Monday, April 21, 2008

സാക്ഷി

ചിരപരിചയചിരിവിരിയേ
മീനച്ചൂടാളുമ്പോള്‍
ക്രോധക്കണ്ണൊളി ചിതറെ
അഴലലകള്‍ വന്നും പോയ്
അലകടല്‍പോലാകുംപോള്‍
ചപലാത്മകചിന്തകളാല്‍
കപിസദൃശം ചാഞ്ചാടേ
കാമപ്പൂങ്കാവുകളില്‍
രാപ്പകലുകളലയുംപോള്‍
കൊതിയേറും മാങ്ങയ്ക്കായ്
അയല്‍വേലികള്‍ മറയുപോള്‍
ഉള്‍ക്കാംപില്‍ സ്വാര്‍ത്ഥങ്ങള്‍
അതിഗൂഢം സൂക്ഷിയ്ക്കേ
മനതാരില്‍ ശ്രദ്ധിയ്ക്കും
ചെറുതിരിയായ് നീ വാഴ്ക
ദുരവഗ്രഹജഗദീശ്വരവിധിയാര്‍ത്തിങ്ങണയുംപോള്‍
‍ചെറുതിരിയൊരു ദിനകരനായനുനിമിഷം തുണ ചെയ്യും

ഭജന

യാദവാ ലഘു മാനസം തന്നില്‍
വന്നീടാനെന്തു താമസം
സംശയങ്ങളും തോന്നലും കൊണ്ട്
തോരണ നിര തൂക്കിയും
കാമനകളാല്‍ ചായവും പൂശി
ക്രോധത്തെ കാവലാക്കിയും
ലോഭവേലിയും ചുറ്റിനും കെട്ടി
മോഹമേലാപ്പ് കെട്ടിയും
കാഴ്ച്ചയ്ക്കായ് മദയാനയെ നിര്‍ത്തി
മത്സരവാദ്യഘോഷവും
എല്ലാമെല്ലാം ഒരുക്കിനേന്‍ പിന്നെ
വന്നീടാനെന്തു താമസം
യാദവാ ലഘു മാനസം
തന്നില്‍ വന്നീടാനെന്തു താമസം
നീവന്നിടാതെ ഒന്നുമേ ഇതില്‍
കെട്ടീടാ എന്നൊരാശ്വാസം

കാഴ്ചയില്‍ നിന്നു കിട്ടുന്നത്

തീ തുപ്പും കരിമേഘങ്ങള്‍ തമ്മില്‍ ഏറ്റു മദിയ്ക്കുവാന്‍
എത്തും ആകാശ മാര്‍ഗ്ഗത്തില്‍, തമ്മില്‍ തല്ലി മരിച്ചിടും
പാടുകള്‍ ബാക്കി വയ്ക്കിലാ യുദ്ധഭൂമി ഒരിയ്ക്കലും
ഓര്‍മ്മയും മുറിയും വെപ്പോള്‍ കണ്ടു നില്‍ക്കുന്ന ഭൂമിയാം
യുദ്ധം ചീറ്റുന്ന രക്തത്തിന്‍ നനവാല്‍ ഭൂമി പിന്നെയും
സസ്യ ജാലം വളര്‍ത്തുന്നു‌ പുഷ്പ്പിചിട്ടവ കായ്ചിടും
അതുപോല്‍ നിലനില്‍ക്കാത്ത കാഴ്ച്ചയില്‍നിന്നു നമ്മളും
സംസ്കാരങ്ങള്‍ വലിച്ചിങ്ങു ചേര്‍ത്തു വെയ്ക്കുന്നു നിത്യവും
അതു ബാധ്യതയായിട്ടു വലയ്ക്കും തീര്‍ച്ച താനത്

കാഴ്ചകള്‍

ഇന്ദ്രിയവേഗങ്ങളാളിപ്പിടിക്കുന്ന
മാദക ലോകത്തില്‍ കണ്‍തുറന്ന
പിഞ്ചുകിടാങ്ങളേ നിങ്ങളീ കാഴ്ചയില്‍
കണ്ണുകള്‍ ചിമ്മാതെ നോക്കിടായ്ക
അമ്മമാര്‍ സാന്ത്വനം മാറുചുരത്തിയ
പാലിലെങ്ങാനിവയാണ്ടുപോയാല്‍
ആവേഗ സംവേഗ ശാശ്വത സന്ദേശം
പിഞ്ചു സിരകളിലോടാതാകും !
മാറില്‍പ്പിടയുന്ന ഹൃത്തിന്റെ താളത്തില്‍
ബീഭത്സവിള്ളലിന്‍ തേങ്ങല്‍ വീഴും !
പൂര്‍വ്വികര്‍ കാട്ടിലലഞ്ഞു പെറുക്കിയ
സംസ്ക്കാരം വിത്തറ്റു നിന്നുപോകും !
കണ്ണുകള്‍ ചിമ്മുകയപ്പപ്പോളാത്മീയ‌-
ശാന്തതടാകത്തിലാഴ്‌ന്നുമുങ്ങി
ഉള്ളിലെയത്ഭുത ശാശ്വതയുണ്മയില്‍
സൂക്ഷിച്ചു നോക്കിതിരിച്ചു വന്നാല്‍
ആളുന്ന മാദകക്കാഴ്ചകള്‍ കണ്ണിന്നു
മഞ്ഞിനേക്കാളും തണുപ്പു തരും !!
ജീവിത നാടകവേഷ വിയര്‍പ്പുകള്‍
ദേഹത്തില്‍ പറ്റാതെയാനന്ദിയ്ക്കാം.

Sunday, April 20, 2008

മുക്തകങ്ങള്‍

1
നാട്ടില്‍ പോകണമെന്നചിന്ത വെറുതേ വയ്ക്കേണ്ട വെച്ചാലുമ-
ക്കൂട്ടര്‍ ചെല്ലുവതിന്നു നിന്നെ വിടുവാന്‍ മൂളാന്‍ മടിച്ചീടുമേ
പൊട്ടത്തം പരിപാടിയായ്ത്തുടരുവാനെന്തേ നിനയ്ക്കുന്നു നീ
നാട്ടില്‍ നിന്നുടെ കൂട്ടുകാര്‍ക്കു വെറുതേ പൊല്ലാപ്പു നല്‍കീടൊലാ

2
ചിട്ടിക്കാരന്റെ കാര്യം കരുതി വെറുതെ നീ ഹെഡ്ഡിലെ ക്ലേ കുഴച്ചാ-
ച്ചട്ടിയ്ക്കായ്ച്ചൂളകൂട്ടിത്തലപുകയുവതും കണ്ടുകൊണ്ടങ്ങിരുന്നൊ
കിട്ടീടും ചട്ടിയില്‍ നിന്‍ തലയിലെ വരകള്‍ക്കൊത്ത കാര്യങ്ങള്‍ പിന്നെ

തട്ടിപ്പിന്‍ വീരരെല്ലാമകമെയമരുവോരാരുമില്ലാ പുറത്ത്
3
വേണ്ടോളം ഗുരുവായുരപ്പനരുളും ധൈര്യാദിയും ശാന്തിയും
കണ്ടോളൂ ശിശുവിന്നണഞ്ഞിടുകയില്ലാരോഗ്യദോഷങ്ങളും
കൊണ്ടാടും പലരും പലര്‍ക്കുമഭയം നല്‍കീടുവാന്‍ തക്കതാ-
യുണ്ടാകും ധനവും നിനയ്ക്കുകയിതേ ഭാഗ്യാബ്ധി ചന്ദ്രോദയം
4
വേണ്ടാതുള്ളവരൊക്കെ വന്നു കയറും വന്നാലടങ്ങാതെക-
ണ്ടുണ്ടാക്കും കടയുന്നൊരിണ്ടലുകളും കത്തുന്ന വല്ലായ്മയും

മിണ്ടാതെച്ചിതയില്‍ കിടക്കണമതേയൊന്നുള്ളു ചിന്തിയ്ക്കുകില്‍
കുണ്ടാമണ്ടികള്‍ പോവതിന്നുവഴിയായ് വൈദ്യന്‍ യമന്‍ ശാശ്വതന്‍
5
കാളിന്ദ്യന്തികശാദ്വലങ്ങളിലുലഞ്ഞാടുന്നമന്ദാനിലന്‍
നാളീകായതലോചനന്‍റെ യുടലില്‍ ഗോപീജനം ചേരവേ
ഉള്ളില്‍ കേറിയിറങ്ങിയിണ്ടലുകലര്‍ന്നീടുന്നു നിശ്ശ്വാസമായു-
ള്ളില്‍ മാലുപടര്‍ത്തിടും പവനനും തത്സംഗവിശ്ലേഷണം
6
തീരാതുള്ള വിചാരധാര വഴിയും സ്വാന്തസ്സരസ്സിന്‍ കര-
യ്ക്കാരാരൊക്കെ വരുന്നു നീട്ടിയെറിയുന്നുഛിഷ്ടവസ്തുക്കളും
നീരാം ബുദ്ധിയില്‍ വീണലിഞ്ഞവ വരുംകാലത്തൊരിയ്ക്കല്‍ വരും
കാര്യാകാര്യവിവേചനക്കൃഷിനനച്ചീടാന്‍ മരിപ്പോളവും
7
പ്രാരാബ്ധ്ങ്ങളൊഴിഞ്ഞു ചിന്തകളുടക്കാവാതെയമ്മേ ഭവല്‍-
കാരുണ്യാമൃതവാരിധിക്കരയിലായെന്നാത്മപിണ്ഡാര്‍പ്പണം
സ്വൈരം ചെയ്തു നമസ്ക്കരിച്ചവിരതം ത്വദ്ധ്യാനനിര്‍ദ്ധാവിത-

