Monday, November 2, 2009

ജനനം

മലമുകളില്‍ കാര്‍മേഘങ്ങള്‍
നിരനിരയായ് തിരയാനെത്തി
ചെറുചെടികള്‍ക്കിടയില്‍ തിരയാന്‍
ചെറുപവനന്‍ പാഞ്ഞു നടന്നു
ഇടിമുരളും മാനത്താരോ
മിന്നല്‍ തെളിയിച്ചു തിരഞ്ഞു
ധരയുടെ ചുടുമാറിലുറങ്ങും
ചെറുവിത്തിനെ കണ്ടെല്ലാരും

വര്‍ഷാരവമകലേനിന്നേ
ഭൂമണ്ഡലാമാകെ നനച്ചു്
മടിപൂണ്ടു കിടക്കും വിത്തിന്‍
അരികത്തു തിമര്‍ത്തു മതിച്ചു

ചെറുതോടില്‍ നനവുപരക്കെ
ചെറുവിത്തിന്‍ കുഞ്ഞകതാരില്‍
അറിയാതൊരുകുളിരു പരന്നു
ചെറുകുളിരില്‍ നെടുനാളായി
മതികെട്ടുകിടക്കും വിത്തിന്‍
കൈകാലുകള്‍ ഞെരിപിരികൊണ്ടു

ഞെരിപിരിയാല്‍ നാരാം വേരുകള്‍
അമ്മപുതപ്പിച്ചു കിടത്തിയ
ചെറുതോടിന്‍ വെളിയില്‍ വന്നു
ധരയുടെ കനിവാര്‍ന്നു നനഞ്ഞ
ചെറുചൂടെഴുമുടലില്‍ കൊണ്ടു

സ്നേഹാദ്യസ്പര്‍ശനമെന്തെ-
ന്നാരായാന്‍ തോടില്‍ നിന്നും
തലമെല്ലെ വെളിയലെടുത്ത്
മുട്ടില്‍ കുംപിട്ടു തിരഞ്ഞൂ.


കിളികള്‍ കളനാദത്താലെ
ജനനോത്സവനാദമുതിര്‍ത്തൂ
ചെറുപവനന്‍ ചൊല്ലുകയാലെ
മരനിരകള്‍ ഇലയില്‍ കാത്ത
ചെറുതുള്ളികള്‍ കണ്ടു കൊടുത്തൂ
സൂര്യന്‍ ജഗദധിപന്‍ തന്നെ
ചെറുമുളയെ തൊട്ടുതലോടി
രാത്രിവരാന്‍ കാത്തീടാതെ
പനിമതിയും മാനത്തെത്തീ
ചെറുതെങ്കിലുമൊരുജനനത്തിന്‍
മേളത്തില്‍ ചേര്‍ന്നേന്‍ ഞാനും

Tuesday, August 18, 2009

ഗുരുത്വാകര്‍ഷണം

ഭൂമിയില്ലെല്ലാതും വീണുപോകുന്നത്
ചുമാതല്ലായതിന്‍ കാരണമായ്
കണ്ടുപിടിച്ചത് ഭൂഗുരുത്വത്തിന്‍റെ
കൊണ്ടുപിടുത്തത്തിന്‍ വ്യഗ്രതയാം
ആവൂ സമാധാനമെന്നുടെ ദേഹത്തില്‍
സര്‍വ്വരും കല്ലെറിഞ്ഞീടുകിലും
വന്നു പതിയ്ക്കില്ല ചെയ്തതു ചിന്തിച്ചാല്‍
നന്നായി കുന്നോളം തോന്ന്യാസങ്ങള്‍
കിട്ടിയതിനാലെ വേണ്ടതില്‍ കൂടുതല്‍
വിട്ടുപോയീടാ ഗുരുത്വക്കേട്
വല്ലതും വന്നു പതിയ്ക്കേണമെങ്കിലോ
നല്ലഗുരുത്ത്വമുള്ളാളാവണം

അല്ലയെനിയ്ക്കൊരു സംശയം തോന്നുന്നു
വല്ലമലയിലും താമസിയ്ക്കും
കച്ചോടക്കാരൊക്കെ കൂടുതല്‍ കാശിന്നു
കച്ചോടം ചെയ്യേണ്ട കാര്യമില്ലേ
മേലെയും താഴത്തും തൂക്കത്തില്‍ കാര്യമായ്
തുല്യത നഷ്ടപ്പെടുന്നതില്ലേ
കള്ളത്തുലാസൊന്നു കൈക്കലാക്കീടണം
എള്ളോളം പോയാലും നഷ്ടമല്ലേ

പെണ്ണുങ്ങളെ ചുറ്റും പൂവാലരെ നിങ്ങള്‍
കണ്ണിലും വായിലും നോക്കിനിന്നാല്‍
നിങ്ങള്‍ക്കു നിങ്ങടെ പോക്കിന്‍റെയൂര്‍ജ്ജത്തില്‍
മങ്ങല്‍ വന്നീടുകില്‍ ബുദ്ധിമുട്ടും
പെട്ടെന്നവരുടെയാകര്‍ഷണത്തിനാല്‍
മുട്ടീടും ദേഹത്ത്. പൊട്ടും പൂശ
വേഗം നടന്നെനാലാകര്‍ഷണത്തിനെ
വേഗം ജയിച്ചീടും നല്ലതത്

Friday, August 14, 2009

സ്വാതന്ത്ര്യം

തിളച്ചുമറിയും സ്വാതന്ത്ര്യത്തിന്‍ ഭാവം പൂണ്ടീടാന്‍
തളച്ചചങ്ങലയഴിച്ചുകളയുകയന്യോന്യം നമ്മള്‍
കച്ചോടക്കാര്‍ നല്‍കുമുടുപ്പിന്‍ പാകത്തിന്നായി
ഇച്ചെറു ദേഹം ചെത്തീടുവതിന്നിച്ഛിച്ചീടരുതേ
നമ്മുടെയിടയില്‍ മതിലുകള്‍ പണിയാന്‍ വേറങ്ങാര്‍ക്കാനും
നമ്മുടെ മെയ്നീരാക്കിക്കിട്ടിയ സമ്പാദ്യം നല്‍കാ.
മതിലുകള്‍ വേണം ദുസ്വാതന്ത്ര്യത്തടപണിയാന്‍‍ മാത്രം
മൊത്തം നമ്മളകപ്പെട്ടീടും മതിലുകള്‍ പണിയേണ്ട
നാമുണ്ടാക്കുമതിര്‍ത്തികള്‍കാക്കാന്‍ ചോരയൊഴുക്കീടും
വിമ്മിഷ്ടത്തിന്‍ മതിലുതകര്‍ക്കാന്‍ ഞാനെന്നേ തയ്യാര്‍
ഞാന്‍ പാടീടും പാട്ടുകള്‍ കേള്‍ക്കാന്‍ തയ്യാറുണ്ടെങ്കില്‍
ഞാന്‍ പാടീടാം ദുസ്വാതന്ത്ര്യപ്പാട്ടിന്നില്ലാ ഞാന്‍

Wednesday, June 24, 2009

സൌരം

വറ്റുന്ന സൂര്യനായിട്ടെന്‍
അറ്റുപോകുന്ന നീരിനാല്‍
ചുട്ടുപൊള്ളീടുമഞ്ജലി

ലാവ പായും ഞെരമ്പിന്മേല്‍
കവാത്തുണ്ടെന്‍റെ കാമന
കാവലാദിത്യ നല്‍കുക.

