Wednesday, November 18, 2020

ഇരുട്ടിലേയ്ക്ക് നോക്കരുത്

 പൂമുഖത്തുനിന്നെത്തുന്ന അരണ്ട വെളിച്ചത്തിൽ

മകൾ പൂമ്പാറ്റപോലെ തത്തിക്കളിച്ചു.
അമ്മ ചോദിച്ചു.
“അവളുടെ ഓരോ ചലനത്തിലും സ്വതന്ത്ര്യം തുടിക്കുന്നണ്ടല്ലേ?”
അച്ഛൻ പറഞ്ഞു. “അതിലൂടെ വേണം ഭാവി പടരാൻ”
ചന്ദ്രനെ നോക്കി മകൾ കുഞ്ഞിക്കൈ കൊട്ടി ചിരിച്ചു.
“എന്നെങ്കിലും മകളും ചന്ദ്രനിൽ പോകുമായിരിക്കും അല്ലേ?”
“അന്ന് നക്ഷത്രങ്ങളായി ഇതുപോലെ നമ്മൾ ചന്ദ്രനെ നോക്കിയിരിക്കും”
കാറ്റത്ത് വീണ പൂവ്വെടുത്ത് മകൾ വാസനിച്ച് തലയിൽ വെച്ചു.
“അവൾക്കെല്ലാം അറിയാം അല്ലേ?”
“അറിവിലൂടെ ഈ പ്രപഞ്ചം മുഴുവനും കാണണം.”
മകൾ ഇരുട്ടിലേയ്ക്ക് ചൂണ്ടി എന്തോ ശബ്ദം പുറപ്പെടീച്ചു.
അമ്മ ഓടിച്ചെന്ന് മകളെ വാരിയെടുത്ത് ഇറയത്തുകയറി
“എന്താണ് എന്നൊന്നു നോക്കൂ!”.
“നമുക്ക് ഇരുട്ടിലേയ്ക്ക് നോക്കേണ്ട. വതിലടച്ചു കിടക്കാം”

രാത്രി

 നിരുപമസൌന്ദര്യത്തിൻ മേലായ് ഇരുളിൻ കറകൾ വീണു

കറകളിൽനിന്നും കറയുടെ പരാവാരം തന്നെയുണർന്നു.
പാരാവാരഭയത്താൽ സൂര്യൻ നിറമില്ലാതെ മരിച്ചു.
സൂര്യനുചിതയായ് മാനുഷരെല്ലാം അന്തിത്തിരികളെരിച്ചു.
തിരിയുടെ പുകയേറ്റിരുളിന്നുള്ളിൽ ബോധക്കേടു കഴച്ചു.
ബോധക്കേടിന്നാഴക്കടലിൽസ്വപ്നം പോലെ ചന്ദ്രൻ
തോണിയിറക്കി നീലനിലാവാം വലയും വീശിയെറിഞ്ഞു.
ഉഴലും നിഴലുകളായിരമായിരമായാ വലയിൽ പെട്ടു.
നിഴലിൻ ഭാരമുയർത്താൻ കഴിയാതാകെ വലഞ്ഞൂ ചന്ദ്രൻ