സ്പര്‍ദ്ധാദിപ്രകരപ്രചാരവിരതാനന്ദാബ്ധിമഗ്നോസ്മ്യഹം
8
"കടിച്ചിടാ പട്ടി കുരയ്ക്കുമെങ്കില്‍"
മടിച്ചിടേണ്ടാ ബത ചെന്നു നോക്കു
എടൊ പഴംചൊല്ലതു പട്ടി കേട്ടി-
ട്ടുണ്ടാകുമെന്നെങ്ങനെ ഞാനുറയ്ക്കും ?
9
ഞാണിന്മേല്‍ കളിയാണു ജീവിതമതില്‍ ഞാണായി നിന്നീടുവാന്‍
‍വേണം നിന്നുടെ കണ്‍‍കടയ്ക്കലുണരും രശ്മിപ്രപഞ്ചം ശിവേ
കാണേണം കളിയില്‍ വിധിയ്ക്കു മുതിരും ധര്‍മ്മന്‍റെ സേവാഗണം
മണ്ണില്‍ വീണുകുഴങ്ങിടാതെ കളിയില്‍ നിന്‍ പുത്ര വെന്നിക്കൊടി
10
കാക്കയും കുയിലും പോലെ കാണ്‍ക ചേരില്ല
നിര്‍ണ്ണയംശ്ലോകവൃത്തേഷ്വീദൃശേഷുസങ്കീര്‍ണ്ണേഷ്വു പുന: പുന:
11
ശാന്തമായിയൊഴുകും പുഴയ്ക്കു കടവില്‍ പറഞ്ഞ പരദൂഷണം
ചിന്തയിങ്കലടിയില്ലയെങ്കിലതു യോഗ്യമായ പുഴലക്ഷണം
സ്വന്തമായ ചളിമുണ്ടലക്കിയൊഴുകാന്‍ വിടുന്ന പുഴദൂഷകന്ന-
ന്തകന്‍റെ ചെറുചാര്‍ച്ചയുണ്ടു പറയാണ്ടെ വയ്യ പരദൂഷണം
12
തീരം താണ്ടാന്‍ കൊതിച്ചങ്ങലയിളകിവരും ചിന്തകള്‍ നൂറുനൂറായ്
പാരാവാരത്തിരകളതുപോല്‍ ശുദ്ധബോധാബ്ധിയിങ്കല്‍
പാരാതെച്ചിന്ത താണ്ടിത്തുഴയുക പരമാനന്ദസത്യസ്വരൂപം
ചാരത്തുണ്ടെന്നു കാണാമലകളലിയുമാ സത്യവസ്തുസ്വരൂപം
13
ഓരാതോരാതെ പോയിട്ടനവധി വഴിയില്‍ചുറ്റിവട്ടം തിരിഞ്ഞേന്‍
‍മാരാരിപ്പൈതലേ നിന്‍ കഴലിണപണിയാന്‍ വിട്ടു പോയെന്നു നണ്ണി
മാരാരെപ്പോലെ ചെണ്ടയ്ക്കിരുപുറവുമൊരേപോലെ കൊട്ടിയ്ക്കവേണ്ടാ
പാരാവാരപ്പരപ്പില്‍ തിരതതിയതുപോലേത്തൊടാമെന്നുമെന്നും
14
എന്തായാലും ചിലപ്പോള്‍ ചെറു ചെറു ചെറുതാം കൊച്ചുറിപ്പേറുമൂലം
ചന്തം കൂടീടുമെന്നാണറിവതു വെറുതെ ചൊല്ലിനേനെന്നു മാത്രം
അത്തിപ്പറ്റയ്ക്കു ചൊല്ലാന്‍ കഴിയുമതു ശരിയ്ക്കാക്കുവാനും നിരീച്ചാല്‍
വൃത്തം, താളത്തിലല്ലോ കഥകളിമുഴുവന്‍, ശ്ലോകവും താളബദ്ധം
15
പാല്‍ പോലാകെ വെളുത്തു ഭൂമിമുഴുവന്‍ മഞ്ഞിന്‍ പരപ്പെന്നു താന്‍
‍ചൊല്ലാം, ചിന്തകള്‍പോലുമിങ്ങു മരവിച്ചീടും തണുപ്പേല്‍ക്കുകില്‍
പുല്ലും കാടുകളും നിറഞ്ഞു വരുവാന്‍ മാസങ്ങള്‍ പോയീടണം
നില്ലെന്‍ മാനസമേ നിനക്കിവിടെയും നില്‍ക്കാന്‍ കഴിഞ്ഞീടണം
16
വര്‍ണ്ണിയ്ക്കാനാകുമോ നിന്മഹിമയനുപമം, ജീവജാലങ്ങളെല്ലാം
മുണ്ടാകാനുള്ളഭൂവീയമൃതിനു സമമാം വെള്ളമാണെന്നു സത്യം !

അണ്ണന്മാരൊത്തുച്ചേര്‍ന്നങ്ങടിപിടികലശല്‍കൂടിടാനോടിടുന്നൂ
കണ്ടോ കഷ്ടം ജലത്തിന്‍ വികൃതികളതുമേ ചൊല്ലുവാന്‍ പാടു തന്നെ !
17
ഇരവും പകലും നിറച്ചിടും
കുറയാതങ്ങിനെയിന്ദ്രിയങ്ങളില്‍
കുറവൂ ദഹനം സഹിച്ചിടാ
മരണപ്പാച്ചിലിലാണെടോ മനം
18
കളിയല്ലൊരു ചീത്ത ചിന്തയും
കളയാതുള്ളിലൊളിച്ചു വെച്ചിടും
വെളിയില്‍ പോലുമടിച്ചിടും മണം
കളകെല്ലാമവനോടി വന്നിടും
19
പല്ലിന്‍ വേദനപോലെയല്ല, തലയോടൊട്ടാകെ പൊട്ടുന്നപോ-
ലല്ലല്ലൊന്നിനുമുട്ടിടും പടിയുമല്ലില്ലത്തു പോകാന്‍ ധൃതി
നെല്ലാടും വയലേലയും കിളികളും മുറ്റത്തെ തേന്മാങ്ങയും...
ചൊല്ലാനേ പണി, കണ്ണു നീരണിയുമേ ചൊല്ലാതിരുന്നെങ്കിലും
20
ഫലചിന്ത വെടിഞ്ഞു തന്‍ തൊഴില്‍
കുലധര്‍മ്മോചിതമങ്ങു ചെയ്യണം
അലയേണ്ട മനസ്സിലേറി നീ-
യിലയിട്ടാല്‍ മതി ചോറുവന്നിടും
21
പാടാണല്ലോ പടയ്ക്കാന്‍ പലവുരുവെഴുതും പിന്നെ മായ്ക്കും പടയ്ക്കും,
കൂടുന്നില്ലക്ഷരങ്ങള്‍ പല പല വഴിയും പോയിടുന്നെന്തു ചെയ്വേന്‍
‍കാടിന്നുള്ളില്‍ കടന്നങ്ങനവധി ജപവും ധ്യാനവും ചെയ്തിടേണം
കൂടിക്കിട്ടാന്‍ ശരിയ്ക്കും ക്ഷമയുടെയതിരേ എന്‍ സുഹൃത്തേ ക്ഷമിയ്ക്ക
22
അകത്തളത്തില്‍ ജനനം മുതല്‍ക്കു
പകച്ചു നില്‍ക്കും മൃദുപാദനാദം
അകന്നലഞ്ഞന്ധതമസ്സിലെങ്ങോ
മാഴ്കുന്നു കണ്‍പീലി നനഞ്ഞിടുന്നു
23
(ഇത് മേനി പറയുന്ന അഛനും മകനും തമ്മിലുള്ള വര്‍ത്തമാനമാണെന്നു ആദ്യം പറയട്ടെ. മനസ്സിലായില്ലെങ്കില്‍ ഒന്നറിയിച്ചാല്‍ വിസ്തരിച്ചു പറയാം)

എന്നുണീ പുഴയിക്കരയ്ക്കുവരുവാനെന്താണു കാണിച്ചത് ?
എന്നഛാ അഛനുമെങ്ങിനെപ്പുഴ കടന്നിങ്ങെത്തി പേമാരിയില്‍?
‍പോന്നൂ തുള്ളി പിടിച്ചു! ഞാനുമതുപോല്‍! വിഢീ യിടയ്ക്കാ മഴേം
നിന്നാല്‍? വെള്ളമെറിഞ്ഞിടാനൊരുകരം മറ്റേതു മറ്റേതിനും!!!
24
ഒട്ടേറെ കാറുകള്‍ തിമര്‍ത്തു കളിച്ച നാട്ടീ-
ന്നൊട്ടേറെ ദൂരെ തിരുവാതിര ഞാറ്റുവേല
കിട്ടില്ല ഹൃത്തു നനയാന്‍. മിഴി നീരുചേരു-
മിട്ടങ്ങെറിഞ്ഞു വരുവാന്‍ കൊതി തോന്നിടുന്നു.
25
തകര്‍കന്നു പോയീ തിരപോലെയിന്ത്യ
പാക്കോ വെറും മുഞ്ഞയട്ക്കയായീ
വിക്കറ്റു പിക്കറ്റു തിരഞ്ഞെടുപ്പ്
മക്കാറിവയ്ക്കായ് ദിനമെത്ര നഷ്ടം
26
കല്ലാലെറിഞ്ഞശ്ശുനകന്‍റെ കയ്യും
കാലും കളഞ്ഞോരതി ദുഷ്ടര്‍ തന്നെ
കല്ലൊക്കെ നാണിച്ചിടുമാമനസ്സു
തല്ലിപ്പൊടിയ്ക്കാമതു ധര്‍മ്മമാകും
27
ദാ ട്ടോ പറേണൂ ന്‍റെ ഹരേ! ഹരിയ്ക്കു
കിട്ട്യാല്‍ കഴിഞ്ഞൂ കഥ മാലടേന്ന്.
കണ്ടൂ ന്‍റെ കണ്ണാല്‍ മൃഗശാലയില്‍, പണ്ടി-
ടഞ്ഞു പോല്‍ മാമുനി മാലയാലെ
(ഹരി എന്നു വിഷ്ണുവിനും ഇന്ദ്രനും കുരങ്ങനും പേരുണ്ട്. ദുര്‍വ്വാസവ് ഇന്ദ്രന്‍ മാലകൊടുത്ത കഥ കേട്ടിട്ടുണ്ടാകുമല്ലൊ)
28
കള്ളത്തരം താന്‍ തൊഴിലാക്കിടുന്നോ-
രുള്ളത്തില്‍ വിക്ഷേപണ ശക്തിയാലെ
ഉള്ളോരു കാര്യം തെളിയാതിരിയ്ക്കാ-
നുള്ളോരു കാര്യം വെരി സീരിയസ്സോ
29
ജ്വലിച്ചകണ്‍ കൊണ്ടൊരു നോക്കുനോക്കൂ
വലച്ചിടും ക്രോധമദാദിസംഘം
തുലഞ്ഞു പോട്ടേയവ വിട്ടുപോയാല്‍
കലങ്ങിടാ കണ്ണുകള്‍ വിശ്വമാതേ
30
ഫലിച്ചതില്ലാഗ്രഹമൊന്നുമെന്ന-
ങ്ങുലച്ചിടല്ലേ മനമെന്‍ സുഹൃത്തേ
വിലങ്ങുനല്‍കും വരവേല്‍പ്പുനല്‍കും
തുല്യം, പിഴയ്ക്കില്ലഖിലേശ്വരന്ന്
31
കുറഞ്ഞതില്ലേ ദുരിതങ്ങളൊട്ടും
മറന്നുവോ ദേവനു താനുമംശം
വെറും വിചാരം ശരിയായ് ഭവിയ്ക്കും
കുറയ്ക്ക ദുഖം ദുരിതങ്ങള്‍ തീരും
32
വെട്ടുപോത്തിനൊടു വേദമോതുകില്‍
‍കിട്ടുമേയതിനു നല്ലശമ്പളം
കിട്ടിടുന്നവടികാട്ടിയോതണം
കെട്ടബുദ്ധികളില്‍നന്മ കേറുവാന്‍
33
അറിയായ്കൊരുദോഷമെങ്കിലെ-
ന്തറിവിന്‍ കൂടുതലേറെ ദോഷമാം
മറവിന്നുള്ളിലറിഞ്ഞിരുന്നിടാ-
മറിയാതുള്ളതു ചൊല്‍ക വേണമോ
34

