Saturday, January 30, 2021

പല്ലി

 ഉത്തരമില്ലാത്ത ഉത്തരത്തിൻ കീഴെ

ഉത്തരം താങ്ങുന്ന പല്ലി
വർത്തമാനത്തിനെ സത്യമാക്കീടുന്ന
സത്യം ചിലക്കുന്ന പല്ലി
പൂർവ്വികർ കെട്ടിയ കെട്ടിൻ്റെ താഴത്തു
പാറ്റയെ തിന്നുന്ന പല്ലി
പാറ്റയെ തിന്നിട്ടു താണ്ഡവം കാണുവാൻ
നഗ്നയായെത്തുന്ന പല്ലി.
താണ്ഡവം കണ്ടതു ചൊല്ലാൻ കഴിയാത്ത
പേടിച്ച കണ്ണുള്ള പല്ലി.
പ്രാണനെ വാലിൽ പിടയാൻ മുറിച്ചിട്ടു
പേടിച്ചു പായുന്ന പല്ലി
പല്ലിഗുരക്കളെ കണ്ടു വളർന്നുള്ള
ഉത്തരമാണു ഞാൻ പല്ലി

കൊട്ടും ചിരി

 കൊട്ടും ചിരിയും കഴിക്കുവാൻകുട്ടികൾ

മുറ്റത്തു കൈകൊട്ടിയാർത്തീടവേ
ഒട്ടും ചിരിക്കാതെ ഗൗരവം തേച്ചു ഞാൻ
വാതായനത്തിൽ പിടിച്ചു നിന്നു
*
ഊഷ്മളസുസ്മിതം തന്ന മുലപ്പാലിലെത്ര
ചിരി ഞാൻ കുതിർത്തെടുത്തു
അത്രയും വറ്റിച്ചുണക്കിയെടുത്താ-
ണെൻ്റെ നട്ടെല്ലിൻ കശേരുക്കളെ.
നട്ടെല്ലിനാത്മവുതാനായിരിക്കുന്ന
പൊട്ടിച്ചിരികളെ ശത്രുക്കൾപോൽ
ഗൌരവക്കാരനായീടുവാൻ ശക്തമായ്
കെട്ടിയടക്കി ഞാനിത്രനാളും
ഇന്നതിൽ ദുഖിച്ചുറന്നുവന്നീടുന്ന-
കക്കണ്ണുനീരുപ്പു പറ്റുകയാൽ
ആകെ ദ്രവിച്ചൊന്നു നീർന്നു നിന്നീടുവാൻ
പറ്റാതെ ഭൂതവാതായനത്തിൻ
ദുശ്ഛേദ്യമാകുമഴികളിൽ കൈവച്ചു
ദൈവദോഷത്തെ പഴിച്ചിടുന്നു.
*
ഗൌരവവാർത്തകളെന്നെയും ലോകത്തി-
നുന്നതസ്ഥാനത്തു കൊണ്ടിരുത്തും
എന്നു ഞാനാത്മാർത്ഥമായി കരുതിക്കൊ-
ണ്ടാർത്തിയാൽ വായിച്ചു മന്ദനായി.
വേണ്ടുന്ന വേളയിൽ വേണ്ടുന്ന വീതിയിൽ
വേണ്ടുന്ന നീളം ചിരിക്കുവാനായ്
വാർത്തകളെന്നെ പഠിപ്പിച്ചു. ചെറ്റുമേ
പുഞ്ചിരി തൂകാതിരിക്കുവാനും
ചെത്തിമിനുക്കിയ പുഞ്ചിരി വിറ്റിട്ടു
ചെത്തിമിനുക്കിയ വഞ്ചനയെ
വാങ്ങി സ്വരുക്കൂട്ടിയാകണം ജീവിതം
ഉള്ളിൽ വറ്റിക്കണം പുഞ്ചിരിയെ
എന്നറിഞ്ഞെല്ലാമറിഞ്ഞെന്നവീമ്പിനാൽ
ഉന്നതസ്ഥാനങ്ങൾ കയ്യടക്കി
എന്നിട്ടുമിന്നൊന്നു നീർന്നു നിന്നീടുവാൻ
നട്ടെല്ലിനില്ലാ കരുത്തെനിക്ക്
പുഞ്ചിരിക്കാനായ് ശ്രമിക്കുവാൻ പോലുമേ
പറ്റില്ല. പേശി വലിഞ്ഞുപൊട്ടും.
*
കൊട്ടും ചിരിയും കഴിക്കുവാൻകുട്ടികൾ
മുറ്റത്തു കൈകൊട്ടിയാർത്തീടവേ
ഒട്ടും ചിരിക്കാതെ ഗൗരവം തേച്ചു ഞാൻ
വാഴ്ന്നു ജയിച്ചവൻ പോലെ നിന്നു

