Saturday, February 28, 2009

ഭ്രാന്തന്‍ യാത്ര

ഭ്രാന്തുകൊണ്ടതിരാവിലെപ്പെരു കല്ലുരുട്ടിയുയര്‍ത്തിടാം
ചന്തമുള്ള മലയ്ക്കു മേലെ വിയര്‍ത്തു കേറ്റിയൊടുക്കമോ
അന്തിമാനവുമത്ഭുതത്തിലലിഞ്ഞു ചെറ്റു ചുവക്കവേ
സന്തതാന്തതമസ്സിലേയ്ക്കതു വീണ്ടുമങ്ങുമറിയ്ക്കണം

പോരു പോരു വഴിയ്ക്കു തീയ്യു കിടച്ചിടുന്ന ചിതാന്തിക-
ത്താരുമൊന്നു കിടുങ്ങിടുന്ന നിതാന്തശാന്തജനസ്ഥലം
നീരുടഞ്ഞ കുടത്തിലുണ്ടരി ബാക്കിയുള്ളതു വെച്ചിടാന്‍
ആരുമൊന്നു തിരിഞ്ഞു നോക്കുകയില്ലയുണ്ടു കിടന്നിടാം

കാളികൂളികള്‍ വന്നു നിന്നു തിമര്‍ത്തിടട്ടെയവര്‍ക്കുമേ
നാളൊരിത്തിരി കൂട്ടിടാ മരണം വരുന്ന ദിനത്തിനായ്
പൊള്ള പോലെ തടിച്ച മന്തു വലത്തുകാലിനു ഭൂഷണം
കള്ളമല്ലയിടത്തു കാലിനു മാറ്റിയാലതനുഗ്രഹം

നല്ല ജോലി ലഭിയ്ക്കുവാന്‍ പണമേറെ വന്നു മറഞ്ഞിടാന്‍
വല്ലവര്‍ക്കുമടിയ്ക്കു വീണുപണിഞ്ഞിടുന്ന മനുഷ്യരേ
കല്ലുരുട്ടുക കണ്ണില്‍ വന്നതു തിന്നുറങ്ങുക ശാന്തമായ്
നല്ല നാളുകള്‍ തിന്നുതീര്‍ക്കുവതിന്നു പോരിക വട്ടുമായ്

Sunday, February 22, 2009

പഞ്ചാര

അച്ഛനു ചോരയില്‍ പഞ്ചാരയുണ്ടെന്നു
ഡോക്ടറമ്മാവന്‍ പറഞ്ഞൂ പോലും
പഞ്ചാരയാകില്ല നല്ലമുളകിന്‍റെ
ചോപ്പുപൊടിയാകാനാണു വഴി
പഞ്ചാര ചോരയിലുള്ളവര്‍ക്കിങ്ങിനെ
ശുണ്ഠിവന്നീടാന്‍ വഴിയില്ലല്ലോ
പൂമുഖത്തു വെള്ള പൂശിയ ഭിത്തിയില്‍
കുത്തിവരച്ചെന്നു ചൊല്ലി നല്ല
തല്ലു തരാമോ ഞാന്‍ കുത്തിവരച്ചില്ല
ആനയെയൊന്നു വരച്ചു നോക്കി.
വെള്ളയില്‍ നല്ല കറുപ്പുകരിക്കട്ട
കൊണ്ടു വരച്ചാലേ നല്ലതാകൂ
എന്നതിങ്ങാര്‍ക്കണറിയാത്തതെല്ലാര്‍ക്കും
കാണേണ്ടേ ചിത്രം വരച്ചുവെന്നാല്‍

Saturday, February 21, 2009

പ്രയാസം

അപ്പൂപ്പന്‍ താടിയ്ക്കു കാറ്റില്‍ പറക്കുവാന്
‍എപ്പോഴും പറ്റുന്നതെന്താണാവോ
ഉള്ളതലമുടിയൊക്കെ നരച്ചിട്ടു
വെള്ളയായ് തീര്‍ന്നതു കൊണ്ടാണാവോ
ആവില്ല. മുത്തശ്ശിയാകെ നരച്ചിട്ടും
പാവം നടപ്പതു കൂനിക്കൂനി
നീണ്ടു നീണ്ടുള്ള മുടിയുള്ളതാവുമോ
വിണ്ടലില്‍ നീന്തുവാന്‍ ശക്തിയേകി?
എന്നാലെന്നോപ്പോള്‍ക്കു ഹൈഹീല്‍ ചെരുപ്പിട്ടും
ഇന്നോളം ആയില്ലാക്കാര്യമൊട്ടും
കുഞ്ഞുശരീരമോ പാറുവാന്‍ പറ്റുവാന്‍?
കുഞ്ഞുടലാണല്ലോ കുഞ്ഞെലിയ്ക്ക്
എന്നിട്ടും കാറ്റത്തു നീന്തിക്കളിയ്ക്കുവാന്‍
ഇന്നോളം പറ്റീലയെന്തോന്നാവോ