കര്‍ണ്ണകുണ്ഡലമില്ലാഞ്ഞും
നിഴലില്‍‍ കര്‍മബന്ധനം
വേരിലശ്രു തളിയ്ക്കുക

മേഘങ്ങള്‍ നിഴല്‍ ‍പെയ്യുംപോള്‍
എന്‍ നിഴല്‍ വീണ്ടു കിട്ടുവാന്‍
ചണ്ഡരശ്മിയയ്ക്കുക

പാപബീജം വേരിറങ്ങും
രാത്രിയില്‍ നിസ്സഹായയായ്
വെളിച്ചത്തെയൊഴുക്കുവേന്‍‌

എന്നുള്ളില്‍ വെട്ടമേകായ്ക
അഹങ്കാരത്തിലെ കറ
വര്‍ത്തമാനത്തിലേ മറ

ജടയില്‍ രശ്മിയാഴ്ത്തായക
ഇടയില്‍ ദ്രൌണിനല്‍കിയ
കടയും വ്രണവേദന

രശ്മിയൂറ്റി കുടിപ്പോര്‍ക്ക്
ശ്മശാനത്തിന്നു തീയിന്നായ്
പ്രേമത്തോടത്തല്‍ നല്‍കുക

Monday, June 22, 2009

ആശ

തണ്ണിര്‍കുടങ്ങളില്‍ തണുപ്പു
ബ്രഹ്മഹത്യാപാപത്തിനു തപസ്സു ചെയ്യുന്നു.
വേനനും വൃത്രനും വെട്ടിയിട്ട ഇടിമുഴക്കങ്ങളും
മിന്നലുകളും ജീര്‍ണ്ണിച്ച് പോയിരിയ്ക്കുന്നു.
തണുപ്പിനു പേടിയാണ്

ചൂടില്‍ കാഴ്ചകളൊക്കെ പുളയുന്നു
തണുപ്പിനു പേടിയാണ്
ക്രൂരജന്മങ്ങള്‍ മലയില്‍
കാറ്റുതീയ്യാല്‍ ചൂടിന് ആരതിചെയ്യുന്നുണ്ട്
തണുപ്പിനെ കണ്ടുപിടിച്ച് ബലികൊടുക്കുമോ?
തണുപ്പിനു പേടിയാണ്

സൃഷ്ടി ഒരിടിമുഴക്കം മെനയുന്നുണ്ടാവും
വിധി അതെടുത്ത് ഒരുനാള്‍ തടവയ്ക്കും
മഴത്തുള്ളികള്‍ ചൂടിന്‍റെ ഫണംതോറും
നൃത്തം വയ്ക്കും
ഇലകളും പുല്ലുകളും മഴത്തുള്ളിയുടെ
നൃത്തത്തില്‍ മതിമറന്ന് ആളിക്കളിയ്ക്കും
തണ്ണീര്‍ക്കുടത്തിലെതണുപ്പ് അന്ന് നാടുവാഴാന്‍വരും.
വേനനും വൃത്രനും ജീര്‍ണ്ണിയ്ക്കും

Tuesday, June 16, 2009

രക്ഷിയ്ക്കണേ

ചേരയെ തിന്നുന്ന നാട്ടിലെനിയ്ക്കൊരു
ചേരവാല്‍ തിന്നുവാന്‍ വായയില്ല
വായയില്‍ മാലിന്യക്കൂമ്പാരം കൂട്ടിയോര്‍
കയ്യുമലര്‍ത്തി കടന്നു പോയി
അണ്ഡകടാഹം കുരച്ചു വിറപ്പിയ്ക്കും
അണ്ഡമുടഞ്ഞുള്ള നായവാലില്‍
ആകെ ഭ്രമിച്ചോളിപാടുന്ന പട്ടിയ്ക്കു
മൂക്കിന്‍ മുകളിലോ പന്നിപ്പനി
ചക്കക്കുരുവിത്ര വേണമോ ചക്കയ്ക്കു
ചുക്കിച്ചുളിഞ്ഞ വൃഷണദ്വയം
കൊണ്ടുകുലുമാലു കൂട്ടുന്നു കൂടുന്നു
വിണ്ടലം വിള്ളിയ്ക്കും ഭീകരത
ചോരയില്‍ നിന്നു മുളച്ചോര്‍ക്കു ചോരയില്‍
ഊര വഴുക്കും കൊളസ്റ്റ്രോളത്രേ
ചേരയെ തിന്നുന്ന നാട്ടിലെനിയ്ക്കൊരു
ചേരവാല്‍ തിന്നുവാന്‍ വായയില്ല

Wednesday, April 22, 2009

കുമ്പിളിനു വ്യത്യാസം. കഞ്ഞി കഞ്ഞി തന്നെ

ഞാറാഞ്ഞു നട്ട് നിവര്‍ന്നപ്പോള്‍
മുതുകത്താലുമുളച്ചു
ആലിന്തറയിരുന്നു മുറുക്കി
തുപ്പുത്തുന്നതു കേട്ടിട്ടാണ്
ചുകന്നതാടി തിരശ്ശീല
തകര്‍ക്കാന്‍ നോക്കിയത്.
പാവംഅണ്ഡകടാഹം
ചീറിപ്പൊളിച്ചാലും
തിരശ്ശീല കീറില്ലെന്ന്
കത്തിയോ, താടിയോ, കരിയോ അറിയുന്നോ?

പൈതലിന്‍ പിളരും ചുണ്ടു നിനച്ചു
കളപറിച്ചു പറിച്ച്മുലചുരന്നു.
നെല്ലിന്‍ മണിയില്‍ പാലൊഴിച്ചു വച്ചു
പാലിനശുദ്ധമില്ലെന്നാര്‍ക്കാണറിയാത്തത്?
പാലും നൂലും കൂടി കാശിയ്ക്കു പോയി
പാല്‍ ഗംഗയില്‍ മുങ്ങിച്ചത്തു.
ഗംഗ പരിശുദ്ധയായി
നൂലും പരിശുദ്ധമായി.

ഉണങ്ങി ജീവനുപേക്ഷിച്ച
വൈക്കോലിന് പശു മോക്ഷം കൊടുക്കുന്നത്
ഇന്നു മുതലാണ്
നെല്ലിന്‍റെ ഭാഗ്യം
വിദേശത്തു പോകുന്നത്രേ
ചെല്ലുന്നെങ്കില്‍നഗനരായ് ചെല്ലണം
എന്ന് അവര്‍ നിയമം വെച്ചിട്ടുണ്ടത്രേ
എന്നാലും വിദേശത്തേയ്ക്കല്ലേ
നാണമ്മറയ്ക്കാഞ്ഞാലും സാരമില്ല

Tuesday, April 14, 2009

വിഷു

ഉണരുണരു കണ്ണിണ ചിമ്മിയുണരുക കണ്ണന്നു മുന്നിലേ കണ്‍ തുറക്കാവു നീ
കനകനിറകണിക്കൊന്ന, പുഞ്ചിരി തൂകും വിളക്കുകള്‍, വെള്ളരി വെച്ചുള്ള വെള്ളരി,
നിറയെയറിവുറയുന്നപുസ്തകം, ചിത്തമേ തുള്ളിടും കൈനേട്ടവും ജ്ജ്യേഷ്ഠനച്ഛനും
അരുമകലരും നിന്‍റെ കണ്ണു തുറക്കുവാന്‍ കാത്തിരിപ്പാണുണ്ണിയമ്മയെടുത്തിടാം
അരുതരുതു കണ്ണു തുറക്കരുതമ്മ പറഞ്ഞിടാം മിങ്ങിരുന്നീടുകയങ്ങനെ
ചെറുചിരിപൊഴിയ്ക്കുന്ന കണ്ണനനെ കണ്ടുവോ? മിന്നിത്തിളങ്ങിടും കാഴ്ചകള്‍ കണ്ടുവോ?
ഇരുകരവുമിങ്ങിനെ നീട്ടിപ്പിടിയ്ക്കുക. കൈ നിറച്ചുണ്ടെന്‍റെയുണ്ണിയ്ക്കു നാണയം
എനിയവിടെയേട്ടന്‍റെ കയ്യും പിടിച്ചു നീ ചെല്ലുകയുണ്ണിയെ നോക്കണേ നല്ലപോല്‍
ചടപടപടക്കങ്ങള്‍ പൊട്ടണം, പൂത്തിരി കത്തണം ചക്രങ്ങള്‍ ചുറ്റണം ചിത്രമായ്
പുതുമനിറയും പുതുവത്സരമുണ്ണിയ്ക്കു നല്‍കണേയീശ്വരാ നല്ലതെല്ലായ്പ്പൊഴും

