Thursday, November 4, 2010

വെടി

"അല്ല കുഞ്ഞുണ്യേ! ഇത് പ്പൊ വെറും ഒരു കതിന പൊട്ടിയ്ക്കണ കാര്യല്ലലോ. ഭഗോതീടെ താല്പലിക്കണ്ടത്തില് കതിനപൊട്ടിച്ചാലല്ലേ വേലകേറാന്‍ പറ്റൂ? അവര് താല്പലിക്കണ്ടം അടച്ച് കെട്ട്യാ എന്താ ചെയ്യാ?"
"ആര്‍ത്തക്കരക്കാര് കൂട്ട്യാ പറ്റണത് അവരങ്ങട് ചെയ്യട്ടേന്ന്." കുഞ്ഞുണ്ണി തോര്‍ത്തുമുണ്ട് കൊടഞ്ഞ് തലേക്കെട്ടി. "കരിങ്കുന്നത്ത് വേല ആര്‍ത്താക്കരക്കാര് കൂട്ട്യാ ഇല്യാണ്ടെ ആവ്വോ ന്‍റെ ഗോപാലേട്ടാ."
കുഞ്ഞുണ്ണി മടിക്കുത്ത് അഴിച്ച് കൊറച്ചും കൂടി മേല്‍പ്പോട്ട് കേറ്റി ചുറ്റി പാടത്തയ്ക്ക് എറങ്ങി.
"ഓന്‍ എന്തങ്കിലും കണ്ട്ണ്ടാവും." ഗോപാലേട്ടന്‍ മൂക്ക് പിടിച്ച് തിരുംപി. "ഏത് കുരുത്തെ കെട്ടോറ്റ ആണാവോ പ്രാകണത്." ഗോപാലേട്ടന്‍ വേലൂനോട് ചോദിച്ചു. "അന്‍റെ അട്ത്ത് പൊകലണ്ടോ?"
വേലു മടീന്ന് പൊതിട്ത്ത് പൊകലേടെ ഒരു കഷ്ണം പിരിച്ച് ട്ത്ത് കൊടുത്തു.
"യ്ക്ക് ത്രൊന്നും വേണ്ട. ഒര്ചെകരം. അധികയാലേ തലതിരീം."
"ആര്‍ത്താക്കര മാധവമേനോന്‍റെ പുത്രനാണ് ഇപ്പൊ കാര്യം നോക്കണത്. ആ കുട്ടിയ്ക്ക് എന്തിന്‍റെ സൂക്കടാന്നാ അറിയാത്തത്. കല്യാണമണ്ഡപം പണിയ്യാന്‍ പോവ്വാത്രേ. ഞ്ഞി പ്പ അതില്യാത്തൊരു കൊറവേ ണ്ടാര്‍ന്നുള്ളൂ." ഗോപാലേട്ടന്‍ കോലായേന്ന് എറങ്ങി ചാണകം തേച്ച മിറ്റിത്തിന്റെ അറ്റത്ത് പോയി തുപ്പി വന്നു.