വീണല്ലെന്‍ പികവാണിയാണുയിരിനിന്നൂന്നായിരിയ്ക്കുന്നവള്‍
‍കാണാം ശോണിതചങ്ക്രമത്തിലവള്‍ തന്‍ സ്നേഹാനുരാഗത്വര
വീണായ് പോകുകയില്ല ധര്‍മ്മനിലയം ശാന്തം തൃതീയാശ്രമം
പ്രാണപ്രേയസിയിന്ദ്രിങ്ങളെയിണക്കീടുന്നു മോക്ഷാര്‍ത്ഥമായ്
35
ഞെരുക്കമാണെന്നു നിനച്ചിടുമ്പോള്‍
‍ഞെരുക്കമായ് തീരുമതേ ഞെരുക്കം
ഞെരുക്കരോഗം പിടിപെട്ടിടാതെ
യൊരുക്കണം ബുദ്ധിയെ നേര്‍വഴിയ്ക്ക്
36
ഒരു പിടി കരുതേണം വല്ലവര്‍ക്കും കൊടുക്കാന-
വരവരവരോര്‍ക്കേ ചോറു വെയ്ക്കുള്ളുവെന്നാല്‍
കരുതുകയതു നന്നല്ലെന്നു ചൊല്ലുന്നു കൃഷ്ണന്‍
നരവര വികൃതത്വം സ്വാര്‍ത്ഥഹൃത്തിന്നു കൂടും
37
ഉണ്മയെന്നതു നിതാന്തമല്ലയോ
മണ്ണുവിണ്ണു നിറയുന്നൊതൊന്നു താന്‍
കണ്ണില്‍ വന്നു മറയുന്നതൊന്നുമേ
യുണ്മയല്ല വെറുതേ മതിഭ്രമം
38
കട്ടുതിന്നലൊരു ശീലമാക്കിയാല്‍
‍കെട്ടുമട്ടുകളുമൊക്കെ മാറിടും
ദുഷ്ടരാകുമവരോടുസന്തതം
കൂടുകില്‍ നിയമപാലസേനയും
39
വിയര്‍ത്തിടാതെങ്ങിനെയുണ്ടുകൂടാ-
മുയര്‍ച്ച വേണം ബിസിനസ്സിനെന്നും.
കൈക്കോട്ടുജീവര്‍ വെറുതേ കിനാവില്‍
‍കൈവിട്ടു ചിന്തിച്ചു നശിച്ചിടുന്നു
40
സടയ്ക്കയ്ക്കിടയ്ക്കങ്ങൊരു പേന്‍
കടിച്ചാല്‍ കാടൊക്കെ വാഴുന്ന മൃഗാധിരാജന്‍
കുടഞ്ഞെണീട്ടിട്ടലറുന്ന കേട്ടാല്‍
കാടാകെ ഞെട്ടും. ചെറുപേന്‍ ചിരിയ്ക്കും
41
ഒരുമല കനിയുമ്പോള്‍ നല്ലനീരൂറിനില്‍ക്കും
കരുണകിനിയുമമ്മയ്ക്കുള്ളിലൂറുന്നപാല്‍ പോല്‍
നരവര തെളിനീരാല്‍ സാന്ത്വനം ചൊല്‍
വതുണ്ടോ ?
വരകലശിമലയ്ക്കിന്നിപ്പൊഴും ജീവനുണ്ടോ ?
42
നിനവിലുള്ളതു തല്‍ക്ഷണമാകുകില്‍
വിനയൊഴിഞ്ഞൊരുനാഴിക നിന്നിടാ
കനകദാസനു കൃഷ്ണനിദര്‍ശനം
കനിയുവാന്‍ വിനയേകികൃപാകരന്‍
43
എല്ലാകാഴ്ച്ചകളും ശരിയ്ക്കു ശരിയാകില്ലെന്‍സുഹൃത്തേ, തുലോ-
മില്ലാര്‍ക്കും വലുതായ കണ്ണിണയളന്നീടുമ്പൊളിഞ്ചോളവും
കാലമ്പോലെ വിശാലമാണഖിലവും ചേര്‍ന്നുള്ള രൂപം, നമു-
ക്കില്ലാ യോഗ്യത,യിജ്ജഗജ്ജനനിയേ നേരിട്ടു കാണാന്‍ പണി

44
കണ്ണന്‍ വായിലെ കാഴ്ച കണ്ട, പശുവേ മേയ്ക്കുന്ന പെണ്ണിന്‍
‍പെരുംകണ്ണും, പൊയ്യിലലഞ്ഞിടുന്ന വിജയന്‍ വിശ്വാത്ഭുതം കണ്ടതും
മണ്ണും വിണ്ണുമളന്നെടുത്തസമയം വൈരോചനന്‍ കണ്ടതും
വീണാണെന്നു നിനയ്ക്കുവാന്‍ പണി, ചിലപ്പോളൊക്കെ നണ്ണീടണം
45
ചാടിച്ചിടുന്ന നരപുംഗവര്‍ ചുറ്റുപാടും
ചാടിക്കളിച്ചു തലകുത്തി മറഞ്ഞിടുമ്പോള്‍
ചാടായിവന്നശകടാസുരഘാതകന്‍ താന്‍
‍ചാടാമിവന്നരുമസാരഥിയായ് ഭവിയ്ക്ക

46
ചാടല്ല, മാടു, ഭഗവാനതിലേറെയിഷ്ടം
കൂടേനടന്നു പരിപാലനമേറെയിഷ്ടം
പാടില്ല, പാടു പശുപാലകനേറ്റുകൊളും
പൊട്ടന്നു പറ്റുമൊരുപയ്യ്പ്പണിയേറ്റുകൊള്ളൂ
47
കിളയ്ക്കാന്‍ പഠിച്ചാല്‍ മഹാമോശമെന്നും
മുളയ്ക്കും മരം വെട്ടിമാറ്റേണമെന്നും
തളയ്ക്കാതെ മോഹങ്ങളോടേണമെന്നും
മുളയ്ക്കേ മൊഴിഞ്ഞാല്‍ കടം തന്നെ ജീവന്‍
48
ശ്രമിയ്ക്കയില്ലെന്നതുറച്ചിരുന്നാ-
ലുമയ്ക്കുനാഥന്‍ കരുണാവിലോലന്‍
ചുമ്മാ സഹായം തരുവാന്‍ മടിയ്ക്കും
ശ്രമിയ്ക്ക ഭാഗീരഥിതീരവാസിന്‍
49
ഒരുത്തരുമൊരുത്തരെ തിരയുവാന്‍ തിരത്തള്ളലില്‍
കരുത്തൊടു പെരുത്തൊരീ ക്കടലിനോടു പോരാടുവാന്‍
വരുന്നതുഹൃദന്തരേ നിനവിലേ വരാന്‍ പറ്റുകി-
ല്ലരേ നയനദുഷ്ക്കരം ഭുവി ദൃഢം പരം നാസ്തിതാന്‍
50
മൈക്കണ്ണു വാക്കിനു ഭാവാനുടെ ഹൃത്തടത്തില്‍
ചേക്കേറിടുന്നപടിയര്‍ത്ഥമുരച്ചിടാമോ
എന്‍ കണ്ണു നില്‍ക്കുമിടമെന്നു നിനച്ചിടാമോ
യിക്കണ്ണിലുള്ള മഷികാരണമോ കഥിയ്ക്ക (മൈ കണ്ണ്)
51
ജനനം കൊണ്ടതു രണ്ടുപേരില്‍ നിന്നും
തുനിയുന്നാരുടെയുള്ളിലാണ്ടുപോകാന്‍?
‍വിനയായിടുമെന്നു തീര്‍ച്ച തന്നെ
തുനിയൂ തന്നിലലിഞ്ഞുപോയിടാനായ്