Monday, April 6, 2009

നിദ്ര

മേല്‍വിലാസമില്ലാച്ചിന്തകള്‍ വന്നെന്‍റെ പായയില്‍ കൂട്ടുകിടപ്പൂ
ആരിവര്‍ക്കൊക്കെ കണിശമായെന്‍ മുറി കാട്ടിക്കൊടുക്കുന്നു നിത്യം?
ഒന്നൊഴിഞ്ഞാല്‍ പിന്നെയൊന്നുവന്നെപ്പോഴും കെട്ടിപ്പിടിച്ചൂകിടപ്പൂ
ഭൂതകാലത്തില്‍ ചട്ടിവിയാചേറിന്‍റെ നാറ്റം സഹിയക്കാതടുക്കല്‍
വന്നിരിയ്ക്കുമ്പോള്‍ ഞാനെങ്ങിനെ ശാന്തസുഷുപ്തിപുതച്ചൊന്നുറങ്ങും?
വര്‍ത്തമാനത്തിന്‍ വിയര്‍പ്പിറ്റുവീഴുമറയ്ക്കുന്ന ചിന്തകള്‍ പുല്‍കേ
വേനല്‍ പുഴുകുന്ന രാത്രിയിലെങ്ങനെ നിദ്ര കുളിരായ് പരക്കും?

Monday, March 16, 2009

മഴക്കാലം

തിയ്യുപോല്‍ വേനല്‍ കത്തുമ്പോള്‍
മെയ്യില്‍ വറ്റുന്ന വേര്‍പ്പുമായ്
കയ്യിലേ ജലപാത്രത്തെ
പയ്യെ സഞ്ചീന്നെടുക്കവേ

ആര്‍ത്തികത്തുന്ന കണ്ണാലെ
ആര്‍ത്തഭാവസ്വരൂപിണി
പേര്‍ത്തതെന്‍ ജലപാത്രത്തില്‍
ആര്‍ത്താളും ജാതവേദനായ്

ബലം പോയിമറഞ്ഞിടും
ജലമൂറുന്നകണ്ണിനാല്‍
ജലത്തില്‍ തീ പിടിയ്ക്കുന്നു
ബലഹീനതയീജലം

വേനല്‍ കാലം കടന്നൊന്നു
മനസ്സില്‍ കുളിര്‍കോരിടും
കനക്കും കാറുതിങ്ങീടും
മാനം കാണുന്നുതെന്നു താന്‍?

ഒരു നാള്‍ ചക്രവാളത്തില്‍
നീരണിഞ്ഞ കിനാവുപോള്‍
വരും കാര്‍മേഘസംഘാതം
ചൊരിയും സാന്ദ്രശീതതാ

മഴയേയാനയിക്കാനായ്
വഴിതോറും മരങ്ങളെ
തഴുകും കുളിര്‍കാറ്റാകെ
മിഴിവേകും ജഗത്തിനേ

മിന്നല്‍ കൈ നീട്ടിയാകാശം
മന്നിനേയാണ്ടു പുല്‍കവേ
ആനന്ദാ‍മൃതവര്‍ഷത്തില്‍
നനയും കാര്യമോതിടും

ദിഗന്തം മുഴുവന്‍ തോഷ-
ഗദ്ഗദം നിറയും വിധം
ജഗത്തിനെയുണര്‍ത്താനായ്
സ്വര്‍ഗ്ഗം ദുന്ദുഭി കൊട്ടിടും

തുള്ളിയ്ക്കൊരുകുടം പോലെ
തുള്ളിയാര്‍ക്കുന്ന പേമഴ
ഉള്ളത്തില്‍ പുതുമണ്ണിന്‍റെ
തിളയ്ക്കും മണമേകിടും

ഏറാല്‍വെള്ളം വിഴും ശബ്ദം
നിറയും നനയുമ്മനം
നിറയും കിണറും തോടും
നിറയും ഭേകരോദനം

പുതപ്പിന്നുളിലേയ്ക്കെത്തും
പുതുശീതം നുകര്‍ന്നിടാന്‍
കൊതിയാകുന്നു. പേമാരി
മതിയില്‍ കുളിര്‍ കോരിടാന്‍

Wednesday, March 11, 2009

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പാണരിഞ്ഞെടുപ്പാണുണര്‍ന്നെണീയ്ക്കൂ നാട്ടാരേ
അരിഞ്ഞുകൊണ്ടവര്‍ നിറഞ്ഞുപോയാല്‍ പിന്നെ കാണാന്‍ കിട്ടില്ല
കിട്ടാക്കാര്യം കേള്‍‍ക്കാന്‍ പോലും പുറത്തിറങ്ങാന്‍ വയ്യെന്നോ
കേട്ടിട്ടെന്താ ചെവിയിലെ ചെപ്പിക്കാട്ടം പോലും പോകില്ല
ചെപ്പിക്കാട്ടം നിറഞ്ഞിരുന്നാല്‍ കാര്യം ചൊന്നാല്‍ കേള്‍ക്കില്ല
അപ്പൊപ്പിന്നെ തിന്നാനുള്ളതു തിരുടിപ്പോയാലറിയില്ല
തിരുടര്‍ തിരുടി തിരുടിപ്പിന്നെ തിരുടല്‍ നിയമം താനാകും
തിരുമുടിചൂടിയ തിരുടര്‍ രാജ്യം പിഴിഞ്ഞെടുത്തേ വിരമിയ്ക്കൂ

Saturday, February 28, 2009

ഭ്രാന്തന്‍ യാത്ര

ഭ്രാന്തുകൊണ്ടതിരാവിലെപ്പെരു കല്ലുരുട്ടിയുയര്‍ത്തിടാം
ചന്തമുള്ള മലയ്ക്കു മേലെ വിയര്‍ത്തു കേറ്റിയൊടുക്കമോ
അന്തിമാനവുമത്ഭുതത്തിലലിഞ്ഞു ചെറ്റു ചുവക്കവേ
സന്തതാന്തതമസ്സിലേയ്ക്കതു വീണ്ടുമങ്ങുമറിയ്ക്കണം

പോരു പോരു വഴിയ്ക്കു തീയ്യു കിടച്ചിടുന്ന ചിതാന്തിക-
ത്താരുമൊന്നു കിടുങ്ങിടുന്ന നിതാന്തശാന്തജനസ്ഥലം
നീരുടഞ്ഞ കുടത്തിലുണ്ടരി ബാക്കിയുള്ളതു വെച്ചിടാന്‍
ആരുമൊന്നു തിരിഞ്ഞു നോക്കുകയില്ലയുണ്ടു കിടന്നിടാം

കാളികൂളികള്‍ വന്നു നിന്നു തിമര്‍ത്തിടട്ടെയവര്‍ക്കുമേ
നാളൊരിത്തിരി കൂട്ടിടാ മരണം വരുന്ന ദിനത്തിനായ്
പൊള്ള പോലെ തടിച്ച മന്തു വലത്തുകാലിനു ഭൂഷണം
കള്ളമല്ലയിടത്തു കാലിനു മാറ്റിയാലതനുഗ്രഹം

നല്ല ജോലി ലഭിയ്ക്കുവാന്‍ പണമേറെ വന്നു മറഞ്ഞിടാന്‍
വല്ലവര്‍ക്കുമടിയ്ക്കു വീണുപണിഞ്ഞിടുന്ന മനുഷ്യരേ
കല്ലുരുട്ടുക കണ്ണില്‍ വന്നതു തിന്നുറങ്ങുക ശാന്തമായ്
നല്ല നാളുകള്‍ തിന്നുതീര്‍ക്കുവതിന്നു പോരിക വട്ടുമായ്