ബ്രഹ്മപട്ടണപുരാധീശസ്തോത്രം

 ആത്മദേശവിരഹാതുരാൻ ജനാൻ

ആശ്രിതാൻ സ്വയമവേക്ഷിതും മുദാ
ബ്രഹ്മപട്ടനപുരാഗതം പരം
സംശ്രയേ ഗുരുപുരേശ്വരം ഹരിം 1
*
ജന്മനാട്ടിൽനിന്ന് വിട്ടുപോന്നതിൽ വിഷമമുള്ള ആശ്രിതന്മാരെ കാണാൻ സന്തോഷത്തോടെ സ്വയം ബ്രഹ്മപട്ടനത്തിലെ (ബ്രാംപ്ടനിലെ) ക്ഷേത്രത്തിൽ എത്തിയ ഹരിയായ ഗുരുവായൂരപ്പനെ ഞാൻ ആശ്രയിക്കുന്നു.
**
രൂക്ഷശൈത്യപരിദുഃഖിതാൻ സ്വകാ-
നൂഷ്മളേന നയനേന വീക്ഷിതും
ബ്രഹ്മപട്ടനപുരാഗതം പരം
സംശ്രയേ ഗുരുപുരേശ്വരം ഹരിം 2
*
രൂക്ഷമായതണുപ്പുകൊണ്ട് വിഷമിക്കുന്ന തൻ്റെ ആൾക്കാരെ ഊഷ്മളമായ കണ്ണുകൊണ്ട് നോക്കുവാൻ ബ്രഹ്മപട്ടനത്തിലെ (ബ്രാംപ്ടനിലെ) ക്ഷേത്രത്തിൽ എത്തിയ ഹരിയായ ഗുരുവായൂരപ്പനെ ഞാൻ ആശ്രയിക്കുന്നു.
**
അഗ്നിസാഗരഭവേ പ്ലുതം ജനം
പദ്മശീതളകരേണ രക്ഷിതും
ബ്രഹ്മപട്ടനപുരാഗതം പരം
സംശ്രയേ ഗുരുപുരേശ്വരം ഹരിം 3
*
തീക്കടലായ സംസാരത്തിൽ മുങ്ങിപ്പോയ ജനങ്ങളെ താമരപോലെ തണുപ്പുള്ള കയ്യുകൊണ്ട് കയറ്റുവാൻ ബ്രഹ്മപട്ടനത്തിലെ (ബ്രാംപ്ടനിലെ) ക്ഷേത്രത്തിൽ എത്തിയ ഹരിയായ ഗുരുവായൂരപ്പനെ ഞാൻ ആശ്രയിക്കുന്നു.
**
ജീവിതാഖ്യസമരേോദ്ഭവാം ശുചം
ജ്ഞാനദാനകലയാ പ്രമാർജ്ജിതും
ബ്രഹ്മപട്ടനപുരാഗതം പരം
സംശ്രയേ ഗുരുപുരേശ്വരം ഹരിം 4
*
ജീവിതസമരത്തിൽ വിഷാദത്തിന് അടിമപ്പെട്ടർക്ക് ജ്ഞാനം പകരാൻ ബ്രഹ്മപട്ടനത്തിലെ (ബ്രാംപ്ടനിലെ) ക്ഷേത്രത്തിൽ എത്തിയ ഹരിയായ ഗുരുവായൂരപ്പനെ ഞാൻ ആശ്രയിക്കുന്നു.
**
പാഞ്ചജന്യകൃതനാദസീധുനാ
കാമരോഷമുഖമാർജ്ജനായ ഹി
ബ്രഹ്മപട്ടനപുരാഗതം പരം
സംശ്രയേ ഗുരുപുരേശ്വരം ഹരിം 5
*
പാഞ്ചജന്യനാദം കൊണ്ട് കാമക്രോധാദികളെ ഇല്ലാതാക്കാനായി ബ്രഹ്മപട്ടനത്തിലെ (ബ്രാംപ്ടനിലെ) ക്ഷേത്രത്തിൽ എത്തിയ ഹരിയായ ഗുരുവായൂരപ്പനെ ഞാൻ ആശ്രയിക്കുന്നു.