52
വരണമെന്നു നിനപ്പതു വന്നിടാന്‍
‍പെരിയ പണ്ഡിതനാകിയ ഭൂസുരന്‍
‍അരിയപാപപരമ്പര ചെയ്തു പോയ്
വരരുചിയ്ക്കു വെറുത്തു വരങ്ങളും
53
അരിയ പാപപരമ്പര യെങ്കിലും
പെരിയ പുണ്യപരമ്പരയായത്.
പറയി പെറ്റ പരമ്പര കേരള-
പ്പെരുമ കൂട്ടിയ പുണ്യപരമ്പര

54
പറയി നെയ്ത പരമ്പു വിരിച്ചിവര്‍
നിറയെ നന്മണിവിത്തുകളായിരം
വരുമനന്തരമാനുഷനേകുവാന്‍
വിരവില്‍ വേണ്ടതു പോലെയുണക്കിനാര്‍
55
രവിസുതന്‍ വിധിയോടു പറഞ്ഞു പോല്‍
പനി വിടും വരെ കേരളഭൂമിയില്‍
മരണമെന്നതു ക്യാന്‍സലു ചെയ്യണം
യമഭടര്‍ക്കു പകര്‍ന്നിടുമപ്പനി
56
മരണദേവഭടര്‍ക്കൊരു രക്ഷയായ്
സരസിജോദ്ഭവനായതു ചെയ്തിടാം
ധരണിയാകെ മലീമസമാക്കിടും
നരനു ശിക്ഷ വിധിയ്ക്കുവതേ പണി
57
മുറിയ്ക്കുനോവാര്‍ക്കു സഹിച്ചിടാമയേ
കുറച്ചിലില്ലായതു പേരിലാകിലും
കുറഞ്ഞുപോകാം വ്രണമംഗജം തുലോം
മറക്കുകില്ലാഅയതു പേരിലാകുകില്‍
58
സ്നേഹമെന്ന പദമുച്ചരിയ്ക്കുവാ-
നെന്തു യോഗ്യത നിനക്കു രാഘവ
ജാനകിയ്ക്കു പകരം ഭവാനഹോ
പൊന്നു തന്നെ മതി ബൊമ്മയാകിലും
59
ചിരിച്ചു കൊള്ളൂ മരണം വരുമ്പോള്‍
കരഞ്ഞിടാം ഞാനൊരു ബന്ധുവായി
മരിച്ചു പോമെന്നുവരുന്നനേര-
ത്തൊരുക്ക വില്‍പ്പത്രമിവന്‍റെ പേരില്‍
60
ചതിച്ചിടൊല്ലേ മരണം കഴിഞ്ഞാ-
ത്തല്ലാണു ചാരത്തിനു മീയിടയ്ക്ക്
കരഞ്ഞുകൊള്ളാം വെറുതെ, പറഞ്ഞു
പൊല്ലാപ്പിലായീ ഗുരുവായുരപ്പാ
61
തട്ടിപ്പൊട്ടിയ്ക്കതാനും ഹൃദയമതുമിടിയ്ക്കുന്ന താളത്തിലായാ-
ലുണ്ടാകും കൈയ്യടിയ്ക്കാന്‍സഹൃദയഹൃദയം, താളമല്ലോ പ്രധാനം
ഉണ്ടോ ഹൃത്തിന്നു താളം? തുനിയുക! മുറിയാതുള്ള കാലം കണക്കില്‍
‍കൊട്ടിപ്പൊട്ടിച്ചു കിട്ടും വിടവിനിടവിടാതങ്ങു കൊട്ടിപ്പഠിയ്ക്കാന്‍
62
കാണാന്‍ കണ്ണുകള്‍ നീട്ടിനീട്ടിയലയും ഗോപീജനത്തിന്‍ മന-
സ്സര്‍ണ്ണോജത്തിലലിഞ്ഞെനിമ്ന ഗകണക്കസ്തിത്വ്മില്ലാതയായ്
കണ്ണാ നിന്‍ കൃപയില്ലയെങ്കിലിവനില്ലസ്തിത്വമെന്നാണു ഞാ-
നുണ്ണീ പണ്ടുധരിച്ചതിന്നുകൃപതന്നത്യുച്ചഭൂവിങ്കലും
63
നത്തിന്‍റെ മോന്തയതിനുണ്ടിതിലേറെ ഭംഗി-
യന്തിയ്ക്കു മൂളലതു ചൊല്ലുകിലേറെ നല്ലൂ
എന്തിന്നഹോ വിജയരേ വെറുതേ മടിപ്പൂ
ചിന്തിച്ചു തോക്കിനു തുരുമ്പു വരുത്തിടായ്ക
64
സത്യമെന്നു പറയാനെളുപ്പമാ-
ണുത്തരത്തിലെയടയ്ക്ക പോലവെ
ഹസ്തമൂലഗതവസ്തു പോകുമ-
ങ്ങെത്തുവാന്‍ കരമുയര്‍ത്തുകില്‍ ഭവാന്‍
65
അരുതരുതരുതേ വിദേശദേഷ്യം
നിരവധി യോജന പോന്നുവെന്നു മാത്രം
നരരുടെ തലയില്‍ വരച്ചതാര്‍ക്കും
തരിയിട മാറ്റിമറിച്ചിടാവതല്ലേ
66
കാലപ്രവാഹത്തിനിടയ്ക്കൊരിയ്ക്കല്‍
ഇല്ലാത്ത താളത്തെയുണര്‍ത്തി വിട്ട്
അതില്‍ ചലിയ്ക്കാന്‍ നിഖിലം രചിച്ച
കലാനിദാനത്തിനു കൈ തൊഴുന്നേന്‍
67
ചാലേ ശുദ്ധ പൊളിയ്ക്കടിയ്ക്കു തിരിയില്‍ തീയ്യും കൊടുത്തഞ്ജസാ
വല്ലോര്‍ക്കൊക്കെ ചിരിച്ചിടാന്‍ പല വഴിയ്ക്കോടുന്ന ദേവസ്വമേ
ചൊല്ലൂ നമ്മുടെ മന്ത്രിയോടു പറയാനങ്ങോരിതില്‍ കൂടുതല്‍
വല്ലാതങ്ങു ചിരിച്ചിടാന്‍ പലതുമേ ചൊല്ലിത്തരും നിശ്ചയം
68
ചേട്ടാ നമ്മുടെ ശുദ്ധസാധു കവിയാം പൂന്താനമെന്നുള്ളൊരാള്‍
ഉണ്ടായെന്നതു സംശയം, കൃതികളോ വല്യേ മഹാസംശയം.
പണ്ടുള്ളോര്‍ പറയുന്നുവെന്നു പറവൂ വിദ്വാനിടയ്ക്കെപ്പൊഴോ
കണ്ടൂ പട്ടേരിയെ താന്‍ പൊളി പൊളി പൊളിതാന്‍ മൂപ്പരും ശുദ്ധമായ
69
കണ്ണാ നിന്നുടെ കള്ളമൊക്കെയഴിയാന്‍ പോകുന്നു, വാദത്തിനാ-
യെണ്ണം പാടിയ ലോയറാണു വെറുതേ തോല്ക്കേണ്ട വേണ്ടാതെ നീ.
വേണോ ഭക്തകവിയ്ക്കു ചേര്‍ത്ത കുലുമാല്‍ ചേരും നിനക്കും,
ഭവാന്‍വേണ്ടാതുള്ളൊരു മായ വിട്ടു പറയൂ ഞാനില്ലയെന്നുള്ളത്
70
ഒരുത്തനുണ്ടാക്കിയ കള്ളുമോന്തി
കരിച്ചിടുന്നൂ കരളിന്നനേകര്‍
കരഞ്ഞിടുന്നൂ പശിയാലെ മക്കള്‍
സര്‍ക്കാര്‍ കരം കിട്ടുകയാലെ തുഷ്ടര്‍
71
നാരായണായിങ്ങനെ വര്‍ഷമായാല്‍
തിരിഞ്ഞു പോകും കൃഷിവേലയെല്ലാം
കരഞ്ഞു കണ്ണീരുകലര്‍ന്ന മണ്ണില്‍
കരിഞ്ഞു പോങ്കര്‍ഷകമോഹമെല്ലാം
72
കണ്ടാല്‍ നന്നെന്നുതോന്നും, വരിയുടെയിടയിലല്‍ കണ്ടു ചെറ്റിണ്ടലല്ലോ
ചൂണ്ടാനുണ്ടിണ്ടലുള്ളില്‍ ചെറിയൊരു പിഴവില്‍ ചൂണ്ടിയോനിണ്ടല്‍ പൂണ്ടു
പണ്ടാണേ പണ്ഡിതാഗ്ര്യന്‍ ചെറിയൊരു ചിരിപൂണ്ടാമരപ്രഭ്വനര്‍ത്ഥം
പൂണ്ടാന്‍ ദേവസ്തുതിയ്ക്കോ പിഴ! ശിവ ശിവനേ ശ്രീമഹാദേവശംഭോ
73
ലീലയ്ക്കായല്ല. കാര്യം ഗുരുതരമതുമാകൃഷ്ണനാമത്തിലാരാന്‍-
ചേലായില്ലെന്നു ചൊന്നാലതിലുമധികമായന്തമില്ലായ്മയുണ്ടോ?
ചൊല്ലാനില്ലാത്തതെറ്റില്‍ ചെറിയൊരു ചിരിയാല്‍ നീറ്റു ഞാന്‍ തേച്ചുവെന്നാല്‍
ലീലാഗോപാലഭക്തര്‍ കനിവിനൊടിവനെ ശ്ശാസനം ചെയ്ക വേണം
74
വീണക്കമ്പി വിറച്ചു മാര്‍ദ്ദവമണിഞ്ഞീടുന്ന കൈത്തുമ്പിനാല്‍
നാണത്തിന്‍ നിറമാര്‍ന്ന പല്ലവി ചലിച്ചുന്നിദ്രതാളാത്മകാ
വീണീ മാസ്മരഗാനവേഗലഹരിയ്ക്കുള്ളില്‍ തളര്‍ന്നീടിലും
വീണാകില്ല ജനിച്ചതേ കവിതയെപ്പാടിപ്പുണര്‍ന്നീടുവാന്‍
75
യോദേവേഷു പ്രഥമയജനാല്‍ തുഷ്ടചിത്ത സ്വഭക്താ-
നാദായാത്മീയമാര്‍ഗ്ഗപ്രകടനപടുസ്തര്‍ജ്ജയന്നുത്തമാംഗം
മോദാദുത്തീര്‍ണ്ണവിഘ്നോവിഘടിതഘടനാപണ്ഡിതോ വക്രതുണ്ഡ-
സ്സാന്ദ്രാനന്ദസ്വഭാവസ്വപിതൃപദയുഗേ ദ്വാദശാന്തേ കരോതി
76
ക്രഡിറ്റുകാര്‍ഡിന്‍ മുകളില്‍കിടന്നു
ചിരിയ്ക്കൊലാ കാശു കൊടുക്കവേണം
പെരുത്തകുന്നിന്നു സമം വരുന്ന
തിരയ്ക്കുമേല്‍ വീടിനു കല്ലിടേണ്ട
77
കരിയുടെയെതിരെ കൊണ്ടുപിടിച്ചാ-
ലെരിവരുമേ എന്റെ വീടു കരിയന്നൂര്‍
എരിവരുകില്‍ കരിവരരും
കരിഞ്ഞുപോമേ ഏതിര്‍ത്തു വന്നീടില്‍
78
രണ്ടുവാക്കിനുമിടയ്ക്കുവന്നൊരാ
രോകളിച്ച കളി കണ്ടുവൊ വിഭോ
ഏത്തൊടുന്നു കളിയില്‍ കുഴങ്ങിനേന്‍
‍വേറെയില്ലവഴി വിഘ്നനായക
79
തിരിയുന്നില്ലൊരുവര്‍ക്കുംവരികള്‍
തിരിയുന്ന തിരിവിന്നിടകള്‍
തിരിയുന്നതുകൊണ്ടയ്യൊ
കരുണാതരളേ സരസ്വതീ രക്ഷ
80
കഷ്ടിച്ചാണൊരു വാക്യം
മുഷ്ടിച്ചിട്ടൊന്നൊരുക്കി വെയ്ക്കുന്നേ
കഷ്ടം കൊണ്ടുപിഴക്കേ-
ലിഷ്ടന്‍ മദ്ധ്യേ കടന്നു കയറീടും
81
കൃഷ്ണന്‍റെ കാര്യമവനെന്‍ ഹൃദയം പതുക്കെ-
ക്കാണാതെടുത്തതു വിടാം, അതിലുള്ളതെല്ലാം
കണ്ടേടമൊക്കെ വിതറിച്ചിതറിക്കിടപ്പൂ
വേണ്ടൊന്നുപോലുമവനേ ഹൃദയൈകചോരന്‍
82
സ്വയം സ്വസങ്ക്ല്‍പകൃതാവധീഷു
വയം സുബദ്ധാ ന തു തേരിമ സ്വയം
അദ്ധ്യാപകോഹം ജനനായകോഹം
വയോധിക്ശ്ചേത്യതിരൂഢചിന്തയാ
83
ശതമല്ല സഹസ്രവത്സരം
മതിയാവില്ല ശരിയ്ക്കു നോക്കുകില്‍
സുതപോഷണമൊന്നു പോരുമേ
സതികള്‍ കാലിണ കൈവണങ്ങുവാന്‍
84
ഹയ്യോ യെന്തൊരു ശുണ്‍ ഠിയാണു വെറുതെ സൊള്ളുന്നനേരത്തിലും
കയ്യും കാലുമൊടിഞ്ഞപോലെ പറകില്‍ നന്നല്ല യെന്നാണു ഞാന്‍
വയ്യാവേലിയെടുത്തപോലെ പറയാന്‍ ഭാവിച്ചു പോയീട്ടെനി
ച്ചെയ്യില്ലത്യധികം മഹാവികടമായ് താളം കലക്കീടിലും
85
ഇത്രയെന്തിനവരാഗ്രഹിച്ചതേ ചെയ്തതുള്ളു യദു നന്ദനന്‍
സ്വന്തമെന്നു പറയാനവന്നു ചെറു ചിന്തയില്ല പരനിര്‍ഗ്ഗുണന്‍
സന്തതം പ്രിയതമന്‍റെ മുന്നില്‍ മറവേ മറന്നിടയനാരികള്‍
എന്തു കാര്യമെനിയെന്നു മാറ്റി മറവെങ്ങുമേ നിറയുമീശ്വരന്‍
86
അസ്ത്യേതദ്വരവാണി പാത്രകഥിതം യുക്തം ത്വയാ സൂചിതം
ന സ്യാദുത്തരവാണി തേതി വിതഥാ വാരീവ തപ്തായസി
ദാസ്യാചോത്തരവാണി മേ ഗുരുകൃതശ്ലോകസ്യ പൂര്‍വ്വോക്തവല്‍
യസ്യാം കിം കരവാണി രാഗവിവശംദേവീസ്തുതാവീദൃശം
87
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
ചിന്താദളത്തലൊരുമാല കെട്ടി
ചാര്‍ത്തീടുകില്‍ സര്‍വ്വജഗല്‍സ്വരൂപന്‍
‍ചിത്തത്തിലെല്ലാകഥയും തെളിയ്ക്കും
88
ചേറാണ്ടകാലിന്നടയാളമേല്‍ക്കാന്‍
മാറായിരം നാളു തുടിച്ചു നില്‍പ്പൂ.
കാര്‍വര്‍ണ്ണ! ഹൃത്തിന്‍റെ ബലത്തിനൊത്തേ
മാറവു നിന്‍ കുസൃതിചേര്‍ന്ന പദാമ്പുജങ്ങള്‍
89
വാലുള്ളോരു കളിച്ചിടുന്ന കളിയാണെന്നോര്‍ക്ക നാം ദൂരെയീ
വേലിക്കെട്ടിനുപിന്നിലേ മരുവണം ചെല്ലേണ്ടടുത്താരുമേ
മാലില്ലാതെയടുത്തിടും പുണരുവാന്‍ പെട്ടെന്നിളിയ്ക്കും തുലോം
കാലെങ്ങാന്‍ പിടികൂടുകില്‍ പിടിയയച്ചീടില്ല വീഴും വരെ
90
വന്നൂ നങ്ങേമ്മ ചേര്‍ന്നൂ പദകമലമതില്‍ ഭാഗ്യമല്ലോ നിരീയ്ക്കില്‍
ചെന്നേ വാരുന്നിതയ്യോ മുഴുവനുമൊടുവില്‍ കീശയില്‍ കേറ്റിടുന്നൂ
ഇന്നീ രാഷ്ട്രീയവര്‍ഗ്ഗം കൃപയുടെ മികവില്‍ ദ്വാരകാധീശനേക്കാള്‍
മന്നില്‍ മിന്നുന്നനേരം വെറുതെയുഴലുവാന്‍ ശ്രീശനെന്തേയിരിപ്പൂ
91
കല്ലാണു വായില്‍ നിറയും പടിയെന്നു ചൊല്ലീ
കല്ലാണു ചൊല്ലുവതു കൊള്ളുകില്‍ വേദനിയ്ക്കും
നല്ലോണമൊന്നു ശരവേഗമടുത്തുവല്ലാ-
തില്ലാത്തതൊന്നു തിരയാനതിനിട്ടു വീക്കാന്‍
(വിഷ്ണു നംപൂതിരിയുടെ ഭ്രഷ്ട് നീക്കണമെന്നു സുഗതകുമാരി)
92
കാല് മാറല്‍ പരിപാടിയായി പല പാര്‍ട്ടി മാറി ഒടുവില്‍ സഖേ
കാലനാകിലും അടുക്കുവാന്‍ മടിയടുത്തു വെങ്കില്‍ വിഷമിച്ചിടും
പോലെ ആയി, മകനെങ്കില്‍ വേറെ പോയ്, പാവമേ കഥ മഹാ കടം,
കാലമാകെ പിഴ, എന്ത് കാട്ടു‌മിനി വായു മന്ദിര പുരീശ്വരാ