Sunday, February 22, 2009

പഞ്ചാര

അച്ഛനു ചോരയില്‍ പഞ്ചാരയുണ്ടെന്നു
ഡോക്ടറമ്മാവന്‍ പറഞ്ഞൂ പോലും
പഞ്ചാരയാകില്ല നല്ലമുളകിന്‍റെ
ചോപ്പുപൊടിയാകാനാണു വഴി
പഞ്ചാര ചോരയിലുള്ളവര്‍ക്കിങ്ങിനെ
ശുണ്ഠിവന്നീടാന്‍ വഴിയില്ലല്ലോ
പൂമുഖത്തു വെള്ള പൂശിയ ഭിത്തിയില്‍
കുത്തിവരച്ചെന്നു ചൊല്ലി നല്ല
തല്ലു തരാമോ ഞാന്‍ കുത്തിവരച്ചില്ല
ആനയെയൊന്നു വരച്ചു നോക്കി.
വെള്ളയില്‍ നല്ല കറുപ്പുകരിക്കട്ട
കൊണ്ടു വരച്ചാലേ നല്ലതാകൂ
എന്നതിങ്ങാര്‍ക്കണറിയാത്തതെല്ലാര്‍ക്കും
കാണേണ്ടേ ചിത്രം വരച്ചുവെന്നാല്‍

Saturday, February 21, 2009

പ്രയാസം

അപ്പൂപ്പന്‍ താടിയ്ക്കു കാറ്റില്‍ പറക്കുവാന്
‍എപ്പോഴും പറ്റുന്നതെന്താണാവോ
ഉള്ളതലമുടിയൊക്കെ നരച്ചിട്ടു
വെള്ളയായ് തീര്‍ന്നതു കൊണ്ടാണാവോ
ആവില്ല. മുത്തശ്ശിയാകെ നരച്ചിട്ടും
പാവം നടപ്പതു കൂനിക്കൂനി
നീണ്ടു നീണ്ടുള്ള മുടിയുള്ളതാവുമോ
വിണ്ടലില്‍ നീന്തുവാന്‍ ശക്തിയേകി?
എന്നാലെന്നോപ്പോള്‍ക്കു ഹൈഹീല്‍ ചെരുപ്പിട്ടും
ഇന്നോളം ആയില്ലാക്കാര്യമൊട്ടും
കുഞ്ഞുശരീരമോ പാറുവാന്‍ പറ്റുവാന്‍?
കുഞ്ഞുടലാണല്ലോ കുഞ്ഞെലിയ്ക്ക്
എന്നിട്ടും കാറ്റത്തു നീന്തിക്കളിയ്ക്കുവാന്‍
ഇന്നോളം പറ്റീലയെന്തോന്നാവോ

ഉള്ളിലഹങ്കാരം കള്ളമസൂയകള്‍
ഉള്ളോര്‍ക്കു പാറല്‍ പ്രയാസമാവും

Sunday, February 15, 2009

യാത്ര

യാത്രാരംഭമറിഞ്ഞുവോ? ജനനിതന്‍ ഗര്‍ഭത്തിനങ്ങേപ്പുറ-
ത്തെന്താണെന്നതുകണ്ടുവോ?, വഴിയിലില്ലാരും തുണയ്ക്കെന്നതെന്‍
ചിന്തയ്ക്കുള്ളിലുറഞ്ഞുവോ? സഹജമാം രോഷാദിഭാവങ്ങളാല്‍
സ്വാന്തത്തില്‍ തിരയാര്‍ന്നുവോ? സ്മൃതിയിലില്ലൊന്നും. വെറും ശൂന്യതാ

എന്നോ വന്നു പിറന്നു. പിന്നെയധരം കോട്ടുമ്പൊഴേയ്ക്കും സദാ
തന്നൂ സ്നേഹവിലോലലോലമധുരം പാലൂഷ്മളം സാന്ത്വനം.
എന്നോ കാഴ്ചകള്‍ കണ്ടു, പുഞ്ചിരിയുറഞ്ഞീടും മുഖം തോറുമേ
മിന്നീ ഭാവവിഭാവനങ്ങളവ, പഠിച്ചീടാന്‍ ചിരിച്ചീടിനേന്‍.

മുന്നേ വന്നവര്‍ തൂകിയിട്ട ചരണപ്പാടില്‍ കരം ചേര്‍ത്തു ഞാന്‍
മുന്നോട്ടാഞ്ഞു നിലത്തു നീന്തി,യുലകം ജിജ്ഞാസയാല്‍ നേടുവാന്‍.
“പിന്നോട്ടാണിവനെപ്പൊഴും ഗതി“ നറും വാത്സല്യവാക്കേല്‍ക്കവേ-
യന്നേ തോന്നിയിരിയ്ക്കണം വിഗതിയാണെന്നും ഫലം മേല്‍ക്കുമേല്‍

കാലിന്‍ താളമറിഞ്ഞിടാതെയിടറും പാദങ്ങള്‍, പാതത്തിനാല്‍
മാലാര്‍ന്നുള്ള കരച്ചില്‍, വാശികള്‍, കുഴക്കീടുന്ന ദണ്ണങ്ങളും
ഓലപ്പാമ്പിലുമാടിടുന്ന ഭയവും, യാത്രയ്ക്കിടയ്ക്കിപ്പൊഴും
കാലില്‍ പൂട്ടിയ ചങ്ങലയ്ക്കു കനമില്ലാതാക്കിടുന്നൂ ദൃഢം

വാക്കാല്‍ തമ്മിലടുത്തു കെട്ടിവരിയാന്‍ കൊഞ്ചുന്ന നാവില്‍ പിതാ-
വക്കാരുണ്യവരാക്ഷരങ്ങള്‍ നിറയാന്‍ സ്വര്‍ണ്ണാക്ഷരം തൂകിനാന്‍
ഇക്കാണുന്നതിനൊക്കെയും കയറുപോലെന്നുള്ളു ബന്ധിയ്ക്കുവാന്‍
വാക്കുണ്ടായതു മെല്ലെ മെല്ലെയകലാന്‍ വയ്യാതെയാക്കീ സ്വയം

ജ്യേഷ്ഠന്‍ നീട്ടിയ കൈ പിടിച്ചു ചെറുതാം പാഥേയവും ഗ്രന്ഥവും
കഷ്ടപ്പെട്ടു പുറത്തു കേറ്റിയറിവിന്‍ ക്ഷേത്രത്തിലെത്തീടിനേന്‍
ഇഷ്ടര്‍ക്കൊത്തു നടന്നു ദൂരെ മറയത്താരോ കുറിച്ചിട്ടതാ-
മഷ്ടിയ്ക്കുള്ള വഴിയ്ക്കിരുട്ടുനിറയാന്‍ തെണ്ടിത്തിരിഞ്ഞീടിനേന്‍

സൂര്യന്‍ തൊട്ടുവിടര്‍ത്തിടുന്നഴകെഴും പുഷ്പങ്ങളില്‍, നീര്‍മ്മദം
ചോരും വീരഗജങ്ങളില്‍, വെടി കുലുക്കീടുന്ന പൂരങ്ങളില്‍
മാരന്‍ സുന്ദരവര്‍ണ്ണമിട്ട തരുണസ്വപ്നങ്ങളില്‍, മുദ്രകള്‍
ഹാരം ചേര്‍ന്നിളകുന്നിടത്തുമലയാന്‍ വെമ്പല്‍ കലര്‍ന്നീടിനേന്‍

മിന്നും പൊന്‍വളകള്‍ സ്വകാര്യമരുളും കയ്യില്‍ പിടിച്ചീടവേ
തന്നത്താനെ വലിഞ്ഞു ലജ്ജയിലൊളിച്ചീടും നവോഢാകരം
ചിന്നീടും പുളകം കലര്‍ന്നു കവരേയാശംസ നേര്‍ന്നീടിനാര്‍
പിന്നില്‍ പോയി മറഞ്ഞിടുന്ന നിമിഷക്കൂട്ടം വഴിത്താരയില്‍