ഉള്ളിലഹങ്കാരം കള്ളമസൂയകള്‍
ഉള്ളോര്‍ക്കു പാറല്‍ പ്രയാസമാവും

Sunday, February 15, 2009

യാത്ര

യാത്രാരംഭമറിഞ്ഞുവോ? ജനനിതന്‍ ഗര്‍ഭത്തിനങ്ങേപ്പുറ-
ത്തെന്താണെന്നതുകണ്ടുവോ?, വഴിയിലില്ലാരും തുണയ്ക്കെന്നതെന്‍
ചിന്തയ്ക്കുള്ളിലുറഞ്ഞുവോ? സഹജമാം രോഷാദിഭാവങ്ങളാല്‍
സ്വാന്തത്തില്‍ തിരയാര്‍ന്നുവോ? സ്മൃതിയിലില്ലൊന്നും. വെറും ശൂന്യതാ

എന്നോ വന്നു പിറന്നു. പിന്നെയധരം കോട്ടുമ്പൊഴേയ്ക്കും സദാ
തന്നൂ സ്നേഹവിലോലലോലമധുരം പാലൂഷ്മളം സാന്ത്വനം.
എന്നോ കാഴ്ചകള്‍ കണ്ടു, പുഞ്ചിരിയുറഞ്ഞീടും മുഖം തോറുമേ
മിന്നീ ഭാവവിഭാവനങ്ങളവ, പഠിച്ചീടാന്‍ ചിരിച്ചീടിനേന്‍.

മുന്നേ വന്നവര്‍ തൂകിയിട്ട ചരണപ്പാടില്‍ കരം ചേര്‍ത്തു ഞാന്‍
മുന്നോട്ടാഞ്ഞു നിലത്തു നീന്തി,യുലകം ജിജ്ഞാസയാല്‍ നേടുവാന്‍.
“പിന്നോട്ടാണിവനെപ്പൊഴും ഗതി“ നറും വാത്സല്യവാക്കേല്‍ക്കവേ-
യന്നേ തോന്നിയിരിയ്ക്കണം വിഗതിയാണെന്നും ഫലം മേല്‍ക്കുമേല്‍

കാലിന്‍ താളമറിഞ്ഞിടാതെയിടറും പാദങ്ങള്‍, പാതത്തിനാല്‍
മാലാര്‍ന്നുള്ള കരച്ചില്‍, വാശികള്‍, കുഴക്കീടുന്ന ദണ്ണങ്ങളും
ഓലപ്പാമ്പിലുമാടിടുന്ന ഭയവും, യാത്രയ്ക്കിടയ്ക്കിപ്പൊഴും
കാലില്‍ പൂട്ടിയ ചങ്ങലയ്ക്കു കനമില്ലാതാക്കിടുന്നൂ ദൃഢം

വാക്കാല്‍ തമ്മിലടുത്തു കെട്ടിവരിയാന്‍ കൊഞ്ചുന്ന നാവില്‍ പിതാ-
വക്കാരുണ്യവരാക്ഷരങ്ങള്‍ നിറയാന്‍ സ്വര്‍ണ്ണാക്ഷരം തൂകിനാന്‍
ഇക്കാണുന്നതിനൊക്കെയും കയറുപോലെന്നുള്ളു ബന്ധിയ്ക്കുവാന്‍
വാക്കുണ്ടായതു മെല്ലെ മെല്ലെയകലാന്‍ വയ്യാതെയാക്കീ സ്വയം

ജ്യേഷ്ഠന്‍ നീട്ടിയ കൈ പിടിച്ചു ചെറുതാം പാഥേയവും ഗ്രന്ഥവും
കഷ്ടപ്പെട്ടു പുറത്തു കേറ്റിയറിവിന്‍ ക്ഷേത്രത്തിലെത്തീടിനേന്‍
ഇഷ്ടര്‍ക്കൊത്തു നടന്നു ദൂരെ മറയത്താരോ കുറിച്ചിട്ടതാ-
മഷ്ടിയ്ക്കുള്ള വഴിയ്ക്കിരുട്ടുനിറയാന്‍ തെണ്ടിത്തിരിഞ്ഞീടിനേന്‍