മുത്തച്ഛൻ

 എന്നുടെ മുത്തച്ഛൻ വീടു വിറപ്പിച്ച

നാട്ടിൽ പ്രമാണിയാം കാശുകാരൻ
മൂക്കിന്റെ തുമ്പത്തു നിന്ന് ത്രസിച്ചീടും
ശുണ്ഠിയാൽ കണ്ണിൻ പുരികം കത്തും.
പൂച്ചയെ പേടിക്കും മൂഷികരേപ്പോലെ
മുക്കിലൊളിക്കുമനന്തരവർ
പൂജാമുറിയിലും മൂത്രമൊഴിച്ചീടും
ചിന്തയിൽ മുത്തച്ഛൻ വന്നുവെന്നാൽ.
അങ്ങിനെയുള്ളൊരു മുത്തച്ഛനൂണി-
ന്നിരിക്കുന്ന നേരത്തു തട്ടിൽനിന്നും
നേരേയിലയിൻ നടുക്കായി വീണുപോയു-
ത്തരം താങ്ങുന്ന കുഞ്ഞുഗൌളി
വീണതും വാലുമുറിച്ചിട്ടു പാഞ്ഞുപോയ്
പേടിച്ചരണ്ടുള്ള കുഞ്ഞുഗൌളി
നായയെ കണ്ടൊരു മാർജ്ജാരനേപ്പോലെ
രോമമെഴുന്നേറ്റു മുത്തച്ഛന്
ഒമ്പതു ദ്വാരങ്ങളിൽകൂടിയാകോപം
ആകെ പുകഞ്ഞു പുറത്തു ചാടി
ചോറുവിളമ്പുവാൻ നിന്നുള്ള മുത്തശ്ശി-
യാകെ വിയർത്തു കലശലായി
വീട്ടിലുള്ളാൾക്കാരും പിന്നെയാ നാട്ടിലെ
നാട്ടാരും പയ്ക്കളും പോത്തുകളും
പട്ടി കുറുക്കൻ കടവാതിൽ കാക്കക-
ളെന്നു വേണ്ടല്ലാം വിരണ്ടുപോയി.
ഇങ്ങിനെയാകെ കുലുമാലാം നേരത്തു
ലക്ഷണം ചൊല്ലുന്ന നാടുതെണ്ടി
ഒന്നുമറിയാതെ പൂമോത്തെ മുറ്റത്തു
നിന്നു വിളിച്ചു പറഞ്ഞുറക്കെ
"അമ്മാ ഞാൻ ലക്ഷണം ചൊല്ലാം മുഖം നോക്കി
ഭൂതവും ഭാവിയുമെല്ലാം ചൊല്ലാം"
മുത്തച്ഛനപ്പോഴാണഗ്നി പുകയുമ്പോൽ
പൂമുഖത്തേയ്ക്ക് വരും വരവ്
ലക്ഷണക്കാരൻ പറഞ്ഞു “മുഖം നോക്കി
ചൊല്ലട്ടോ ലക്ഷണം തമ്പുരാനേ?
യോഗിയേപ്പോലെ യമനിയമങ്ങളാ-
ലുള്ളടക്കീട്ടുള്ള യോഗ്യനെന്ന്
കണ്ടാലേ ചൊല്ലീടും ചൊല്ലട്ടോ ലക്ഷണം
രാജകലയുള്ള തമ്പുരാനേ?”
മുത്തച്ഛൻ കോപത്താലന്ധനായ് കണ്ണടച്ചാ-
ക്രോശിക്കാനായ് തുടങ്ങീടവേ
ലക്ഷണക്കാരൻ തുടർന്നു “ദയയാലെ
ചന്ദ്രനേപ്പോലെ തണുത്തവനാം.
ചൊല്ലട്ടോ ലക്ഷണം? സത്യമേ ചൊല്ലുള്ളൂ.
ചൊല്ലട്ടോ ലക്ഷണം തമ്പുരാനേ?”
കണ്ണു തുറക്കാതെ മുത്തച്ഛനുള്ളിലെ
ചന്ദ്രനെയൊന്നു തിരഞ്ഞു നോക്കി.
“ദക്ഷിണ വേണ്ടായേ സത്യം പറഞ്ഞില്ലേൽ.
ചൊല്ലട്ടോ ലക്ഷണം തമ്പുരാനേ?”
ഉള്ളിലെയഗ്നി പതുക്കവെ ചൂടാറി
ചന്ദ്രനായ് തീർന്നുപോയെൻ മുത്തച്ഛൻ.