93
സന്ധ്യയ്ക്ക്‌ പോയ് കുളി ജപാദി കഴിച്ചു മെല്ലെ
കുമ്പയ്ക്ക് ശാന്തി അരുളാന്‍ ഒരു ഹോട്ടലില്‍ പോയ്
നമ്പൂരിഎന്ന് അവരുമേ കരുതാത്തതാകാം
കൊണ്ടോന്നു വെച്ചു പെരുതാം പ്രണവാനുവാദം
94
ശോ കഷ്ടമേ കടിയിലത്ര മിടുക്കനാം നീ
ഞെക്ക് ഏറ്റു ചത്തു പുനരിങ്ങു കിടക്കയാണോ?
ഞെക്ക് ഏറ്റ പേനിനു ചികില്‍സ കിടയ്ക്കയില്ലാ
ലോകേശ്വരന്നു കൃപ എന്നത് കഷ്ടി തന്നെ
95
മാനം വെടിഞ്ഞു കടി കൂടുക അസ്തശങ്കം
കന്നിയ്ക്ക് ശൌനക കുലത്തിനു യുക്തമല്ലോ
നന്നല്ല പാര്‍ട്ടിയടി പോലിത് നിര്‍ത്തിടാതെ
കന്നിയ്ക്ക് ശേഷമത് പട്ടികളും നടത്താ
96
ആകാശ ഭിത്തിയില്‍ ഇലക്ഷനെഴുത്തും ആയി-
ട്ടാകെ തളര്‍ന്ന മത ദേവതകള്‍ക്ക് നല്‍കാന്‍
തൃക്കൈകളില്‍ ബലിയെടുത് നടന്നിടുന്ന കാലാണ്
കാലമിതിലെ കലിദൈവതങ്ങള്‍
97
മുടന്തി നീങ്ങുന്നത്‌ കാണുവാനും
ഇടയ്ക്ക് നന്നെന്നു പറഞ്ഞിടാനും
ഇടയ്ക്കൊരാള്‍ നില്പതറിഞ്ഞുവെന്നാല്‍
കടന്നിടാം ദുര്‍ഘട മേടുപോലും
98
കണ്ണിന്നുള്ളീടെ നീറ്റം കമലദളമഹാചോപ്പു മൂക്കീന്നു വെള്ളം
കാണാന്‍ വയ്യതയായീ തളികയിലരിയാന്‍ ബാക്കിയാമുള്ളി പോലും.
കിണ്ണം കാണാതെ തട്ടീ ചടപടചടധീം കിച്ചണാകേ പരന്നൂ
കാണാനമ്മയി വന്നങ്ങതിമൃദുഹസിതാ ദുര്‍ഭഗാ മന്ദമന്ദം
99
പാരം ചൊല്ലിയ പാഴ്പരപ്പിനിടയില്‍ നല്ലോരു വിഢിത്തമോ,
പോരോ പുല്ലുട്ടിതന്നില്‍ ശുനകവരസമം തിന്നിടാന്‍ വിട്ടിടാതെ,
നീറോ മാവിന്റെ മോളില്‍, തയിലെ പിരിയോ, ചൊവ്വയില്‍ കണ്ട പെണ്ണോ,
ശൌരേ പൂന്താനവാദം ശിവ ശിവ ശിവനേ നീയിതിന്നൊക്കെ സാക്ഷി
100
അടിയിതെനിയുമുണ്ടാം സംശയം വേണ്ട തെല്ലും
കൊടിയുടെ നിറമല്ലാ സ്ഥാനമാകുന്നു റീസണ്‍
ഇടിയുടെ വരവിന്നും പിന്നിലായ് മാരിമോഹം
വെടിയുകയടിതീര്‍ന്നീ നാടു നന്നാകയില്ല.
101
ഊറ്റത്തം മൊഴിയുന്നുവെന്നു കരുതേണ്ടേതാണ്ടിതേ മട്ടിലായ്
മാറ്റീട്ടുണ്ടു പലര്‍ക്കുമേ കഠിനമാം ദുഷ്പ്രേതബാധാശതം
മാറ്റീടാമതിന്നുള്ള സാധനമൊരുക്കീടില്‍ വരാം സോണിയാ
ചെറ്റും വേണ്ട പരിഭ്രമം സുരതതിയ്ക്കൊല്ലാമധീശോസ്മ്യഹം
102
ദാ ദാ വിഢിത്തമൊന്നും പറയുകയരുതേ നിങ്ങളേപ്പോലെയുള്ളോര്‍
സാദാ പൊട്ടനിരാശപെട്ടു വിദുരര്‍ കല്ലിട്ടു വായ് മൂടിയോ?
സാന്ദ്രാനന്ദപയോനിധിയ്ക്കരികിലാ വാക്കിന്നൊരസ്തിത്വവും,
സ്വാദും ഭക്ഷണരാശിയില്‍, മുഴുവനായ് ശാന്തങ്ങളായ് തീര്‍ന്നതോ?
103
അന്യായമേവ ഝടുതി പ്രദദാതി ലക്ഷ്യം
ത്വന്യേന ലക്ഷ്യതരണം കഠിനം ന ശങ്കാ
മാനാപമാനമനനാല്‍ ക്ഷണഭങ്ഗമായു:
നാപ്നോതി ചിന്തിതമയേ കുരുതാദ്യഥേഷ്ടം
104
ഇഞ്ചിഞ്ചു പോലും തലയിട്ടു കൊണ്ടു
വഞ്ചിച്ചിടുന്നൂ ജനനായകന്മാര്‍
നഞ്ചിന്നൊരാദര്‍ശമുഖം ചമച്ചു
ചെഞ്ചോര മോന്താനലയുന്ന ദുഷടര്‍
105
ആര്‍ത്തി ചേര്‍ത്തരവു നിര്‍ത്തുകില്ലയീ
പാര്‍ത്തലത്തിലുയിര്‍ ചേര്‍ത്തൊരീശ്വരന്
‍ആര്‍ത്തിവീര്‍ത്തു പരനാര്‍ത്തി നേരുവോര്‍
ആര്‍ത്തു പാരിതുമൊരാര്‍ത്തനാദമായ്
106
വിരിയേ മരിയ്ക്കു മുരിയാട്ടമെന്തിനാ
കരയാന്‍ മനുഷ്യ? മരമൊന്നുനട്ടിടൂ
തരുവാമൊരിയ്ക്കലതു പെറ്റിടും ഫലം
തരുവാനതിന്നു വളമാണുപോഷണം
107
നീരുറഞ്ഞതുരുകുന്നുവെന്നു ചിലരാര്‍ത്തലച്ചു കരയുന്നതും
താരിനാവരണമാര്‍ന്നെഴുന്നതരു കാര്‍ന്നുതീര്‍ത്തവര്‍ മദിപ്പതും
ആരു പാര്‍ക്കുവതു? നാശഗര്‍ത്തമിടിയുന്നു മര്‍ത്യര്‍ മുടിയുന്നഹോ!
പാരിലാര്‍ത്തി പെരുകുന്നിതാര്‍ത്തി പെരുകുന്ന മത്ത്യര്‍ പെരുകീടവേ.
108
ആരറിഞ്ഞു കഥ തീര്‍ന്നു വെന്നു?. ചെറുജീവനായൊരു സമസ്യയാല്‍
ശാരദയ്ക്കു പദഭൂഷയായ പദസംഘചേര്‍ച്ചകള്‍ രചിച്ചവര്‍
ആരുമൊന്നുമൊരുപിന്നിലല്ലിരുകരത്തിനാലുമൊരുഘോഷണം
പാരിലാരുമൊരുപോലുതിര്‍ക്കുമതിനാലെ നന്ദിയരുളുന്നിവന്‍
109
ആനക്കാരന്നു വേണം, കളിയുടെയിടയില്‍ ചെറ്റുചെല്ലാതിരുന്നാല്‍
താനായിട്ടാടവേണം, കശപിശയുണരാന്‍ വേലപൂരാദികള്‍ക്കും,
മാനം ദീക്ഷിപ്പവര്‍ക്കും ചിലപൊഴുത,കമേ ചെറ്റിതങ്ങേറിയെന്നാ-
ലാനന്ദം വന്നുചേരും ഭുവനമഖിലവും പിന്നെ വൈകുണ്ഠലോകം
110
എന്താച്ച്‌ ഇത്രയ്ക്കു തുള്ളാന്‍ മനമിതു? വെറുതേയന്തമില്ലതെയപ്പോ!
ഭ്രാന്തെങ്ങാന്‍ വന്തുപോച്ചോ? ശിവ! ശിവ! മനമേയൊന്നടങ്ങെന്‍റെ പൊന്നേ
ഇന്നയ്ക്കാത്തില്‍ വരളാ വിരഹതരളയെന്‍ഭാര്യയാനന്ദവല്ലീ.
ആനന്ദം വന്നു ചേരും ഭുവനമഖിലവും പിന്നെ വൈകുണ്ഠലോകം
111
വിറച്ചിടുന്നാനയടിയ്ക്ക് പേടിയാല്‍
നിറഞ്ഞിടുന്നാര്‍ത്തി പെരുത്ത കണ്ണുകള്‍
അറിഞ്ഞുവെന്നാല്‍ നിജ ദേഹശക്തിത-
നുറുംപു കുമ്ഭീന്ദ്രനു ജന്മമേകിടും