"വേലടെ ഒരു കതിനടെ വെലണ്ടാവ്വോ അവര്ടെ കല്യാണമണ്ഡപത്തിന്. ഭഗോത്യോട് കളിച്ചാ കള്യങ്ങട് പഠീം ത്രേ ള്ളൂ. അണക്ക് അറ്യോ. ഈ താല്പലിക്കണ്ടം താല്പലിയ്ക്ക് വിട്ട് കൊട്ത്തേന് ള്ള കാരണം. ന്റെ അമ്മമ്മ പറഞ്ഞ് കേട്ടതാണ് ട്ടോ. ആര്‍ത്താക്കരമാധവമേന്റെ അമ്മാമന്റെ അമ്മാമന് ള്ള കാലത്താത്രേ സംഭവം. മൂപ്പര്ക്ക് കൊറച്ച് രാത്രി കെട്ന്നാ ഒറക്കം വരായണ്ടാര്‍ന്നു. ഏതേങ്കിലും പെണ്ണങ്ങളടെ ചൂട് തട്ട്യാലെ ഒറക്കം വരൂ. നമ്മടെ കുഞ്ഞീതു താമസിയ്ക്കണ വീട് ല്യേ. അവടെ ഒരു കൂട്ടര് താമസിച്ചേര്ന്നൂത്രേ. അവടെ ഒരു പെംപെറന്നോത്തി ണ്ടാര്‍ന്നു. അവര്ടെ അട്ത്താണ് മൂപ്പര്ക്ക് സാധാരണ പറ്റ്. ഒര് പ്രാവശ്യം വേലടെ സമേത്ത് ആര്‍ത്താക്കരമേനോന്‍ മൂപ്പത്യേരെ സ്വകാര്യായിട്ട് വിളിച്ച് അംപലത്തിന്റെ പിന്നിലെ ആ പൊന്ത നിക്കണ സ്ഥലത്തയ്ക്ക് കൊണ്ട് പോയി. കാര്യങ്ങള് കൊറച്ചങ്ട് നീങ്ങ്യപ്ലയ്ക്കും ണ്ട് അട്ത്ത് ഒരനക്കം. വേലയ്ക്ക് കൊണ്ടോന്ന ആന കെട്ടഴിഞ്ഞതാ. അയമ്മ ണീറ്റ് മണ്ടി. തുണില്യാണ്ടെ പാടത്തുക്കൂടെ മണ്ടണത് കണ്ടോര്ണ്ടത്രേ. മേനോന്ണീട്ടപ്ലയ്ക്കും കൊഴഞ്ഞ് വീണു. ആന ആനടെ വഴിയ്ക്ക് പോവ്വും ചെയ്തു. ആരോ മൂത്രൊഴിയ്ക്കാന്‍ പോയപ്പൊ കാണ്ട്ട്ട് മേന്‍ന്നെ വീട്ടില്യ്ക്ക് ട്ത്ത്ട്ടാത്രേ കൊണ്ടോയത്. എന്തിനു പറേണൂ മേനോന് സൂക്കട് വെച്ചടി വെച്ചടി അധികായി. ന്ന്ട്ട് തലക്കാട്ടെ ജ്യോതത്സ്യോമ്മാര് വന്ന് രാശി വെച്ച് കൊറേ പൂജേം മന്ത്രവാദോം ക്കെ ചെയ്തിട്ടാത്രേ ശര്യായ്യേ. അന്ന് രാശീല് കണ്ടപ്രകാരം ആണത്രേ. താല്പ്പലിക്കണ്ടം താല്പ്പലിയ്ക്ക് വിട്ട് കൊട്ത്തത്. അതാ പ്പൊ കല്യാണമണ്ഡപം ന്നൊക്കെ പറഞ്ഞ് അടച്ച് കെട്ടണത്. ഭഗോതി സമ്മതിയ്ക്ക്വോ"
"വേല്വോ ആരാ വരണത്? നമ്മടെ കെണിയന്‍ നാണ്വ?"
"അതെ ഗോപാലേട്ടാ ഓന്തന്നെ ആണ്. വല്യേ സന്തോഷത്തിലാണ് വരണത്. ആരേങ്കിലും പറ്റി എന്തേങ്കിലും കിട്ടീട്ട്ണ്ടാവും." കെണിയന്‍ വന്ന് കേറീതും പറഞ്ഞു.
"ഗോപാലേട്ടാ! ആ വേല്വേട്ടനും ണ്ടോ ബ്ടെ? നമ്മടെ കല്യാണമണ്ഡപത്തിന്റെ പണി വേണ്ടാന്ന് വെച്ചു."
"എന്തേ ണ്ടായ്യേ?"
"ആര്‍ത്താക്കര തലക്കാട്ടെ ജ്യോത്സ്യര് വന്ന് രാശിവെച്ചു പറഞ്ഞൂത്രേ താല്പലിക്കണ്ടത്തില് ഭഗോതിടെ ഇഷ്ടം വിട്ട് ഒന്നും ചെയ്യാന്‍ പാടില്യാന്ന്."
"എന്തേ പ്പൊ പ്രശ്നത്തിന്?"
"മാധവമേനോന്റെ രണ്ടാമത്തെ മകന് ഇല്യേ. മൂപ്പര്ക്ക് ബിസിനസ്സ് അങ്ങ്ട് ശര്യാവ്ണ്ല്യാത്രേ. നമ്മടെ കുഞ്ഞുണ്ണി പറയ്യേത്രേ രാശിവെച്ച് നോക്കാന്‍ . അതറിഞ്ഞപ്പൊ മാധവമേനോന്റെ ഭാര്യേം പറഞ്ഞു രാശിവെച്ച് നോക്കണം ന്ന്. രാശിവെച്ചപ്പൊ താല്പ്പലിക്കണം തൊടാന്‍ പാടില്യാന്ന് കണ്ടൂത്രേ അതിരിയ്ക്കട്ടെ ങ്ങള് കുഞ്ഞുണ്യേ കണ്ട്വോ?"
"ദാ പ്പൊ ഇവ്ടന്ന് അങ്ങട് എറങ്ങീട്ടേള്ളൂ. എന്തേ?"
"തലക്കാട്ടെ ജ്യോത്സ്യന്‍ അന്വേഷിച്ചു. കരിങ്കുന്നത്ത് വരുംപോ കുഞ്ഞുണ്ണി എന്തോ കൊട്ക്കാന്ന് പറഞ്ഞിട്ടണ്ടത്രേ. ന്നാ ഞാനെറങ്ങട്ട? കുഞ്ഞുണ്യേ നോക്കണം."