Friday, April 3, 2020

കോവിദൻ

ഉലകിലഖിലത്തിലും യമഭടകവാത്താലെ-
യുയിരുകളുലഞ്ഞങ്ങു കെട്ടുപോയീടവേ
അതികിടിലമുൾക്കൊണ്ടു കൂട്ടിൽ കിടക്കുന്ന
കിളിമകളുമോതിനാൾ ചത്ത സ്വരത്തിനാൽ

നാലഞ്ചടിവിട്ടു നിന്നു താൻ കേൾക്കണം
കോവിദ വിക്രമം ലോകഭയങ്കരം.
അരികിൽ വന്നിങ്ങിനെ പാലും പഴങ്ങളും
തന്നു കൊല്ലേണ്ട ഞാൻ താനെ മരിച്ചിടാം.

ഭൂമിയിൽ പാർക്കും ചരാചരശ്രേണിയിൽ
മാനുഷവർഗ്ഗമാം രോഗം പിടിക്കയാൽ
പുല്ലും മരങ്ങളും കല്ലും പുഴകളും
മാമല ചന്ദ്രനും ചൊവ്വയും വ്യാഴവും
പുൽച്ചാടിതൊട്ടുള്ള ജീവജാലങ്ങളും 
കേണുകേണുച്ചത്തിലാർത്തു വിളിക്കവേ
ആശബ്ദരേണുക്കളത്യന്ത ദുഖമാം
ദുർമ്മൃതിയായ് മാറിയുഗ്രതപസ്സിനാൽ
വെന്തുവെന്തുണ്മയെ വെല്ലുവിളിക്കവേ
കയ്യുയർത്തിക്കൊണ്ടനുഗ്രഹം നൽകിനാ-
നീശ്വരൻ സർവ്വചരാചരനായകൻ
കെട്ടിപ്പിടിക്കലിൽ കയ്യുകൊടുക്കലിൽ
സ്നേഹം പകരുന്ന ചുംബനവേളയിൽ
നൂറിനൊരായിരമായ് നീവളരുക
കാലനു പാതയിൽ ചൂണ്ടു പലകയായ്
കാലം വരും വരെ താണ്ഡവമാടുക
മർത്ത്യദംഭത്തിൻ ഫണങ്ങളിൽ സ്വൈരമായ്

ദുർമ്മൃതി ചീനയിൽചെന്നു തുടങ്ങിനാൻ
ദുസ്സഹമാകുന്ന വീരപരാക്രമം
കോവിദനെന്നുള്ള നാമം വരിച്ചതു
കോവിദനായതുകൊണ്ടുതാനല്ലയോ
കോവിദനെന്നുള്ള ശബ്ദാർത്ഥമോർക്കുകിൽ
സാമർത്ഥ്യവാനെന്നുതന്നെയാം നിശ്ചയം

മാനുഷരേ നിങ്ങളന്ധമാം കണ്ണിനാൽ
കാണ്മതിനൊക്കെയുമുണ്ടു പരിധികൾ
ചോരക്കറവീണ കൺകൊണ്ടു നോക്കാതെ-
യെന്നെ വിഹായസ്സിലേക്കു വിട്ടീടുക.

Friday, March 20, 2020

എഴുത്ത്

വാക്കുകളവിടെ തടഞ്ഞു വെച്ചിരിക്കയാണ്
ബുദ്ധിയിൽ പാടയിറങ്ങിയ പോലെ
ആശയങ്ങൾ വറ്റിത്തുടങ്ങിയിരിക്കുന്നു.
നാളെ മുതൽ ധ്യാനിച്ചുതുടങ്ങണം.
കുളക്കരയും പൊന്മയും സന്ധ്യകളും
ചേർത്ത് ഓരോനിമിഷവും ധ്യാനപൂതമാക്കണം.
ധ്യാനത്തിൽ കാക്കകരയുന്ന ശബ്ദം കുപ്പിയിലാക്കി
രാവിലെ മുറ്റത്തേയ്ക്ക് ഒഴിക്കണം.
മുറ്റമടിക്കുന്ന ശബ്ദം കൊണ്ട് തലങ്ങും വിലങ്ങും വരകളുണ്ടാക്കണം.
വരകളിൽ കാക്കക്കാലുകൊണ്ട് കോപ്പിയെഴുതണം.
കയ്യിൻറെ വെള്ളയിൽ കിട്ടിയ അടി പിഴിഞ്ഞ്
നോവെഴുതണം

