയാതിര നല്‍കിയ പാ‍വന-
ശീതത പാലില്‍ കലര്‍ത്തിയതോ?
പാര്‍വ്വണചന്ദ്രികയാവോളം പാനം ചെയ്-
തമ്മിഞ്ഞപ്പാലായ് ചുരത്തിയതോ?
ലോകത്തിലാനന്ദമിറ്റുന്നതെല്ലാമേ
കുഞ്ഞിന്നു പാലായി മാറ്റിയതോ?

Saturday, January 10, 2009

കാറ്റ്

കാര്‍മേഘങ്ങളെ മേയ്ക്കാന്‍ പോയ കാറ്റ്മടങ്ങിവരാത്തതെന്തേ?
മലമുകളിലെ ഇരുണ്ട പച്ചക്കാടുകളില്‍നിന്ന്
കോടമഞ്ഞ് വലിച്ചെടുക്കയാവുമോ?
അതോ നടക്കാന്‍ പഠിയ്ക്കുന്ന മാന്‍കുട്ടികളുടെ
പതറല്‍ നോക്കി നില്‍ക്കുകയോ?
നീലത്തടാകത്തിന്‍റെ വക്കത്തെ മരക്കൊമ്പില്‍
ഇലകളുമായ് ശൃങ്ഗരിക്കുകയോ?

നാളെ പ്രകൃതിയെ ഇട്ടുലച്ച്നിഷ്ഠുരമായ്
ചീറിയടിയ്ക്കേണ്ട കാറ്റിനീശാന്തത നന്നല്ല

Wednesday, January 7, 2009

വെട്ടത്തിന്‍ പരിണാമം

കോഴിക്കൂട്ടങ്ങള്‍ കൂകിയുണര്‍ത്തവേ
ശുണ്ഠികേറിച്ചുവപ്പുകലര്‍ന്നതാം
മോന്തയുമായെണീറ്റുള്ള ഭാസ്കരന്‍
ഭൂമിഗ്ലാസില്‍ നിറച്ച തമസ്സിനെ
കട്ടംങ്കാപ്പിപോലൂതി കുടിയ്ക്കുമ്പോള്‍
മഞ്ഞു പൊങ്ങുന്നിതാവിപോല്‍ മെല്ലവേ
ഭാസ്കരേട്ടന്‍റെ ചൂടുപിടിപ്പിയ്ക്കും
ഹസ്തതാഡനമേല്‍ക്കുന്നതിന്‍ മുന്നേ
ഓട്ടോറിക്ഷകള്‍ കുട്ടികളെയെല്ലം
സ്ക്കൂളിന്നുള്ളിലെത്തിയ്ക്കാനോടുന്നു

Sunday, January 4, 2009

കാഴ്ച ശരിയാവാന്‍

ലോകം മുഴുവന്‍ നന്നായ് തന്നെ പോകുന്നെന്നു നിനയ്ക്കൂ
അപകടവഴിയില്‍ പോകുന്നെന്നു നിനയ്ക്കില്‍ നീ താന്‍ ചുറ്റും
ഒരു വിരല്‍ നീളം തികയാ കണ്ണാല്‍ പെരുതാം ലോകം നോക്കി
വികലക്കാഴ്ചകളാണീ ലോകം മുഴുവന്‍ താനെന്നോതാന്‍
‍ധൈര്യം കാട്ടും മനുജാ നിന്നുടെ കണ്ണിന്‍ ദോഷം തീരാന്‍
പലരുടെ കണ്ണുകളേയ്ക്കുക കാഴ്ചകള്‍ നല്ലതുപോലെ തോന്നും

മുക്തകങ്ങള്‍ രണ്ടാം ഭാഗം

ചെഞ്ചോരചീറ്റുന്നതു കേട്ടുകേട്ടെന്‍
‍നെഞ്ചിന്നകത്തുള്ള ദയയ്ക്കു പോലും
ഇഞ്ചോളവും ചഞ്ചലമില്ല എന്ന
തഞ്ചത്തിലായീ മലയാളഭൂമേ

പോരാളും കേരളത്തില്‍ കുസൃതിവികലമായ് പാര്‍ട്ടിയാടുന്ന നാട്ടില്‍
പേരിന്മേല്‍ ചോരചാര്‍ത്തി ക്കരുണയിലെരിയും ക്രൂരരോഷം പുരട്ടി
വീരന്മാരെന്നു ചൊല്ലീട്ടവനിയെ മുഴുവന്നന്ധതാമിസ്രമാക്കി
ദ്ദാരിദ്ര്യത്തിനു മേലില്‍ മരണമണവുമായ് ഘോരഘോരം നടപ്പൂ.

ഉരുപിഴപ്പുഴ കുത്തിയൊലിയ്ക്കയാ-
ലൊരുവിധത്തിലുമര്‍ത്ഥസമാര്‍ജ്ജനം
അരുതു. രാമ! ശിരസ്സിലെ ലേഖനം
പുരുഷഭൂഷണ! തെറ്റുനിറഞ്ഞു പോയ്

ചീയ്യും ഗാര്‍ബേജുകുന്നിന്നരികല‍തിരസം പന്നി വാലിട്ടടിപ്പാ-
ണയ്യോ ശബ്ദപ്രപഞ്ചം പലപലവിധമാം ഹോണുചീറുന്നു ചുറ്റും,
പയ്യിന്‍ദേഹത്തുപൊട്ടന്‍കടിപിടിസഹിയാതോടിടും പോലെയോട്ടോ,
വയ്യേ ചന്തം സഹിയ്ക്കാനടിമുടിപൊടിയാല്‍ മൂടുമീപ്പട്ടണത്തില്‍

നാട്ടില്‍ സത്യാദിയെല്ലാം ദിനമനു കുറയുന്നെന്നു ചൊല്ലാതിരിയ്ക്കാ-
മെട്ടാള്‍ പന്ത്രണ്ടുപേരില്‍ കുസൃതികള്‍ കലരാതുള്ള സാധാരണക്കാര്
‍കൊട്ടിഗ്ഘോഷിപ്പൂ നാലാളാവരുടെ വികടം. പത്രമെല്ലാം വിതപ്പൂ.
കേട്ടാല്‍ നാടാകെ നാറും നടപടി തുടരും നാട്ടുകാര്‍ സ്വല്‍പ്പമാണേ

എന്നും നമുക്കു മരണം നിരയായ് വരുന്നൂ
തോന്നുന്ന മതിരി നടപ്പവര്‍ മൂലമായി
എന്നാല്‍ ശരിയ്ക്കു മരണം വരുമെന്നതോന്നല്
‍താനാണു ജിവനു ലക്ഷ്യദിശയ്ക്കു മൂലം

കുത്തേറ്റാളുകള്‍ കോമയായി മരണം വന്നീടുവാന്‍ കാക്കവേ
ചത്താല്‍ ജാഥനയിയ്ക്കുവാന്‍ കൊടികളില്‍ ചെഞ്ചോര തേയ്ക്കുന്നവര്
‍മൊത്തം നാടുമുടിച്ചിടാന്‍ വ്രതവുമായ് നില്‍ക്കുന്ന നാട്ടില്‍ ജനം
ചത്താലെന്തു കിടാങ്ങളെ കലികളില്‍ തുള്ളാനയച്ചീടുമേ

ഒന്നോര്‍‍ത്താല്‍ മലരമ്പനൊത്തവിളിയീ കുണ്ടമ്പന്നുള്ളതേ
പൊന്നേ കുണ്ടിലിറക്കലേ പണിയവന്നെന്നെന്നുമെല്ലാരെയും
കുന്നേപ്പോലുമിളക്കിടും മനസിജന്‍ കുന്ദമ്പനാവില്ലയേ
കുന്നിയ്ക്കും കുറയാതെ ഞാനുമിതിനെ പിന്താങ്ങിടാം നിശ്ചയം

ഈഞ്ഞാമ്പ്ലിയാമിവനു ദാനമലിഞ്ഞു നല്‍കാന്‍
മഞ്ഞിന്‍ മലയ്ക്കു മകളേ സുമുഹൂര്‍ത്തമായി.
കുഞ്ഞേ പിതാവുലകചൂടുസഹിച്ചിടാതെ
മഞ്ഞാര്‍ന്നദേഹമൊഴിയേ പശുദാനമാവാം

സാറെ മഹാകഷ്ടമിതെന്തു കൂത്താ-
ണാറാത്തെന്താണു ധനക്കുഴപ്പം?
മാറില്ല കാശിന്‍റെ വഴിയ്ക്കുപോയാല്‍
നാറും നടന്നീടുക നിന്‍ വഴിയ്ക്ക്

കുലം പണം ജോലിയിവയ്ക്കുമെല്ലാം
മേലാണു കൈക്കൂലിതരും പൊരുത്തം
കല്യാണകമ്പോളവിലയ്ക്കു പോലും
വല്ലോണമെന്നാലുമതിന്നുമേന്മ

കാലിമേച്ചിടും നാരികള്‍ മനം
നല്ലപോലവിരിയിച്ചു വാക്കിനാല്‍
മെല്ലെരാസനടനം നടത്തുവാന്‍
ഉല്ലസിച്ച പവനേശ കാക്കണേ

ലക്ഷ്യം ചൊല്ലാതിറാക്കില്‍ ജനതതിവലയുന്നെന്നു ചൊല്ലിത്തകര്‍ത്തൂ
ലക്ഷം ലക്ഷം ജനങ്ങള്‍ ദിനമനു ദുരിതം തിന്നു തീര്‍ക്കാന്‍ വിധിച്ചു
ലക്ഷ്യം കാണാതെ പെട്ടൂ പടയുടെ ചെലവിന്നിടലായാടിടുന്നു
രക്ഷയ്ക്കായ് ചെന്നുപെട്ടാ പണി കെണിപണിയാന്‍ കാരണമ്പോലെയായി

മേല്‍ശാന്തിയ്ക്കിനി ഗോപിയിട്ടു തികയും ശാന്തിയ്ക്കു മേലാളനായ്
കാശില്ലാതെ, വളര്‍ന്ന താടി തടവീട്ടില്ലത്തു ചെന്നീടലാം
നാശം ബോര്‍ഡിലു പൂത്തുലഞ്ഞഴിമതിയ്ക്കെല്ലാം നിദാനം തുലോം
കാശായ് ദക്ഷിണ വാങ്ങിടുന്നതു. സഖേ ശാന്തിയ്ക്കു കാശെന്തിനാ?

ഹര ഹര വൈദ്യന്‍ കയ്യുമലര്‍ത്തീ കഥയെനിയെന്താണാവുന്നേ
മുരഹര നീയ്യേ ഗതിയെനി വഴി ചൊല്‍ വൃത്തത്തീന്നു പുറത്തേയ്ക്ക്
ഉരുതരവൈഷമ്യങ്ങള്‍ നിറഞ്ഞൊരു സൃഷ്ടി തമസ്സില്‍ മുഴുകിപ്പോയ്
വരികെനി രവിയൊരു നല്ലവെളിച്ചം തരണേ തരണേ സംസാരേ

Sunday, December 28, 2008

പതിനാറായിരത്തെട്ടു ഭാര്യമാര്‍

കണ്ണന്നു ഭാര്യമാരോ
പതിനാറായിരത്തെട്ട്
നമ്മളാല്‍
ഒക്കില്ല
സംശയമില്ലയേതും

കണ്ണന്നു മാത്രമല്ല
നിങ്ങള്‍ക്കുമത്രയുണ്ട്
കേള്‍ക്കേണോ
സാങ്ഖ്യത്തിന്‍
വ്യാഖ്യാനമാണതെല്ലാം

പ്രകൃതിയെന്നൊരു തത്വം
പ്രകൃതിവികൃതിയേഴ്
വികൃതികള്‍
പതിനാറ്
ആകെ ഇരുപത്നാല്

ഒന്നീന്നു മറ്റൊന്നെങ്ങാന്‍
ഉദ്ഭവിച്ചാലാ ഒന്ന്
പ്രകൃതിതാന്‍
മറ്റേവ
വികൃതികളായിത്തീരും

വികൃതിയില്‍ നിന്നെങ്ങാനും
മറ്റു ചിലതുണ്ടായാല്‍
ആദ്യത്തെ
ചൊല്ലുന്നു
പ്രകൃതിവ്വികൃതിയെന്ന്

പ്രകൃതിവികൃതിയീന്ന്
ഉണ്ടായകാര്യങ്ങളെ
വികൃതിയായ്
ചൊല്ലുന്നു
സാങ്ഖ്യശാസ്ത്രഞ്ജരെല്ലാം

പ്രകൃതിയൊന്നെന്ന സത്യം
അറിയുന്നോരെല്ലാവരും.
പ്രകൃതിതന്‍
നിയമമാം
ബോധമുണ്ടായിവന്നു

ബോധത്തിന്‍ കേന്ദ്രമായി
ഞാനെന്നതത്വമുണ്ടായ്
അതില്‍ നിന്നും
തന്മാത്ര
അഞ്ചെണ്ണമുളവായി

കണിനടുത്തുവെച്ച
പൂവ്വിന്‍റെ രൂപം മാത്രം
ഞാനെന്ന
തത്വത്തില്‍
സന്ദേശം പോല്‍ ലയിപ്പൂ

ഗന്ധത്തിന്‍ ലവം പോലും
സ്പര്‍ശത്തിന്‍ തരിപോലും
അതിലില്ല
അതിനാലെ
രൂപതന്മാത്രയായി

ഇതുപോലെ ശബ്ദസ്പര്‍ശ
രൂപരസഗന്ധങ്ങള്‍
എന്നിലായ്
വിലയിക്കും
സന്ദേശവാഹകങ്ങള്‍

പ്രകൃതിവികൃതികളാം
ഇവയേഴും ഓരോന്നത്രേ
വികൃതികള്‍
ഇവയില്‍നി-
ന്നുദ്ഭവിച്ചവയത്രേ

പത്തിന്ദ്രിങ്ങളഞ്ചു-
ഭൂതങ്ങള്‍ മനസ്സെന്നു
പതിനാറു
വികൃതികള്‍
ഓരോന്നുമനവധി താന്‍

കാഴ്ചയേ കണ്ണെന്നോതാം
കാഴ്ചകളനവധി
അനവധിയ്-
ക്കായിരം
എന്നൊരു സങ്ഖ്യ നല്‍കാം

ജ്ഞാനേന്ദ്രിയങ്ങളഞ്ചും
കര്‍മ്മേന്ദ്രിയങ്ങളഞ്ചും
ആയിരം
ചേര്‍ന്നാലോ
ആകെ പതിനായിരം

കാണപ്പെടും ഭൂതങ്ങള്‍
ഇതു പോലെയനവധി
ഭൂതങ്ങള്‍
അഞ്ചിന്നും
ചേര്‍ന്നൊരയ്യായിരവും

സങ്കല്പവികല്പങ്ങള്‍
മനതാരിന്‍ പണിയത്രേ
അവകളും
അനവധി.
അതിനുമൊരായിരം താന്‍

വികൃതികള്‍ മാത്രമിപ്പോള്‍
പതിനാറായിരമായി
ഏഴാളു
മുന്‍പത്തെ
പ്രകൃതിവികൃതിഗണം

പ്രകൃതിയും ചേര്‍ന്നാലിപ്പോള്‍
പതിനാറായിരത്തെട്ട്
ജീവനാം
കൃഷ്ണനോ
ഭര്‍ത്താവാണിവര്‍ക്കെല്ലാം

നിങ്ങടെ ചുറ്റും കാണും
സ്ത്രീധനം ധൂര്‍ത്തടിയ്ക്കാന്‍
തുനിയല്ലേ
വിനയാകും
വിനയാം വലയില്‍ പെടും
മറ്റു

Tuesday, October 14, 2008

പേടി

വീട്ടിലുറങ്ങാതെ
ഭക്ഷണമിറങ്ങാതെ
കണ്ണില്‍ പേടിയൊഴിച്ച് കാത്തിരിയ്ക്കണം


പോയാല്‍ വരുമെന്നെന്താണുറപ്പ്?
അയവെട്ടലായ് കൂടി
തിരിച്ചു വരുമെന്നുറപ്പില്ല


നായോ നരിയോ കത്തിയോ കൊടുവാളോ
അയവെട്ടാറില്ലത്രേ
ഉഗ്രഭക്ഷണം തിന്നുന്നോരാരും അയവെട്ടാറില്ല.


