Tuesday, October 19, 2021

കോവിഡ്

വല്ലാതല്ലലു സൃഷ്ടിയാലനുഭവിച്ചീടും വിരിഞ്ചാഖ്യനോ 
നെല്ലും കല്ലുമിടയ്ക്കണഞ്ഞ ചിബിഡം തിന്നുന്ന കാർവർണ്ണനോ 
കൊല്ലാൻ തന്നെ നടന്നിടുന്ന യമനെക്കൊല്ലും മഹാശംഭുവോ 
കൊല്ലാൻ കോവിടുകാട്ടിടുന്ന വികൃതിക്കോതില്ല ചെറ്റും പിഴ.

താളത്തിൽ പിഴയാതെകണ്ടു മഴയും വെയ്ലും തണുപ്പും സ്വയം 
മേളം കൊട്ടിനിറച്ച ഭൂമിയിലബദ്ധക്കയ്യുകൊട്ടീടുവാൻ 
തള്ളിത്തള്ളിവരുന്ന ലോഭഹൃദയന്മാരെ പഠിപ്പിയ്ക്കുവാൻ
കൊള്ളാം കോവിഡു കൊട്ടിടുന്ന മൃതിയാമെണ്ണങ്ങൾ   തീക്കയ്യിനാൽ

തമോബിന്ദു

എല്ലാം തന്നെയിടിഞ്ഞു വീണുലകമേ ചേരും തമോബിന്ദുവിൽ 
തല്ലീടും കടലും ജ്വലിച്ചുയരുമീ സുര്യൻ ജഗത്സാക്ഷിയും 
പുല്ലും മാമരവും മദിച്ചഗജവും കണ്ണിന്നുകാണാത്തതാ- 
മല്പാകാരമിയന്ന ജീവികളുമേ പായുന്നതിൽ വീഴുവാൻ.

കോണകം

കോണകം എവിടെ തോരയിടണം?
മറയ്ക്കേണ്ടതെന്ന് നമ്മൾ വെച്ചതിനെ 
മറയ്ക്കുന്ന കോണകം മറച്ചു വെയ്ക്കുന്നതിനെ കുറിച്ച് 
ഉള്ള വേവലാതി. 

മറയ്ക്കേണ്ടവ ഉണ്ടെന്നും 
അവ മറയ്ക്കുന്നവയും ഉണ്ടെന്നും 
എല്ലാവർക്കും അറിയാം. 
എന്നിട്ടും കോണകം തോരയിടാൻ സ്ഥലം അന്വേഷിക്കണം. 
ആരും കാണാതെ തോരയിടണം. 
പല പാളികളായി തൊലിയും മാംസവുമെല്ലാം ഉണ്ടായത് നന്നായി. 
അല്ലെങ്കിൽ മറയ്ക്കേണ്ടവ തോരയിടാൻ സ്ഥലമില്ലാതായി പോയേനെ

ആർത്തനാദങ്ങൾ

പുൽത്തകിടി ഒരുപോലെ വെട്ടി ഭംഗിയാക്കുകയാണ്. 
ഇതുപോലെ രാജ്യം മുഴുവൻ ആർത്തനാദങ്ങൾ വെട്ടി ഒതുക്കി മോടിപിടിപ്പിക്കണം. 
ആർത്തനാദങ്ങൾ വേരറ്റുപോയയാൽ മോടിപിടിപ്പിയ്ക്കാൻ ബാക്കി ഒന്നും തന്നെ ഉണ്ടാകില്ല. 
ആർത്തനാദങ്ങളിൽ നിറം പൂശണം. 
ആർത്തനാദങ്ങളെ തരം തിരിച്ച് ശപിക്കുകയും കുത്തികീറി മുറിവേൽപ്പിക്കുകയും ആഘോഷിക്കുകയും വേണം.

ആവർത്തനവിരസത

മരണങ്ങൾ കണ്ണുകലക്കുന്നില്ല. 
കരളുനനയ്ക്കുന്നില്ല. 
അനുശോചനവാക്കിലെ അക്ഷരങ്ങൾ തേഞ്ഞ് 
വല്ലാതെ മിനുസപ്പെട്ടിരിക്കുന്നു. 
ആവർത്തനവിരസത. 
കനത്ത വേനൽ കഴിഞ്ഞ് ഇടവപ്പാതി പടരുമ്പോൾ 
ഇടിമുഴക്കങ്ങളിൽ പൊതിഞ്ഞ പേടിയിലൂടെയും 
ചോർന്നൊലിക്കുന്ന മേൽക്കൂരയിലൂടെയും 
കിനിഞ്ഞു വരുന്ന പ്രതീക്ഷയുണ്ടായിരുന്നു. 
മരണപ്പെയ്ത്തിൽ പുതുനാമ്പുകൾ മുളയ്ക്കുമെന്ന 
പ്രതീക്ഷപോലും മങ്ങുന്നു. 
നാമ്പുകളിൽ കറുത്തതും വളുത്തതും മഞ്ഞയും 
പൂപ്പൽ പരക്കുമ്പോൾ ഇനിയെന്തിന് കരയണം.