Saturday, April 19, 2008

ആശംസ

ആകാശഭൂമികള്‍ വേര്‍വിടാതിണ ചേര്‍ന്നു
നില്‍ക്കും രഹസ്യം ധരിയ്ക്കുക മത്സഖേ

ഭൂമിതന്നിമ്നതയിലാഴ്ന്നിറങ്ങും ദ്യോവ്
വാങ്ങിനിന്നീടുന്നു പൊക്കത്തിലൊക്കെയും
അല്ലാത്തിടങ്ങളില്‍ തങ്ങളില്‍ നിന്നൂര്‍ന്ന
വാരിനിറയ്ക്കുന്നിരുവരും തൃപ്തരായ്

മേഘഘോഷോദ്ഭൂതവിങ്ങലീ ഭൂമിയ്ക്കു
മിന്നല്‍ പുടവയായ്മാറ്റി കൊടുക്കവേ
ആകാശമാശ്വാസശാന്തത നേടുന്നു
സൂര്യനിശാകരതേജസ്സു കോലുന്നു.

മലമുലക്കണ്ണു പുകയുന്ന ഭൂമിയും
അംബരത്തിന്നു ധൂമാംബരം നല്‍കവേ.
മാമരരോമാഞ്ചകഞ്ചുകം പൂണുന്നു
പൂത്തുലഞ്ഞുത്സവലഹരിയായ് മാറുന്നു.

വിങ്ങലുകള്‍ സമ്മാനമായ് കണ്ടു വാങ്ങിയും,
താളത്തിലാടിയും, തമ്മില്‍ തലോടിയും
അണുവിടയുമിടവിടാതിണയായി മേവുക
പ്രാണവായുക്കളാല്‍ കെട്ടിപ്പുണരുക.