യുദ്ധത്തിനു പോകുമ്പോള്‍
നെറ്റിയില്‍ വിജയാശംസാതിലകം ചാര്‍‍ത്തുന്നോരേ!
കുങ്കുമം ചുവപ്പാണ്. ചോരച്ചുവപ്പ്.
ചുവപ്പ് നിരോധനത്തിന്‍റെ നിറമാണ്‌

പണ്ട് യുദ്ധത്തിനു രൂപമുണ്ടയിരുന്നത്രേ
ചതുരങ്ഗപ്പടയുണ്ടായിരുന്നത്രേ

പേടി യൊഴുക്കാന്‍ മഞ്ഞുമലകളില്‍
ഭീകരര്‍ നുഴഞ്ഞു കേറുമ്പോള്‍ മഞ്ഞില്‍
എന്തു രൂപമാണാവോ ഉണ്ടാവുക?
പെരുമ്പാമ്പിന്‍റെ? എട്ടുകാലിയുടെ?

വീട്ടിലുറങ്ങാതെ
ഭക്ഷണമിറങ്ങാതെ
കണ്ണില്‍ പേടിയൊഴിച്ച് കാത്തിരിയ്ക്കണം

ഞാന്‍ കടയില്‍ പോയി വരാം

Sunday, September 14, 2008

സുഖം

സുഖമാണോ?
അതുതന്നെ സംശയം.
സുഖമാണോ? പെണ്ണോ?
സുഖമാണിലാണാവുന്നതും
പെണ്ണില്‍ പെണ്ണാവുന്നതും
സത്യം?
സുഖമാണിനുപെണ്ണാകുന്നതും
പെണ്ണിനാണാകുന്നതും

Saturday, September 13, 2008

ചിഹ്നം

നിങ്ങള്‍ അങ്ഗീകരിയ്ക്കുന്നെങ്കില്‍
ചിഹ്നങ്ങളും അങ്ഗീകരിയ്ക്കണം

അങ്ഗീകരിയ്ക്കുന്നത് എത്ര കനത്തിലോ
നീളത്തിലോ ആഴത്തിലോ
എതിര്‍ത്തോ അനുകൂലിച്ചോ
എന്ന ചോദ്യമില്ല.
അങ്ഗീകരിയ്ക്കുന്നുവോ?
എന്നാല്‍ ചിഹ്നങ്ങളും അങ്ഗീകരിയ്ക്കണം.

ആന പാപ്പാനെ അങ്ഗീകരിച്ചാല്‍
പാപ്പന്‍റെ ചിഹ്നങ്ങളും അങ്ഗീകരിയ്ക്കണം.
അല്ലെങ്കില്‍ ആനയോ പാപ്പാനോ അനുഭവിയ്ക്കും.

ചുവന്ന വിളക്കിന് അര്‍ത്ഥമൊന്നുമില്ല
അര്‍ത്ഥമില്ലാത്തതൊന്നും
അങ്ഗീകരിയ്ക്കരുത്
പക്ഷേ അതു ഒരു ചിഹ്നമാണെങ്കില്‍
അങ്ഗീകരിയ്ക്കണം

എന്‍റെ കോപം ജ്വലിയ്ക്കുമ്പോള്‍
മക്കളുടെ തുട നീറാതിരിയ്ക്കാന്‍
ചിഹ്നമായി നീറ്റമാര്‍ന്ന
പിതൃസ്വത്ത് എന്‍റെ തുടമേല്‍
ഇപ്പോഴും ഉണ്ട് നിങ്ങളും ചിഹ്നങ്ങള്‍
അങ്ഗീകരിയ്ക്കുക തന്നെ വേണം

വേദപുസ്തകത്തിലെ ഒരോ വാക്കും
ദൈവത്തിന്‍റെ ചിഹ്നങ്ങളാണ്.
അവയെ അങ്ഗീകരിയ്ക്കുക തന്നെ വേണം
എന്നു വച്ച് ദൈവത്തിന്‍റെ പകരം വയ്ക്കരുത്.
ദൈവം ചിഹ്നമല്ല.

മഴുകൊണ്ട് മരം മുറിയ്ക്കാം
ദൈവത്തിന് മരം മുറിയ്ക്കാന്‍ പറ്റില്ല.
ചിഹ്നത്തിന് മൂര്‍ച്ചയുണ്ട്
ദൈവത്തിന് മൂര്‍ച്ചയില്ല.
മൂര്‍ച്ചയുടെ ആവശ്യവുമില്ല.
അതിനാല്‍ മഴുവിനെ അങ്ഗീകരിയ്ക്കണം
ദൈവത്തിനെ വാക്കുകൊണ്ട് അങ്ഗീകരിച്ചാലും ഇല്ലെങ്കിലും
മഴുവിനെ അങ്ഗീകരിച്ചേ മതിയാവൂ.

നിയമപാലകരെ തലയ്ക്കു മേലില്‍
പ്രതിഷ്ഠിയ്ക്കരുത്. അവര്‍ ചിഹ്നങ്ങളാണ്
നിയമത്തെ പ്രതിഷ്ഠിയ്ക്കുക.
നിയമപാ‍ലകരെ അങ്ഗീകരിയ്ക്കുക

ചിഹ്നങ്ങളെ അങ്ഗീകരിയ്ക്കുക
എന്നാല്‍ അങ്ഗീകരിയ്ക്കുക എന്നു തന്നെ
ആണര്‍ത്ഥം.

Monday, September 8, 2008

കുമ്മി

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ

കാണമുപേക്ഷിച്ചുമോണമുണ്ണാന്‍ നാണമുണരില്ല നാട്ടുകാര്‍ക്ക്
നാണിയ്ക്കാന്‍ നാണത്തിന്‍ കാണിപോലും കാണില്ല. കാണുന്നതൂണുമാത്രം

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ

നഞ്ഞു കലര്‍ത്തുന്നിതമ്മിഞ്ഞയില്‍, വീഞ്ഞു പകരുന്നു നെഞ്ഞുകളില്‍
ഊഞ്ഞാലിട്ടാടുന്നു കുഞ്ഞുങ്ങളില്‍ ആഞ്ഞാഞ്ഞു പൊങ്ങുമവിവേകങ്ങള്‍

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ

തന്‍ മതം പൊന്മതമെന്നമദം ദുര്‍മ്മദമേദസ്സായ് മേദിനിയില്‍
മേദുരവേദനാദായിയായ ദുര്‍ഗ്ഗദമായി മദിച്ചിടുന്നു.

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ

കള്ളപ്പറകള്‍വഴിഞ്ഞീടുന്നൂ കുന്നോളമല്ലാര്‍ത്തി കൂടീടുന്നു.
വാക്കില്‍ പൊളി, ഹൃത്തില്‍ ചതി, നോക്കില്‍ കൊതി, കരണത്തില്‍
കൊടികുത്തും കളവിന്‍റെ കള്ളക്കളി, സ്വാര്‍ത്ഥ-കഴുകന്‍റെ ക്രൂരമാം ചിറകിട്ടടി

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ ‍

Saturday, September 6, 2008

മണ്ണില്‍ ലയിയ്ക്കാത്ത പൂക്കളാല്‍ പൂക്കളം തീര്‍ക്കരുതാരുമേ മന്നനായി

മണ്ണുകുഴച്ചാണു മാവേലിമന്നനെ തീര്‍ക്കുന്നതെല്ലാരുമോണത്തിന്
മണ്ണില്‍മുഴുകിയിരിയ്ക്കുന്നകാര്യത്തില്‍ തമ്പുരാനത്രയ്ക്കു മോഹമത്രേ
എത്ര കറുകയും തുമ്പയുമുദ്വേഗം പൂണ്ടു മുളച്ചിതില്‍ ജീവിയ്ക്കുവാന്‍
അത്രയും കാലത്തിന്‍ കാലടിച്ചോട്ടിലടങ്ങിയീ മണ്ണില്‍ ലയിച്ചു പോയി
ആമണ്ണിലാകെയിഴുകിയിരിയ്ക്കുവാന്‍ സോമനോ സൂര്യനോ ദേവേന്ദ്രനോ
സമ്മതമാവില്ല മാവേലിയെപ്പോലെ മണ്ണിലേയ്ക്കാണ്ടുള്ള രാജാവല്ലേ
നാട്ടിലെ തുമ്പയും തെച്ചിയും പൂക്കുന്ന, പൂര്‍വ്വികര്‍ വീണു ലയിച്ച മണ്ണും
വിറ്റു പെറുക്കി നഗരത്തില്‍ ഓണത്തിന്‍ നാടകമാടുന്ന നാട്ടുകാരേ
നിങ്ങളെ കാണുവാന്‍ മന്നന്‍ വരുന്നേരം കൃത്രിമപുഞ്ചിരിയൊപ്പിച്ചീടാന്‍
നിങ്ങളുപേക്ഷിച്ചമണ്ണിനെയൊട്ടുമേ ഓര്‍ക്കായ്ക കണ്ണുനീരൂറിവരും

Tuesday, September 2, 2008

ചലനം

ചലനം വിചലിതമൌനാല്‍ വിഗളിതനിരുപമ‍സംഭവബഹുലം
അണുവിലുമതിലും ചെറുതിലുമവിരതസൂക്ഷ്മസ്പന്ദം കലിതം
ചെറുചലനങ്ങള്‍കൊണ്ടു പടുത്തൊരു ശിലയില്‍ നിശ്ചലജോഷം
സത്യം തന്നെയസത്യത്തിന്നുടെ സത്യാധാരം നിത്യം
ചലനമളക്കാന്‍ പോകുന്നോരുടെ നിലയില്‍ പോലും ചലനം
അവിചലനിയമം. ഇതിന്നാലെല്ലാമളവില്‍ കണ്ടാല്‍ തുച്ഛം
കണ്ടതളന്നു കുറിച്ചാലധികം വിണ്ടും കാണും പത്ത്
ഒരു കുറി ചലനം നിശ്ചലമായാലെല്ലാമെല്ലാം തീരും

Friday, August 29, 2008

പരസ്യം

സംസ്കാരമെന്നാല്‍ വെറും വെച്ചുകെട്ടുകള്‍ ചുറ്റും
നില്‍ക്കുവോര്‍ സമ്മാനിച്ച ചിഹ്നങ്ങള്‍ വിചിത്രങ്ങള്‍
മേല്‍ക്കുമേല്‍ പരസ്യങ്ങള്‍ പതിച്ചെന്‍ സത്യരൂപ-
മോര്‍ക്കുവാനാവാതായ മതിലായ് മാറുന്നു ഞാന്‍

മാതാവിന്‍ മുലപ്പാലാല്‍ വാത്സല്യപ്പരസ്യത്തിന്‍
പതിയല്‍ മുതല്‍ക്കേ ഞാന്‍ ഞാനല്ലാതായിത്തീര്‍ന്നു.
ഏതുമേ തിരിയാത്ത ചലനം ചിരിയ്ക്കാനായ്
പതിച്ചാല്‍ കൈകാല്‍ കുടഞ്ഞാവോളമാഹ്ലാദിച്ചു

ക്രോധതാമ്രാക്ഷം താതന്‍ കോപിയ്ക്കും ചിഹ്നം വെച്ചാല്‍
അധരപിളര്‍ത്തിക്കൊണ്ടഴലായ് കേണീടാനും
മധുരം നാവിന്‍ തുമ്പത്തായിരം വള്ളം കളി
സാധിയ്ക്കാന്‍ പോരും നല്ല ചിഹ്നമെന്നറിയാനും

ചുറ്റുമുള്ളോരെ കണ്ടാല്‍ വണങ്ങും ചിഹ്നം വെച്ചാല്‍
മാറ്റനിയ്ക്കേറേ കൂടുമെന്നുള്ളതറിയാനും
മാറ്റില്ലാചിഹ്നം എന്നില്‍ പതിച്ചാല്‍ മറ്റുള്ളോര്‍ക്കു
മാറ്റില്ലാതാവും ചിരിയെന്നും ഞാന്‍ പഠിച്ചേനേ

ചിതയില്‍ കിടക്കാനായ് കച്ചയാല്‍ പുതയ്ക്കോളം
പതിയും പരസ്യങ്ങള്‍ കാഴ്ച്ചക്കാര്‍ നോക്കിക്കാണും
ഇതിനാല്‍ കാഴ്ച്ചക്കാരും പരസ്യം ശീലമാക്കി
മതിലായ് നിന്നു സ്വയം സംസ്കാരം നിലനിര്‍ത്തും

എന്തിനീ സംസ്കാരത്തിന്‍ ചിഹ്നങ്ങള്‍ സ്വയം കാണും
‍ചിന്തയേ മുടക്കീടും മൂടലായ് ചുറ്റും വന്നു?
അന്തിയായാലുമിരുള്‍ കട്ടിയായ് പൊതിഞ്ഞാലും
അന്തമില്ലാതെകണ്ടീ പരസ്യം നിലനില്‍ക്കും

Thursday, August 28, 2008

എലി

ആനയ്ക്കോ പൂച്ചയ്ക്കോ മണികെട്ടുന്ന കാര്യമല്ല.
എലിയ്ക്ക് മണികെട്ടുന്ന കാര്യം
വെറുതേ ചിരിയ്ക്കേണ്ട.
മലമറിയ്ക്കുന്ന കാര്യമല്ലെന്ന ഭാവം വേണ്ട.
ആനയ്ക്കും പൂച്ചയ്ക്കും തീറ്റി കൊടുക്കുന്നവരോടു
പറയാം മണികെട്ടാന്‍.
എലി കട്ടുതിന്നുന്നവനാണെന്നല്ലേ നമ്മള്‍ പഠിച്ചത്?

കട്ടപാപം തിന്നാല്‍ തീരും എന്നൊരുപഴമൊഴിയുണ്ടോ?
ഉണ്ടാകും. ഇല്ലെങ്കില്‍ ഉണ്ടാക്കാം
വിശപ്പ് സഹിയ്ക്കാതെയൊന്നു കട്ടെന്നിരുന്നാലും
സഹിയ്ക്കാം.
എലി അങ്ങിനെ അല്ലല്ലോ.
തിന്നുന്നതിനേക്കാള്‍ നാശപ്പെടുത്തുകയല്ലേ?

ഇന്നലെ കണ്ട സ്വപ്നത്തിന്‍റെ വക്കുകരളുന്ന
എലി വാല്‍ കൊണ്ടു തോണ്ടി പറഞ്ഞതെന്താണെന്നോ?
കട്ടുതിന്നുന്നവനെ കാണാന്‍ കണ്ണാടിനോക്കാന്‍

കണ്ണാടിയില്‍ നോക്കിയാല്‍ എന്നെ തന്നെ അല്ലേ കാണുക?
അതും വായിക്കാന്‍ പറ്റാത്തരീതിയില്‍ തലതിരിഞ്ഞ്
കളവ് ചെയ്യുകമാത്രമല്ല
പറയുക കൂടി ശീലമാക്കിയിട്ടുണ്ടാകും എലി.‍
ഉറക്കത്തിന്‍റെ ഇടതും വലതും തലയ്ക്കലും കാല്‍ക്കലും
എലിക്കെണി വയ്ക്കണം

എലിമൊഴിയില്‍ സത്യമുണ്ടാകുമോ?