"വേല്വോ. താല്പലിക്കണ്ടത്തിലെ വെട്യേക്കാട്ടിലും വല്യേ വെടി ആയീലോ. ന്നാലും കുഞ്ഞുണ്ണി ഇത്രവല്യേ വെടി വെയ്ക്കും ന്ന് ഞാന്‍ വിചാരിച്ചില്യ"



Monday, October 18, 2010

ചന്ദ്രനെ തിന്നുവാന്‍ നോക്കരുത്

കൂരിരുള്‍ പോലെ കറുത്തള്ള മേഘങ്ങള്‍
ചന്ദ്രനെയെങ്ങാനും തിന്നിടുമോ?
മേഘങ്ങളെന്തിനാണകാശത്തിങ്ങനെ
പേടിപ്പെടുത്താന്‍ നടന്നീടുന്നു?
ചന്ദ്രന്‍റെയച്ഛനിവറ്റകളേയൊക്കെ
ആട്ടിക്കളയാന്‍ വരാത്തതെന്തേ?
മേഘങ്ങളെങ്ങാനും താഴത്തു വീണെങ്കില്‍
കാരക്കോല്‍ കൊണ്ടു പെട കൊടുക്കാന്‍
പാപ്പാനോടൊന്നു പറയണം. കാലിന്മേല്‍
ചങ്ങലകൊണ്ടു തളച്ചിടേണം
പട്ടകൊടുക്കില്ല. വെള്ളം കൊടുക്കില്ല.
ചന്ദ്രനെ തിന്നുവാന്‍ നോക്കരുത്

Wednesday, September 15, 2010

ധര


കൊത്തുന്ന തൂംപയുടെ ലക്ഷ്യത്തിലാഴ്ന്ന ചെറു ഞാഞ്ഞൂള്‍ പിടഞ്ഞതിനു കേഴാത്ത രാജകുലം
കത്തുന്ന കൊള്ളിയിലെ ചൂടില്‍ പിടഞ്ഞ പുഴു ചത്താലുമാജ്യഹവനത്തിന്‍റെ പാവനത
എത്താത്ത ചൊവ്വയിലെ വെള്ളം തിരക്കുക നമുക്കീ ധരയ്ക്കുദകദാനത്തിനൊത്തദിനം
എത്തുന്നു മക്കളുടെ ദുഷ്കര്‍മ്മപിണ്ഡഭരമുള്ളില്‍ കനത്തുഴലുമമ്മയ്ക്കു പിണ്ഡദിനം