ചുറ്റും നിന്നു തുളുമ്പിടുന്ന കുളിരാം കറ്റക്കിടാങ്ങള്‍ സ്വരം
തെറ്റെന്നാകെ വളര്‍ന്നിടുന്നു തണലായ് മാറുന്നു മദ്യാത്രയില്‍
വറ്റിപ്പോകുമൊരിയ്ക്കലീ ഹൃദയതാളത്തിന്നൊഴുക്കും നിറം
മുറ്റും കാഴ്ചകള്‍ മങ്ങിടും മണിമുഴങ്ങീടും നിറുത്തും രഥം

Saturday, February 14, 2009

ശുണ്ഠി

ശുണ്ഠിയെട്ടുത്തു കളിച്ചിടൊല്ലേ
പൊട്ടിയാല്‍ നന്നല്ല മറ്റുള്ളോര്‍ക്കും
കയ്യിലെടുത്തതു താഴെവയ്ക്കാന്‍
വയ്യെങ്കിലാകെ കുഴങ്ങിപ്പോകും
രാഷ്ട്രമെടുത്തതു താഴെ വയ്ക്കാന്‍
കഷ്ടം ധൃതാരാഷ്ട്ട്രര്‍ക്കായതില്ല
കയ്യിലെടുത്തതു താഴെ വച്ചാല്‍
കയ്യാല്‍ സുഖമാ‍യ് ചൊറിഞ്ഞു നില്‍ക്കാം
അല്ലെങ്കില്‍ നല്ലൊരു കട്ടന്‍ ചായ
ഉല്ലാസ്സമായൂതി മോന്തി നില്‍ക്കാം

അക്ഷരം തെറ്റിയാലാരും വീഴും
നക്ഷത്രം നോക്കി നടന്നെന്നാലും

നോക്കി നടക്കണം നിന്നു താന്‍ നോക്കണം
മൂക്കത്തു ഭൂതക്കണ്ണാടി വേണം.
ഭൂതക്കണ്ണാടിയാല്‍ കാണുന്നതെല്ലാമേ
ഭൂതങ്ങളാണെന്നു തോ‍ന്നിക്കൂടാ

കണ്ണാടിവെച്ചര്‍ നോക്കിപ്പറയുമ്പോള്
‍കണ്ണില്‍ കടിയെന്നു തോന്നിക്കൂടാ

കണ്ണാടിവച്ചര്‍ കണ്ണാടിവയ്ക്കാത്തോര്
‍കണ്ണുമടച്ചു നടക്കുന്നവര്
‍കണ്ണുമടച്ചിട്ടും കാണുന്നോര്‍കണ്ണുകള്‍
തള്ളിത്തുറന്നിട്ടും കാണാത്തവര്
‍മണ്ണില്‍ മുളച്ചീടൂം പിന്നെ കൊഴിഞ്ഞീടും
മണ്ണിലേ വെച്ചേയ്ക്കു ശുണ്ഠി വേഗം

Wednesday, February 11, 2009

നായവാല്‍

ആണ്‍കുട്ടികളുടെ പേരിന്‍റെയറ്റത്തു നായവാല്‍ പോലെ വളവുണ്ടത്രേ
രാമന്‍‍ ദിവാകരന്‍ കൃഷ്ണന്‍ നാരായണന്‍‍ എല്ലര്‍ക്കും വാലുവളഞ്ഞിട്ടത്രേ
അമ്മേ ഈ കുഞ്ഞോപ്പോള്‍‍ ചൊല്ലുന്നതു കേട്ടു ദേഷ്യം വരുന്നുണ്ടു നല്ലവണ്ണം
കുഞ്ഞോപ്പോള്‍ ക്കുമുണ്ടു വാലെന്നു ചൊന്നപ്പോള്‍ ഓപ്പോള്‍ക്കു പേരു “ശ്രീദേവി“ പോലും

Monday, February 9, 2009

കമ്പോളം

ബലൂണ്‍ ബലൂണ്‍ ബലൂണ്‍
ഒരു ബലൂണിനു പതിനായിരം
വെറും പതിനായിരം

ആകെയുള്ളാളുകളില്‍
പത്തു ശതമാനത്തിനേ
ഈ ബലൂണുള്ളൂ

നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്നേ ഉള്ളൂ
ബലൂണ്‍ നിറച്ചും തിങ്ങി നില്‍ക്കുന്നത്
ശരികളാണ്.

ബലൂണ്‍ പൊട്ടില്ല.
എന്തെന്നല്‍ അതും ശരികൊണ്ടാണുണ്ടാക്കിയത്

ഇതിലെ ശരിയാശ്രയിച്ചാണ്
രാഷ്ട്രം പോലും ശരിയായിരിയ്ക്കുന്നത്

സൌരയൂഥം ഇതിലെ ശരിയുടെ
ശക്തിയാല്‍ തിരിയുന്നു

വെറും പതിനായിരം
നിങ്ങള്‍ക്ക് സൌരയൂഥം തിരിച്ച്
സുഖമായ് ജീവിയ്ക്കേണ്ടേ?

ബലൂണ്‍ ബലൂണ്‍ ബലൂണ്‍
ഒരു ബലൂണിനു പതിനായിരം
വെറും പതിനായിരം

നാളെയും പതിനായിരം
മറ്റന്നാള്‍ ലക്ഷം
ഇന്നേ വാങ്ങൂ
ബലൂണ്‍ ബലൂണ്‍ ബലൂണ്‍
ഒരു ബലൂണിനു പതിനായിരം
വെറും പതിനായിരം

തീര്‍ച്ചയാണല്ലോ

തിര്‍ച്ച കടും തീര്‍ച്ച

അയ്യയ്യയ്യോ
എന്‍റെ ബലൂണ്‍ പൊട്ടിപ്പോയല്ലോ

സോറി
ശരിയിലാരോ ഇറ്റു നുണ ചേര്‍ത്തു

പാലില്‍ മോരുചേര്‍ക്കും പോലെ
ശരിയെല്ലാം നുണയായി

അപ്പോള്‍ എന്‍റെ പതിനായിരം?

നുണയിലലിഞ്ഞുപോയി

നിലനില്‍പ്പ്

അപരിചിതര്‍ ചാരത്തായ്
ചിരിവിടരുംപടി നിന്നു പേരു ചോദിയ്ക്കേ
ഓടിപ്പോയ് കാലിടയില്‍
മുഖമരുമ്പടി നിന്നതെന്‍റെ നിലനില്‍പ്പ്.

കാടത്തം കാട്ടിടുവാന്‍
വികൃതികളൊരോതരം തരമ്പോലെ
കാട്ടുമ്പോള്‍ ചെറുചിരിയാല്‍
വാത്സല്യത്താല്‍ നിന്നതാണു നിലനില്‍പ്പ്

കളിയിടയില്‍ വിളിയുയരും
വിശപ്പുതീര്‍ക്കാനിടയ്ക്കിടയ്ക്കായി
ഇരുകരവും നീട്ടുമ്പോള്‍
‍ജീവിതമധുരം തന്ന നില്‍പ്പു നിലനില്‍പ്പ്‍

അടിപിടിയാല്‍ കൂട്ടരുമായ്
പലവുരു തെറ്റിപ്പിരിഞ്ഞിടും നേരം
അതിനിടയില്‍ സാന്ത്വനമായ്
കണ്ണീരണികണ്‍ തുടച്ചപാടു നിലനില്‍പ്പ്

വെള്ളത്തില്‍, മഴയത്ത്
ചാടിമറിഞ്ഞും തിമര്‍ത്തു വിളയാട്ടം
തീര്‍ന്നാലെന്‍ നീരണിയും
തലതോര്‍ത്തേ തന്ന നോവു നിലനില്‍പ്പ്