ഭാര്യ വിളിച്ചു പറഞ്ഞു
“നമ്മുടെ ആവശ്യമില്ലാത്ത സാധനങ്ങള്‍ വയ്ക്കുന്ന
പെട്ടി എലി കരണ്ടൂട്ടോ”

അലങ്കാരവസ്തുക്കള്‍ വച്ച മേശമേലിരുന്നു വാല്‍ കൊണ്ട്
എലി കണ്ണാടി ചൂണ്ടി.

എലിയ്ക്കു മണി കെട്ടണം.
മുഖ്യമന്ത്രി, വിഭാഗീയത, ഭീകരത, ഇറാഖ്,
ഇതിലൊന്നും അല്ല പ്രപഞ്ചത്തിന്‍റെ പൊട്ടിത്തെറി.
പൊട്ടിത്തെറിയ്ക്കുന്ന അഗ്നിപര്‍വ്വതത്തിന്‍റെ
മുകളിലിരിയ്ക്കുന്നവര്‍ക്കേ അതു മനസ്സിലാവുള്ളൂ.

“നമ്മുടെ ആവശ്യമില്ലാത്ത സാധനങ്ങള്‍ വയ്ക്കുന്ന
പെട്ടി എലി കരണ്ടൂട്ടോ”
കട്ടപാപം തിന്നാല്‍ തീരും എന്നൊരുപഴമൊഴിയുണ്ടോ? ഉണ്ടാകും!
ഇതുരണ്ടും കൂട്ടി വായിച്ചു നോക്കൂ

എലിയ്ക്കു മണികെട്ടിയാല്‍ പോര. കൊല്ലണം
കണ്ണാടിയായ കണ്ണാടിയൊക്കെ ഉടയ്ക്കണം

എലി കള്ളനായിരുന്നെന്നു വരാനും.
ഞാന്‍ ഞാനാവാനും അതു അത്യാവശ്യമാണ്

Wednesday, August 20, 2008

ചോറ്

അഖിലാണ്ഡമണ്ടന്മാരൊരുമിച്ചു കൂടി
അരിവെച്ചു തിന്നാനായ് വട്ടവുംകൂട്ടി
കൂട്ടംകണ്ടവിടേയ്ക്കു കച്ചോടക്കാരന്‍
കണ്ണട വിക്കാനായ് ഓടിയടുത്തു

മണ്ടന്മാര്‍ കണ്ണട മൂക്കിന്മേല്‍ വെച്ചു
ചോറിന്നു നിറമാകെ മാറിമറഞ്ഞു.
കണ്ണടയ്ക്കാണു നിറമെന്നുറയ്ക്കാന്
‍അഖിലാണ്ഡമണ്ടന്മാര്‍ തലയാട്ടിയില്ല

അതിനിടയ്ക്കാ ചോറില്‍ കൂണു മുളച്ചു
കറികളിലാകവേ പൂപ്പല്‍ പരന്നു
കുട്ടികള്‍ പാവം വിശന്നു മയങ്ങി
പ്രശ്നത്തിനിപ്പോളും നിറമാണു പ്രശ്നം

Saturday, August 16, 2008

നന്ദി

ആ മരം എന്നു മൊഴിയാന്‍ തലയുയര്‍ത്തി
നോക്കെത്താത്തോളം പൊക്കത്തില്‍ കണ്ണും നട്ട്
മരത്തിന്‍റെ അറ്റം വ്യക്തമല്ലാതെ കണ്ടപ്പോളുണ്ടായ
വാക്കാണത്രേ ആമ്രം

മുതുമുത്തച്ഛന്മാര്‍ പശുവിന്നകിടില്‍ പാല്‍
കണ്ടു പിടിയ്ക്കും മുന്‍പ്
അവര്‍ക്ക് വാത്സല്യം ചുരത്തിയത്
ആ ആമ്രമായിരുന്നത്രേ
അതാണു പോലും മാതാവില്‍ നിന്ന് കുറച്ചു കുറഞ്ഞ്
മാവായത്

ഇതിന്‍റെ തണലിലാണു പോലും രാത്രി
പകലിനെ പേടിച്ച് ഇരുന്നിരുന്നത്
ഇന്നത് മനുഷ്യമനസ്സിലാണല്ലോ
കൂടുതല്‍ സുരക്ഷിതമായിരിയ്ക്കുന്നത്.

പണ്ട് മേഘങ്ങളെ തോളത്തിരുത്തി
താലോലിച്ചത് അത്ര ഉയരമുണ്ടായിരുന്ന
മാവായിരുന്നത്രേ

ആ വാത്സല്യഭാജനങ്ങളായമേഘങ്ങള്‍
മദം മൂത്ത് പടവെട്ടിക്കളിയ്ക്കുമ്പോള്‍
അതിലൊന്നിന്‍റെ ഇടിവാള്‍
പാളി വീണാണത്രേ ആ ആദ്യമാവുമരിച്ചത്

മാവൊഴിഞ്ഞിടത്ത് മാവിന്‍റെ ആദ്യസ്മാരകമായാണത്രേ
ആദ്യഗ്രാമം പണിതത്

ആ മാവിന്‍റെ മക്കള്‍
മനുഷ്യരെ തോളിലേറ്റിയും
വാത്സല്യ്ം ചുരത്തിയും
വളര്‍ത്തിയതിന് ഉപകാരസ്മരണയായാണത്രേ
മരണരണം കഴിഞ്ഞാല്‍
ആ മാവിന്‍റെ മക്കള്‍ക്ക്
മോക്ഷം കൊടുക്കുന്നത്

മനുഷ്യര്‍ മേഘങ്ങളേപ്പോലെ
നന്ദിയുള്ളവരാണല്ലോ

Thursday, August 7, 2008

കെണി

ദൈവത്തിന്‍ വഴി വഴുക്കുകല്ലാല്‍ നിറച്ചതാരാണ്?
കണിയാന്‍. കെണിവെയ്ക്കും കണിയാന്‍.
കെണി പണിയാന്‍ പണമെണ്ണിക്കൊടുത്തതെന്തിന്ന്?
പണമൊഴുകാന്‍. പെണ്ണു പറഞ്ഞൂ പണ്ടം വാങ്ങീടാന്‍
‍ദൈവത്തിന്നൊരു കെണിവെച്ചെന്നാല്‍ കാശുണ്ടാകും പോല്‍!
ദൈവം ഭാഗ്യം മുഴുവന്‍ കിഴിയില്‍ കെട്ടിനടപ്പല്ലേ
വഴുക്കിവീണാല്‍ കിഴി താനഴിയും ഭാഗ്യം ചിതറീടും
നിങ്ങളു വേണേല്‍ ദൈവം വീഴും വഴിയില്‍ ന്നിന്നോളൂ
കെണിയുടെ കാശില്‍ പാതി തരേണം ഭാഗ്യത്തിന്നായി

Saturday, August 2, 2008

വെണ്ണ

വെണ്ണ തരേണമെന്നുണ്ടെന്‍ കയ്യാല്‍
കണ്ണാ പടുവികൃതീ!
ഒന്നു വിളിച്ചാല്‍ നീ വരുമെന്നും
നന്നായറിയാമേ
നീ വന്നെന്നാല്‍ ചിന്തകള്‍ പോലും
രോമാഞ്ചം കോലും.
വാത്സല്യത്തിരനിറയേ സ്മൃതിയും
ഉലയും ചഞ്ചാടും
ഒന്നിനുമേതിനുമൊരുപിടിയിലാ-
താനന്ദം വഴിയും
തന്നത്താനെ കെട്ടുകളെല്ലാം
അഴിയും കഥകഴിയും

സുന്ദരതരമീ പരിസരമെല്ലാം
നിന്‍ വരവാല്‍ കണ്ണാ
എന്‍റേതല്ലാതായിടുമെന്നേ
ഭയമെന്‍ തിരുമാലീ

എന്നാലും ഞാന്‍ ഉറിയില്‍ നിറയും
വെണ്ണയുമായ് പാത്രം
വെച്ചേയ്ക്കാം. നീ വന്നാലെന്നെ
ത‍ട്ടി വിളിയ്ക്കരുതേ

നിന്നെ കണ്ടാലെല്ലാം തീരും
എന്നല്ലോ‍ ചൊല്വൂ.
വെണ്ണതരേണമെന്നുണ്ടെന്നാലും
എന്തോ ചൊല്ലേണ്ടൂ

Monday, July 28, 2008

മാവിനോട്

നിന്‍റെ ജീവിതപ്പിറ്റേന്ന്
അതായാത് നാളെ
ഞാന്‍ ചിതയിലെ
കടക്കൊള്ളികള്‍ പെറുക്കിക്കോട്ടേ?
മാമ്പഴം പെറുക്കുന്ന അതേ
ശ്രദ്ധയോടെ.

എന്തിനു നീ ഉടന്തടി ചാടണം?
നിശ്ശബ്ദശ്രുതിയില്‍ ലയിച്ചു കിടക്കും
തണുത്ത ശരീരത്തിന്
കരാളാഗ്നിയില്‍ കൂട്ടു
കിടക്കാന്‍ പോകുന്നെന്ന ബന്ധത്തിനോ?

അതോ മക്കളെ കെട്ടിപ്പിടിച്ച്
ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍
പണിപ്പെടും വിധവയുടെ
പകരം ഒരു ഉപകാരം പോലെ?

ഹൃദയതാളത്തിനേ വിള്ളലുകളേകി
നീ പോയാല്‍
വരും വേനലില്‍ ശൂന്യതണലില്‍
വാത്സല്യമൂറുന്ന ഒരു മാമ്പഴം പോലും
പെറുക്കാനൂണ്ടാവില്ല്.

പകരം നാളെ ചിതയില്‍നിന്ന്
കടക്കൊള്ളി പെറുക്കി
വച്ചോട്ടേ?

അതില്‍ ചുടുകാടിനോടുള്ള
പേടിയോ അകല്‍ച്ചയോ
തീര്‍ച്ചയായും ഞാന്‍ വെയ്ക്കില്ല.
മമ്പഴത്തിനോടുള്ള
ഭക്തിമാത്രമേ കരുതൂ.

ഇതു നീ അനുവദിയ്ക്കുക
തന്നെ വേണം.
ഇതെന്‍റെ തലമുറയ്ക്കു
വേണ്ടിയാണ്

അവരുടെ മാമ്പഴകഥകളില്‍‍
ശവത്തിന്‍റെ അശുദ്ധി
നിറയ്ക്കില്ല
നാളെ കടക്കൊള്ളി
ഞാനെടുക്കും

Sunday, July 27, 2008

കണ്ണന്‍ വരും

കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ
മനമേ! ലോകൈകകള്ളന്‍ കണ്ണന്‍
വരും ഒച്ച വയ്ക്കാതെ മനമേ
നീ ഒച്ച വയ്ക്കാതെ മനമേ

പാലും തയിരും വെണ്ണയുമല്ലാ
തുണിയുമ്മാനവും എല്ലാം കവരും
കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ മനമേ!
നീ ഒച്ച വെയ്ക്കാതെ മനമേ!

വെളവിന്‍ വിളനിലമവനെന്നറിക.
കളവിന്നായൊരു കുറി കയറീടില്‍
മനമേ! അനുഭൂതിപ്പൊടി വിതറി
നിന്നെ മയക്കി കൊണ്ടേ പോകും
കണ്ണന്‍ വരും ഒച്ച വയ്ക്കാതെ മനമേ
നീ ഒച്ച വെയ്ക്ക്കാതെ മനമേ!

കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ മനമേ!
ലോകൈകകള്ളന്‍ കണ്ണന്‍ വരും
ഒച്ച വയ്ക്കാതെ മനമേനീ ഒച്ച വയ്ക്കാതെ മനമേ

Saturday, July 26, 2008

ഭാഷ

കാര്‍മേഘങ്ങള്‍ കൊമ്പുകുത്തി കളിയ്ക്കുന്ന
മലയുടെ താഴ്വാരത്തില്‍
കോടമഞ്ഞ് അലസമൊഴുകി നടക്കുന്ന
പുല്‍മേട്ടിന്നപ്പുറത്തുള്ള കൊടും
കാട്ടില്‍ എന്‍റെ എന്തോ ഉണ്ട്.

ഒരുപക്ഷേ കൊഴിഞ്ഞു പോയ ജന്മങ്ങളിലെ
എന്തോ

മഴമേഘങ്ങള്‍ മുകളില്‍ നിന്നതു കണ്ട് അവരുടെ ഭാഷയില്‍
ഉച്ചത്തില്‍ എന്തോ എന്നോട് വിളിച്ചു പറയുന്നത്
നിങ്ങളും കേട്ടിട്ടില്ലേ

കാട്ടില്‍ ‍നിന്നു വരും അരുവി
അനവരതം എന്തോ പറയുന്നതും നിങ്ങള്‍ ശ്രദ്ധിച്ചിരിയ്ക്കും

കാടിന്‍റെ ദൂതുമായ് എന്‍റെ ചുറ്റിലും മുള്യ്ക്കുന്ന
ചെടികളും വൃക്ഷങ്ങളും കാറ്റിലിളകുന്ന
ഇലകളാല്‍ കാടുചൂണ്ടുന്നതും അതുതന്നെ ആയിരിയ്ക്കാം

കാട്ടില്‍ പോയി തിരയുന്നതിനല്ല,
എന്തു തിരയുമെന്നതാണ്.
പറയുന്നവരുടെ ഭാഷ അറിയാതെ പോയില്ലെ?

Wednesday, June 25, 2008

കാരണം?

വെള്ളം തിള്യ്ക്കുമ്പോള്‍ നീരാവി അലസമായ് ഉയരുന്നത്
ചെടികളും പൂക്കളും മരണം മണക്കുമ്പോള്‍ പശു കണ്ണടച്ച് അയവെട്ടുന്നത്
കടലിളകിയലറുമ്പോള്‍ വിളക്കുമരം പതിവുപോല്‍ അലസം ചുറ്റുന്നത്
ആടുപിടയുമ്പോള്‍ കടയില്‍ ഇറച്ചിവെട്ടുമരം നിര്‍വ്വികാരം കാത്തുനില്‍ക്കുന്നത്
പശുക്കുട്ടി കുടിയ്ക്കാന്‍ വെമ്പുമ്പോള്‍ കറവക്കാരന്‍ പാല്‍ കറക്കുന്നത്
ഇതിനെല്ലാം കാരണം? ഈശ്വരനു വകതിരിവില്ലാഞ്ഞിട്ടാണത്രേ
നമുക്കാണെങ്കില്‍ വകയില്ലാഞ്ഞിട്ടും തിരിയാഞ്ഞിട്ടും.

Sunday, June 22, 2008

മുറി

ഇടവഴിയിറങ്ങുമ്പോള്‍ കാല്‍ ഇരടിപ്പൊട്ടി ചോരപൊടിഞ്ഞത്
വരിവെള്ളത്തില്‍ കലര്‍ന്ന് ഒഴുകി.
വരിവെള്ളം ശബ്ദമുണ്ടാക്കി പതഞ്ഞു ചിരിച്ചു.

ഇടവഴിഭൂമി വിട്ടുകൊടുത്തത് എന്‍റെ മുത്തച്ഛനാണ്.
കരിങ്കല്‍ പടവുകളിട്ടത് അച്ഛനാണ്
അത് ഇടവഴി തുടങ്ങുന്നിടത്ത് കല്ലിന്മേല്‍
മായാതെ എഴുതി വെച്ചിട്ടും ഉണ്ട്.