ജാതകക്കള്ളികളുടെ വരകൾ

കിണറിൽ നീർക്കോലി മത്സ്യത്തേയുും തവളയേയും പിടിച്ചു തിന്നാണ് ജീവിക്കുന്നതെന്ന് പറയുന്നു

എത്ര പിടച്ചലുകൾ കലങ്ങിയ വെള്ളമാണ് കുടിച്ചത്? 
തവളക്കരച്ചിലേറ്റ് സഹികെട്ട വെള്ളം തലങ്ങും വിലങ്ങും തലതല്ലിയിരിക്കും.
തവളക്കരച്ചിലിൻ ദയനീയത രക്തത്തിലൂടെ സഞ്ചരിച്ച് ശരീരകോശങ്ങൾക്ക് എന്തെല്ലാം വിവരങ്ങൾ കൊടുത്തിട്ടുണ്ടാകാം? 
മത്സ്യത്തിൻറെ നിലവിളി ഇതുവരെ കേട്ടിട്ടില്ല. 
ചിതമ്പലുകൾ പൊഴിഞ്ഞ് നിലവിളി ചത്തുമലച്ചാൽ? 
ഓർക്കാൻ വയ്യ. 
ഒരു പക്ഷേ നീർക്കോലിയുടെ വിശപ്പും പതുങ്ങിയിരിപ്പും ക്രൂരതയും വെള്ളത്തിൽ കലർന്നിരിക്കാം.
നിലവിളിയും വിശപ്പും പതുങ്ങിയിരിപ്പും ക്രൂരതയും ചിതമ്പലുകൾ കൊഴിച്ചിലും ജാതകക്കള്ളികളുടെ വരകളിലൂടെ ദേഹം മുഴുവൻ പടർന്നിരിക്കാം

ചുറ്റ്

കെട്ടിയ കുറ്റിയിലാകെ ചുറ്റി ചുറ്റിപ്പോയീ നമ്മൾ 
ചുറ്റിൽനിന്നും കാലൻ ചുറ്റും കാൽപ്പെരുമാറ്റം കേൾപ്പൂ
കുട്ടിക്കാലക്കളിയിൽ ഞാനും കൂട്ടുരുമെല്ലാമൊത്തേ 
കെട്ടിമറിഞ്ഞൂ, കൈകൾ കോർത്തേ വട്ടുകൾ കാട്ടി നടന്നൂ. 
വട്ടം വട്ടം ചുറ്റും കളിയാൽ കൂട്ടം കൂടി നടന്നു. 
ലണ്ടൻ ബ്രിഡ്ജിന്നിടയിൽ പെട്ടി-ട്ടുള്ളു കുതിർന്നു ചിരിച്ചു.
കുട്ടികളിപ്പോൾ തമ്മിൽ തമ്മിൽ തൊട്ടുകളിച്ചാൽ ഉള്ളം 
പൊള്ളും നമ്മൾ നമ്മുടെയുള്ളം തുണികൾ വെച്ചു മറപ്പൂ. 
കനവിൽപ്പോലും കൈകൾ കോർക്കാൻ കഴിയാതുള്ളൊരു കാലം 
കളിയുടെ മുഖവും മാസ്കാൽ മൂടും കനിവില്ലാത്തൊരു കാലം

യുദ്ധവും സമാധാനവും

മരണം കഴിഞ്ഞ മുറി ഒന്ന് പെയ്ൻ്റ് അടിക്കണം. 
എല്ലാം അടങ്ങിയൊതുങ്ങുന്ന കറുപ്പ് അടിച്ച് വേദനകളും ഞെരങ്ങലുകളും മരുന്നിൻ്റെ മണവും എല്ലാം ചേർന്ന് കറുപ്പിൻ്റെ കറുപ്പുനിറം മാറ്റി ഉള്ളിലടക്കാൻ പറ്റാത്ത വല്ല നിറവും ആയി മാറില്ലായിരിക്കും. 