Monday, December 17, 2018

വാർത്തകളിൽ കണ്ണാടിച്ചില്ലുകളാണ്.

കണ്ണിൻ മേൽത്തട്ടിൽ ചെറിയ കടച്ചിൽ 
കടച്ചിൽ കടൽ കടന്നു വന്നതാകും
ഒരു കുട്ടിയെ കാണാനില്ലെന്ന വർത്തമാനത്തിൽ കലർന്ന്.
അത് തലവേദനയായ് പരിണമിക്കുമായിരിക്കും
വാർത്തകളിൽ കണ്ണാടിച്ചില്ലുകളാണ്.
തലങ്ങും വിലങ്ങും വിണ്ടു നിൽക്കുന്ന കണ്ണാടിച്ചില്ലുകൾ.
സ്വന്തം രുപഖണ്ഡങ്ങൾ ചോരപൊടിയാതെ വേദനിപ്പിച്ച് കാണിപ്പിക്കുന്ന ചില്ലുകൾ.
കണ്ണിൻ മുകളിലെ കടച്ചിൽ പെരുകുന്നു.

വിള്ളലുകൾ

മരത്തിൻറെ തൊലിയിൽ വിള്ളലുകൾ വന്നിട്ടുണ്ട്.
പ്രായാനുഭവങ്ങൾ.
പെയ്ത് പോയ പേമാരിയും 
കനക്കാനിരിക്കുന്ന ഹിമപാതവും
വിങ്ങിനീറുന്ന വേനലും
വിള്ളലിൻ്റെ വേദന 
ലഹരിക്കിടക്ക് തൊട്ടു കൂട്ടിനുള്ളതായേ
കണക്കാക്കിയിട്ടുണ്ടാകൂ.
വിള്ളൽ വികസിച്ച് വികസിച്ച്
നചികേതസ്സിന് ആത്മജ്ഞാനസമാധിക്ക്
കാത്തിരിക്കാനുള്ള 
ഗോപുരദ്വാരമാകാൻ
ഭാഗ്യമുണ്ടാകട്ടെ
എന്ന് 
ആശംസിക്കാം.

Sunday, December 2, 2018

രക്തം വാർന്നുപോയെങ്കിൽ

രക്തം വാർന്നുപോയെങ്കിൽ
കുറ്റം ചെയ്തിരിക്കണം
തന്നത്താൻ കുറ്റമേൽക്കേണം
ശിക്ഷ വേദന തിന്നണം

കാരാഗൃഹത്തിൽ വീഴേണം
പാപിയെന്നേറ്റു കൊള്ളണം
കാറ്റും വെട്ടവുമേൽക്കാതെ
ചുറ്റും നോക്കാതെ വാഴണം