എന്നിട്ടും ഇടവഴി എന്‍റെ കാല്‍ ഇരടിപ്പൊട്ടിച്ചു.
പൊടിഞ്ഞ ചോര അനുവാദമില്ലാതെ
വരിവെള്ളത്തിലലിയിച്ചതും പോര
പതഞ്ഞു ചിരിച്ച് പരിഹസിയ്ക്കുന്നോ

ഞാനിതെന്‍റെ മക്കളോടു പറഞ്ഞാലോ?
തീര്‍ച്ചയായും ജനമേജയന്‍റെ സര്‍പ്പയ്ജ്ഞം പോലെ
അവര്‍ ഇടവഴിയജ്ഞം ചെയ്യും

ഇടവഴിയായ ഇടവഴിയെല്ലാം
ഇഴഞ്ഞിഴഞ്ഞ് യജ്ഞത്തില്‍ വീണു മരിയ്ക്കും

പണ്ട് സ്ലേറ്റു മായ്ക്കാന്‍ വെള്ളത്തണ്ട്,
അപ്പുറത്തെ മാവിന്‍റെ മാങ്ങ,
പുളിയുള്ള ഇല,
പെന്‍സില്‍ കഷ്ണം,
പരിചയക്കാരുടെ ചിരി,
തണല്‍,
എല്ലാം തന്ന ഇടവഴി
യജ്ഞത്തില്‍ വീണു മരിയ്ക്കുന്നത്
എന്തോ കാണാനൊരു വിഷമം.

മക്കളോട് പറയേണ്ട.
മുറി തുണി വെച്ചു കെട്ടിയാല്‍ മതി.
ചോദിച്ചാല്‍?
ഇടവഴി യൌവ്വനം ചോദിച്ചെന്നും
യൌവ്വനമൂറ്റിക്കൊടുത്ത
മുറിപ്പാട് അടച്ചതാണെന്നും പൊളിപറയാം

Friday, June 6, 2008

മാറ്റം

തളിരിലകള്‍ കാറ്റിലുലഞ്ഞും
പൂവ്വിതളുകള്‍ വാരിയെറിഞ്ഞും
ചെറുകുളിരണിഹിമകണമിറ്റും
പൂവ്വാലിപ്പയ്യുകരഞ്ഞും
കൈത്തോടുകള്‍ കളകളമാര്‍ന്നും
മൂടല്‍മഞ്ഞലസമലിഞ്ഞും
പാവനപുലര്‍കാലപുണരും
നാടിന്‍ തനിനാടന്‍ ഭാവം
മാറുന്നു വേദനയായി

പാട്ടലറും മൈക്കുകള്‍ വെച്ചും

ഭ്രന്തേറ്റിട്ടോടിടുമോട്ടോ

പ്രാതലിനായ് കുത്തിനിറച്ച

കുട്ടികളുടെ കയ്യും കാലും

വെളിയില്‍ പുകയേറ്റുകറുത്തും

നെല്‍ച്ചെടികള്‍ നാണത്താലെ

തലതാഴ്ത്തിയ വയലേലകളില്‍

മുള്‍ച്ചീരകള്‍ ഗുണ്ടകളിച്ചും

കുയില്‍ മയിലുകള്‍ നാദം പോ‍യി

മണ്ണേറ്റും ലോറികള്‍ ഘോരം

ഹോണ്‍ ചിതറി പാഞ്ഞുനടന്നും

കണ്ണീരിന്‍ പാടു മറയ്ക്കാന്‍

ആഗോളപ്പൌഡറണിഞ്ഞ

പൊയ്പ്പാഴ്മുഖചിരികളുതിര്‍ന്നും

നോവലകള്‍ തള്ളിവിടുന്ന

നാടിന്നടിമുടിയുടെ മാറ്റംTuesday, June 3, 2008

ചിരി


കൊമ്പന്‍ വമ്പന്‍ നീലാണ്ടന്‍
‍കൊമ്പിന്‍ തുമ്പില്‍ കോപത്തിന്‍
വമ്പും കൊണ്ടുനടക്കുന്നോന്‍
കമ്പം കേറിയ നേരത്ത്
തുമ്പച്ചെടിതന്‍ ചിരികണ്ടു
"വമ്പന്‍ തന്നെ കണ്ടിട്ടും
അമ്പോ പെണ്ണിന്‍ ചിരി ‍കണ്ടോ?"
കൊമ്പന്‍ കൊമ്പുകുലുക്കീട്ട്
തുമ്പേ കുത്താനാഞ്ഞപ്പോള്‍
തുമ്പ കരഞ്ഞില്ലല്ലതുമല്ല
മുമ്പേ പോലെ ചിരി തന്നെ
കൊമ്പന്നുള്ളില്‍ കുടിയേറി
തുമ്പച്ചിരിയുടെ മറിമായം
കൊമ്പനനങ്ങാന്‍ പറ്റാതായ്
തുമ്പച്ചിരിയാല്‍ കാല്‍ നാലും
അമ്പേ കെട്ടി വരിഞ്ഞല്ലോ
തുമ്പിക്കയ്യാല്‍ കാലിന്മേല്‍
വമ്പന്‍, കെട്ടിയ ചിരിതപ്പി
കുമ്പകുലുങ്ങും ചിരിവന്നു
തുമ്പ ചിരിച്ചൂ മുന്‍ പോലെ
കൊമ്പന്‍ കുമ്പകുലുങ്ങും പോല്‍
വമ്പന്‍ ചിരികൊണ്ടോടിപ്പോയ്

Thursday, May 29, 2008

തവള

കൂപത്തിലെ തവള അഹങ്കരിച്ചത്രേ
തവളയുടെ പാട്ട് രാഗബദ്ധമെന്ന്
അതു വിളിച്ചു പറയുകയും ചെയ്തു
കൂപത്തിലെ മത്സ്യങ്ങള്‍ “കര്‍ണ്ണകഠോരമെന്ന്“
വാല്‍ വെട്ടിച്ച് തിരിച്ചു നീന്തിയത്രേ
മഴ പെയ്ത് കൂപം നിറഞ്ഞപ്പോള്‍
തവള ഉറക്കെ പാടി
തന്‍റെ മേഘമല്‍ഹാറില്‍ നിന്നാണ്
മഴ ജനിച്ചതെന്ന്
പക്ഷേ നീര്‍ക്കോലിയ്ക്ക്
പ്രാതലിന് വിളിച്ചതായാണത്രേ
തോന്നിയത്

രാമസൌഹൃദം

തപ്പിത്തടഞ്ഞെത്തും അന്ധമാം കൂരിരുള്‍ ചോദിച്ചു
രാഘവ! എന്തിനാണെന്നെ ക്ഷണിച്ചത്?
എന്തിനു സൂര്യകുലത്തില്‍ ഇരുളിന്
സൌഹൃദം കല്‍പ്പിച്ചു നല്‍‍കി നീ?

ഇത്രനാള്‍ സത്യക്കൈവാള്‍ മൂര്‍ച്ച കൂടിയത്
പ്രകാശത്തിരശ്ശീല കുത്തിക്കീറി
എന്നെ പുറത്തു കൊണ്ടുവരാനായിരുന്നോ?

ശരിയ്ക്കും കുട്ടിക്കാലം മുതലേ
നിന്നെ എനിയ്ക്കു പേടിയായിരുന്നു.

വിശ്വാമിത്രന്‍റെ മൂര്‍ച്ചയെയ്ത് താടകയെ കൊന്നപ്പോള്‍
ഉരുള്‍പൊട്ടിയ ചോരയില്‍ കലര്‍ന്ന് നിന്‍റെ മാറില്‍
മാറാമറുകായി വെന്നിക്കൊടി നാട്ടാന്‍ മോഹിച്ചു.
ജനം സ്തുതി പാടിപ്പാടി
ആ മറുകു ശ്രീവത്സത്തില്‍ ആണ്ടു പോയി.


മന്ഥര പിരിച്ച് കൈകേയി കുരുക്കിട്ട
കയര്‍ വീശിയെറിഞ്ഞു നിന്നെ എന്‍റെ
തൊഴുത്തിലൊരു കറവപ്പശുവാക്കാന്‍ നോക്കി
ആകയറു നീ യജ്ഞസൂത്രമാക്കി സത്യസത്രം ചെയ്തു.

പഞ്ചവടിയില്‍ ചിത്രാങ്ഗിനിയായ് ഞാന്‍ വന്നപ്പോള്‍
ലക്ഷ്മണക്രോധത്തുമ്പിനാല്‍ അങ്ഗഭങ്ഗം ചെയ്തയച്ചു എന്നെ നീ

മാരീചന്‍റെ സ്വര്‍ണ്ണപ്രഭയില്‍ മറഞ്ഞ്
വീണ്ടും നിന്നടുത്തെത്തി,
ഏഴടി കൂടെ നടന്ന് അന്നേ നീ അറിയാതെ എങ്കിലും
എന്നെ പരോക്ഷമായങ്ഗീകരിച്ചതിനു
നന്ദി

ബാലി പിടയുമ്പോള്‍ തപ്പിത്തടഞ്ഞു നീ ധര്‍‍മ്മം
വ്യാഖ്യാനിയ്ക്കുന്ന്നതിനിടയ്ക്കു
പുഞ്ചിരിച്ചത് എന്നെ നോക്കിയായിരുന്നെന്നു ഞാനോര്‍ക്കുന്നു.

സീതയ്ക്കു കുളിരായാളിയ കരാളാഗ്നിയില്‍
ഞാന്‍ താണ്ഡവമാടിയത് നീ താളം
പിടിച്ചാസ്വദിച്ചതും
സൂര്യകുലത്തിലെ സൌഹൃദാസനത്തിന്‍റെ
നാന്ദിയായിരുന്നെന്നു ഞാനോര്‍ത്തില്ല.

തമസാ നദിക്കരയിലെ
വാത്മീകിയുടെ സ്വാന്തനത്താലുലയുന്ന
സാധ്വിയുടെ നിശ്വാസങ്ങള്‍
സൂര്യവംശദീപങ്ങള്‍ക്ക്
കറുത്തനാളങ്ങളായാടിക്കളിയ്ക്കുമ്പോള്‍
എന്‍റെ അന്ധമാം കണ്ണില്‍ നിന്നു കൂടി
കറുപ്പു കിനിയുന്നു.

രാഘവാ! വേണ്ടായിരുന്നു.
നീയെന്‍റെ സൌഹൃദം
അങ്ഗീകരിയ്ക്കേണ്ടായിരുന്നു

Wednesday, May 28, 2008

എന്‍റെ തപസ്സിന്‍റെ കാരണം

ഞാന്‍ കണ്ണടച്ചിരിയ്ക്കുകയാണ്
കാഴ്ചയിലെ പ്രകാശോര്‍ജ്ജത്തിന്‍റെ യൌവ്വനം
ഞാനെന്‍റെ കണ്ണിലേയ്ക്ക് വലിച്ചെടുത്താല്‍
കാഴ്ച്ച ജരാനര പ്രാപിച്ച്
അകാലചരമം അടഞ്ഞാലോ?
ഞാനതല്ലേ എന്‍റെ ഭദ്രദീപം മറച്ചു പിടിയ്ക്കുന്നത്
ദീപപ്രകാശം തട്ടി കാഴ്ച്ചകളുടെ പുറം പാളിയിലെ
സൂക്ഷ്മകണങ്ങള്‍ തെറിച്ചു ചിതറി ക്രമേണ
ദ്രവിച്ചുപോയാലോ?
എനിയ്ക്കു മാറ്റം വരാതെ നോക്കേണ്ടത് ഞാനല്ലേ?
കാഴ്ച്ചകളില്‍ നിന്നു വരും പ്രകാശം
പ്രതിഫലിച്ചു പോകാന്‍ വെളുത്ത ഭസ്മം
ദേഹമാസകലമണിഞ്ഞു.
കറുത്ത മൂടുപടം ധരിച്ചവര്‍ അറിയുന്നില്ല
അവര്‍ കാഴ്ചകളൊക്കെ ആഗിരണം ചെയ്യുകയാണെന്ന്

Thursday, May 22, 2008

ശനി

ശനിഗ്രഹത്തിനു ചുറ്റും വട്ടുണ്ടെന്നെന്തേയോതാന്‍?
‍മന്ദന്‍, പങ്കൂ, പുലിവാല്‍ക്കാരന്‍ എന്നു വിളിയ്ക്കാമോ?
വരുംവരായ്കകള്‍ ചിന്തിച്ചാകെ ചമ്മന്തിപ്രായം
അണഞ്ഞ നിങ്ങള്‍ ശനിഗ്രഹത്തിനു വട്ടു പിടിപ്പിപോര്‍
നിങ്ങള്‍ പിടിയ്ക്കും പുലിവാലിന്‍ കട നിങ്ങടെ പുറകില്‍ താന്‍
വട്ടന്‍, മന്ദന്‍, പങ്കു, മുഷിപ്പന്‍, എല്ലാം നിങ്ങള്‍ താന്‍
നിങ്ങള്‍ കടയില്‍ ചെന്നു തിരക്കുക നല്ലൊരു കണ്ണാടി.
ശനിഗ്രഹത്തിനെ വെറുതേ വിടുക! ശനിയന്‍ നീ താനേ

Wednesday, May 21, 2008

ഭാവക്കച്ചവടം

മങ്ങിയക്ഷീണഭാവപ്രതലത്തില്‍
തെളിഞ്ഞ ഉത്സാഹം കൊണ്ടെഴുതിയ
“ഭാവങ്ങള്‍ വാടകയ്ക്ക്” എന്ന പരസ്യം കണ്ടു.
ഹാവൂ. സമാധാനമായി. എത്ര കാലമായി അന്വേഷിച്ചു തുടങ്ങിയിട്ട്?
ഇത്ര ചെറിയ പരസ്യത്താല്‍ തിരക്കുണ്ടാവില്ല എന്നാണു കരുതിയത്.
പക്ഷേ തിരക്കു തന്നെ. തിരക്ക്. എന്തൊരു തിരക്കാണ്?

എങ്ങിനെ ആണ് ഭാവം വാടയ്ക്ക് എടുക്കുക?

ചിരിച്ച് ശരിയ്ക്കും കച്ചവടഭാവമുള്ള കടയുടമ പോളിസി വിശദമാക്കിത്തന്നു.
ജാതകം ഈടായിക്കൊടുക്കണം.
പക്ഷേ പിന്നീട് പ്രത്യേകിച്ചൊന്നും കൊടുക്കേണ്ടതില്ല. ‍
മരണം വരെ കോമയില്‍ കിടക്കുന്നവര്‍ക്കു മാത്രമേ
ജാതകം തിരികെ കൊടുക്കയുള്ളൂ പോലും

ജാതകത്തിന്‍റെ ഫോട്ടാസ്റ്റാറ്റ് പകര്‍പ്പ് പോരേ?

പകര്‍പ്പ് എടുത്തു വ്യ്ക്കാനോ ജ്യോത്സ്യനെ കാണിയ്ക്കാനോ

ഉപഭോക്താവിനെ അനുവദിയ്ക്കാറുണ്ട്.
ഒറിജനല്‍ ഞങ്ങള്‍ തന്നെ കൈവശം വയ്ക്കും.


ഒരു ഭാവം ഉപയോഗിയ്ക്കുന്നതിനു കാലാവധി?

അങ്ങിനെ ഇല്ല. എന്നിരുന്നാലും ആരും ഒരേ ഭാവം അധികകാലം കൊണ്ടുനടക്കാറില്ല.

ഒരാഴ്ചയ്ക്കുള്ള ഭാവം ഒന്നിച്ചു കൊണ്ടു പോകാന്‍ പറ്റുമോ?

അതിന്‍റെ ആവശ്യമില്ല. അതാതു സമയത്ത് വേണ്ട ഭാവം ഞങ്ങള്‍ എത്തിയ്ക്കും. ഉപയോഗം കഴിഞ്ഞത് തിരിച്ചു കൊണ്ടുപോകുകയും ചെയ്യും.

അത് എങ്ങിനെയാണ്? ഏതുഭാവം എപ്പോള്‍ ഉപയോഗിയ്ക്കണമെന്നു തീരുമാനിയ്ക്കുന്നത് ഉപയോഗിയ്ക്കുന്ന ആളല്ലേ?