സൂര്യന്‍ തൊട്ടുവിടര്‍ത്തിടുന്നഴകെഴും പുഷ്പങ്ങളില്‍, നീര്‍മ്മദം
ചോരും വീരഗജങ്ങളില്‍, വെടി കുലുക്കീടുന്ന പൂരങ്ങളില്‍
മാരന്‍ സുന്ദരവര്‍ണ്ണമിട്ട തരുണസ്വപ്നങ്ങളില്‍, മുദ്രകള്‍
ഹാരം ചേര്‍ന്നിളകുന്നിടത്തുമലയാന്‍ വെമ്പല്‍ കലര്‍ന്നീടിനേന്‍

മിന്നും പൊന്‍വളകള്‍ സ്വകാര്യമരുളും കയ്യില്‍ പിടിച്ചീടവേ
തന്നത്താനെ വലിഞ്ഞു ലജ്ജയിലൊളിച്ചീടും നവോഢാകരം
ചിന്നീടും പുളകം കലര്‍ന്നു കവരേയാശംസ നേര്‍ന്നീടിനാര്‍
പിന്നില്‍ പോയി മറഞ്ഞിടുന്ന നിമിഷക്കൂട്ടം വഴിത്താരയില്‍

ചുറ്റും നിന്നു തുളുമ്പിടുന്ന കുളിരാം കറ്റക്കിടാങ്ങള്‍ സ്വരം
തെറ്റെന്നാകെ വളര്‍ന്നിടുന്നു തണലായ് മാറുന്നു മദ്യാത്രയില്‍
വറ്റിപ്പോകുമൊരിയ്ക്കലീ ഹൃദയതാളത്തിന്നൊഴുക്കും നിറം
മുറ്റും കാഴ്ചകള്‍ മങ്ങിടും മണിമുഴങ്ങീടും നിറുത്തും രഥം

Saturday, February 14, 2009

ശുണ്ഠി

ശുണ്ഠിയെട്ടുത്തു കളിച്ചിടൊല്ലേ
പൊട്ടിയാല്‍ നന്നല്ല മറ്റുള്ളോര്‍ക്കും
കയ്യിലെടുത്തതു താഴെവയ്ക്കാന്‍
വയ്യെങ്കിലാകെ കുഴങ്ങിപ്പോകും
രാഷ്ട്രമെടുത്തതു താഴെ വയ്ക്കാന്‍
കഷ്ടം ധൃതാരാഷ്ട്ട്രര്‍ക്കായതില്ല
കയ്യിലെടുത്തതു താഴെ വച്ചാല്‍
കയ്യാല്‍ സുഖമാ‍യ് ചൊറിഞ്ഞു നില്‍ക്കാം
അല്ലെങ്കില്‍ നല്ലൊരു കട്ടന്‍ ചായ
ഉല്ലാസ്സമായൂതി മോന്തി നില്‍ക്കാം

അക്ഷരം തെറ്റിയാലാരും വീഴും
നക്ഷത്രം നോക്കി നടന്നെന്നാലും

നോക്കി നടക്കണം നിന്നു താന്‍ നോക്കണം
മൂക്കത്തു ഭൂതക്കണ്ണാടി വേണം.
ഭൂതക്കണ്ണാടിയാല്‍ കാണുന്നതെല്ലാമേ
ഭൂതങ്ങളാണെന്നു തോ‍ന്നിക്കൂടാ

കണ്ണാടിവെച്ചര്‍ നോക്കിപ്പറയുമ്പോള്
‍കണ്ണില്‍ കടിയെന്നു തോന്നിക്കൂടാ

കണ്ണാടിവച്ചര്‍ കണ്ണാടിവയ്ക്കാത്തോര്
‍കണ്ണുമടച്ചു നടക്കുന്നവര്
‍കണ്ണുമടച്ചിട്ടും കാണുന്നോര്‍കണ്ണുകള്‍
തള്ളിത്തുറന്നിട്ടും കാണാത്തവര്
‍മണ്ണില്‍ മുളച്ചീടൂം പിന്നെ കൊഴിഞ്ഞീടും
മണ്ണിലേ വെച്ചേയ്ക്കു ശുണ്ഠി വേഗം