Wednesday, February 4, 2009

കറുപ്പ്

കാക്കയ്ക്കു കട്ടക്കറുപ്പു പുരളുവാന്‍ എന്താണു കാരണം മുത്തച്ഛാ?
കാര്‍മേഘത്തോളമുയരത്തില്‍ പാറിപ്പോയ്പറ്റിയതാകാന്‍ വഴിയുണ്ടോ?
കാര്‍മ്മേഘക്കൂട്ടം കറുത്തതു വീട്ടീന്നു പൊങ്ങും പുകകൊണ്ടിട്ടായീടുമോ
പാത്രത്തിന്‍ താഴത്തു നിന്നു പരുങ്ങിയകാറ്റാണോ പുകയായിമാറുന്നേ
പാത്രത്തിന്‍ താഴത്തായിത്ര കരി വരാന്‍എന്താണു കാരണം മുത്തച്ഛാ
വിറകു കറുപ്പല്ല. തീയ്യു കറുപ്പല്ല. തീപ്പൂട്ടുമമ്മ കറുപ്പല്ല
നോക്കിനിന്നീടുന്ന ഞാനും കറുപ്പല്ല. എവിടുന്നു വന്നീ കരിംകറുപ്പ്

Sunday, February 1, 2009

കടുകു വറക്കുംചിരി

കാലമനാദിതമസ്സില്‍ സുഖമായ് നീണ്ടു നിവര്‍ന്നു കിടക്കേ
വെറുതേയൊന്നു തിരിഞ്ഞു കിടന്നൂ സ്പന്ദനതതികളുണര്‍ന്നൂ
ചലനത്തിരകള്‍ തമ്മിലിടഞ്ഞൂ തിരകളില്‍ രോഷം ചിതറീ
രോഷം കലിയാല്‍ തുള്ളിത്തുള്ളിയൊടുക്കം കത്തിക്കയറി
അനാദിതമസ്സിലിതാദ്യമുണര്‍ന്നൊരു തേജസ്സായിവിളങ്ങി
തമ്മില്‍ കണ്ടൂ തിരകള്‍ നിഴലും വെട്ടവുമണിയുന്നിണയേ
നാണമുണര്‍ന്നാദ്യം പിന്നെ പുഞ്ചിരി ഗാഢാശ്ലേഷം
നിര്‍വൃതി വിരഹം ദുഖം വീണ്ടുമടുക്കാനുള്ളതിടുക്കം
ഉണ്മയുമ്മില്ലായ്മകളും തഴുകി കോള്‍മയിര്‍ കൊണ്ടൂ തിരകള്‍
‍ഇങ്ങിനെയയുതവികാരവികമ്പിതകടലുണ്ടായിത്തീര്‍ന്നു
ലഹരീയോഗവിഭാവിതഭാവനയുലകിനെ ഗര്‍ഭം പൂണ്ടു
ചടുലവികാരശതങ്ങള്‍ ശിശുവിനു കരചരണാദികളായി
ഗര്‍ഭമുടഞ്ഞു പുറത്തു കടന്നൂ ശിശുരൂപമ്പൂണ്ടുലകം
ശിശു കൈകാലു കുടഞ്ഞു കരഞ്ഞൂ ശബ്ദമുണര്‍ന്നു പരന്നൂ
ശബ്ദമുണര്‍ന്നതു ദിക്കുകള്‍ കൈക്കൊണ്ടാകാശത്തെ മെനഞ്ഞു
ആകാശത്തിന്നിണയായ് മെല്ലെ ഭൂമിയുമുണ്ടായ്ത്തീര്‍ന്നു.
അവരുടെ സംയോഗത്തില്‍ നിന്നും പുല്ലും മരവും മൃഗവും
മനുജനുമുണ്ടായവരെ തമ്മില്‍ കൂട്ടിയിണക്കും ചിരിയും
തടവിയടുക്കാനുണ്ടായ് തീര്‍ന്നൂ വേദന ദേഹം തോറും
ആശ്ലേഷിച്ചവര്‍ തല്ലിപ്പിരിയാന്‍ സംശയമുണ്ടായ് തീര്‍ന്നു.
ചിരിയെ ചിരിയായ് നോവിനെ നോവായ് കാണാന്‍ വയ്യാതുള്ള
മൂടല്‍ മഞ്ഞായ് സംശയമെങ്ങും ചുറ്റിനടന്നു നിറഞ്ഞു
പരനുടെ ചിരിയെ നോവായ് കാണും കാഴ്ച ജയിപ്പൂ മേല്‍മേല്‍
പരനുടെ വേദന കുടുകുടെ മോദം കടുകുവറക്കും ചിരിയായ്

Friday, January 30, 2009

പ്രവാസിയ്ക്കു നാടുത്സവം

നല്‍ക്കോടികള്‍ വാരിയുടുത്തും
പൂക്കൂടകള്‍ തൂക്കിനടന്നും
ഊക്കോടെ കളികള്‍ കളിച്ചും
മൂക്കറ്റം സദ്യകഴിച്ചും
നാക്കിന്‍റെ - തുമ്പത്ത് - നാടിന്നേ - തണലായി - പൂവിളികള്‍ - പൊട്ടിമുള‍ച്ചൂ

ചെറുകുളിരില്‍ ചുണ്ടുവിറച്ചും
തിരുവാതിര നീരാട്ടാര്‍ന്നും
ഒരു പാവന നോല്‍മ്പു പുതച്ചും
താരസ്വരഗതിവിഗതികളാല്‍
നാരീനിര - നാടിന്നേ - സംസ്കാരം - തീര്‍ത്തീടും - കൈകൊട്ടി - കളികള്‍കളിച്ചൂ

പൂത്തുലയാന്‍ കൊന്നയുണര്‍ന്നു
ഹൃത്തടമുണരും കണികണ്ടു
പൂത്തിരികള്‍ പുളകമുതിര്‍ത്തി
മെത്താപ്പുകള്‍ പൊലിമപരത്തി
കൈത്താരില്‍ - കൈനേട്ടം - മാനത്ത് - കൊട്ടാരം - തീര്‍ക്കാനായ് - വിത്തുവിതച്ചൂ

അതിചടുലം കതിനകള്‍ പൊട്ടി
തതിതതിയായാനകള്‍ വന്നു
മതിമറിയും മേളമുണര്‍ന്നൂ
പുതുപുതുതാമോരോ നിമിഷം
പതിയേ നീ - നാട്ടീന്നേ - ദൂരയ്ക്കായ് - നീങ്ങീടില്‍ - ഉത്സവമനുനിമിഷം നാട്ടില്‍‍

Wednesday, January 21, 2009

ശിവനേ

ദേഹത്തു രോഗവും പ്രജകളില്‍ മരണവും ചേര്‍ത്തും കളഞ്ഞുമിരിയ്ക്കേ
പോയതും നില്‍പ്പതും വരുവതും ചേരുന്ന ചേര്‍ച്ചയില്‍ നില്‍ക്കണേ ശിവനേ
ഉള്ളില്‍ ഇരുന്നക്ഷവാജികളേന്തുന്ന ദേഹരഥം തെളിയ്ക്കുമ്പോള്‍
ജാഗ്രദവസ്ഥയും സ്വപ്നവുമതിഗാഢസുപ്തിയും നേടുന്ന ജിവന്‍
എങ്ങോട്ടു പോകുന്നുവെന്നറിയാതെയിപന്ഥാവില്‍ വീണ്ടും കുതിപ്പൂ
ഉന്നത കൈലാസാശിഖരത്തില്‍ നിന്നങ്ങു ചൊല്ലുന്നതെങ്ങിനെ കേള്‍പ്പേന്‍
ഇങ്ങൊന്നു വന്നു വഴിവിട്ടവഴിയില്‍ നിന്നുച്ചത്തിലൊന്നു പറയൂ
എങ്ങോട്ടു പോകണമെങ്ങിനെ പോകണമാരാണു കൂട്ടു വരുവോര്‍

Saturday, January 17, 2009

കുഴി

നിരത്തിലെ കുഴികള്‍ക്കെതിരെ രോഷതാമ്രാക്ഷര്‍
ജാഥ നടത്തിയത്രേ.