എല്ലിന്നകത്തു വിളയാടുന്ന വേദനകള്‍ കല്ലിന്‍റെ നിഷ്ഠുരത ചുറ്റില്‍ പരത്തിയതു
ചില്ലയ്ക്കുചില്ലകളില്‍ കായ്ക്കുന്നു. ഭീകരത കൊല്ലുന്നു. കൊന്നതിനെ തിന്നാതിരിപ്പതിനു
ചില്ലിന്നകത്തു കൊടികുത്തുന്നഹങ്കൃതികള്‍ വല്ലാതെ ചീറി തിരനോക്കുന്നു. പേടിയുടെ
യല്ലിന്‍റെ തേങ്ങലുകള്‍ കൂട്ടിക്കുഴച്ചു തരുമിപ്പിണ്ഡമേറ്റു ധരണീ നീ മടങ്ങിടുക


കണ്ണിന്‍റെ കുണ്ടുകളില്‍ മാറിന്‍റെ കുന്നുകളില്‍ നാണമ്മറച്ച പെരുകാടിന്നകം വരെയും
കണ്ണാല്‍ ചുഴിഞ്ഞു നെറികേടാലെയമ്മയുടെ നാണം മുറിച്ചു വികസിയ്ക്കുന്നതും പാര്‍ത്ത്
എണ്ണും പിണങ്ങളുടെ എണ്ണം തികപ്പതിന്നു പെണ്ണുങ്ങളും പണവുമെണ്ണാതൊഴുക്കുമിവര്‍
മണ്ണില്‍ മുളച്ചതു പൊറുക്കാതെ നിന്‍റെ വിധി താങ്ങിത്ത്തരുന്നചുമടേറ്റിത്തിരിയ്ക്ക ധരേ

Friday, August 13, 2010

സത്യകാമശ്രാദ്ധം



സത്യകാമന്‍ ചെയ്ത കൊന്നുകൂടാവ്രതം നിര്‍ത്തുവാന്‍
പൊട്ടിയ ശാപപ്പടക്കമുഴക്കം നനച്ചതാര്‍?

കപിലശാപത്തിനാല്‍*വിഷസഹജപുത്രര്‍ക്കു
കത്തിപ്പടരുന്ന ദേഹധൂമത്തിന്നു ദാഹം നനച്ചതാം
ഭാഗീരഥശ്രമം വറ്റിച്ചെടുത്ത പിതൃക്കളോ മക്കളോ

പ്രകൃതിയുടെയാധാരപത്രം നടത്തിക്കൊടുത്തതിന്‍
കൂലിയാല്‍ ബോധമോശം കുടിച്ചുടുതുണുയിലാകവേ
ഛര്‍ദ്ദിച്ചിഴയും ക്ഷണികാഗ്രഹങ്ങളോ?

മുലയുടെ നിഴല്‍പറ്റിയിറ്റുവീഴുന്ന
വത്സലബിന്ദുക്കുള്‍ നൊട്ടി നുണയവേ
മട്ടിപ്പു മാറുവാനെകിറുകൊണ്ടുറയുന്ന
രക്തത്തിനുന്മാദമേറ്റ ശിശുക്കളോ?

ദൈവവചനത്തിലാഞ്ഞാഞ്ഞുരയ്ക്കുന്ന
ശസ്ത്രനിരയ്ക്കുള്ള മൂര്‍ച്ച പരീക്ഷിച്ച
രക്തക്കറയുള്ള കൈകളോ? ദൈവമോ?