**
ചക്രരാജമവമുച്യദുർദ്ദശാ-
ഛേദനായ നിജസേവിനാം സദാ
ബ്രഹ്മപട്ടനപുരാഗതം പരം
സംശ്രയേ ഗുരുപുരേശ്വരം ഹരിം 6
*
സുദർശനത്തെ അയച്ച് തന്നെ സേവിക്കുന്നവരുടെ ദുർദ്ദശകളെ ഇല്ലാതാക്കാൻ ബ്രഹ്മപട്ടനത്തിലെ (ബ്രാംപ്ടനിലെ) ക്ഷേത്രത്തിൽ എത്തിയ ഹരിയായ ഗുരുവായൂരപ്പനെ ഞാൻ ആശ്രയിക്കുന്നു.
**
ധർമ്മകൃത്തമുരുദോഷവർദ്ധിതം
ശാസിതും കലിമരുന്തുദം ഖലം
ബ്രഹ്മപട്ടനപുരാഗതം പരം
സംശ്രയേ ഗുരുപുരേശ്വരം ഹരിം 7
*
വളരെ ദോഷമുള്ളതും ഉഗ്രധർമ്മമുള്ളതും ദു:ഖം തരുന്നതും ഖലത്വം ഉള്ളതും ആയ കലികാലത്തെ ശാസിക്കാൻ ബ്രഹ്മപട്ടനത്തിലെ (ബ്രാംപ്ടനിലെ) ക്ഷേത്രത്തിൽ എത്തിയ ഹരിയായ ഗുരുവായൂരപ്പനെ ഞാൻ ആശ്രയിക്കുന്നു.
**
ഭക്തിവർദ്ധനമശേഷമോഹനം
ഭക്തരക്ഷണകലാം പ്രദർശിതും
ബ്രഹ്മപട്ടനപുരാഗതം പരം
സംശ്രയേ ഗുരുപുരേശ്വരം ഹരിം 8
*
ഭക്തിവർദ്ധിപ്പിക്കുന്നതും എല്ലാവരേയും മോഹിപ്പിക്കുന്നതും ഭക്തന്മാരെ രക്ഷിക്കുന്നന്നതും ആയ കല പ്രദർശിപ്പിക്കാൻ ബ്രഹ്മപട്ടനത്തിലെ (ബ്രാംപ്ടനിലെ) ക്ഷേത്രത്തിൽ എത്തിയ ഹരിയായ ഗുരുവായൂരപ്പനെ ഞാൻ ആശ്രയിക്കുന്നു.
**
വിഘ്നശാസ്തൃഗിരിജാര്യസംയുതേ
തേജസാ തുലിതമാരുതാലയേ
ബ്രഹ്മപട്ടനകൃതാലയേേ സ്ഥിതം
സംശ്രയേ ഗുരുപുരേശ്വരം ഹരിം 9
*
ഗണപതി, ശാസ്താവ്, ഭഗവതി എന്നിവയുള്ള ഗുരുവായൂരിന് സമമായ ബ്രഹ്മപട്ടനത്തിലെ (ബ്രാംപ്ടനിലെ) ക്ഷേത്രത്തിൽ എത്തിയ ഹരിയായ ഗുരുവായൂരപ്പനെ ഞാൻ ആശ്രയിക്കുന്നു.
**
ഭക്തിപുഷ്കലഹൃദാ സ്തുവീത യഃ
ബ്രഹ്മപട്ടനപുരാധിനായകം
സർവ്വസൌഖ്യസഹിതോ ഭവേത് പുനഃ
മോക്ഷമേതി ഭവപാശബന്ധനാൽ 10
*
ഭക്തിനിറഞ്ഞമനസ്സോടെ ബ്രഹ്മപട്ടനപുരനായകനെ ആര് സ്തുതിക്കുന്നുവോ ആയാൾ എല്ലാ സുഖങ്ങളും അനുഭവിച്ച് സംസാരത്തിൽ നിന്ന് മോചനം നേടും

