Friday, August 29, 2008

പരസ്യം

സംസ്കാരമെന്നാല്‍ വെറും വെച്ചുകെട്ടുകള്‍ ചുറ്റും
നില്‍ക്കുവോര്‍ സമ്മാനിച്ച ചിഹ്നങ്ങള്‍ വിചിത്രങ്ങള്‍
മേല്‍ക്കുമേല്‍ പരസ്യങ്ങള്‍ പതിച്ചെന്‍ സത്യരൂപ-
മോര്‍ക്കുവാനാവാതായ മതിലായ് മാറുന്നു ഞാന്‍

മാതാവിന്‍ മുലപ്പാലാല്‍ വാത്സല്യപ്പരസ്യത്തിന്‍
പതിയല്‍ മുതല്‍ക്കേ ഞാന്‍ ഞാനല്ലാതായിത്തീര്‍ന്നു.
ഏതുമേ തിരിയാത്ത ചലനം ചിരിയ്ക്കാനായ്
പതിച്ചാല്‍ കൈകാല്‍ കുടഞ്ഞാവോളമാഹ്ലാദിച്ചു

ക്രോധതാമ്രാക്ഷം താതന്‍ കോപിയ്ക്കും ചിഹ്നം വെച്ചാല്‍
അധരപിളര്‍ത്തിക്കൊണ്ടഴലായ് കേണീടാനും
മധുരം നാവിന്‍ തുമ്പത്തായിരം വള്ളം കളി
സാധിയ്ക്കാന്‍ പോരും നല്ല ചിഹ്നമെന്നറിയാനും

ചുറ്റുമുള്ളോരെ കണ്ടാല്‍ വണങ്ങും ചിഹ്നം വെച്ചാല്‍
മാറ്റനിയ്ക്കേറേ കൂടുമെന്നുള്ളതറിയാനും
മാറ്റില്ലാചിഹ്നം എന്നില്‍ പതിച്ചാല്‍ മറ്റുള്ളോര്‍ക്കു
മാറ്റില്ലാതാവും ചിരിയെന്നും ഞാന്‍ പഠിച്ചേനേ

ചിതയില്‍ കിടക്കാനായ് കച്ചയാല്‍ പുതയ്ക്കോളം
പതിയും പരസ്യങ്ങള്‍ കാഴ്ച്ചക്കാര്‍ നോക്കിക്കാണും
ഇതിനാല്‍ കാഴ്ച്ചക്കാരും പരസ്യം ശീലമാക്കി
മതിലായ് നിന്നു സ്വയം സംസ്കാരം നിലനിര്‍ത്തും

എന്തിനീ സംസ്കാരത്തിന്‍ ചിഹ്നങ്ങള്‍ സ്വയം കാണും
‍ചിന്തയേ മുടക്കീടും മൂടലായ് ചുറ്റും വന്നു?
അന്തിയായാലുമിരുള്‍ കട്ടിയായ് പൊതിഞ്ഞാലും
അന്തമില്ലാതെകണ്ടീ പരസ്യം നിലനില്‍ക്കും