കൊല്ലാവ്രതത്തിന്‍റെ പാരണയുണ്ണുവാന്‍
ചെത്തിക്കളഞ്ഞു സമപ്പെടുത്തീടുവാന്‍
സത്യകാമശ്രാദ്ധമൂട്ടണം ഉണ്ണണം

സത്യകാമത്തിനേ മോക്ഷം ലഭിയ്ക്കണം

Monday, July 12, 2010

ശാന്തത

അരുതരുതു നോക്കരുതിങ്ങിനെ ശാന്തമായ്
കണ്ണില്‍ പടരുന്ന ശീതള വേരുകള്‍
അനുനിമിഷമുയിരിന്‍റെയാഴത്തിലാണിടും
കോശകോശാന്തരം ദൂതു പറഞ്ഞിടും

കുരുടരുടെ മുന്നില്‍ വിളങ്ങിടുമായിരം
രശ്മികളൂക്കോടെ രക്തത്തില്‍ വീണിടും.
വിവിധതരശാപങ്ങള്‍ വേഷങ്ങള്‍ കെട്ടിയ-
ങ്ങാടിയുറഞ്ഞാര്‍ത്തു താണ്ഡവമാടിടും
ഉടലിലെ ഞരംപുകള്‍ പാലിച്ചു പോന്നുള്ള
ധര്‍മമധര്‍മ്മവും സങ്ഗരമാര്‍ന്നിടും.
നിഴലിനെയടിച്ചടിച്ചാകെ വിവശരാ-
യൂരുപിളര്‍ന്നു രണത്തില്‍ കിടന്നിടും

അരുതരുതു നോക്കരുതിങ്ങിനെ ശാന്തമായ്
ശാന്തത ഞങ്ങള്‍ക്കു കാളകൂടം വിഷം

Wednesday, June 2, 2010

ശാപം

"കണ്ണൊന്നു വിട്ടാല്‍ കളിയാണു പിന്നേ
പെണ്ണിന്നു കല്ലിന്‍റെ വിചാരമില്ല
കിണ്ണത്തിലാഴക്കരികഞ്ഞിനല്‍കാന്‍
വിണ്ണീന്നു വീഴില്ലെടി കല്ലുടയ്ക്ക്

തുള്ളിത്തുളുംപിക്കളിയാടിടാമെ-
ന്നുള്ളില്‍ നിയ്ക്കുന്നതു നല്ലതല്ല
പിള്ളേര്‍ക്കു ചെറ്റൊന്നു കുടുംബഭാര-
മുള്ളില്‍ മുളച്ചീടുക തന്നെ വേണം

എന്താണു പെണ്ണിന്‍റെ വിചാരമയ്യോ
തന്തയ്ക്കു സര്‍ക്കാര്‍പണിയാണിതെന്നോ
ചന്തിയ്ക്കു കിട്ടും പുളിവാറലാലെ
കുന്ത്രാണ്ടമേ പോകെടി കല്ലുടയ്ക്ക്"

കണ്ണീരു പായുന്നു ഞെരംപുതോറു-
മുണ്ണിയ്ക്കു ഹോംവര്‍ക്കിനു ഹെല്‍പ്പു നെല്‍കെ
ഉണ്ണിക്കരത്തില്‍ ചെറുപെന്‍സില്‍ നല്‍കെ
പുണ്ണായിടുന്നാ ശിശുദൈന്യരൂപം

തുറിച്ചു നോക്കുന്നു പിതൃക്കളെല്ലാം
വിറച്ചിടും ശാപകരങ്ങള്‍ പൊക്കി
ചിറിച്ചു രോഷാരവമാര്‍ത്തുചുറ്റും
കറങ്ങിടുന്നു ദയവറ്റപോലെ

നിനച്ചിടുന്നോ ബലിയിട്ടിടുംപോള്‍
നനഞ്ഞിടും നാവിലെ ദാഹമെന്ന്?
കനത്ത വെയ്ലത്തുരുകുന്നപെണ്ണേ
നിനക്കു മുത്തേകി മരിച്ച പാവം

Monday, April 5, 2010

ഏതന്മേ

ഉണ്ണീ, സർവ്വപ്രായശ്ചിത്തം എന്നു സങ്കൽപ്പിച്ച് ഓം തത്സൽ.