തേങ്ങിക്കരയേണ്ട

 തേങ്ങിക്കരയേണ്ട

കാൽവിരൽച്ചോട്ടിലെ
സ്വപ്നചിത്രങ്ങളെടുത്തു പോകില്ല ഞാൻ
കാടും മലയും മദിച്ചു നടക്കേണ്ട കാൽവിരൽതുമ്പിലെ മുള്ളെടുത്തീടുവാൻ സമ്മതിച്ചീടുക
ഞാനും മെൻ പൂർവ്വപിതാക്കുളുമെല്ലാം നിൻ വാശിക്കാൽച്ചോട്ടിലെ
ചിത്രശതങ്ങളെ
വെട്ടിയൊതുക്കിയീ
നാടകലോകത്തിൻ
തോരണമാക്കീടാൻ
ആഗ്രഹിച്ചിരുന്നവർ
എന്നാലുമൊന്നു നീ
കാൽവിരൽത്തുമ്പിലെ
മുള്ളെടുത്തീടുവാൻ
സമ്മതിച്ചീടുക.
നീറും വ്രണത്താലെ
സ്വപ്നത്തിൽ വർണ്ണങ്ങൾ തൂകുവാൻആകും
നിനക്കെന്നു
വിശ്വസിച്ചീടുവാൻ
വയ്യ. നീ കണ്ടകവേദന
തിന്നാതെ ഭാവിയെഴുതണം
തീയ്യാൽ വരയുന്ന രേഖകളെല്ലാമെ
കാലത്തിനാലെ
കറുപ്പായി മാറിടും
എന്നു നിനയ്ക്കണം
ജീവിതത്താളുകൾ
വാശിയാൽ
കുത്തിവരഞ്ഞു കഴിയവേ
നിൻ വാശി തോറ്റിട്ടെനിക്കെന്തു നേട്ടമാം?
വാശി ജയിക്കിലും തോൽക്കിലും
അന്ത്യമാം തോൽവി വിജയമായീടണം
ഇപ്പോളീമുള്ളെടുത്തീടാൻ അടങ്ങുക