പെരുമാളേ

കോപിച്ചെരിഞ്ഞും ചിരിച്ചാര്‍ത്തും കരുണയിലുലഞ്ഞും ദിനം പോക്കും ജീവപ്പെരുമാളേ ശിവപ്പെരുമാളേ
പേറ്റുനോവേറ്റങ്ങുമിങ്ങും പുളയുമമ്മപ്പെരുമാളേ ശിവപ്പെരുമാളേ
ക്ഷോഭങ്ങളില്‍ മുടിയഴിച്ചിട്ടാടും ഭൂമിയ്ക്കു കളിക്കൂടുകാരനാം ആകാശപ്പെരുമാളേ ശിവപ്പെരുമാളേ
ചിരിവിരിയും കുഞ്ഞിന്‍ തൊണ്ണിലെ നിഷ്കളങ്കപ്പെരുമാളേ ശിവപ്പെരുമാളേ
ശവം തീനിക്കഴുകന്‍കണ്ണിലെ ആര്‍ത്തിപ്പെ‍രുമാളേ ശിവപ്പെരുമാളേ
രണ്ടിനെ ഒന്നാക്കും കാമപ്പെരുമാളേ ശിവപ്പെരുമാളേ
ആരാന്‍റെ മാവിനു കല്ലെറിയും വേലിചാടിപ്പെരുമാളേ ശിവപ്പെരുമാളേ
കത്തിയാളും ചിതയില്‍ ശാന്തമായുറങ്ങും ശവപ്പെരുമാളേ ശിവപ്പെരുമാളേ
കൂമന്‍ മൂളുമാഴമുള്ളനിശയിലെ പേടിപ്പെരുമാളേ ശിവപ്പെരുമാളേ
സുഖം തച്ചും പൊട്ടിച്ചും ചുട്ടും തിന്നും ഭ്രാന്തപ്പെരുമാളേ ശിവപ്പെരുമാളേ
കണ്ണിലെ തിയ്യിനു വിറകായെന്നെ കൂട്ടല്ലേ പാചകപ്പെരുമാളേ ശിവപ്പെരുമാളേ

ണ്ട: ഢും

ണ്ട: ഢിം തരികിട തക ണ്ട: ഢിം
സ്നേഹത്തിന്‍ ചെറുതടവല്‍ കുളിര്‍കോരി
ദേഹത്തില്‍ നിരനിരയായ് രോമാഞ്ചം
കാമത്താല്‍ ഹൃദയതടം മന്ത്രിച്ചു
സിരതോറും മദരസമായ്,
അനുനിമിഷം രതിരസമായ്
തിരിയുക, മറയുക, നിറയുക, തളരുക
എന്നിട്ടോ
തലപൊളിയും വേദനയില്‍
പണ്ടേപ്പോല്‍
ണ്ട: ഢും

പുണ്യഗന്ധം

മുന്‍പു ചിരിയ്ക്കാന്‍ ജനിച്ചവരെന്ന പോല്‍
ചാഞ്ചാടിയാടി ചിരിച്ച് ജീവിച്ചവര്‍
കാലപ്പഴക്കപ്പിഴയ്ക്കു നിറം മങ്ങി
മരണമണമണിയുന്ന പൂക്കള്‍
മരണമൊഴിമൊഴിയുന്നതെന്തോ

ഇതള്‍ തോറുമിക്കിളിതൊട്ടു തടവിയ
തെന്നലിന്‍ ക്രൂരമായ് മാറിയ
മര്‍ശമെനിയെനിയ്ക്കാവില്ല ഏല്ക്കുവാനെന്നോ?

കണ്ണും മുഖവും വിടര്‍ത്തിയരികത്തു
പുണ്യഗന്ധത്തിനാല്‍ കണ്ണുകള്‍ കൂമ്പിയോര്‍ക്കായെനി
എന്‍ കയ്യിലൊന്നുമേ ഇല്ലെന്നു ചൊല്ലുവാന്‍ പോലും കഴിയില്ലയെന്നോ?

എന്നെ ഇറുത്തൊന്നു ചൂടാന്‍ മടിയ്ക്കുന്നകൈകളെ മുന്‍ പോലവജ്ഞയില്ലെന്നോ?

എന്തു പറയുവാന്‍ വെംപൂ?
കുഴയുന്നു വാക്കുകള്‍ ചിന്തയിലെന്നോ?
ശാന്തമായ് പോകുക.
വശ്യസുഗന്ധസ്മൃതികള്‍ പൊഴിച്ചു നീ
എന്നുമേ വാഴുമെന്നുള്ളില്‍
ഞാനും പൊഴിയുമൊരിയ്ക്കല്‍.
എന്നും മറവിയില്‍ ആണ്ടു പോകില്ല
നീനൂതന ഗന്ധമായ് മാറും

കെണി

കണിയേ കെണിയായ് മാറുന്നോരുടെ മാറിടകുഹരം കീറിമുറിച്ചാ നിണമുണരുന്നതു മോന്തി മദിയ്ക്കാന്‍ കരളും കണ്ണും കുത്തിനിറയ്ക്കും കോപം കൊണ്ടൊന്നുണരും നേരം കണ്ണില്‍ നിറയും ചിരിയാല്‍ മാദകലാലസഭാവോദ്വേജിതകയ്യാല്‍ മെല്ലെ കെട്ടിവരിഞ്ഞെന്‍ കണ്ണുകള്‍ വീണ്ടും തഴുകിയുറക്കും പണിയാണെന്‍ കെണി മരണം വരെയും

ചത്തവര്‍

ചത്തവര്‍ ചത്തവര്‍ മണ്ണിന്നുള്ളില്‍
‍മൂടിപ്പുതച്ചു കിടക്കയല്ല
മണ്ണിലെ മണ്ണായിത്തീരും വരെ
ചെറ്റൊന്നു വിശ്രമമേല്‍ക്കയ്യാകാം
അവരുടെ രോമങ്ങള്‍ പുല്ലുകളായ്
താമസിയാതെ പുറത്തുവരും
കണ്ണുകള്‍ നീലത്തടാകങ്ങളായ്
ശാന്തമായാകാശക്കാഴ്ച കാണും
എല്ലും സിരയും ഞെരമ്പുകളും
കാടുമ്പടലവുമായിത്തീരും
സ്വപ്നങ്ങളൊക്കെ നിറം പകര്‍ന്നു
പൂക്കളായ് പുംചിരി തൂകി നില്‍ക്കും
ക്ഷോഭങ്ങളഗ്നിമലകളായി
പൊട്ടിത്തെറിയ്ക്കാനൊരുങ്ങിനില്‍ക്കും
ദുഖങ്ങള്‍ മുള്ളുള്ള കള്ളിയായ്
വേദന നല്‍കുവാന്‍ കാത്തു നില്‍ക്കും
ചത്തോരെ കാണുവതിന്നു നമ്മള്‍
ചുറ്റിലും നോക്കുക കാണുന്നില്ലേ

ഭീകരത

ചത്തവരാശ്വാസവായുവായ്
ഭൂമിയില്‍ വീശിനടക്കയോ?
പാടില്ല.
ചുറ്റിപ്പിണയും കരച്ചിലായാഞ്ഞാഞ്ഞു വീശണം
ചത്താല്‍ ചുമതല തീരില്ല.
പേടിയാടിക്കളിയ്ക്കണം
ശത്രുവിന്‍ കേതുവായ്.
മൂടിക്കളയുവാനായല്ല കൊന്നതെന്നോര്‍ക്ക നാം.
ശവത്തിന്നു ജീവന്‍ കൊടുക്ക,
കളിയ്ക്കട്ടെ താണ്ഡവം.
ശവം കൊണ്ടു കൊല്ലണം.
രാകുക രാപ്പകല്‍ മൂര്‍ഛവരുത്തുവാന്‍
രക്തബിന്ദുക്കളില്‍ സൂക്ഷ്മമായ് കൊത്തണം
ആയിരം പേരുടെ ചാവിന്‍ തലക്കുറി

താങ്ങായി നില്‍ക്കാന്‍

ഞെട്ടറ്റ മാങ്ങയ്ക്കു താങ്ങായി നില്‍ക്കുവാന്‍ ആളു വേണം
ഇതു പരസ്യമായെടുത്താലും ശരി
ക്ഷണമായെടുത്താലും ശരി
താങ്ങായി നില്‍ക്കുവാന്‍ ആളുവേണം
മാങ്ങ പഴുത്ത് ദ്രവിച്ച് പോയീടിലും
നില്‍ക്കുവാന്‍ ആളു വേണം
അണ്ടി മുളച്ചു വളര്‍ന്നിട്ടു പൂക്കളുണ്ടാകിലും
ആളു വേണം

മക്കളും മക്കളുടെ പേരക്കിടാങ്ങളും
ഞെട്ടറ്റു വീഴാന്‍ തുടങ്ങിലും
വേണം
വേറാരു നില്‍ക്കാന്‍പരസ്യം പുറത്തൊട്ടിച്ചു
ഞാന്‍ തന്നെ താങ്ങായി നില്‍ക്കാം
ക്ഷണമെന്നകത്തൊട്ടിച്ചുഞാന്‍ തന്നെ
താങ്ങായി നില്‍ക്കാം

ഒഴികഴിവ്

കൃഷ്ണ പാണ്ഡവരീ ഞങ്ങള്‍
‍സാക്ഷാല്‍ ധാര്‍മ്മികസത്തമര്‍
‍എന്ന ചിന്തയുറച്ചേ പോയ്
വൃഥാ ഞങ്ങള്‍ക്കു മാലിനായ്

കൌരവര്‍ മറുപക്ഷക്കാര്‍
ധര്‍മ്മാധര്‍മ്മവിമൂഢരാം
ധര്‍മ്മത്തിന്നെതിരായുള്ളോര്‍
‍ജീവന്നനധികാരികള്‍

അവരെ കൊലചെയ്കാകില്‍
ധര്‍മ്മമെങ്ങിനെ വാണിടും
അധര്‍മ്മം നാടുവാണീടില്‍
‍ലോകത്തിന്‍ ഗതിമുട്ടിടും

ഞങ്ങളേ ലോകനന്മയ്ക്കു
നല്ലൂ നന്നല്ല മറ്റവര്‍
ഞങ്ങളേ ധര്‍മ്മമെന്നല്ലോ
ധരിച്ചൂ ഞാനിതേവരെ

ഇന്നു ഞാനറിവൂ ശൌരേ
ധര്‍മ്മാധര്‍മ്മ വിവേചനം
വെറുമാപേക്ഷികം പാപം
സുഖശാന്തിവിനാശകം

ഏഷണാത്രയസമ്പന്നന്‍
ധൃതരാഷ്ടൃസുതാഗ്രജന്‍
യുദ്ധമില്ലാതെ തന്‍ കാര്യം
നേടാന്‍ മാര്‍ഗം തിരഞ്ഞവന്‍

മഹായുദ്ധമഹാദോഷം
മുളയില്‍ താനൊതുക്കുവാന്‍
യത്നിച്ചവനധര്‍മ്മത്തിന്‍
മൂര്‍ത്തിമദ്ഭാവകാകുമോ