ഏതാണ്ടൊക്കെ ഞങ്ങള്‍ തീരുമാനിയ്ക്കുന്നതു തന്നെ ഉപഭോക്താവ് ഉപയോഗിയ്ക്കും. മറിച്ച് അഭിപ്രായം ഉള്ളിലുണ്ടെങ്കില്‍ കൂടി.

ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ അവകാശമേ ഇല്ലെന്നാണോ?

ഇതു ഭാവക്കച്ചവടമാണ്.
ഇവിടെ ഉപഭോക്താവ് ഒരു നിമിത്തം മാത്രം. ഉപഭോക്താവിന് അവകാശങ്ങളോ ആക്ഷേപങ്ങളോ ഇല്ല. പാടില്ല.
പക്ഷേ പക്ഷേ പക്ഷേ.
നിങ്ങള്‍ ഒരു ഭാവം ആഗ്രഹിച്ചാല്‍ അതുനിങ്ങള്‍ക്ക് കിട്ടും.
ഇന്നോ നാളയോ യുഗങ്ങള്‍ക്കുമപ്പുറത്തോ. എന്നെങ്കിലും.

Monday, May 19, 2008

കൊതി

പണ്ടൊരു കൊതിയന്‍ സദ്യകഴിയ്ക്കാന്‍
‍തെണ്ടിനടന്നൂ നാടുകള്‍ തോറും
കുട്ടികളവനെ പറ്റിയ്ക്കാനായ്
കല്യാണത്തിന്‍ വിവരം ചൊല്ലി
കല്യാണത്തില്‍ സദ്യകഴിയ്ക്കാന്‍
‍കൊതിയന്‍ വേഗംകൂട്ടി പോയി
പട്ടികള്‍ തമ്മില്‍ കടിപിടികൂടും
പട്ടിക്കല്യാണത്തില്‍ ചെന്നു
കടിപിടികൂടും പട്ടികള്‍ കണ്ടൂ
ദേഹം മുഴുവന്‍ കൊതിയന്നേ‍കി
പട്ടികള്‍ നല്ലൊരു കടിപിടിസദ്യ
ഭൌ ഭൌ പൈ പൈ അയ്യയ്യയ്യോ

Tuesday, May 13, 2008

ഭാവം

വാഴയിലിരിയ്ക്കുന്ന കാക്കയെഠത്തം കാട്ടി
വീഴ്ത്തിനാന്‍ കീഴെ പോകും നായവാലിന്മേല്‍ കാഷ്ഠം
നായ, തന്‍ യജമാനന്‍ വന്നതു കണ്ടാനപ്പോള്‍
ആട്ടിനാന്‍ നന്ദ്യായുധമാവോളം വേഗം കൂട്ടി
തെറിച്ചൂ മേലൊക്കെയും നാറ്റത്തിന്‍ കുറികൂട്ട്
വിറയ്ക്കും മൂക്കിന്‍ തുമ്പത്താനേരം നൃത്തം ചെയ്ത-
തെന്താകുമെന്നു ചൊല്ലൂ, നാറ്റമോ? ദേഷ്യച്ചോപ്പോ?
ഇംബ്ല്യാണ്ടഭാവം താനോ? ഫലിതച്ചിരിതാനോ?

Sunday, May 11, 2008

പല്ലും നാവും

നാവിന്‍റെ നീളമളക്കുവാന്‍ പോകുകില്‍
നാണവും മാനവുമൊക്കെ പൊടിഞ്ഞിടും
നാവിനെ പല്ലിന്‍റെ കൂട്ടില്‍ കിടക്കുവാന്‍
‍സൃഷ്ടിച്ചകാരണം ദൈവമേ ദൈവമായ്
അല്ലല്ല നാവല്ല പല്ലാണുകാരണം
കാരണമില്ലാതെ നാവിനെ പൂട്ടിയോര്‍
കുട്ടികള്‍ നാവിനും മുത്തശ്ശിനാവിനും
കുറ്റം പറയില്ലയില്ല പല്ലിന്‍ തട‍

ശായും ശായും ചേര്‍ന്നെന്നാല്‍
‍അയ്യയ്യയ്യാ ചുടുദോശാ
ശായും ദോശേം ചേര്‍ന്നാലോ
പാവം പൊള്ളും ചുടുമൂശ
മൂശേലെങ്ങാന്‍ ശ ചേര്‍ന്നാല്‍
കശപിശപോലെ നാശം താന്‍
ശ കൊണ്ടാശകള്‍ തീര്‍ക്കൂന്നു
ആശകള്‍ കാശായ് മാറുന്നു.
ആശേം കാശും നാശത്തിന്‍
‍ദോശക്കല്ലിന്‍ ചുടുമൂശ

Friday, May 9, 2008

തുമ്പ്രുകളി

പാണ്ടിപ്പയ്യിന്‍ പയ്യന്‍
വികൃതിക്കാരന്‍ കുട്ടന്‍
തുമ്പ്രുകളിച്ചിട്ടോടും
ഓട്ടം കാണാന്‍ ചന്തം
പെട്ടെന്നൊന്നുകളിയ്ക്കും
കിട്ടിയവഴിയേപ്പായും
കരിയില ശരശരെ ചൊല്ലും
പേടിത്തൊണ്ടന്‍ ഞെട്ടും
പെട്ടെന്നോടിപ്പോരും
പയ്യിനെ മൂക്കാല്‍ തോണ്ടും
പാണ്ടിപ്പയ്യോ നക്കും
മുലയില്‍ പാലുചുരത്തും
കുട്ടന്‍ അകിടില്‍ മുട്ടി
ചെറുവാല്‍ ചെറപറയാട്ടി
അമ്മിഞ്ഞപ്പാലീമ്പി
കുമ്പ നിറഞ്ഞാല്‍ വീണ്ടും
അങ്ങോട്ടിങ്ങോട്ടങ്ങോ-
ട്ടിങ്ങോട്ടങ്ങോട്ടോട്ടം
മൂക്കാല്‍ തോണ്ടല്‍,
മുലയില്‍ കടിവലി,
തുമ്പ്രു കളിച്ചോണ്ടോട്ടം
അന്തോം കുന്തോം നോക്കീടാതെ
തുമ്പ്രു കളിച്ചോണ്ടോട്ടം

Monday, April 21, 2008

സാക്ഷി

ചിരപരിചയചിരിവിരിയേ
മീനച്ചൂടാളുമ്പോള്‍
ക്രോധക്കണ്ണൊളി ചിതറെ
അഴലലകള്‍ വന്നും പോയ്
അലകടല്‍പോലാകുംപോള്‍
ചപലാത്മകചിന്തകളാല്‍
കപിസദൃശം ചാഞ്ചാടേ
കാമപ്പൂങ്കാവുകളില്‍
രാപ്പകലുകളലയുംപോള്‍
കൊതിയേറും മാങ്ങയ്ക്കായ്
അയല്‍വേലികള്‍ മറയുപോള്‍
ഉള്‍ക്കാംപില്‍ സ്വാര്‍ത്ഥങ്ങള്‍
അതിഗൂഢം സൂക്ഷിയ്ക്കേ
മനതാരില്‍ ശ്രദ്ധിയ്ക്കും
ചെറുതിരിയായ് നീ വാഴ്ക
ദുരവഗ്രഹജഗദീശ്വരവിധിയാര്‍ത്തിങ്ങണയുംപോള്‍
‍ചെറുതിരിയൊരു ദിനകരനായനുനിമിഷം തുണ ചെയ്യും

ഭജന

യാദവാ ലഘു മാനസം തന്നില്‍
വന്നീടാനെന്തു താമസം
സംശയങ്ങളും തോന്നലും കൊണ്ട്
തോരണ നിര തൂക്കിയും
കാമനകളാല്‍ ചായവും പൂശി
ക്രോധത്തെ കാവലാക്കിയും
ലോഭവേലിയും ചുറ്റിനും കെട്ടി
മോഹമേലാപ്പ് കെട്ടിയും
കാഴ്ച്ചയ്ക്കായ് മദയാനയെ നിര്‍ത്തി
മത്സരവാദ്യഘോഷവും
എല്ലാമെല്ലാം ഒരുക്കിനേന്‍ പിന്നെ
വന്നീടാനെന്തു താമസം
യാദവാ ലഘു മാനസം
തന്നില്‍ വന്നീടാനെന്തു താമസം
നീവന്നിടാതെ ഒന്നുമേ ഇതില്‍
കെട്ടീടാ എന്നൊരാശ്വാസം

കാഴ്ചയില്‍ നിന്നു കിട്ടുന്നത്

തീ തുപ്പും കരിമേഘങ്ങള്‍ തമ്മില്‍ ഏറ്റു മദിയ്ക്കുവാന്‍
എത്തും ആകാശ മാര്‍ഗ്ഗത്തില്‍, തമ്മില്‍ തല്ലി മരിച്ചിടും
പാടുകള്‍ ബാക്കി വയ്ക്കിലാ യുദ്ധഭൂമി ഒരിയ്ക്കലും
ഓര്‍മ്മയും മുറിയും വെപ്പോള്‍ കണ്ടു നില്‍ക്കുന്ന ഭൂമിയാം
യുദ്ധം ചീറ്റുന്ന രക്തത്തിന്‍ നനവാല്‍ ഭൂമി പിന്നെയും
സസ്യ ജാലം വളര്‍ത്തുന്നു‌ പുഷ്പ്പിചിട്ടവ കായ്ചിടും
അതുപോല്‍ നിലനില്‍ക്കാത്ത കാഴ്ച്ചയില്‍നിന്നു നമ്മളും
സംസ്കാരങ്ങള്‍ വലിച്ചിങ്ങു ചേര്‍ത്തു വെയ്ക്കുന്നു നിത്യവും
അതു ബാധ്യതയായിട്ടു വലയ്ക്കും തീര്‍ച്ച താനത്

കാഴ്ചകള്‍

ഇന്ദ്രിയവേഗങ്ങളാളിപ്പിടിക്കുന്ന
മാദക ലോകത്തില്‍ കണ്‍തുറന്ന
പിഞ്ചുകിടാങ്ങളേ നിങ്ങളീ കാഴ്ചയില്‍
കണ്ണുകള്‍ ചിമ്മാതെ നോക്കിടായ്ക
അമ്മമാര്‍ സാന്ത്വനം മാറുചുരത്തിയ
പാലിലെങ്ങാനിവയാണ്ടുപോയാല്‍
ആവേഗ സംവേഗ ശാശ്വത സന്ദേശം
പിഞ്ചു സിരകളിലോടാതാകും !
മാറില്‍പ്പിടയുന്ന ഹൃത്തിന്റെ താളത്തില്‍
ബീഭത്സവിള്ളലിന്‍ തേങ്ങല്‍ വീഴും !
പൂര്‍വ്വികര്‍ കാട്ടിലലഞ്ഞു പെറുക്കിയ
സംസ്ക്കാരം വിത്തറ്റു നിന്നുപോകും !
കണ്ണുകള്‍ ചിമ്മുകയപ്പപ്പോളാത്മീയ‌-
ശാന്തതടാകത്തിലാഴ്‌ന്നുമുങ്ങി
ഉള്ളിലെയത്ഭുത ശാശ്വതയുണ്മയില്‍
സൂക്ഷിച്ചു നോക്കിതിരിച്ചു വന്നാല്‍
ആളുന്ന മാദകക്കാഴ്ചകള്‍ കണ്ണിന്നു
മഞ്ഞിനേക്കാളും തണുപ്പു തരും !!
ജീവിത നാടകവേഷ വിയര്‍പ്പുകള്‍
ദേഹത്തില്‍ പറ്റാതെയാനന്ദിയ്ക്കാം.

Sunday, April 20, 2008

മുക്തകങ്ങള്‍

1
നാട്ടില്‍ പോകണമെന്നചിന്ത വെറുതേ വയ്ക്കേണ്ട വെച്ചാലുമ-
ക്കൂട്ടര്‍ ചെല്ലുവതിന്നു നിന്നെ വിടുവാന്‍ മൂളാന്‍ മടിച്ചീടുമേ
പൊട്ടത്തം പരിപാടിയായ്ത്തുടരുവാനെന്തേ നിനയ്ക്കുന്നു നീ
നാട്ടില്‍ നിന്നുടെ കൂട്ടുകാര്‍ക്കു വെറുതേ പൊല്ലാപ്പു നല്‍കീടൊലാ

2
ചിട്ടിക്കാരന്റെ കാര്യം കരുതി വെറുതെ നീ ഹെഡ്ഡിലെ ക്ലേ കുഴച്ചാ-
ച്ചട്ടിയ്ക്കായ്ച്ചൂളകൂട്ടിത്തലപുകയുവതും കണ്ടുകൊണ്ടങ്ങിരുന്നൊ
കിട്ടീടും ചട്ടിയില്‍ നിന്‍ തലയിലെ വരകള്‍ക്കൊത്ത കാര്യങ്ങള്‍ പിന്നെ

തട്ടിപ്പിന്‍ വീരരെല്ലാമകമെയമരുവോരാരുമില്ലാ പുറത്ത്
3
വേണ്ടോളം ഗുരുവായുരപ്പനരുളും ധൈര്യാദിയും ശാന്തിയും
കണ്ടോളൂ ശിശുവിന്നണഞ്ഞിടുകയില്ലാരോഗ്യദോഷങ്ങളും
കൊണ്ടാടും പലരും പലര്‍ക്കുമഭയം നല്‍കീടുവാന്‍ തക്കതാ-
യുണ്ടാകും ധനവും നിനയ്ക്കുകയിതേ ഭാഗ്യാബ്ധി ചന്ദ്രോദയം
4
വേണ്ടാതുള്ളവരൊക്കെ വന്നു കയറും വന്നാലടങ്ങാതെക-
ണ്ടുണ്ടാക്കും കടയുന്നൊരിണ്ടലുകളും കത്തുന്ന വല്ലായ്മയും

മിണ്ടാതെച്ചിതയില്‍ കിടക്കണമതേയൊന്നുള്ളു ചിന്തിയ്ക്കുകില്‍
കുണ്ടാമണ്ടികള്‍ പോവതിന്നുവഴിയായ് വൈദ്യന്‍ യമന്‍ ശാശ്വതന്‍
5
കാളിന്ദ്യന്തികശാദ്വലങ്ങളിലുലഞ്ഞാടുന്നമന്ദാനിലന്‍
നാളീകായതലോചനന്‍റെ യുടലില്‍ ഗോപീജനം ചേരവേ
ഉള്ളില്‍ കേറിയിറങ്ങിയിണ്ടലുകലര്‍ന്നീടുന്നു നിശ്ശ്വാസമായു-
ള്ളില്‍ മാലുപടര്‍ത്തിടും പവനനും തത്സംഗവിശ്ലേഷണം
6
തീരാതുള്ള വിചാരധാര വഴിയും സ്വാന്തസ്സരസ്സിന്‍ കര-
യ്ക്കാരാരൊക്കെ വരുന്നു നീട്ടിയെറിയുന്നുഛിഷ്ടവസ്തുക്കളും
നീരാം ബുദ്ധിയില്‍ വീണലിഞ്ഞവ വരുംകാലത്തൊരിയ്ക്കല്‍ വരും
കാര്യാകാര്യവിവേചനക്കൃഷിനനച്ചീടാന്‍ മരിപ്പോളവും
7
പ്രാരാബ്ധ്ങ്ങളൊഴിഞ്ഞു ചിന്തകളുടക്കാവാതെയമ്മേ ഭവല്‍-
കാരുണ്യാമൃതവാരിധിക്കരയിലായെന്നാത്മപിണ്ഡാര്‍പ്പണം
സ്വൈരം ചെയ്തു നമസ്ക്കരിച്ചവിരതം ത്വദ്ധ്യാനനിര്‍ദ്ധാവിത-