Wednesday, February 11, 2009

നായവാല്‍

ആണ്‍കുട്ടികളുടെ പേരിന്‍റെയറ്റത്തു നായവാല്‍ പോലെ വളവുണ്ടത്രേ
രാമന്‍‍ ദിവാകരന്‍ കൃഷ്ണന്‍ നാരായണന്‍‍ എല്ലര്‍ക്കും വാലുവളഞ്ഞിട്ടത്രേ
അമ്മേ ഈ കുഞ്ഞോപ്പോള്‍‍ ചൊല്ലുന്നതു കേട്ടു ദേഷ്യം വരുന്നുണ്ടു നല്ലവണ്ണം
കുഞ്ഞോപ്പോള്‍ ക്കുമുണ്ടു വാലെന്നു ചൊന്നപ്പോള്‍ ഓപ്പോള്‍ക്കു പേരു “ശ്രീദേവി“ പോലും

Monday, February 9, 2009

കമ്പോളം

ബലൂണ്‍ ബലൂണ്‍ ബലൂണ്‍
ഒരു ബലൂണിനു പതിനായിരം
വെറും പതിനായിരം

ആകെയുള്ളാളുകളില്‍
പത്തു ശതമാനത്തിനേ
ഈ ബലൂണുള്ളൂ

നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്നേ ഉള്ളൂ
ബലൂണ്‍ നിറച്ചും തിങ്ങി നില്‍ക്കുന്നത്
ശരികളാണ്.

ബലൂണ്‍ പൊട്ടില്ല.
എന്തെന്നല്‍ അതും ശരികൊണ്ടാണുണ്ടാക്കിയത്

ഇതിലെ ശരിയാശ്രയിച്ചാണ്
രാഷ്ട്രം പോലും ശരിയായിരിയ്ക്കുന്നത്

സൌരയൂഥം ഇതിലെ ശരിയുടെ
ശക്തിയാല്‍ തിരിയുന്നു

വെറും പതിനായിരം
നിങ്ങള്‍ക്ക് സൌരയൂഥം തിരിച്ച്
സുഖമായ് ജീവിയ്ക്കേണ്ടേ?

ബലൂണ്‍ ബലൂണ്‍ ബലൂണ്‍
ഒരു ബലൂണിനു പതിനായിരം
വെറും പതിനായിരം

നാളെയും പതിനായിരം
മറ്റന്നാള്‍ ലക്ഷം
ഇന്നേ വാങ്ങൂ
ബലൂണ്‍ ബലൂണ്‍ ബലൂണ്‍
ഒരു ബലൂണിനു പതിനായിരം
വെറും പതിനായിരം

തീര്‍ച്ചയാണല്ലോ

തിര്‍ച്ച കടും തീര്‍ച്ച

അയ്യയ്യയ്യോ
എന്‍റെ ബലൂണ്‍ പൊട്ടിപ്പോയല്ലോ

സോറി
ശരിയിലാരോ ഇറ്റു നുണ ചേര്‍ത്തു

പാലില്‍ മോരുചേര്‍ക്കും പോലെ
ശരിയെല്ലാം നുണയായി

അപ്പോള്‍ എന്‍റെ പതിനായിരം?

നുണയിലലിഞ്ഞുപോയി

നിലനില്‍പ്പ്

അപരിചിതര്‍ ചാരത്തായ്
ചിരിവിടരുംപടി നിന്നു പേരു ചോദിയ്ക്കേ
ഓടിപ്പോയ് കാലിടയില്‍
മുഖമരുമ്പടി നിന്നതെന്‍റെ നിലനില്‍പ്പ്.

കാടത്തം കാട്ടിടുവാന്‍
വികൃതികളൊരോതരം തരമ്പോലെ
കാട്ടുമ്പോള്‍ ചെറുചിരിയാല്‍
വാത്സല്യത്താല്‍ നിന്നതാണു നിലനില്‍പ്പ്

കളിയിടയില്‍ വിളിയുയരും
വിശപ്പുതീര്‍ക്കാനിടയ്ക്കിടയ്ക്കായി
ഇരുകരവും നീട്ടുമ്പോള്‍
‍ജീവിതമധുരം തന്ന നില്‍പ്പു നിലനില്‍പ്പ്‍

അടിപിടിയാല്‍ കൂട്ടരുമായ്
പലവുരു തെറ്റിപ്പിരിഞ്ഞിടും നേരം
അതിനിടയില്‍ സാന്ത്വനമായ്
കണ്ണീരണികണ്‍ തുടച്ചപാടു നിലനില്‍പ്പ്

വെള്ളത്തില്‍, മഴയത്ത്
ചാടിമറിഞ്ഞും തിമര്‍ത്തു വിളയാട്ടം
തീര്‍ന്നാലെന്‍ നീരണിയും
തലതോര്‍ത്തേ തന്ന നോവു നിലനില്‍പ്പ്