Thursday, August 28, 2008

എലി

ആനയ്ക്കോ പൂച്ചയ്ക്കോ മണികെട്ടുന്ന കാര്യമല്ല. എലിയ്ക്ക് മണികെട്ടുന്ന കാര്യം വെറുതേ ചിരിയ്ക്കേണ്ട. മലമറിയ്ക്കുന്ന കാര്യമല്ലെന്ന ഭാവം വേണ്ട. ആനയ്ക്കും പൂച്ചയ്ക്കും തീറ്റി കൊടുക്കുന്നവരോടു പറയാം മണികെട്ടാന്‍. എലി കട്ടുതിന്നുന്നവനാണെന്നല്ലേ നമ്മള്‍ പഠിച്ചത്? കട്ടപാപം തിന്നാല്‍ തീരും എന്നൊരുപഴമൊഴിയുണ്ടോ? ഉണ്ടാകും. ഇല്ലെങ്കില്‍ ഉണ്ടാക്കാം വിശപ്പ് സഹിയ്ക്കാതെയൊന്നു കട്ടെന്നിരുന്നാലും സഹിയ്ക്കാം. എലി അങ്ങിനെ അല്ലല്ലോ. തിന്നുന്നതിനേക്കാള്‍ നാശപ്പെടുത്തുകയല്ലേ? ഇന്നലെ കണ്ട സ്വപ്നത്തിന്‍റെ വക്കുകരളുന്ന എലി വാല്‍ കൊണ്ടു തോണ്ടി പറഞ്ഞതെന്താണെന്നോ? കട്ടുതിന്നുന്നവനെ കാണാന്‍ കണ്ണാടിനോക്കാന്‍ കണ്ണാടിയില്‍ നോക്കിയാല്‍ എന്നെ തന്നെ അല്ലേ കാണുക? അതും വായിക്കാന്‍ പറ്റാത്തരീതിയില്‍ തലതിരിഞ്ഞ് കളവ് ചെയ്യുകമാത്രമല്ല പറയുക കൂടി ശീലമാക്കിയിട്ടുണ്ടാകും എലി.‍ ഉറക്കത്തിന്‍റെ ഇടതും വലതും തലയ്ക്കലും കാല്‍ക്കലും എലിക്കെണി വയ്ക്കണം എലിമൊഴിയില്‍ സത്യമുണ്ടാകുമോ? ഭാര്യ വിളിച്ചു പറഞ്ഞു “നമ്മുടെ ആവശ്യമില്ലാത്ത സാധനങ്ങള്‍ വയ്ക്കുന്ന പെട്ടി എലി കരണ്ടൂട്ടോ” അലങ്കാരവസ്തുക്കള്‍ വച്ച മേശമേലിരുന്നു വാല്‍ കൊണ്ട് എലി കണ്ണാടി ചൂണ്ടി. എലിയ്ക്കു മണി കെട്ടണം. മുഖ്യമന്ത്രി, സ്വർണ്ണം, കർഷകസമരം ഇതിലൊന്നും അല്ല പ്രപഞ്ചത്തിന്‍റെ പൊട്ടിത്തെറി. പൊട്ടിത്തെറിയ്ക്കുന്ന അഗ്നിപര്‍വ്വതത്തിന്‍റെ മുകളിലിരിയ്ക്കുന്നവര്‍ക്കേ അതു മനസ്സിലാവുള്ളൂ. “നമ്മുടെ ആവശ്യമില്ലാത്ത സാധനങ്ങള്‍ വയ്ക്കുന്ന പെട്ടി എലി കരണ്ടൂട്ടോ” കട്ടപാപം തിന്നാല്‍ തീരും എന്നൊരുപഴമൊഴിയുണ്ടോ? ഉണ്ടാകും! ഇതുരണ്ടും കൂട്ടി വായിച്ചു നോക്കൂ എലിയ്ക്കു മണികെട്ടിയാല്‍ പോര. കൊല്ലണം കണ്ണാടിയായ കണ്ണാടിയൊക്കെ ഉടയ്ക്കണം എലി കള്ളനായിരുന്നെന്നു വരാനും. ഞാന്‍ ഞാനാവാനും അതു അത്യാവശ്യമാണ്

Wednesday, August 20, 2008

ചോറ്

അഖിലാണ്ഡമണ്ടന്മാരൊരുമിച്ചു കൂടി
അരിവെച്ചു തിന്നാനായ് വട്ടവുംകൂട്ടി
കൂട്ടംകണ്ടവിടേയ്ക്കു കച്ചോടക്കാരന്‍
കണ്ണട വിക്കാനായ് ഓടിയടുത്തു

മണ്ടന്മാര്‍ കണ്ണട മൂക്കിന്മേല്‍ വെച്ചു
ചോറിന്നു നിറമാകെ മാറിമറഞ്ഞു.
കണ്ണടയ്ക്കാണു നിറമെന്നുറയ്ക്കാന്
‍അഖിലാണ്ഡമണ്ടന്മാര്‍ തലയാട്ടിയില്ല

അതിനിടയ്ക്കാ ചോറില്‍ കൂണു മുളച്ചു
കറികളിലാകവേ പൂപ്പല്‍ പരന്നു
കുട്ടികള്‍ പാവം വിശന്നു മയങ്ങി
പ്രശ്നത്തിനിപ്പോളും നിറമാണു പ്രശ്നം

Saturday, August 16, 2008

നന്ദി

ആ മരം എന്നു മൊഴിയാന്‍ തലയുയര്‍ത്തി
നോക്കെത്താത്തോളം പൊക്കത്തില്‍ കണ്ണും നട്ട്
മരത്തിന്‍റെ അറ്റം വ്യക്തമല്ലാതെ കണ്ടപ്പോളുണ്ടായ
വാക്കാണത്രേ ആമ്രം

മുതുമുത്തച്ഛന്മാര്‍ പശുവിന്നകിടില്‍ പാല്‍
കണ്ടു പിടിയ്ക്കും മുന്‍പ്
അവര്‍ക്ക് വാത്സല്യം ചുരത്തിയത്
ആ ആമ്രമായിരുന്നത്രേ
അതാണു പോലും മാതാവില്‍ നിന്ന് കുറച്ചു കുറഞ്ഞ്
മാവായത്

ഇതിന്‍റെ തണലിലാണു പോലും രാത്രി
പകലിനെ പേടിച്ച് ഇരുന്നിരുന്നത്
ഇന്നത് മനുഷ്യമനസ്സിലാണല്ലോ
കൂടുതല്‍ സുരക്ഷിതമായിരിയ്ക്കുന്നത്.