സ്പര്‍ദ്ധാദിപ്രകരപ്രചാരവിരതാനന്ദാബ്ധിമഗ്നോസ്മ്യഹം
8
"കടിച്ചിടാ പട്ടി കുരയ്ക്കുമെങ്കില്‍"
മടിച്ചിടേണ്ടാ ബത ചെന്നു നോക്കു
എടൊ പഴംചൊല്ലതു പട്ടി കേട്ടി-
ട്ടുണ്ടാകുമെന്നെങ്ങനെ ഞാനുറയ്ക്കും ?
9
ഞാണിന്മേല്‍ കളിയാണു ജീവിതമതില്‍ ഞാണായി നിന്നീടുവാന്‍
‍വേണം നിന്നുടെ കണ്‍‍കടയ്ക്കലുണരും രശ്മിപ്രപഞ്ചം ശിവേ
കാണേണം കളിയില്‍ വിധിയ്ക്കു മുതിരും ധര്‍മ്മന്‍റെ സേവാഗണം
മണ്ണില്‍ വീണുകുഴങ്ങിടാതെ കളിയില്‍ നിന്‍ പുത്ര വെന്നിക്കൊടി
10
കാക്കയും കുയിലും പോലെ കാണ്‍ക ചേരില്ല
നിര്‍ണ്ണയംശ്ലോകവൃത്തേഷ്വീദൃശേഷുസങ്കീര്‍ണ്ണേഷ്വു പുന: പുന:
11
ശാന്തമായിയൊഴുകും പുഴയ്ക്കു കടവില്‍ പറഞ്ഞ പരദൂഷണം
ചിന്തയിങ്കലടിയില്ലയെങ്കിലതു യോഗ്യമായ പുഴലക്ഷണം
സ്വന്തമായ ചളിമുണ്ടലക്കിയൊഴുകാന്‍ വിടുന്ന പുഴദൂഷകന്ന-
ന്തകന്‍റെ ചെറുചാര്‍ച്ചയുണ്ടു പറയാണ്ടെ വയ്യ പരദൂഷണം
12
തീരം താണ്ടാന്‍ കൊതിച്ചങ്ങലയിളകിവരും ചിന്തകള്‍ നൂറുനൂറായ്
പാരാവാരത്തിരകളതുപോല്‍ ശുദ്ധബോധാബ്ധിയിങ്കല്‍
പാരാതെച്ചിന്ത താണ്ടിത്തുഴയുക പരമാനന്ദസത്യസ്വരൂപം
ചാരത്തുണ്ടെന്നു കാണാമലകളലിയുമാ സത്യവസ്തുസ്വരൂപം
13
ഓരാതോരാതെ പോയിട്ടനവധി വഴിയില്‍ചുറ്റിവട്ടം തിരിഞ്ഞേന്‍
‍മാരാരിപ്പൈതലേ നിന്‍ കഴലിണപണിയാന്‍ വിട്ടു പോയെന്നു നണ്ണി
മാരാരെപ്പോലെ ചെണ്ടയ്ക്കിരുപുറവുമൊരേപോലെ കൊട്ടിയ്ക്കവേണ്ടാ
പാരാവാരപ്പരപ്പില്‍ തിരതതിയതുപോലേത്തൊടാമെന്നുമെന്നും
14
എന്തായാലും ചിലപ്പോള്‍ ചെറു ചെറു ചെറുതാം കൊച്ചുറിപ്പേറുമൂലം
ചന്തം കൂടീടുമെന്നാണറിവതു വെറുതെ ചൊല്ലിനേനെന്നു മാത്രം
അത്തിപ്പറ്റയ്ക്കു ചൊല്ലാന്‍ കഴിയുമതു ശരിയ്ക്കാക്കുവാനും നിരീച്ചാല്‍
വൃത്തം, താളത്തിലല്ലോ കഥകളിമുഴുവന്‍, ശ്ലോകവും താളബദ്ധം
15
പാല്‍ പോലാകെ വെളുത്തു ഭൂമിമുഴുവന്‍ മഞ്ഞിന്‍ പരപ്പെന്നു താന്‍
‍ചൊല്ലാം, ചിന്തകള്‍പോലുമിങ്ങു മരവിച്ചീടും തണുപ്പേല്‍ക്കുകില്‍
പുല്ലും കാടുകളും നിറഞ്ഞു വരുവാന്‍ മാസങ്ങള്‍ പോയീടണം
നില്ലെന്‍ മാനസമേ നിനക്കിവിടെയും നില്‍ക്കാന്‍ കഴിഞ്ഞീടണം
16
വര്‍ണ്ണിയ്ക്കാനാകുമോ നിന്മഹിമയനുപമം, ജീവജാലങ്ങളെല്ലാം
മുണ്ടാകാനുള്ളഭൂവീയമൃതിനു സമമാം വെള്ളമാണെന്നു സത്യം !

അണ്ണന്മാരൊത്തുച്ചേര്‍ന്നങ്ങടിപിടികലശല്‍കൂടിടാനോടിടുന്നൂ
കണ്ടോ കഷ്ടം ജലത്തിന്‍ വികൃതികളതുമേ ചൊല്ലുവാന്‍ പാടു തന്നെ !
17
ഇരവും പകലും നിറച്ചിടും
കുറയാതങ്ങിനെയിന്ദ്രിയങ്ങളില്‍
കുറവൂ ദഹനം സഹിച്ചിടാ
മരണപ്പാച്ചിലിലാണെടോ മനം
18
കളിയല്ലൊരു ചീത്ത ചിന്തയും
കളയാതുള്ളിലൊളിച്ചു വെച്ചിടും
വെളിയില്‍ പോലുമടിച്ചിടും മണം
കളകെല്ലാമവനോടി വന്നിടും
19
പല്ലിന്‍ വേദനപോലെയല്ല, തലയോടൊട്ടാകെ പൊട്ടുന്നപോ-
ലല്ലല്ലൊന്നിനുമുട്ടിടും പടിയുമല്ലില്ലത്തു പോകാന്‍ ധൃതി
നെല്ലാടും വയലേലയും കിളികളും മുറ്റത്തെ തേന്മാങ്ങയും...
ചൊല്ലാനേ പണി, കണ്ണു നീരണിയുമേ ചൊല്ലാതിരുന്നെങ്കിലും
20
ഫലചിന്ത വെടിഞ്ഞു തന്‍ തൊഴില്‍
കുലധര്‍മ്മോചിതമങ്ങു ചെയ്യണം
അലയേണ്ട മനസ്സിലേറി നീ-
യിലയിട്ടാല്‍ മതി ചോറുവന്നിടും
21
പാടാണല്ലോ പടയ്ക്കാന്‍ പലവുരുവെഴുതും പിന്നെ മായ്ക്കും പടയ്ക്കും,
കൂടുന്നില്ലക്ഷരങ്ങള്‍ പല പല വഴിയും പോയിടുന്നെന്തു ചെയ്വേന്‍
‍കാടിന്നുള്ളില്‍ കടന്നങ്ങനവധി ജപവും ധ്യാനവും ചെയ്തിടേണം
കൂടിക്കിട്ടാന്‍ ശരിയ്ക്കും ക്ഷമയുടെയതിരേ എന്‍ സുഹൃത്തേ ക്ഷമിയ്ക്ക
22
അകത്തളത്തില്‍ ജനനം മുതല്‍ക്കു
പകച്ചു നില്‍ക്കും മൃദുപാദനാദം
അകന്നലഞ്ഞന്ധതമസ്സിലെങ്ങോ
മാഴ്കുന്നു കണ്‍പീലി നനഞ്ഞിടുന്നു
23
(ഇത് മേനി പറയുന്ന അഛനും മകനും തമ്മിലുള്ള വര്‍ത്തമാനമാണെന്നു ആദ്യം പറയട്ടെ. മനസ്സിലായില്ലെങ്കില്‍ ഒന്നറിയിച്ചാല്‍ വിസ്തരിച്ചു പറയാം)

എന്നുണീ പുഴയിക്കരയ്ക്കുവരുവാനെന്താണു കാണിച്ചത് ?
എന്നഛാ അഛനുമെങ്ങിനെപ്പുഴ കടന്നിങ്ങെത്തി പേമാരിയില്‍?
‍പോന്നൂ തുള്ളി പിടിച്ചു! ഞാനുമതുപോല്‍! വിഢീ യിടയ്ക്കാ മഴേം
നിന്നാല്‍? വെള്ളമെറിഞ്ഞിടാനൊരുകരം മറ്റേതു മറ്റേതിനും!!!
24
ഒട്ടേറെ കാറുകള്‍ തിമര്‍ത്തു കളിച്ച നാട്ടീ-
ന്നൊട്ടേറെ ദൂരെ തിരുവാതിര ഞാറ്റുവേല
കിട്ടില്ല ഹൃത്തു നനയാന്‍. മിഴി നീരുചേരു-
മിട്ടങ്ങെറിഞ്ഞു വരുവാന്‍ കൊതി തോന്നിടുന്നു.
25
തകര്‍കന്നു പോയീ തിരപോലെയിന്ത്യ
പാക്കോ വെറും മുഞ്ഞയട്ക്കയായീ
വിക്കറ്റു പിക്കറ്റു തിരഞ്ഞെടുപ്പ്
മക്കാറിവയ്ക്കായ് ദിനമെത്ര നഷ്ടം
26
കല്ലാലെറിഞ്ഞശ്ശുനകന്‍റെ കയ്യും
കാലും കളഞ്ഞോരതി ദുഷ്ടര്‍ തന്നെ
കല്ലൊക്കെ നാണിച്ചിടുമാമനസ്സു
തല്ലിപ്പൊടിയ്ക്കാമതു ധര്‍മ്മമാകും
27
ദാ ട്ടോ പറേണൂ ന്‍റെ ഹരേ! ഹരിയ്ക്കു
കിട്ട്യാല്‍ കഴിഞ്ഞൂ കഥ മാലടേന്ന്.
കണ്ടൂ ന്‍റെ കണ്ണാല്‍ മൃഗശാലയില്‍, പണ്ടി-
ടഞ്ഞു പോല്‍ മാമുനി മാലയാലെ
(ഹരി എന്നു വിഷ്ണുവിനും ഇന്ദ്രനും കുരങ്ങനും പേരുണ്ട്. ദുര്‍വ്വാസവ് ഇന്ദ്രന്‍ മാലകൊടുത്ത കഥ കേട്ടിട്ടുണ്ടാകുമല്ലൊ)
28
കള്ളത്തരം താന്‍ തൊഴിലാക്കിടുന്നോ-
രുള്ളത്തില്‍ വിക്ഷേപണ ശക്തിയാലെ
ഉള്ളോരു കാര്യം തെളിയാതിരിയ്ക്കാ-
നുള്ളോരു കാര്യം വെരി സീരിയസ്സോ
29
ജ്വലിച്ചകണ്‍ കൊണ്ടൊരു നോക്കുനോക്കൂ
വലച്ചിടും ക്രോധമദാദിസംഘം
തുലഞ്ഞു പോട്ടേയവ വിട്ടുപോയാല്‍
കലങ്ങിടാ കണ്ണുകള്‍ വിശ്വമാതേ
30
ഫലിച്ചതില്ലാഗ്രഹമൊന്നുമെന്ന-
ങ്ങുലച്ചിടല്ലേ മനമെന്‍ സുഹൃത്തേ
വിലങ്ങുനല്‍കും വരവേല്‍പ്പുനല്‍കും
തുല്യം, പിഴയ്ക്കില്ലഖിലേശ്വരന്ന്
31
കുറഞ്ഞതില്ലേ ദുരിതങ്ങളൊട്ടും
മറന്നുവോ ദേവനു താനുമംശം
വെറും വിചാരം ശരിയായ് ഭവിയ്ക്കും
കുറയ്ക്ക ദുഖം ദുരിതങ്ങള്‍ തീരും
32
വെട്ടുപോത്തിനൊടു വേദമോതുകില്‍
‍കിട്ടുമേയതിനു നല്ലശമ്പളം
കിട്ടിടുന്നവടികാട്ടിയോതണം
കെട്ടബുദ്ധികളില്‍നന്മ കേറുവാന്‍
33
അറിയായ്കൊരുദോഷമെങ്കിലെ-
ന്തറിവിന്‍ കൂടുതലേറെ ദോഷമാം
മറവിന്നുള്ളിലറിഞ്ഞിരുന്നിടാ-
മറിയാതുള്ളതു ചൊല്‍ക വേണമോ
34

വീണല്ലെന്‍ പികവാണിയാണുയിരിനിന്നൂന്നായിരിയ്ക്കുന്നവള്‍
‍കാണാം ശോണിതചങ്ക്രമത്തിലവള്‍ തന്‍ സ്നേഹാനുരാഗത്വര
വീണായ് പോകുകയില്ല ധര്‍മ്മനിലയം ശാന്തം തൃതീയാശ്രമം
പ്രാണപ്രേയസിയിന്ദ്രിങ്ങളെയിണക്കീടുന്നു മോക്ഷാര്‍ത്ഥമായ്
35
ഞെരുക്കമാണെന്നു നിനച്ചിടുമ്പോള്‍
‍ഞെരുക്കമായ് തീരുമതേ ഞെരുക്കം
ഞെരുക്കരോഗം പിടിപെട്ടിടാതെ
യൊരുക്കണം ബുദ്ധിയെ നേര്‍വഴിയ്ക്ക്
36
ഒരു പിടി കരുതേണം വല്ലവര്‍ക്കും കൊടുക്കാന-
വരവരവരോര്‍ക്കേ ചോറു വെയ്ക്കുള്ളുവെന്നാല്‍
കരുതുകയതു നന്നല്ലെന്നു ചൊല്ലുന്നു കൃഷ്ണന്‍
നരവര വികൃതത്വം സ്വാര്‍ത്ഥഹൃത്തിന്നു കൂടും
37
ഉണ്മയെന്നതു നിതാന്തമല്ലയോ
മണ്ണുവിണ്ണു നിറയുന്നൊതൊന്നു താന്‍
കണ്ണില്‍ വന്നു മറയുന്നതൊന്നുമേ
യുണ്മയല്ല വെറുതേ മതിഭ്രമം
38
കട്ടുതിന്നലൊരു ശീലമാക്കിയാല്‍
‍കെട്ടുമട്ടുകളുമൊക്കെ മാറിടും
ദുഷ്ടരാകുമവരോടുസന്തതം
കൂടുകില്‍ നിയമപാലസേനയും
39
വിയര്‍ത്തിടാതെങ്ങിനെയുണ്ടുകൂടാ-
മുയര്‍ച്ച വേണം ബിസിനസ്സിനെന്നും.
കൈക്കോട്ടുജീവര്‍ വെറുതേ കിനാവില്‍
‍കൈവിട്ടു ചിന്തിച്ചു നശിച്ചിടുന്നു
40
സടയ്ക്കയ്ക്കിടയ്ക്കങ്ങൊരു പേന്‍
കടിച്ചാല്‍ കാടൊക്കെ വാഴുന്ന മൃഗാധിരാജന്‍
കുടഞ്ഞെണീട്ടിട്ടലറുന്ന കേട്ടാല്‍
കാടാകെ ഞെട്ടും. ചെറുപേന്‍ ചിരിയ്ക്കും
41
ഒരുമല കനിയുമ്പോള്‍ നല്ലനീരൂറിനില്‍ക്കും
കരുണകിനിയുമമ്മയ്ക്കുള്ളിലൂറുന്നപാല്‍ പോല്‍
നരവര തെളിനീരാല്‍ സാന്ത്വനം ചൊല്‍
വതുണ്ടോ ?
വരകലശിമലയ്ക്കിന്നിപ്പൊഴും ജീവനുണ്ടോ ?
42
നിനവിലുള്ളതു തല്‍ക്ഷണമാകുകില്‍
വിനയൊഴിഞ്ഞൊരുനാഴിക നിന്നിടാ
കനകദാസനു കൃഷ്ണനിദര്‍ശനം
കനിയുവാന്‍ വിനയേകികൃപാകരന്‍
43
എല്ലാകാഴ്ച്ചകളും ശരിയ്ക്കു ശരിയാകില്ലെന്‍സുഹൃത്തേ, തുലോ-
മില്ലാര്‍ക്കും വലുതായ കണ്ണിണയളന്നീടുമ്പൊളിഞ്ചോളവും
കാലമ്പോലെ വിശാലമാണഖിലവും ചേര്‍ന്നുള്ള രൂപം, നമു-
ക്കില്ലാ യോഗ്യത,യിജ്ജഗജ്ജനനിയേ നേരിട്ടു കാണാന്‍ പണി