Wednesday, February 4, 2009

കറുപ്പ്

കാക്കയ്ക്കു കട്ടക്കറുപ്പു പുരളുവാന്‍ എന്താണു കാരണം മുത്തച്ഛാ?
കാര്‍മേഘത്തോളമുയരത്തില്‍ പാറിപ്പോയ്പറ്റിയതാകാന്‍ വഴിയുണ്ടോ?
കാര്‍മ്മേഘക്കൂട്ടം കറുത്തതു വീട്ടീന്നു പൊങ്ങും പുകകൊണ്ടിട്ടായീടുമോ
പാത്രത്തിന്‍ താഴത്തു നിന്നു പരുങ്ങിയകാറ്റാണോ പുകയായിമാറുന്നേ
പാത്രത്തിന്‍ താഴത്തായിത്ര കരി വരാന്‍എന്താണു കാരണം മുത്തച്ഛാ
വിറകു കറുപ്പല്ല. തീയ്യു കറുപ്പല്ല. തീപ്പൂട്ടുമമ്മ കറുപ്പല്ല
നോക്കിനിന്നീടുന്ന ഞാനും കറുപ്പല്ല. എവിടുന്നു വന്നീ കരിംകറുപ്പ്

Sunday, February 1, 2009

കടുകു വറക്കുംചിരി

കാലമനാദിതമസ്സില്‍ സുഖമായ് നീണ്ടു നിവര്‍ന്നു കിടക്കേ
വെറുതേയൊന്നു തിരിഞ്ഞു കിടന്നൂ സ്പന്ദനതതികളുണര്‍ന്നൂ
ചലനത്തിരകള്‍ തമ്മിലിടഞ്ഞൂ തിരകളില്‍ രോഷം ചിതറീ
രോഷം കലിയാല്‍ തുള്ളിത്തുള്ളിയൊടുക്കം കത്തിക്കയറി
അനാദിതമസ്സിലിതാദ്യമുണര്‍ന്നൊരു തേജസ്സായിവിളങ്ങി
തമ്മില്‍ കണ്ടൂ തിരകള്‍ നിഴലും വെട്ടവുമണിയുന്നിണയേ
നാണമുണര്‍ന്നാദ്യം പിന്നെ പുഞ്ചിരി ഗാഢാശ്ലേഷം
നിര്‍വൃതി വിരഹം ദുഖം വീണ്ടുമടുക്കാനുള്ളതിടുക്കം
ഉണ്മയുമ്മില്ലായ്മകളും തഴുകി കോള്‍മയിര്‍ കൊണ്ടൂ തിരകള്‍
‍ഇങ്ങിനെയയുതവികാരവികമ്പിതകടലുണ്ടായിത്തീര്‍ന്നു
ലഹരീയോഗവിഭാവിതഭാവനയുലകിനെ ഗര്‍ഭം പൂണ്ടു
ചടുലവികാരശതങ്ങള്‍ ശിശുവിനു കരചരണാദികളായി
ഗര്‍ഭമുടഞ്ഞു പുറത്തു കടന്നൂ ശിശുരൂപമ്പൂണ്ടുലകം
ശിശു കൈകാലു കുടഞ്ഞു കരഞ്ഞൂ ശബ്ദമുണര്‍ന്നു പരന്നൂ
ശബ്ദമുണര്‍ന്നതു ദിക്കുകള്‍ കൈക്കൊണ്ടാകാശത്തെ മെനഞ്ഞു
ആകാശത്തിന്നിണയായ് മെല്ലെ ഭൂമിയുമുണ്ടായ്ത്തീര്‍ന്നു.
അവരുടെ സംയോഗത്തില്‍ നിന്നും പുല്ലും മരവും മൃഗവും
മനുജനുമുണ്ടായവരെ തമ്മില്‍ കൂട്ടിയിണക്കും ചിരിയും
തടവിയടുക്കാനുണ്ടായ് തീര്‍ന്നൂ വേദന ദേഹം തോറും
ആശ്ലേഷിച്ചവര്‍ തല്ലിപ്പിരിയാന്‍ സംശയമുണ്ടായ് തീര്‍ന്നു.
ചിരിയെ ചിരിയായ് നോവിനെ നോവായ് കാണാന്‍ വയ്യാതുള്ള
മൂടല്‍ മഞ്ഞായ് സംശയമെങ്ങും ചുറ്റിനടന്നു നിറഞ്ഞു
പരനുടെ ചിരിയെ നോവായ് കാണും കാഴ്ച ജയിപ്പൂ മേല്‍മേല്‍
പരനുടെ വേദന കുടുകുടെ മോദം കടുകുവറക്കും ചിരിയായ്

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...