വാക്കുകൾ ഉടക്കിക്കിടക്കുകയാണ്

 വാക്കുകൾ ഉടക്കിക്കിടക്കുകയാണ്

കർമ്മബന്ധങ്ങളിലെ കെട്ടുകളിൽ
വാക്കുകൾ ഉടക്കിക്കിടക്കുകയാണ്.
വിളിച്ചുപറയാൻ പുളിച്ചുതേട്ടുന്നവ
നാണമൊലിച്ചു നനഞ്ഞവ
വേദനയാൽ നിണമണിഞ്ഞവ
തിരശ്ശീലയ്ക്കു പിന്നിൽ ചീറിപ്പൊളിക്കുന്നവ
ഭയന്നു മുഖം വറ്റുന്നവ
വായിലെ വെള്ളത്തിൽ തോണി കളിക്കുന്നവ
ഇരുളിൽ തലയിൽ മുണ്ടിടേണ്ടവ
അഹങ്കാരത്തിൽ കനത്തിൽ അഭിനന്ദിക്കാൻ കഴിയാത്തവ
വാക്കുകളാൽ ശ്വാസം മുട്ടുമ്പോൾ
വെന്റിലേറ്ററിൽ കിടത്തി മുട്ടിക്കുന്ന ബന്ധങ്ങൾ


കയ്യിൻ്റെ ഉദ്ഭവസ്ഥാനത്ത് വേദന.

 കയ്യിൻ്റെ ഉദ്ഭവസ്ഥാനത്ത് വേദന.

തലച്ചോറിൽനിന്ന് എടുക്കാനും കൊടുക്കാനും തൊടാനും ഉള്ള ആഗ്രഹസന്ദേശങ്ങൾ എത്തുന്ന കൈയ്യിൻ്റെ ഉദ്ഭവസ്ഥാനത്താണ് വേദന.
ഈ വേദനയിൽകൂടി കടന്നു പോകുന്ന സന്ദേശങ്ങൾക്ക് പരിണാമം സംഭവിക്കില്ലായിരിക്കാം.
കൊടുക്കാനുള്ള ആഗ്രഹങ്ങൾക്ക് ഭ്രാന്തുപിടിച്ചപോലെ വിജൃംഭിച്ച് വികൃതമായ രൂപമായാൽ വാങ്ങുന്നവരുടെ കൈ പേടിച്ച് പിൻവാങ്ങില്ലായിരിക്കാം.
കുട്ടിക്കാലത്ത് തറയും പൂതനും കെട്ടിവരുന്നവർക്ക് മുണ്ടുകൊടുക്കാൻ പിൻവാങ്ങിയരുന്ന കയ്യിന് ഉദ്ഭവസ്ഥാനത്ത് വേദനയുണ്ടായിരുന്നില്ല. സന്ദേശത്തിലേ ഭയം ലയിച്ചിരുന്നു.
ഇന്ന് കൊടുക്കാൻ കൈ ചലിക്കുമ്പോൾ സന്ദേശം വേദനയിൽ കാച്ചിയെടുത്തതുപോലെ പൊള്ളച്ച് വികൃതമാകുമോ എന്നാണ് ഭയം.
ഇനി എടുക്കലിൻ്റെ കാര്യം
വിഷുക്കൈനേട്ടം വാങ്ങിയ കൈ വിഷമപ്രതീക്ഷയോടെയല്ലാതെ നീട്ടാൻ മറന്നു പോയിരിക്കുന്നു. തീ തീറ്റുന്ന വേദന,
നായും നരിയും പശുവും കൈ നീട്ടാതെ തിന്നുന്നപോലെ താമിസ്രാന്ധതാമിസ്രസൂചീപാകാദികൾ തീറ്റിക്കുമോ എന്നാർക്കറിയാം?
പണ്ട് ഊഷ്മളമായിരുന്ന കാമസ്പർശസന്ദേശങ്ങൾ വേദനയിൽ നനഞ്ഞ് തണുത്ത് ശവസ്പർശസന്ദേശങ്ങളായിത്തീരുമെന്ന ഭയം പ്രതിസന്ദേശമായി മസ്തിഷ്കജ്വരത്തിന് കാരണമാകുന്നു.
എന്തിനാണ് ഭയം?
വേദനയെ വേദനയായംഗീകരിച്ച് വേദനിക്കാം. സമാധാനമായ് മരണം വരെ വേദനിക്കാം.

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...