44
കണ്ണന്‍ വായിലെ കാഴ്ച കണ്ട, പശുവേ മേയ്ക്കുന്ന പെണ്ണിന്‍
‍പെരുംകണ്ണും, പൊയ്യിലലഞ്ഞിടുന്ന വിജയന്‍ വിശ്വാത്ഭുതം കണ്ടതും
മണ്ണും വിണ്ണുമളന്നെടുത്തസമയം വൈരോചനന്‍ കണ്ടതും
വീണാണെന്നു നിനയ്ക്കുവാന്‍ പണി, ചിലപ്പോളൊക്കെ നണ്ണീടണം
45
ചാടിച്ചിടുന്ന നരപുംഗവര്‍ ചുറ്റുപാടും
ചാടിക്കളിച്ചു തലകുത്തി മറഞ്ഞിടുമ്പോള്‍
ചാടായിവന്നശകടാസുരഘാതകന്‍ താന്‍
‍ചാടാമിവന്നരുമസാരഥിയായ് ഭവിയ്ക്ക

46
ചാടല്ല, മാടു, ഭഗവാനതിലേറെയിഷ്ടം
കൂടേനടന്നു പരിപാലനമേറെയിഷ്ടം
പാടില്ല, പാടു പശുപാലകനേറ്റുകൊളും
പൊട്ടന്നു പറ്റുമൊരുപയ്യ്പ്പണിയേറ്റുകൊള്ളൂ
47
കിളയ്ക്കാന്‍ പഠിച്ചാല്‍ മഹാമോശമെന്നും
മുളയ്ക്കും മരം വെട്ടിമാറ്റേണമെന്നും
തളയ്ക്കാതെ മോഹങ്ങളോടേണമെന്നും
മുളയ്ക്കേ മൊഴിഞ്ഞാല്‍ കടം തന്നെ ജീവന്‍
48
ശ്രമിയ്ക്കയില്ലെന്നതുറച്ചിരുന്നാ-
ലുമയ്ക്കുനാഥന്‍ കരുണാവിലോലന്‍
ചുമ്മാ സഹായം തരുവാന്‍ മടിയ്ക്കും
ശ്രമിയ്ക്ക ഭാഗീരഥിതീരവാസിന്‍
49
ഒരുത്തരുമൊരുത്തരെ തിരയുവാന്‍ തിരത്തള്ളലില്‍
കരുത്തൊടു പെരുത്തൊരീ ക്കടലിനോടു പോരാടുവാന്‍
വരുന്നതുഹൃദന്തരേ നിനവിലേ വരാന്‍ പറ്റുകി-
ല്ലരേ നയനദുഷ്ക്കരം ഭുവി ദൃഢം പരം നാസ്തിതാന്‍
50
മൈക്കണ്ണു വാക്കിനു ഭാവാനുടെ ഹൃത്തടത്തില്‍
ചേക്കേറിടുന്നപടിയര്‍ത്ഥമുരച്ചിടാമോ
എന്‍ കണ്ണു നില്‍ക്കുമിടമെന്നു നിനച്ചിടാമോ
യിക്കണ്ണിലുള്ള മഷികാരണമോ കഥിയ്ക്ക (മൈ കണ്ണ്)
51
ജനനം കൊണ്ടതു രണ്ടുപേരില്‍ നിന്നും
തുനിയുന്നാരുടെയുള്ളിലാണ്ടുപോകാന്‍?
‍വിനയായിടുമെന്നു തീര്‍ച്ച തന്നെ
തുനിയൂ തന്നിലലിഞ്ഞുപോയിടാനായ്

52
വരണമെന്നു നിനപ്പതു വന്നിടാന്‍
‍പെരിയ പണ്ഡിതനാകിയ ഭൂസുരന്‍
‍അരിയപാപപരമ്പര ചെയ്തു പോയ്
വരരുചിയ്ക്കു വെറുത്തു വരങ്ങളും
53
അരിയ പാപപരമ്പര യെങ്കിലും
പെരിയ പുണ്യപരമ്പരയായത്.
പറയി പെറ്റ പരമ്പര കേരള-
പ്പെരുമ കൂട്ടിയ പുണ്യപരമ്പര

54
പറയി നെയ്ത പരമ്പു വിരിച്ചിവര്‍
നിറയെ നന്മണിവിത്തുകളായിരം
വരുമനന്തരമാനുഷനേകുവാന്‍
വിരവില്‍ വേണ്ടതു പോലെയുണക്കിനാര്‍
55
രവിസുതന്‍ വിധിയോടു പറഞ്ഞു പോല്‍
പനി വിടും വരെ കേരളഭൂമിയില്‍
മരണമെന്നതു ക്യാന്‍സലു ചെയ്യണം
യമഭടര്‍ക്കു പകര്‍ന്നിടുമപ്പനി
56
മരണദേവഭടര്‍ക്കൊരു രക്ഷയായ്
സരസിജോദ്ഭവനായതു ചെയ്തിടാം
ധരണിയാകെ മലീമസമാക്കിടും
നരനു ശിക്ഷ വിധിയ്ക്കുവതേ പണി
57
മുറിയ്ക്കുനോവാര്‍ക്കു സഹിച്ചിടാമയേ
കുറച്ചിലില്ലായതു പേരിലാകിലും
കുറഞ്ഞുപോകാം വ്രണമംഗജം തുലോം
മറക്കുകില്ലാഅയതു പേരിലാകുകില്‍
58
സ്നേഹമെന്ന പദമുച്ചരിയ്ക്കുവാ-
നെന്തു യോഗ്യത നിനക്കു രാഘവ
ജാനകിയ്ക്കു പകരം ഭവാനഹോ
പൊന്നു തന്നെ മതി ബൊമ്മയാകിലും
59
ചിരിച്ചു കൊള്ളൂ മരണം വരുമ്പോള്‍
കരഞ്ഞിടാം ഞാനൊരു ബന്ധുവായി
മരിച്ചു പോമെന്നുവരുന്നനേര-
ത്തൊരുക്ക വില്‍പ്പത്രമിവന്‍റെ പേരില്‍
60
ചതിച്ചിടൊല്ലേ മരണം കഴിഞ്ഞാ-
ത്തല്ലാണു ചാരത്തിനു മീയിടയ്ക്ക്
കരഞ്ഞുകൊള്ളാം വെറുതെ, പറഞ്ഞു
പൊല്ലാപ്പിലായീ ഗുരുവായുരപ്പാ
61
തട്ടിപ്പൊട്ടിയ്ക്കതാനും ഹൃദയമതുമിടിയ്ക്കുന്ന താളത്തിലായാ-
ലുണ്ടാകും കൈയ്യടിയ്ക്കാന്‍സഹൃദയഹൃദയം, താളമല്ലോ പ്രധാനം
ഉണ്ടോ ഹൃത്തിന്നു താളം? തുനിയുക! മുറിയാതുള്ള കാലം കണക്കില്‍
‍കൊട്ടിപ്പൊട്ടിച്ചു കിട്ടും വിടവിനിടവിടാതങ്ങു കൊട്ടിപ്പഠിയ്ക്കാന്‍
62
കാണാന്‍ കണ്ണുകള്‍ നീട്ടിനീട്ടിയലയും ഗോപീജനത്തിന്‍ മന-
സ്സര്‍ണ്ണോജത്തിലലിഞ്ഞെനിമ്ന ഗകണക്കസ്തിത്വ്മില്ലാതയായ്
കണ്ണാ നിന്‍ കൃപയില്ലയെങ്കിലിവനില്ലസ്തിത്വമെന്നാണു ഞാ-
നുണ്ണീ പണ്ടുധരിച്ചതിന്നുകൃപതന്നത്യുച്ചഭൂവിങ്കലും
63
നത്തിന്‍റെ മോന്തയതിനുണ്ടിതിലേറെ ഭംഗി-
യന്തിയ്ക്കു മൂളലതു ചൊല്ലുകിലേറെ നല്ലൂ
എന്തിന്നഹോ വിജയരേ വെറുതേ മടിപ്പൂ
ചിന്തിച്ചു തോക്കിനു തുരുമ്പു വരുത്തിടായ്ക
64
സത്യമെന്നു പറയാനെളുപ്പമാ-
ണുത്തരത്തിലെയടയ്ക്ക പോലവെ
ഹസ്തമൂലഗതവസ്തു പോകുമ-
ങ്ങെത്തുവാന്‍ കരമുയര്‍ത്തുകില്‍ ഭവാന്‍
65
അരുതരുതരുതേ വിദേശദേഷ്യം
നിരവധി യോജന പോന്നുവെന്നു മാത്രം
നരരുടെ തലയില്‍ വരച്ചതാര്‍ക്കും
തരിയിട മാറ്റിമറിച്ചിടാവതല്ലേ
66
കാലപ്രവാഹത്തിനിടയ്ക്കൊരിയ്ക്കല്‍
ഇല്ലാത്ത താളത്തെയുണര്‍ത്തി വിട്ട്
അതില്‍ ചലിയ്ക്കാന്‍ നിഖിലം രചിച്ച
കലാനിദാനത്തിനു കൈ തൊഴുന്നേന്‍
67
ചാലേ ശുദ്ധ പൊളിയ്ക്കടിയ്ക്കു തിരിയില്‍ തീയ്യും കൊടുത്തഞ്ജസാ
വല്ലോര്‍ക്കൊക്കെ ചിരിച്ചിടാന്‍ പല വഴിയ്ക്കോടുന്ന ദേവസ്വമേ
ചൊല്ലൂ നമ്മുടെ മന്ത്രിയോടു പറയാനങ്ങോരിതില്‍ കൂടുതല്‍
വല്ലാതങ്ങു ചിരിച്ചിടാന്‍ പലതുമേ ചൊല്ലിത്തരും നിശ്ചയം
68
ചേട്ടാ നമ്മുടെ ശുദ്ധസാധു കവിയാം പൂന്താനമെന്നുള്ളൊരാള്‍
ഉണ്ടായെന്നതു സംശയം, കൃതികളോ വല്യേ മഹാസംശയം.
പണ്ടുള്ളോര്‍ പറയുന്നുവെന്നു പറവൂ വിദ്വാനിടയ്ക്കെപ്പൊഴോ
കണ്ടൂ പട്ടേരിയെ താന്‍ പൊളി പൊളി പൊളിതാന്‍ മൂപ്പരും ശുദ്ധമായ
69
കണ്ണാ നിന്നുടെ കള്ളമൊക്കെയഴിയാന്‍ പോകുന്നു, വാദത്തിനാ-
യെണ്ണം പാടിയ ലോയറാണു വെറുതേ തോല്ക്കേണ്ട വേണ്ടാതെ നീ.
വേണോ ഭക്തകവിയ്ക്കു ചേര്‍ത്ത കുലുമാല്‍ ചേരും നിനക്കും,
ഭവാന്‍വേണ്ടാതുള്ളൊരു മായ വിട്ടു പറയൂ ഞാനില്ലയെന്നുള്ളത്
70
ഒരുത്തനുണ്ടാക്കിയ കള്ളുമോന്തി
കരിച്ചിടുന്നൂ കരളിന്നനേകര്‍
കരഞ്ഞിടുന്നൂ പശിയാലെ മക്കള്‍
സര്‍ക്കാര്‍ കരം കിട്ടുകയാലെ തുഷ്ടര്‍
71
നാരായണായിങ്ങനെ വര്‍ഷമായാല്‍
തിരിഞ്ഞു പോകും കൃഷിവേലയെല്ലാം
കരഞ്ഞു കണ്ണീരുകലര്‍ന്ന മണ്ണില്‍
കരിഞ്ഞു പോങ്കര്‍ഷകമോഹമെല്ലാം
72
കണ്ടാല്‍ നന്നെന്നുതോന്നും, വരിയുടെയിടയിലല്‍ കണ്ടു ചെറ്റിണ്ടലല്ലോ
ചൂണ്ടാനുണ്ടിണ്ടലുള്ളില്‍ ചെറിയൊരു പിഴവില്‍ ചൂണ്ടിയോനിണ്ടല്‍ പൂണ്ടു
പണ്ടാണേ പണ്ഡിതാഗ്ര്യന്‍ ചെറിയൊരു ചിരിപൂണ്ടാമരപ്രഭ്വനര്‍ത്ഥം
പൂണ്ടാന്‍ ദേവസ്തുതിയ്ക്കോ പിഴ! ശിവ ശിവനേ ശ്രീമഹാദേവശംഭോ
73
ലീലയ്ക്കായല്ല. കാര്യം ഗുരുതരമതുമാകൃഷ്ണനാമത്തിലാരാന്‍-
ചേലായില്ലെന്നു ചൊന്നാലതിലുമധികമായന്തമില്ലായ്മയുണ്ടോ?
ചൊല്ലാനില്ലാത്തതെറ്റില്‍ ചെറിയൊരു ചിരിയാല്‍ നീറ്റു ഞാന്‍ തേച്ചുവെന്നാല്‍
ലീലാഗോപാലഭക്തര്‍ കനിവിനൊടിവനെ ശ്ശാസനം ചെയ്ക വേണം
74
വീണക്കമ്പി വിറച്ചു മാര്‍ദ്ദവമണിഞ്ഞീടുന്ന കൈത്തുമ്പിനാല്‍
നാണത്തിന്‍ നിറമാര്‍ന്ന പല്ലവി ചലിച്ചുന്നിദ്രതാളാത്മകാ
വീണീ മാസ്മരഗാനവേഗലഹരിയ്ക്കുള്ളില്‍ തളര്‍ന്നീടിലും
വീണാകില്ല ജനിച്ചതേ കവിതയെപ്പാടിപ്പുണര്‍ന്നീടുവാന്‍
75
യോദേവേഷു പ്രഥമയജനാല്‍ തുഷ്ടചിത്ത സ്വഭക്താ-
നാദായാത്മീയമാര്‍ഗ്ഗപ്രകടനപടുസ്തര്‍ജ്ജയന്നുത്തമാംഗം
മോദാദുത്തീര്‍ണ്ണവിഘ്നോവിഘടിതഘടനാപണ്ഡിതോ വക്രതുണ്ഡ-
സ്സാന്ദ്രാനന്ദസ്വഭാവസ്വപിതൃപദയുഗേ ദ്വാദശാന്തേ കരോതി
76
ക്രഡിറ്റുകാര്‍ഡിന്‍ മുകളില്‍കിടന്നു
ചിരിയ്ക്കൊലാ കാശു കൊടുക്കവേണം
പെരുത്തകുന്നിന്നു സമം വരുന്ന
തിരയ്ക്കുമേല്‍ വീടിനു കല്ലിടേണ്ട
77
കരിയുടെയെതിരെ കൊണ്ടുപിടിച്ചാ-
ലെരിവരുമേ എന്റെ വീടു കരിയന്നൂര്‍
എരിവരുകില്‍ കരിവരരും
കരിഞ്ഞുപോമേ ഏതിര്‍ത്തു വന്നീടില്‍
78
രണ്ടുവാക്കിനുമിടയ്ക്കുവന്നൊരാ
രോകളിച്ച കളി കണ്ടുവൊ വിഭോ
ഏത്തൊടുന്നു കളിയില്‍ കുഴങ്ങിനേന്‍
‍വേറെയില്ലവഴി വിഘ്നനായക
79
തിരിയുന്നില്ലൊരുവര്‍ക്കുംവരികള്‍
തിരിയുന്ന തിരിവിന്നിടകള്‍
തിരിയുന്നതുകൊണ്ടയ്യൊ
കരുണാതരളേ സരസ്വതീ രക്ഷ
80
കഷ്ടിച്ചാണൊരു വാക്യം
മുഷ്ടിച്ചിട്ടൊന്നൊരുക്കി വെയ്ക്കുന്നേ
കഷ്ടം കൊണ്ടുപിഴക്കേ-
ലിഷ്ടന്‍ മദ്ധ്യേ കടന്നു കയറീടും
81
കൃഷ്ണന്‍റെ കാര്യമവനെന്‍ ഹൃദയം പതുക്കെ-
ക്കാണാതെടുത്തതു വിടാം, അതിലുള്ളതെല്ലാം
കണ്ടേടമൊക്കെ വിതറിച്ചിതറിക്കിടപ്പൂ
വേണ്ടൊന്നുപോലുമവനേ ഹൃദയൈകചോരന്‍
82
സ്വയം സ്വസങ്ക്ല്‍പകൃതാവധീഷു
വയം സുബദ്ധാ ന തു തേരിമ സ്വയം
അദ്ധ്യാപകോഹം ജനനായകോഹം
വയോധിക്ശ്ചേത്യതിരൂഢചിന്തയാ
83
ശതമല്ല സഹസ്രവത്സരം
മതിയാവില്ല ശരിയ്ക്കു നോക്കുകില്‍
സുതപോഷണമൊന്നു പോരുമേ
സതികള്‍ കാലിണ കൈവണങ്ങുവാന്‍
84
ഹയ്യോ യെന്തൊരു ശുണ്‍ ഠിയാണു വെറുതെ സൊള്ളുന്നനേരത്തിലും
കയ്യും കാലുമൊടിഞ്ഞപോലെ പറകില്‍ നന്നല്ല യെന്നാണു ഞാന്‍
വയ്യാവേലിയെടുത്തപോലെ പറയാന്‍ ഭാവിച്ചു പോയീട്ടെനി
ച്ചെയ്യില്ലത്യധികം മഹാവികടമായ് താളം കലക്കീടിലും
85
ഇത്രയെന്തിനവരാഗ്രഹിച്ചതേ ചെയ്തതുള്ളു യദു നന്ദനന്‍
സ്വന്തമെന്നു പറയാനവന്നു ചെറു ചിന്തയില്ല പരനിര്‍ഗ്ഗുണന്‍
സന്തതം പ്രിയതമന്‍റെ മുന്നില്‍ മറവേ മറന്നിടയനാരികള്‍
എന്തു കാര്യമെനിയെന്നു മാറ്റി മറവെങ്ങുമേ നിറയുമീശ്വരന്‍
86
അസ്ത്യേതദ്വരവാണി പാത്രകഥിതം യുക്തം ത്വയാ സൂചിതം
ന സ്യാദുത്തരവാണി തേതി വിതഥാ വാരീവ തപ്തായസി
ദാസ്യാചോത്തരവാണി മേ ഗുരുകൃതശ്ലോകസ്യ പൂര്‍വ്വോക്തവല്‍
യസ്യാം കിം കരവാണി രാഗവിവശംദേവീസ്തുതാവീദൃശം
87
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
ചിന്താദളത്തലൊരുമാല കെട്ടി
ചാര്‍ത്തീടുകില്‍ സര്‍വ്വജഗല്‍സ്വരൂപന്‍
‍ചിത്തത്തിലെല്ലാകഥയും തെളിയ്ക്കും
88
ചേറാണ്ടകാലിന്നടയാളമേല്‍ക്കാന്‍
മാറായിരം നാളു തുടിച്ചു നില്‍പ്പൂ.
കാര്‍വര്‍ണ്ണ! ഹൃത്തിന്‍റെ ബലത്തിനൊത്തേ
മാറവു നിന്‍ കുസൃതിചേര്‍ന്ന പദാമ്പുജങ്ങള്‍
89
വാലുള്ളോരു കളിച്ചിടുന്ന കളിയാണെന്നോര്‍ക്ക നാം ദൂരെയീ
വേലിക്കെട്ടിനുപിന്നിലേ മരുവണം ചെല്ലേണ്ടടുത്താരുമേ
മാലില്ലാതെയടുത്തിടും പുണരുവാന്‍ പെട്ടെന്നിളിയ്ക്കും തുലോം
കാലെങ്ങാന്‍ പിടികൂടുകില്‍ പിടിയയച്ചീടില്ല വീഴും വരെ
90
വന്നൂ നങ്ങേമ്മ ചേര്‍ന്നൂ പദകമലമതില്‍ ഭാഗ്യമല്ലോ നിരീയ്ക്കില്‍
ചെന്നേ വാരുന്നിതയ്യോ മുഴുവനുമൊടുവില്‍ കീശയില്‍ കേറ്റിടുന്നൂ
ഇന്നീ രാഷ്ട്രീയവര്‍ഗ്ഗം കൃപയുടെ മികവില്‍ ദ്വാരകാധീശനേക്കാള്‍
മന്നില്‍ മിന്നുന്നനേരം വെറുതെയുഴലുവാന്‍ ശ്രീശനെന്തേയിരിപ്പൂ
91
കല്ലാണു വായില്‍ നിറയും പടിയെന്നു ചൊല്ലീ
കല്ലാണു ചൊല്ലുവതു കൊള്ളുകില്‍ വേദനിയ്ക്കും
നല്ലോണമൊന്നു ശരവേഗമടുത്തുവല്ലാ-
തില്ലാത്തതൊന്നു തിരയാനതിനിട്ടു വീക്കാന്‍
(വിഷ്ണു നംപൂതിരിയുടെ ഭ്രഷ്ട് നീക്കണമെന്നു സുഗതകുമാരി)
92
കാല് മാറല്‍ പരിപാടിയായി പല പാര്‍ട്ടി മാറി ഒടുവില്‍ സഖേ
കാലനാകിലും അടുക്കുവാന്‍ മടിയടുത്തു വെങ്കില്‍ വിഷമിച്ചിടും
പോലെ ആയി, മകനെങ്കില്‍ വേറെ പോയ്, പാവമേ കഥ മഹാ കടം,
കാലമാകെ പിഴ, എന്ത് കാട്ടു‌മിനി വായു മന്ദിര പുരീശ്വരാ

