Monday, July 28, 2008

മാവിനോട്

നിന്‍റെ ജീവിതപ്പിറ്റേന്ന്
അതായാത് നാളെ
ഞാന്‍ ചിതയിലെ
കടക്കൊള്ളികള്‍ പെറുക്കിക്കോട്ടേ?
മാമ്പഴം പെറുക്കുന്ന അതേ
ശ്രദ്ധയോടെ.

എന്തിനു നീ ഉടന്തടി ചാടണം?
നിശ്ശബ്ദശ്രുതിയില്‍ ലയിച്ചു കിടക്കും
തണുത്ത ശരീരത്തിന്
കരാളാഗ്നിയില്‍ കൂട്ടു
കിടക്കാന്‍ പോകുന്നെന്ന ബന്ധത്തിനോ?

അതോ മക്കളെ കെട്ടിപ്പിടിച്ച്
ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍
പണിപ്പെടും വിധവയുടെ
പകരം ഒരു ഉപകാരം പോലെ?

ഹൃദയതാളത്തിനേ വിള്ളലുകളേകി
നീ പോയാല്‍
വരും വേനലില്‍ ശൂന്യതണലില്‍
വാത്സല്യമൂറുന്ന ഒരു മാമ്പഴം പോലും
പെറുക്കാനൂണ്ടാവില്ല്.

പകരം നാളെ ചിതയില്‍നിന്ന്
കടക്കൊള്ളി പെറുക്കി
വച്ചോട്ടേ?

അതില്‍ ചുടുകാടിനോടുള്ള
പേടിയോ അകല്‍ച്ചയോ
തീര്‍ച്ചയായും ഞാന്‍ വെയ്ക്കില്ല.
മമ്പഴത്തിനോടുള്ള
ഭക്തിമാത്രമേ കരുതൂ.

ഇതു നീ അനുവദിയ്ക്കുക
തന്നെ വേണം.
ഇതെന്‍റെ തലമുറയ്ക്കു
വേണ്ടിയാണ്

അവരുടെ മാമ്പഴകഥകളില്‍‍
ശവത്തിന്‍റെ അശുദ്ധി
നിറയ്ക്കില്ല
നാളെ കടക്കൊള്ളി
ഞാനെടുക്കും

Sunday, July 27, 2008

കണ്ണന്‍ വരും

കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ
മനമേ! ലോകൈകകള്ളന്‍ കണ്ണന്‍
വരും ഒച്ച വയ്ക്കാതെ മനമേ
നീ ഒച്ച വയ്ക്കാതെ മനമേ

പാലും തയിരും വെണ്ണയുമല്ലാ
തുണിയുമ്മാനവും എല്ലാം കവരും
കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ മനമേ!
നീ ഒച്ച വെയ്ക്കാതെ മനമേ!

വെളവിന്‍ വിളനിലമവനെന്നറിക.
കളവിന്നായൊരു കുറി കയറീടില്‍
മനമേ! അനുഭൂതിപ്പൊടി വിതറി
നിന്നെ മയക്കി കൊണ്ടേ പോകും
കണ്ണന്‍ വരും ഒച്ച വയ്ക്കാതെ മനമേ
നീ ഒച്ച വെയ്ക്ക്കാതെ മനമേ!

കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ മനമേ!
ലോകൈകകള്ളന്‍ കണ്ണന്‍ വരും
ഒച്ച വയ്ക്കാതെ മനമേനീ ഒച്ച വയ്ക്കാതെ മനമേ

Saturday, July 26, 2008

ഭാഷ

കാര്‍മേഘങ്ങള്‍ കൊമ്പുകുത്തി കളിയ്ക്കുന്ന
മലയുടെ താഴ്വാരത്തില്‍
കോടമഞ്ഞ് അലസമൊഴുകി നടക്കുന്ന
പുല്‍മേട്ടിന്നപ്പുറത്തുള്ള കൊടും
കാട്ടില്‍ എന്‍റെ എന്തോ ഉണ്ട്.

ഒരുപക്ഷേ കൊഴിഞ്ഞു പോയ ജന്മങ്ങളിലെ
എന്തോ

മഴമേഘങ്ങള്‍ മുകളില്‍ നിന്നതു കണ്ട് അവരുടെ ഭാഷയില്‍
ഉച്ചത്തില്‍ എന്തോ എന്നോട് വിളിച്ചു പറയുന്നത്
നിങ്ങളും കേട്ടിട്ടില്ലേ

കാട്ടില്‍ ‍നിന്നു വരും അരുവി
അനവരതം എന്തോ പറയുന്നതും നിങ്ങള്‍ ശ്രദ്ധിച്ചിരിയ്ക്കും

കാടിന്‍റെ ദൂതുമായ് എന്‍റെ ചുറ്റിലും മുള്യ്ക്കുന്ന
ചെടികളും വൃക്ഷങ്ങളും കാറ്റിലിളകുന്ന
ഇലകളാല്‍ കാടുചൂണ്ടുന്നതും അതുതന്നെ ആയിരിയ്ക്കാം

കാട്ടില്‍ പോയി തിരയുന്നതിനല്ല,
എന്തു തിരയുമെന്നതാണ്.
പറയുന്നവരുടെ ഭാഷ അറിയാതെ പോയില്ലെ?

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...