നടുക്കില്‍ എള്ളു കൂട്ടിയൊരു വെള്ളം
ഉണ്ണീ, പിണ്ഡം കുറച്ചകത്തിപ്പിടിച്ചേയ്ക്കൂ
കണ്ണീരിറ്റുപ്പുചേരേണ്ട. അടുത്ത ഗര്‍ഭപാത്രം തേടിയലുംപോള്‍
പൊതിച്ചേറില്‍ ഉപ്പധികമാക്കി  വിഷമിപ്പിയ്ക്കരുത്.

തേങ്ങലിന്‍ ഓളങ്ങളൊന്നടക്കിയേക്കൂ.
മരണവേദനയുടെ വേരുകള്‍ മുഴുവന്‍ വിട്ടു പോയിട്ടുണ്ടാവില്ല.
ചെറിയ ഇളക്കം പോലും താങ്ങാന്‍ പറ്റന്ന അവസ്ഥയിലായിരിയ്ക്കില്ല.

മന്ത്രങ്ങള്‍‍ ശരിയ്ക്കു ചൊല്ലൂ
നിന്‍റെ അക്ഷരങ്ങളില്‍ പിഴപിണഞ്ഞാല്‍
വയംപരച്ചു തന്നു വളര്‍ത്തിയ സങ്കല്‍പ്പങ്ങളില്‍
ഇതികര്‍ത്തവ്യതാമൂഢതപടര്‍ന്ന്
തെക്കേത്തൊടിയില്‍ ചിതയിലെരിഞ്ഞുകരിഞ്ഞ ശിരസ്സ
ചൂടാറാത്ത കയ്യില്‍ താങ്ങി
മോക്ഷകവാടം മറന്നേ ഇരിയ്ക്കും.

Wednesday, March 24, 2010

വേനല്‍

തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴ്കുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുക നാം

വേനലിലായിരമാര്‍പ്പും വിളിയും പൊങ്ങിയ പാടത്ത്
മനമിളകും പോല്‍ കളികകളിലാടിയ ചിരിയുടടെയോരത്ത്
ചെറുചെറുപരിഭവമടിപിടിയായി കണ്ണു കലങ്ങുംപോള്
‍ചറുപറെ കണ്ണീര്‍ തൂകി നനച്ചൊരു ധരയുടെ മാറത്ത്
കൊടികുത്തീടും വാക്കുകള്‍ വാതുകള് നട്ടൊരു പാടത്ത്
വെടിയും പൂരവുമുറഞ്ഞു തുള്ളിയ നിനവിന്നോരത്ത്‍
തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴ്കുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുകനാം

നമുക്കുകിട്ടിയ ബാല്യസുഖത്തില്‍ പുളച്ച നാമെന്തേ
നമുക്കുപോലും താങ്ങാനാവാ ചുമടിന്‍ ഭാരത്തെ
തലയ്ക്കുവെച്ചുകൊടുപ്പൂ? കളിയുടെ ഹരമേ പോയെന്നോ?
വിലങ്ങവെച്ചൂ പൈതങ്ങളെ നാം‍ കച്ചോടക്കാര്‍ക്കായ്
പഠനം കഠിനം, മത്സരമുനയില്‍ നടനം കഠിനതരം
ജഠരാപൂരണപഠനം ലക്ഷ്യം മാനവതാ തുച്ഛം
തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴ്കുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുകനാം

നമ്മുടെ കുട്ടികളവരുടെ മക്കള്‍ക്കേകീടാനായി
വിലങ്ങു പണിവതു കണ്ടു നടുങ്ങാന്‍ തയ്യാറാവാം നാം
നനുത്ത മഴകൊണ്ടോടി നടന്നൂ തൊടിയില്‍ നാമെല്ലാം
മക്കള്‍ക്കേകാന്‍ മഴയും തൊടിയും കഥകളിലാക്കീനാം
മക്കള്‍ മക്കള്‍ക്കേകാന്‍ കഥയുടെ പൊടിയും കിട്ടാതെ
നട്ടം തിരിവതു കണ്ടു തപിച്ചു കിടക്കാം നമ്മള്‍ക്ക്
തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴ്കുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുകനാം

Thursday, February 18, 2010

പുഴ

ചുട്ടു പഴുത്തു തിളച്ചു കിടക്കും ധരയുടെ നിശ്വാസങ്ങള്‍
കാലംകൊണ്ടു കറുത്തു തടിച്ചൂ മേഞ്ഞൂ മാനത്താകെ
മിന്നല്‍പ്പിണരും പൊട്ടിച്ചാകെ കൂറ്റം കുത്തി നടന്നു
ഝടഝടയെന്നവ തമ്മില്‍ തമ്മില്‍ കൊംപുകാളാലെയുടക്കി
ദീര്‍ഘതപസ്സില്‍ മുഴുകിയദിക്കുകള്‍ ഞെട്ടിയുണര്‍ന്നു ചൊടിച്ചു
ഓടിനടക്കുന്നവെയെ ദോഹനശിക്ഷയായി വിധിച്ചൂ
മനുജര്‍ ഹൃദയത്തട്ടില്‍ കുളിരാം പാലുകറന്നാര്‍ മുറ്റും
ചെടികള്‍ പുതിയൊരു പച്ചനിറത്തെ കറന്നെടുത്താരിലയില്‍
പശുനിര നിറുകയില്‍ വാലുംകുത്തീട്ടോടിനടന്നു കറന്നു
ഭൂമിയില്‍ മേയാല്‍ പുല്ലിന്‍മുളകള്‍ തണലുകളയവെട്ടാനും
ദോഹനസുഖവേദിതനിശ്വാസപംപര പിന്നെ പിന്നെ
മലകളെ മുലയൂട്ടാനായവയെ മുട്ടി യുരുമ്മീ മെല്ലെ
അകിടു നിറച്ചു ചുരത്തിയതെളിനീര്‍ പെയ്തു നനച്ചൂ മലയെ
കുടിച്ചു മയങ്ങിയ മലയുടെയാലസ്യങ്ങള്‍ പുകപോല്‍ മലയെ
മൂടീ പിന്നെ, സൂര്യന്‍ വന്നു വിളച്ചു പുതപ്പും മാറ്റീ
വെള്ളച്ചാട്ടമണിഞ്ഞൂ മലയും കുളിര്‍നീര്‍ മാലകള്‍ പോലെ.
കളകളനാദമുണര്‍ത്തീ മാലകള്‍ താഴത്തേയ്ക്കു കുതിച്ചൂ.
താഴ്വാരത്തില്‍ കാടിന്നിടയില്‍ നൃത്തം വെച്ചു കളിച്ചൂ
മാമുനിമാര്‍ വന്നാദരപൂര്‍വ്വം മന്ത്രാചമനം ചെയ്തു
മാമരനിരയും വേരാലൊട്ടു തടഞ്ഞൂ സൊഹൃദമരുളി
ക്രൂരമൃഗങ്ങള്‍ കണ്ണുമടച്ചു കുടിച്ചാര്‍ ശാന്തം കുടിനീര്
‍ശാന്തമൃഗങ്ങള്‍ തെളിനീരില്‍ തന്‍ രൂപം കണ്ടു പകച്ചൂ
കാടിന്‍ പാവനശാന്തതയോടെ നാണം പൂണ്ടുങ്കൊണ്ടേ
നാട്ടില്‍ മനുജര്‍ ധരയുടെ മാറില്‍‍ കൊത്തും കൈക്കോട്ടിന്‍റെ
ക്രൂരതമോന്തിയ ചളിവെള്ളത്തിന്‍ ചങ്ങാതിത്തം നേടി
ഇരുകരതിങ്ങി നിറഞ്ഞു കവിഞ്ഞീലോകം മുങ്ങോന്‍പോരും
ഉദ്ധതയാലെ ചില നാളുകളില്‍ ഘോരതയാര്‍ന്നും പാഞ്ഞും
കയ്യില്‍ കിട്ടിയതൊക്കെയൊടുക്കി കലിയുംതുള്ളിക്കൊണ്ടേ
നുരയും പതയും ചുഴിയും പൊന്തക്കെട്ടും ശവവുമൊഴുക്കി
ആക്രമണോത്സുകമാകും ഭ്രാന്തില്‍ പെട്ടു തിളച്ചു മറിഞ്ഞു
പലനാളുകളായ് ക്രോധിച്ചാകാശത്തെത്താത്താ സൂര്യന്‍
കാര്‍മ്മേഘങ്ങളടങ്ങിയ വേളയില്‍ മെല്ലെ താഴെ നോക്കി.
യുഗയുഗമായിട്ടെരിയും കണ്ണുകള്‍ കണ്ടു നടുങ്ങീ പുഴയും
അക്രമവാസനയെല്ലാം വിട്ടു പതുക്കേ വാങ്ങിയൊതുങ്ങി
ചളിയുടെ ചങ്ങാതിത്തം വിട്ടു തെളിഞ്ഞൂ കുഞ്ഞലയാലെ
കരയെ തഴുകീ പരിഭവമുള്ളതു കഴുകിക്കളയും പോലെ
കറുത്തമണലും വെളുത്തമണലും വേറിട്ടാക്കാന്‍ നോക്കി
മണപ്പുറത്തെ കാല്‍പ്പാടുകളില്‍ തെറ്റും ശരിയും ചേര്‍ന്നു
കരയിലുയര്‍ന്ന മാഹാനഗരത്തില്‍ പാതകപാപം വാങ്ങി
മാരകരോഗം ദുഷ്ടത ചവറുകള്‍ വാങ്ങിയഴുക്കിന്‍ ചാലായ്
ജീവിതമാകെ മടുത്തു മരിയ്ക്കാന്‍ തയ്യാറായക്കൊണ്ടേ
കടലില്‍ ചെന്നു മറഞ്ഞാളലകടല്‍ തിരമാലകളാലലറി