പണ്ട് മേഘങ്ങളെ തോളത്തിരുത്തി
താലോലിച്ചത് അത്ര ഉയരമുണ്ടായിരുന്ന
മാവായിരുന്നത്രേ

ആ വാത്സല്യഭാജനങ്ങളായമേഘങ്ങള്‍
മദം മൂത്ത് പടവെട്ടിക്കളിയ്ക്കുമ്പോള്‍
അതിലൊന്നിന്‍റെ ഇടിവാള്‍
പാളി വീണാണത്രേ ആ ആദ്യമാവുമരിച്ചത്

മാവൊഴിഞ്ഞിടത്ത് മാവിന്‍റെ ആദ്യസ്മാരകമായാണത്രേ
ആദ്യഗ്രാമം പണിതത്

ആ മാവിന്‍റെ മക്കള്‍
മനുഷ്യരെ തോളിലേറ്റിയും
വാത്സല്യ്ം ചുരത്തിയും
വളര്‍ത്തിയതിന് ഉപകാരസ്മരണയായാണത്രേ
മരണരണം കഴിഞ്ഞാല്‍
ആ മാവിന്‍റെ മക്കള്‍ക്ക്
മോക്ഷം കൊടുക്കുന്നത്

മനുഷ്യര്‍ മേഘങ്ങളേപ്പോലെ
നന്ദിയുള്ളവരാണല്ലോ

Thursday, August 7, 2008

കെണി

ദൈവത്തിന്‍ വഴി വഴുക്കുകല്ലാല്‍ നിറച്ചതാരാണ്?
കണിയാന്‍. കെണിവെയ്ക്കും കണിയാന്‍.
കെണി പണിയാന്‍ പണമെണ്ണിക്കൊടുത്തതെന്തിന്ന്?
പണമൊഴുകാന്‍. പെണ്ണു പറഞ്ഞൂ പണ്ടം വാങ്ങീടാന്‍
‍ദൈവത്തിന്നൊരു കെണിവെച്ചെന്നാല്‍ കാശുണ്ടാകും പോല്‍!
ദൈവം ഭാഗ്യം മുഴുവന്‍ കിഴിയില്‍ കെട്ടിനടപ്പല്ലേ
വഴുക്കിവീണാല്‍ കിഴി താനഴിയും ഭാഗ്യം ചിതറീടും
നിങ്ങളു വേണേല്‍ ദൈവം വീഴും വഴിയില്‍ ന്നിന്നോളൂ
കെണിയുടെ കാശില്‍ പാതി തരേണം ഭാഗ്യത്തിന്നായി

Saturday, August 2, 2008

വെണ്ണ

വെണ്ണ തരേണമെന്നുണ്ടെന്‍ കയ്യാല്‍
കണ്ണാ പടുവികൃതീ!
ഒന്നു വിളിച്ചാല്‍ നീ വരുമെന്നും
നന്നായറിയാമേ
നീ വന്നെന്നാല്‍ ചിന്തകള്‍ പോലും
രോമാഞ്ചം കോലും.
വാത്സല്യത്തിരനിറയേ സ്മൃതിയും
ഉലയും ചഞ്ചാടും
ഒന്നിനുമേതിനുമൊരുപിടിയിലാ-
താനന്ദം വഴിയും
തന്നത്താനെ കെട്ടുകളെല്ലാം
അഴിയും കഥകഴിയും

സുന്ദരതരമീ പരിസരമെല്ലാം
നിന്‍ വരവാല്‍ കണ്ണാ
എന്‍റേതല്ലാതായിടുമെന്നേ
ഭയമെന്‍ തിരുമാലീ

എന്നാലും ഞാന്‍ ഉറിയില്‍ നിറയും
വെണ്ണയുമായ് പാത്രം
വെച്ചേയ്ക്കാം. നീ വന്നാലെന്നെ
ത‍ട്ടി വിളിയ്ക്കരുതേ

നിന്നെ കണ്ടാലെല്ലാം തീരും
എന്നല്ലോ‍ ചൊല്വൂ.
വെണ്ണതരേണമെന്നുണ്ടെന്നാലും
എന്തോ ചൊല്ലേണ്ടൂ

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...