കൃഷ്ണ ശര്‍വ്വേശസൃഷ്ടിയ്ക്കു
ദോഷം കാണുന്നതെങ്ങിനെ
ധാര്‍ത്തരാഷ്ട്രന്‍ വന്ദനീയന്‍
ശ്ലാഘ്യന്‍ താനെന്നതേ ശരി

അധര്‍മ്മം ദോഷമെന്നെന്തേ
ശഠിപ്പൂ പൂര്‍വ്വസൂരികള്‍
‍സുയോധനനവന്‍ സ്വസ്ഥം
വാഴട്ടെ രാജ്യമൊക്കെയും

ഭീഷ്മദ്ദ്രോണാദി വീരന്മാര്‍
‍തൊടുക്കും ശരസഞ്ചയം
തടുക്കാനര്‍ജ്ജുനന്‍ പോരും
സംശയിയ്ക്കേണ്ട കേശവ

അവര്‍തന്‍ സ്നേഹവാത്സല്യ
നോട്ടമേറ്റെന്‍റെ മാറിടം
കത്തിക്കാളുന്ന ചൂടേറ്റു
ഞെട്ടറ്റീടുന്നു ചിന്തകള്‍

കണ്‍ തടം കണ്ണുനീരേറ്റു
നീറുന്നു തേങ്ങലാം തിര
ലക്ഷ്യമില്ലാതടിയ്ക്കു-
ന്നിതിന്ദ്രിയം തകരും വിധം

ഗാണ്ഡീവം ബന്ധുവേപ്പോലെ
അകന്നൂ കൈപ്പിടീന്നിതാ
ഗുരുവാത്സല്യമാധുര്യം
അറിഞ്ഞെന്നോടിടഞ്ഞപോല്‍

‍സ്നേഹം താന്‍ പരമം ധര്‍മ്മം
സ്നേഹം താന്‍ പരമം സുഖം
സ്നേഹം താന്‍ പരമം ദൈവം
സ്നേഹയുദ്ധം ഭയാവഹം

നോക്കു കൃഷ്ണ ദിഗന്തങ്ങള്‍
കരിവാളിച്ച മുഖങ്ങളാല്‍
ശാന്തിയ്ക്കായ് കേണു നോക്കുന്നൂ
യുദ്ധം വേണ്ടെന്നു വെയ്ക്കുവാന്‍

എനിയ്ക്കു വയ്യ യുദ്ധത്തിന്‍
പാപഭാരം ചുമക്കുവാന്‍
ഗിരിധാരിന്‍ പാര്‍ത്ഥനില്ലെങ്കില്‍
യുദ്ധമേ നിന്നു പോയിടും

വൈരാഗ്യം പൂര്‍ണ്ണമായ് വന്നു
കര്‍ത്തവ്യങ്ങളലിഞ്ഞുപോയ്
ശാന്തനായ് കാടു പൂകേണം
യുദ്ധവിഡ്ഢിത്വമുക്തനായ്

കൃഷ്ണ ശാന്തവനം നോക്കി
രഥം പോകുകയല്ലയോ
പ്രശാന്തസുന്ദരം ഭാവി
വിളിപ്പൂ പൊകയല്ലയോ

സമാധാനം

നന്നായെന്നര്‍ജ്ജുനാ ബോധം
ഇത്രമേല്‍ തെളിവാര്‍ന്നുവോ
സ്വന്തം കാര്യത്തിനീയുദ്ധം
പരമാധര്‍മ്മമായിടും

സ്വാര്‍ത്ഥം താന്‍ പോയ കാലത്തില്‍
തീയ്യായുള്ളില്‍ പുകഞ്ഞതും
നിനക്കും കൂടെയുള്ളോര്‍ക്കും
ജീവശ്വാസം തടഞ്ഞതും

സ്വാര്‍ത്ഥനൂലാമാല നീക്കി
പടവെട്ടുക നേടുക
ധര്‍മ്മാധര്‍മ്മങ്ങളില്‍ തെന്നി
നിലതെറ്റാതെ നടക്കുക

ഭൂതഭാവികളില്‍ മാത്രം
വെയ്ക്കും കാലാലെയര്‍ജ്ജുന
സുഖമാം വര്‍ത്തമാനത്തിന്‍
നൌകയില്‍ ‍പോകതെങ്ങിനെ

വര്‍ത്തമാനത്തിന്‍റെ മുന്നില്‍
സുഖദുഖമടങ്ങിടും
ധര്‍മ്മാധര്‍മ്മാഖ്യന്ദേഹ-
സന്ദോഹങ്ങളടങ്ങിടും

വര്‍ത്തമാനത്തിലുള്‍ക്കൊണ്ടാല്‍
‍ഞാനാരാണെന്നറിഞ്ഞിടും
ഞാനാരാണെന്നറിഞ്ഞീടില്‍
നീയ്യാരെന്നുമറിഞ്ഞിടും

അപ്പോഴാചാര്യബന്ധുക്കള്‍
‍സൂര്യതാപത്തില്‍ മഞ്ഞുപോല്‍
‍മാഞ്ഞിടും സത്യസങ്കല്‍പ്പന്‍
‍ഈശ്വരന്‍ വെളിവാര്‍ന്നിടും

ഭൂതഭാവികള്‍ നോക്കാതെ
വര്‍ത്തമാന പടക്കളം
പാപപങ്കിലമാക്കാതെ
യജ്ഞഭൂവാക്കി മാറ്റുക

സംശയം പാപജന്മാവ്
ഭൂതഭാവിസുതന്‍ വൃഥാ
കര്‍മ്മങ്ങള്‍ സഞ്ചയിയ്ക്കുന്നോന്‍
അവനെ കൊല്ലുക കൊല്ലുക

അമൃതം

ചിന്താലഹരികളാടിക്കളിയ്ക്കുന്ന
ബോധസമുദ്രത്തില്‍മുപത്തുമുക്കോടി
രാവുപകലുകള്‍ ആഞ്ഞുകടഞ്ഞു
കൈകാലു കടയവേ
ആഗ്രഹഗര്‍ഭം സഹിയ്ക്കാതെ
മല്‍പ്രാണനാഡികള്‍ഛര്‍ദ്ദിച്ചു സംഹാരരുദ്രപാനീയ്മൊരുക്കവേ
പര്‍വ്വതക്കൂടങ്ങള്‍ സംശയകോടികള്‍
ആടിയുലഞ്ഞു കുഴഞ്ഞാണ്ടു പോയീടവേ
ആമപോലുള്‍ വലിഞ്ഞുള്ളിലെ ശാന്തസനാതനം
ഊര്‍ജ്ജവുമുള്‍ക്കൊണ്ടുയര്‍ത്തെഴുന്നേല്‍ക്കവേ
ആന കുതിരയും കല്‍പകവൃക്ഷഫലങ്ങളും
പോകും വഴിയില്‍ തടസ്സമായ്തര്‍ക്കിച്ചു നില്‍ക്കവേ
സാന്ദ്രസൌന്ദര്യനിലാവത്തു സമ്പത്തു
പൂണുവാന്‍ മാറിലണയവേമാത്രം
അറിയുന്നിവ യെന്‍ മതിഭ്രമക്കാഴ്ചകള്‍
ലാലസമാടിക്കുഴയുന്നൊരിന്ദ്രിയ-
സന്തോഷഗാഢസംഗത്തിനായ്ഓടിയടുക്കവേ
മറയുന്നു സന്തോഷദു:ഖങ്ങള്‍ മായുന്നു സങ്കല്‍പബന്ധുരകാംചനക്കൂടുകള്‍

ദ്രവിച്ചില്ലാതെ പോകുന്നൊരമ്മ

അമ്മയുടെ മാറത്തു റബ്ബര്‍മരത്തിന്‍റെ
വേരുകള്‍ആഴ്ന്നങ്ങിറങ്ങി
ഞാനൂറ്റികുടിച്ച്തിന്‍ ബാക്കിയാം
ഊഷ്മളസ്നേഹം കുടിച്ചാകെ വറ്റിച്ചിരിയ്ക്കും
ഞങ്ങളും അണ്ണാനും കാക്കയും
നീട്ടിയെറിഞ്ഞു മുളച്ച
തന്‍ മക്കളെ കൊല്ലുന്നതുകണ്ടു
തരിച്ചു മരിച്ചതേന്മാവിന്‍റെ വേരുകള്‍
എനി എന്നമ്മയെ കാക്കുകയില്ല
കണ്ണീരൊലിച്ചാലെന്നമ്മ തുടയ്ക്കുന്ന
കണ്ണുനീര്‍ച്ചാലിന്‍റെ ഓര്‍മ്മപോലും
ദ്രവിച്ചില്ലാതെ പോകുമെന്നമ്മയ്ക്കു
പാഥേയമായ്കിട്ടുകയില്ല.
സത്യം പറയാംബലിക്കാക്ക
ആകാംക്ഷയോടിരുന്നാര്‍ത്തു വിളിയ്ക്കുന്ന
മുറ്റത്തെ നെല്ലിമരമെനി കായ്ക്കുകില്ലെന്നു
പറയുന്നരൂക്ഷമുഖങ്ങളില്‍
ശപിച്ചെറിഞ്ഞീടുവാന്‍
ഇല്ലെന്‍ കമണ്ഡലുവില്‍ തുള്ളിയോജസ്സും

നാണം കെട്ട നാണം

നാണം കെട്ടു നടക്കുന്നോരുടെനാണം പോകുവതെങ്ങാനോ
അവരുടെ ഉള്ളില്‍ നാണിച്ചെങ്ങാന്‍ ചുമ്മാ കുത്തിയിരുപ്പാണോ
കാണുന്നോരുടെ കണ്ണില്‍ കരടായെരിപൊരി കൊണ്ടുനടപ്പാണോ
നാണം കെട്ടൊരു നാണത്തിന്‍റെ അഛനുമമ്മയുമാരാണോ
ഞാനോ നീയ്യോ മറ്റാരാനോനാണിയ്ക്കുമ്പൊ ചോദിയ്ക്കാം

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...