തെരുവിലെ തെണ്ടിപ്പയ്യുകളും പട്ടികളും
അന്തം വിട്ടു നോക്കിനിന്നൂ പോലും

കുഴികള്‍ നരകങ്ങളാണെന്നും
നിരത്ത് നരകങ്ങളുടെ ഷോറൂമുകളാണെന്നും ഉള്ള
മൂര്‍ച്ചയുള്ള കത്തികളെറിഞ്ഞ്
വാക്കേറുകാരന്‍ നേതാവ്‍ പഥികരുടെ
തലച്ചോറില്‍ തറപ്പിയ്ക്കന്‍ നോക്കിയത്രേ

ഇലക്റ്റ്രിക് കമ്പികളില്‍ കാക്കകള്‍ കാ കാ എന്ന്
ഉദ്വേഗപൂര്‍വ്വം കാര്യം തിരക്കി
കുഴിയുടെ കാര്യമാണെന്നറിഞ്ഞപ്പോള്
‍താഴെ പോകുന്ന കഷണ്ടിക്കാരന്‍റെ തലയില്
‍അവജ്ഞാപൂര്‍വ്വം കാഷ്ഠമിട്ടു തന്‍ പണിനോക്കിപ്പോയത്രേ

രോഷതാമ്രാക്ഷര്‍ സൂര്യനെ സ്തംഭിപ്പിയ്ക്കുമെന്നും
കുഴികള്‍ക്കു പകരം നിരത്തില്‍
കുന്നുകള്‍ മുളപ്പിയ്ക്കും എന്നും
വിചാരിയ്ക്കുന്ന മനുഷ്യരെ പഠിപ്പിച്ച്
ക്ഷീണിച്ച സൂര്യന്‍പടിഞ്ഞാറ്
വിശ്രമിയ്ക്കാന്‍ പോയത്രേ

പിറ്റേദിവസം നിരത്തുകാര്യക്കാരന്‍കുഴിയളന്ന്
സാമ്പിള്‍നരകമണെന്നും
വളരെ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും
അധികാരികള്‍ക്ക് വിശദീകരണം കൊടുത്തു പോലും

മനുഷ്യരുടെ നന്മയ്ക്കായി ഉരുത്തിരിഞ്ഞതാണ്കുഴികള്‍ എന്ന്
നിരത്തുമന്ത്രി പ്രസ്താവാന ഇറക്കി പോലും

ചെറു ചെറു പാപം ചെയ്തവര്‍ക്ക്
അതിന്‍റെ ഫലംഇവിടെ തന്നെ അനുഭവിയ്ക്കാനും
നരകത്തില്‍ തിരക്കുകുറയ്ക്കാനും
കുഴികള്‍പൂര്‍വ്വാധികം ഭങ്ഗിയായി സംരക്ഷിയ്ക്കാനും
തീരുമാനമായി

Sunday, January 11, 2009

അമ്മിഞ്ഞപ്പാല്‍

അമ്മിഞ്ഞയ്ക്കിത്രമേല്‍ മാധുര്യമേറുവാന്‍
‍കാരണമെന്തമ്മേ ചൊല്ലിത്തരൂ
അമ്മയ്ക്കു ശൈശവകാലത്തില്‍ മറ്റുള്ളോര്‍
‍തന്നുള്ള സ്നേഹത്തിനോര്‍മ്മചേര്‍ത്തോ?
ചുറ്റിലും തേനോലും പൂവ്വുകള്‍ പുഞ്ചിരി
തൂകുന്നതുള്ളില്‍ നിറച്ചതാണോ?
ഭൂമി പുതുമഴയേല്‍ക്കുമ്പോള്‍ പൂണ്ടീടും
ആശ്വാസം നെഞ്ഞില്‍ കരുതിയതതോ?
മാരിവില്‍ കാണുമ്പോള്‍ കുഞ്ഞുന്നാളുണ്ടാകു-
മത്ഭുതം കുഞ്ഞിനായ് കാത്തുവെച്ചോ?
ഊരുവില്‍ താളമിട്ടമ്മയുറക്കുന്ന
താരാട്ടുപാട്ടിന്‍റെയീണം ചേര്‍ത്തോ?
ബാല്യത്തിലോണപ്പുടവയുടുക്കുമ്പോള്‍
തുള്ളിയതോരര്‍മ്മയില്‍ നിന്നു ചേര്‍ത്തോ?
മഞ്ഞണിയാതിര നല്‍കിയ പാ‍വന-
ശീതത പാലില്‍ കലര്‍ത്തിയതോ?
പാര്‍വ്വണചന്ദ്രികയാവോളം പാനം ചെയ്-
തമ്മിഞ്ഞപ്പാലായ് ചുരത്തിയതോ?
ലോകത്തിലാനന്ദമിറ്റുന്നതെല്ലാമേ
കുഞ്ഞിന്നു പാലായി മാറ്റിയതോ?

Saturday, January 10, 2009

കാറ്റ്

കാര്‍മേഘങ്ങളെ മേയ്ക്കാന്‍ പോയ കാറ്റ്മടങ്ങിവരാത്തതെന്തേ?
മലമുകളിലെ ഇരുണ്ട പച്ചക്കാടുകളില്‍നിന്ന്
കോടമഞ്ഞ് വലിച്ചെടുക്കയാവുമോ?
അതോ നടക്കാന്‍ പഠിയ്ക്കുന്ന മാന്‍കുട്ടികളുടെ
പതറല്‍ നോക്കി നില്‍ക്കുകയോ?
നീലത്തടാകത്തിന്‍റെ വക്കത്തെ മരക്കൊമ്പില്‍
ഇലകളുമായ് ശൃങ്ഗരിക്കുകയോ?

നാളെ പ്രകൃതിയെ ഇട്ടുലച്ച്നിഷ്ഠുരമായ്
ചീറിയടിയ്ക്കേണ്ട കാറ്റിനീശാന്തത നന്നല്ല

Wednesday, January 7, 2009

വെട്ടത്തിന്‍ പരിണാമം

കോഴിക്കൂട്ടങ്ങള്‍ കൂകിയുണര്‍ത്തവേ
ശുണ്ഠികേറിച്ചുവപ്പുകലര്‍ന്നതാം
മോന്തയുമായെണീറ്റുള്ള ഭാസ്കരന്‍
ഭൂമിഗ്ലാസില്‍ നിറച്ച തമസ്സിനെ
കട്ടംങ്കാപ്പിപോലൂതി കുടിയ്ക്കുമ്പോള്‍
മഞ്ഞു പൊങ്ങുന്നിതാവിപോല്‍ മെല്ലവേ
ഭാസ്കരേട്ടന്‍റെ ചൂടുപിടിപ്പിയ്ക്കും
ഹസ്തതാഡനമേല്‍ക്കുന്നതിന്‍ മുന്നേ
ഓട്ടോറിക്ഷകള്‍ കുട്ടികളെയെല്ലം
സ്ക്കൂളിന്നുള്ളിലെത്തിയ്ക്കാനോടുന്നു

Sunday, January 4, 2009

കാഴ്ച ശരിയാവാന്‍

ലോകം മുഴുവന്‍ നന്നായ് തന്നെ പോകുന്നെന്നു നിനയ്ക്കൂ
അപകടവഴിയില്‍ പോകുന്നെന്നു നിനയ്ക്കില്‍ നീ താന്‍ ചുറ്റും
ഒരു വിരല്‍ നീളം തികയാ കണ്ണാല്‍ പെരുതാം ലോകം നോക്കി
വികലക്കാഴ്ചകളാണീ ലോകം മുഴുവന്‍ താനെന്നോതാന്‍
‍ധൈര്യം കാട്ടും മനുജാ നിന്നുടെ കണ്ണിന്‍ ദോഷം തീരാന്‍
പലരുടെ കണ്ണുകളേയ്ക്കുക കാഴ്ചകള്‍ നല്ലതുപോലെ തോന്നും