93
സന്ധ്യയ്ക്ക്‌ പോയ് കുളി ജപാദി കഴിച്ചു മെല്ലെ
കുമ്പയ്ക്ക് ശാന്തി അരുളാന്‍ ഒരു ഹോട്ടലില്‍ പോയ്
നമ്പൂരിഎന്ന് അവരുമേ കരുതാത്തതാകാം
കൊണ്ടോന്നു വെച്ചു പെരുതാം പ്രണവാനുവാദം
94
ശോ കഷ്ടമേ കടിയിലത്ര മിടുക്കനാം നീ
ഞെക്ക് ഏറ്റു ചത്തു പുനരിങ്ങു കിടക്കയാണോ?
ഞെക്ക് ഏറ്റ പേനിനു ചികില്‍സ കിടയ്ക്കയില്ലാ
ലോകേശ്വരന്നു കൃപ എന്നത് കഷ്ടി തന്നെ
95
മാനം വെടിഞ്ഞു കടി കൂടുക അസ്തശങ്കം
കന്നിയ്ക്ക് ശൌനക കുലത്തിനു യുക്തമല്ലോ
നന്നല്ല പാര്‍ട്ടിയടി പോലിത് നിര്‍ത്തിടാതെ
കന്നിയ്ക്ക് ശേഷമത് പട്ടികളും നടത്താ
96
ആകാശ ഭിത്തിയില്‍ ഇലക്ഷനെഴുത്തും ആയി-
ട്ടാകെ തളര്‍ന്ന മത ദേവതകള്‍ക്ക് നല്‍കാന്‍
തൃക്കൈകളില്‍ ബലിയെടുത് നടന്നിടുന്ന കാലാണ്
കാലമിതിലെ കലിദൈവതങ്ങള്‍
97
മുടന്തി നീങ്ങുന്നത്‌ കാണുവാനും
ഇടയ്ക്ക് നന്നെന്നു പറഞ്ഞിടാനും
ഇടയ്ക്കൊരാള്‍ നില്പതറിഞ്ഞുവെന്നാല്‍
കടന്നിടാം ദുര്‍ഘട മേടുപോലും
98
കണ്ണിന്നുള്ളീടെ നീറ്റം കമലദളമഹാചോപ്പു മൂക്കീന്നു വെള്ളം
കാണാന്‍ വയ്യതയായീ തളികയിലരിയാന്‍ ബാക്കിയാമുള്ളി പോലും.
കിണ്ണം കാണാതെ തട്ടീ ചടപടചടധീം കിച്ചണാകേ പരന്നൂ
കാണാനമ്മയി വന്നങ്ങതിമൃദുഹസിതാ ദുര്‍ഭഗാ മന്ദമന്ദം
99
പാരം ചൊല്ലിയ പാഴ്പരപ്പിനിടയില്‍ നല്ലോരു വിഢിത്തമോ,
പോരോ പുല്ലുട്ടിതന്നില്‍ ശുനകവരസമം തിന്നിടാന്‍ വിട്ടിടാതെ,
നീറോ മാവിന്റെ മോളില്‍, തയിലെ പിരിയോ, ചൊവ്വയില്‍ കണ്ട പെണ്ണോ,
ശൌരേ പൂന്താനവാദം ശിവ ശിവ ശിവനേ നീയിതിന്നൊക്കെ സാക്ഷി
100
അടിയിതെനിയുമുണ്ടാം സംശയം വേണ്ട തെല്ലും
കൊടിയുടെ നിറമല്ലാ സ്ഥാനമാകുന്നു റീസണ്‍
ഇടിയുടെ വരവിന്നും പിന്നിലായ് മാരിമോഹം
വെടിയുകയടിതീര്‍ന്നീ നാടു നന്നാകയില്ല.
101
ഊറ്റത്തം മൊഴിയുന്നുവെന്നു കരുതേണ്ടേതാണ്ടിതേ മട്ടിലായ്
മാറ്റീട്ടുണ്ടു പലര്‍ക്കുമേ കഠിനമാം ദുഷ്പ്രേതബാധാശതം
മാറ്റീടാമതിന്നുള്ള സാധനമൊരുക്കീടില്‍ വരാം സോണിയാ
ചെറ്റും വേണ്ട പരിഭ്രമം സുരതതിയ്ക്കൊല്ലാമധീശോസ്മ്യഹം
102
ദാ ദാ വിഢിത്തമൊന്നും പറയുകയരുതേ നിങ്ങളേപ്പോലെയുള്ളോര്‍
സാദാ പൊട്ടനിരാശപെട്ടു വിദുരര്‍ കല്ലിട്ടു വായ് മൂടിയോ?
സാന്ദ്രാനന്ദപയോനിധിയ്ക്കരികിലാ വാക്കിന്നൊരസ്തിത്വവും,
സ്വാദും ഭക്ഷണരാശിയില്‍, മുഴുവനായ് ശാന്തങ്ങളായ് തീര്‍ന്നതോ?
103
അന്യായമേവ ഝടുതി പ്രദദാതി ലക്ഷ്യം
ത്വന്യേന ലക്ഷ്യതരണം കഠിനം ന ശങ്കാ
മാനാപമാനമനനാല്‍ ക്ഷണഭങ്ഗമായു:
നാപ്നോതി ചിന്തിതമയേ കുരുതാദ്യഥേഷ്ടം
104
ഇഞ്ചിഞ്ചു പോലും തലയിട്ടു കൊണ്ടു
വഞ്ചിച്ചിടുന്നൂ ജനനായകന്മാര്‍
നഞ്ചിന്നൊരാദര്‍ശമുഖം ചമച്ചു
ചെഞ്ചോര മോന്താനലയുന്ന ദുഷടര്‍
105
ആര്‍ത്തി ചേര്‍ത്തരവു നിര്‍ത്തുകില്ലയീ
പാര്‍ത്തലത്തിലുയിര്‍ ചേര്‍ത്തൊരീശ്വരന്
‍ആര്‍ത്തിവീര്‍ത്തു പരനാര്‍ത്തി നേരുവോര്‍
ആര്‍ത്തു പാരിതുമൊരാര്‍ത്തനാദമായ്
106
വിരിയേ മരിയ്ക്കു മുരിയാട്ടമെന്തിനാ
കരയാന്‍ മനുഷ്യ? മരമൊന്നുനട്ടിടൂ
തരുവാമൊരിയ്ക്കലതു പെറ്റിടും ഫലം
തരുവാനതിന്നു വളമാണുപോഷണം
107
നീരുറഞ്ഞതുരുകുന്നുവെന്നു ചിലരാര്‍ത്തലച്ചു കരയുന്നതും
താരിനാവരണമാര്‍ന്നെഴുന്നതരു കാര്‍ന്നുതീര്‍ത്തവര്‍ മദിപ്പതും
ആരു പാര്‍ക്കുവതു? നാശഗര്‍ത്തമിടിയുന്നു മര്‍ത്യര്‍ മുടിയുന്നഹോ!
പാരിലാര്‍ത്തി പെരുകുന്നിതാര്‍ത്തി പെരുകുന്ന മത്ത്യര്‍ പെരുകീടവേ.
108
ആരറിഞ്ഞു കഥ തീര്‍ന്നു വെന്നു?. ചെറുജീവനായൊരു സമസ്യയാല്‍
ശാരദയ്ക്കു പദഭൂഷയായ പദസംഘചേര്‍ച്ചകള്‍ രചിച്ചവര്‍
ആരുമൊന്നുമൊരുപിന്നിലല്ലിരുകരത്തിനാലുമൊരുഘോഷണം
പാരിലാരുമൊരുപോലുതിര്‍ക്കുമതിനാലെ നന്ദിയരുളുന്നിവന്‍
109
ആനക്കാരന്നു വേണം, കളിയുടെയിടയില്‍ ചെറ്റുചെല്ലാതിരുന്നാല്‍
താനായിട്ടാടവേണം, കശപിശയുണരാന്‍ വേലപൂരാദികള്‍ക്കും,
മാനം ദീക്ഷിപ്പവര്‍ക്കും ചിലപൊഴുത,കമേ ചെറ്റിതങ്ങേറിയെന്നാ-
ലാനന്ദം വന്നുചേരും ഭുവനമഖിലവും പിന്നെ വൈകുണ്ഠലോകം
110
എന്താച്ച്‌ ഇത്രയ്ക്കു തുള്ളാന്‍ മനമിതു? വെറുതേയന്തമില്ലതെയപ്പോ!
ഭ്രാന്തെങ്ങാന്‍ വന്തുപോച്ചോ? ശിവ! ശിവ! മനമേയൊന്നടങ്ങെന്‍റെ പൊന്നേ
ഇന്നയ്ക്കാത്തില്‍ വരളാ വിരഹതരളയെന്‍ഭാര്യയാനന്ദവല്ലീ.
ആനന്ദം വന്നു ചേരും ഭുവനമഖിലവും പിന്നെ വൈകുണ്ഠലോകം
111
വിറച്ചിടുന്നാനയടിയ്ക്ക് പേടിയാല്‍
നിറഞ്ഞിടുന്നാര്‍ത്തി പെരുത്ത കണ്ണുകള്‍
അറിഞ്ഞുവെന്നാല്‍ നിജ ദേഹശക്തിത-
നുറുംപു കുമ്ഭീന്ദ്രനു ജന്മമേകിടും