Thursday, January 7, 2010

പ്രതിഗമനം ദേവതാ

നരമൃഗഃ ഋഷിഃ
ഗായത്രീ ഛന്ദഃ
പ്രതിഗമനം ദേവതാ

തുടക്കത്തെ മടക്കത്തിന്‍
തുടിയ്ക്കും ലക്ഷ്യമാക്കുവാന്‍
ബുദ്ധി നല്‍കട്ടെയീശ്വരന്‍

കടലില്‍ നിന്നു പൊങ്ങീടും
കട്ടിക്കാര്‍ കടല്‍ പൂകിടും.
ബുദ്ധി വന്‍തിരയാകണം

കാട്ടില്‍ ചാടും കുരങ്ങന്‍റെ
കാടത്തം പൂണ്ട മാനുഷര്‍
എങ്ങോട്ടാണുമടങ്ങുക?

നാട്ടിലിന്നും രണ്ടു കാലില്‍
ഓടും മാനുഷര്‍ മുള്ളുവാന്‍
കാലുയര്‍ത്തീടില്‍ നായയാം

വാലില്ലേല്‍ നാവിനാലാവാം
തിരുമുംപിലെ സേവനം
പോയാല്‍ തന്നെ മടങ്ങണം?

പോയില്ലെങ്ങുമേ നമ്മള്‍
മടങ്ങും കാര്യമോര്‍ക്കുവാന്‍
രങ്ഗം മാറ്റുന്നതീശ്വരന്‍

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...