മുക്തകങ്ങള്‍ രണ്ടാം ഭാഗം

ചെഞ്ചോരചീറ്റുന്നതു കേട്ടുകേട്ടെന്‍
‍നെഞ്ചിന്നകത്തുള്ള ദയയ്ക്കു പോലും
ഇഞ്ചോളവും ചഞ്ചലമില്ല എന്ന
തഞ്ചത്തിലായീ മലയാളഭൂമേ

പോരാളും കേരളത്തില്‍ കുസൃതിവികലമായ് പാര്‍ട്ടിയാടുന്ന നാട്ടില്‍
പേരിന്മേല്‍ ചോരചാര്‍ത്തി ക്കരുണയിലെരിയും ക്രൂരരോഷം പുരട്ടി
വീരന്മാരെന്നു ചൊല്ലീട്ടവനിയെ മുഴുവന്നന്ധതാമിസ്രമാക്കി
ദ്ദാരിദ്ര്യത്തിനു മേലില്‍ മരണമണവുമായ് ഘോരഘോരം നടപ്പൂ.

ഉരുപിഴപ്പുഴ കുത്തിയൊലിയ്ക്കയാ-
ലൊരുവിധത്തിലുമര്‍ത്ഥസമാര്‍ജ്ജനം
അരുതു. രാമ! ശിരസ്സിലെ ലേഖനം
പുരുഷഭൂഷണ! തെറ്റുനിറഞ്ഞു പോയ്

ചീയ്യും ഗാര്‍ബേജുകുന്നിന്നരികല‍തിരസം പന്നി വാലിട്ടടിപ്പാ-
ണയ്യോ ശബ്ദപ്രപഞ്ചം പലപലവിധമാം ഹോണുചീറുന്നു ചുറ്റും,
പയ്യിന്‍ദേഹത്തുപൊട്ടന്‍കടിപിടിസഹിയാതോടിടും പോലെയോട്ടോ,
വയ്യേ ചന്തം സഹിയ്ക്കാനടിമുടിപൊടിയാല്‍ മൂടുമീപ്പട്ടണത്തില്‍

നാട്ടില്‍ സത്യാദിയെല്ലാം ദിനമനു കുറയുന്നെന്നു ചൊല്ലാതിരിയ്ക്കാ-
മെട്ടാള്‍ പന്ത്രണ്ടുപേരില്‍ കുസൃതികള്‍ കലരാതുള്ള സാധാരണക്കാര്
‍കൊട്ടിഗ്ഘോഷിപ്പൂ നാലാളാവരുടെ വികടം. പത്രമെല്ലാം വിതപ്പൂ.
കേട്ടാല്‍ നാടാകെ നാറും നടപടി തുടരും നാട്ടുകാര്‍ സ്വല്‍പ്പമാണേ

എന്നും നമുക്കു മരണം നിരയായ് വരുന്നൂ
തോന്നുന്ന മതിരി നടപ്പവര്‍ മൂലമായി
എന്നാല്‍ ശരിയ്ക്കു മരണം വരുമെന്നതോന്നല്
‍താനാണു ജിവനു ലക്ഷ്യദിശയ്ക്കു മൂലം

കുത്തേറ്റാളുകള്‍ കോമയായി മരണം വന്നീടുവാന്‍ കാക്കവേ
ചത്താല്‍ ജാഥനയിയ്ക്കുവാന്‍ കൊടികളില്‍ ചെഞ്ചോര തേയ്ക്കുന്നവര്
‍മൊത്തം നാടുമുടിച്ചിടാന്‍ വ്രതവുമായ് നില്‍ക്കുന്ന നാട്ടില്‍ ജനം
ചത്താലെന്തു കിടാങ്ങളെ കലികളില്‍ തുള്ളാനയച്ചീടുമേ

ഒന്നോര്‍‍ത്താല്‍ മലരമ്പനൊത്തവിളിയീ കുണ്ടമ്പന്നുള്ളതേ
പൊന്നേ കുണ്ടിലിറക്കലേ പണിയവന്നെന്നെന്നുമെല്ലാരെയും
കുന്നേപ്പോലുമിളക്കിടും മനസിജന്‍ കുന്ദമ്പനാവില്ലയേ
കുന്നിയ്ക്കും കുറയാതെ ഞാനുമിതിനെ പിന്താങ്ങിടാം നിശ്ചയം

ഈഞ്ഞാമ്പ്ലിയാമിവനു ദാനമലിഞ്ഞു നല്‍കാന്‍
മഞ്ഞിന്‍ മലയ്ക്കു മകളേ സുമുഹൂര്‍ത്തമായി.
കുഞ്ഞേ പിതാവുലകചൂടുസഹിച്ചിടാതെ
മഞ്ഞാര്‍ന്നദേഹമൊഴിയേ പശുദാനമാവാം

സാറെ മഹാകഷ്ടമിതെന്തു കൂത്താ-
ണാറാത്തെന്താണു ധനക്കുഴപ്പം?
മാറില്ല കാശിന്‍റെ വഴിയ്ക്കുപോയാല്‍
നാറും നടന്നീടുക നിന്‍ വഴിയ്ക്ക്

കുലം പണം ജോലിയിവയ്ക്കുമെല്ലാം
മേലാണു കൈക്കൂലിതരും പൊരുത്തം
കല്യാണകമ്പോളവിലയ്ക്കു പോലും
വല്ലോണമെന്നാലുമതിന്നുമേന്മ

കാലിമേച്ചിടും നാരികള്‍ മനം
നല്ലപോലവിരിയിച്ചു വാക്കിനാല്‍
മെല്ലെരാസനടനം നടത്തുവാന്‍
ഉല്ലസിച്ച പവനേശ കാക്കണേ

ലക്ഷ്യം ചൊല്ലാതിറാക്കില്‍ ജനതതിവലയുന്നെന്നു ചൊല്ലിത്തകര്‍ത്തൂ
ലക്ഷം ലക്ഷം ജനങ്ങള്‍ ദിനമനു ദുരിതം തിന്നു തീര്‍ക്കാന്‍ വിധിച്ചു
ലക്ഷ്യം കാണാതെ പെട്ടൂ പടയുടെ ചെലവിന്നിടലായാടിടുന്നു
രക്ഷയ്ക്കായ് ചെന്നുപെട്ടാ പണി കെണിപണിയാന്‍ കാരണമ്പോലെയായി

മേല്‍ശാന്തിയ്ക്കിനി ഗോപിയിട്ടു തികയും ശാന്തിയ്ക്കു മേലാളനായ്
കാശില്ലാതെ, വളര്‍ന്ന താടി തടവീട്ടില്ലത്തു ചെന്നീടലാം
നാശം ബോര്‍ഡിലു പൂത്തുലഞ്ഞഴിമതിയ്ക്കെല്ലാം നിദാനം തുലോം
കാശായ് ദക്ഷിണ വാങ്ങിടുന്നതു. സഖേ ശാന്തിയ്ക്കു കാശെന്തിനാ?

ഹര ഹര വൈദ്യന്‍ കയ്യുമലര്‍ത്തീ കഥയെനിയെന്താണാവുന്നേ
മുരഹര നീയ്യേ ഗതിയെനി വഴി ചൊല്‍ വൃത്തത്തീന്നു പുറത്തേയ്ക്ക്
ഉരുതരവൈഷമ്യങ്ങള്‍ നിറഞ്ഞൊരു സൃഷ്ടി തമസ്സില്‍ മുഴുകിപ്പോയ്
വരികെനി രവിയൊരു നല്ലവെളിച്ചം തരണേ തരണേ സംസാരേ

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...