നടുവിൽ അഗ്നികൊയ്യുമ്പോൾ
വേവലാതികളാളവേ
തലവെട്ടിപ്പൊളിക്കുമ്പോൾ
സഹനം വ്രതമാക്കണം






Tuesday, March 13, 2018

വീട്

മാനം നോക്കി കിടക്കുന്ന വീടിൻറെ കണ്ണിൽനിന്ന്
ഏറാൽ വെള്ളം വീഴുന്നു.
അവരെന്തു ചെയ്യുകയാണവോ
തലവേദനയുടെ  കലക്കം തട്ടിയ കണ്ണും അടച്ച്
തിന്നു തീർക്കാനുള്ള ദുർഭാഗ്യങ്ങൾ അയവെട്ടുകയാകും
കിട്ടാക്കനിക്കായ് കാതങ്ങൾ താണ്ടി
സ്വാതന്ത്ര്യത്തിൻറെ പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയ
വിമ്മിഷ്ടത്തിൻറെ പേറ്റു നോവിലാണോ ആവോ.
വിറ്റുപോയ വീടിന് ഏറാൽ വെള്ളംഇറ്റു വീഴ്ത്താനല്ലാതെ
എന്തു ചെയ്യാൻ പറ്റും
വീടുവിൽക്കുമ്പോൾ അവരോർക്കണമായിരുന്നു.
വേരുകൾ മുറിക്കയാണെന്ന്.
വേരുകൾ മുറിച്ചാൽ ശാഖകളുണങ്ങും.
അതിൽ ഇലയും പൂവ്വും കായും ഉണ്ടാകില്ലെന്ന്
ഓർക്കണമായിരുന്നു.
അവരവിടെ വീടു വച്ചിരിക്കാം.
 വീടിനുള്ളിൽ മുല്ലയും തുളസിയും അരുമയായി
നട്ടുനനച്ചിട്ടുമുണ്ടാകും.
പുരയ്ക്കു ചുറ്റും കൊടും തണുപ്പ്
കല്ലിച്ചു കിടക്കുമ്പോൾ ആ പുരയ്ക്കെങ്ങിനെ
സമാധനമായി പൂവ്വിനെ പ്രസവിക്കാനാകും.
എങ്ങിനെ ഏറാൽകണ്ണീരിറ്റിക്കാനാകും.
 

Thursday, April 20, 2017

ചാത്തോത്തെ കുഞ്ഞുണ്ണി

ചാത്തോത്തെ കുഞ്ഞുണ്ണി ചത്തുപോയാല്‍
എത്തുന്ന ദിയ്ക്കൊന്നു നോക്കുവാനായ്
കയറില്‍കുരുക്കിട്ടു മോന്തായത്തില്‍
തൂങ്ങുവാനേതാണ്ടൊരുങ്ങിനിന്നു
കണ്ഠം കയറിന്‍ കുരുക്കിലായി
പെട്ടെന്നു കുഞ്ഞുണ്ണിയ്ക്കുള്‍ത്തടത്തില്‍
പിന്‍വിളിപോലൊരു ചിന്ത വന്നു.
കാണുന്നകാര്യം കുറിച്ചുവെയ്ക്കാന്‍
പുസ്തകം കയ്യില്‍ കരുതീലെന്ന്
ഓര്‍ത്തിട്ടു പെട്ടന്നിറങ്ങീടുംപോള്‍
കൈവിട്ടു ടപ്പോന്ന് താഴത്തേയ്ക്ക്.
കയറിന്‍ കുരുക്കു ചുരുങ്ങിവന്നു.
ചത്തുപോയാലെത്തുന്ന ദിക്കിലെത്തി
എന്നു താൻ ലോകർനിനച്ചിടുന്നു.

പെൺകുട്ടി

അമ്മ ചവര്‍പ്പെഴുമാവലാതി ചേര്‍ത്ത
ഉച്ചയൂണ്‍ പാത്രത്തിലാക്കീടവേ
പ്രാതല്‍ത്തളികയില്‍ വക്കത്തു ശേഷിച്ച
വേപ്പിലയങ്ങോട്ടിങ്ങോട്ടു നീക്കി
മൗനത്തിലാഴ്ന്നപോലുള്ളൊരു പെണ്‍കുട്ടി
കണ്ണില്‍ പ്രതിഷേധബാഷ്പവുമായ്
അസ്വസ്ഥസാന്ദ്രമാം നിശ്ചലതയ്ക്കുള്ളില്‍
വറ്റിവരണ്ടപോല്‍ കേട്ടിരുന്നു.

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...