അല്ലെങ്കിൽ വെളുപ്പ്. വെളിച്ചം തട്ടുമ്പോൾ ചിരിയും ഭാവങ്ങളും വേർതിരിച്ച് വെളുപ്പിൻ്റെ ഉള്ളിൽ വെളുപ്പായി തിളങ്ങും എന്ന് പ്രത്യാശിയ്ക്കാം. വെളിച്ചം മങ്ങിവരുമ്പോൾ വെളുപ്പെല്ലാം മങ്ങി ചാരനിറം പടരും. പിന്നെ കറുപ്പും. വെളിച്ചം മടങ്ങിവരും കണ്ണിൽ തിമിരം പടരുവോളം വെളിച്ചം മടങ്ങിവരുമായിരിയ്ക്കും. കറുപ്പിൻ്റെ ഒന്നും രണ്ടും മൂന്നും ഓളങ്ങളിൽ വെളിച്ചത്തിൻ ചൂണ്ടുപലക ദിശമാറി തിമിരത്തിൻ കൂരാക്കൂരിട്ടിൽ മുഖകുത്തി വീഴാനും മതി.

മാറ്റത്തിൻ തീറവകാശം വാങ്ങിക്കൂട്ടിയ ചുവപ്പാകാം. മരണവും ജനനവും മാറ്റത്തിൻ നീറ്റലാണെന്ന് ജാതകത്തിൻ്റെ എല്ലാ കള്ളികളിലും ഇടതൂർന്ന് എഴുതി അതിനുമുകളിൽ ചുവപ്പടിക്കണം. ചുവപ്പണുക്കളും വെളുപ്പണുക്കളും യുദ്ധം ചെയ്ത് ജീവരക്തത്തിൻ കാലപ്പഴക്കത്താൽ കറുപ്പാർന്ന തിലജലത്താൽ തർപ്പണം ചെയ്ത് ശാന്തിപർവ്വങ്ങളിൽ അശാന്തരായ് വിറങ്ങലിച്ചിരിക്കാം.

അഹങ്കാരം

പുല്ലേ എന്നുടെ മുറ്റത്തിങ്ങിനെ വന്നുമുളയ്ക്കാനെന്തേ 
തിണ്ടിന്നപ്പുറമല്ലേ നിങ്ങൾ നിൽക്കാൻ പാടുകയുള്ളൂ 
മുതുമുതുമുത്തച്ഛന്മാർ മുതലേ നിങ്ങളെയെല്ലാം വെട്ടി 
ഭൂമി പിടിച്ചതുകൊണ്ടീ ഭൂവിൻ രാജാക്കന്മാർ ഞങ്ങൾ.
ഞങ്ങടെ ദയവുണ്ടായലല്ലേ ജീവിക്കാനായ് പറ്റൂ? 
മനുജന്മാരുടെ വംശം ഭൂവിൽ ഉണ്ടായതിനും മുന്നെ 
യുഗയുഗമായിട്ടിവിടെ നിങ്ങൾ വന്നുമുളച്ചിട്ടുണ്ടാം. 
ഭൂമിയിൽ മുഴുവൻ നിങ്ങടെ വർഗ്ഗം വേരുപരത്തീട്ടുണ്ടാം.
ഈശ്വരനോടേ കൊല്ലും കൊലയും വരമായ് വാങ്ങി വസിക്കും മനുജന്മാരിലെയൊരുവൻ ഞാനും നുള്ളിയെടുത്തേ കളയും.
പുല്ലേ എന്നുടെ മുറ്റത്തിങ്ങിനെ വന്നുമുളയ്ക്കാനെന്തേ?

Friday, May 21, 2021

കാത്തിരിപ്പ്

 പ്രസവമുറിയുടെ ചുറ്റും അച്ഛന്മാരുടേയും സുഹൃത്തുക്കളുടേയും തിരക്കാണ്.

ഗർഭിണികൾ മിണ്ടാതെ അനങ്ങാതെ നിലവിളിക്കാതെ ഉറക്കവും

Sunday, February 14, 2021

സഖി



സഖി മുന്നോട്ടു പോയീടാം

സുഖത്തെ കാത്തു നിൽക്കവേ

ദുഖമാണു വരുന്നെങ്കിൽ

ആ ഖേദം താങ്ങുവാൻ പണി


കാഴ്ചയ്ക്കുമപ്പുറത്തെങ്ങോ

വച്ചതെല്ലാം കഴിക്കുവാൻ

കച്ചകെട്ടിയതല്ലേ നാം

പിച്ചച്ചട്ടിയെടുത്തിടാം


ഒരു പക്ഷേ നടക്കുമ്പോൾ

നേരത്തെ കണ്ടുമുട്ടിയോർ

വരവേറ്റാൽ ചെറ്റു നേരം

ഇരിക്കാം ക്ഷീണരാണു നാം


തിരതല്ലം കിതപ്പിൻ്റെ

തീരത്തിത്തിരി നിന്നിടാം

ചക്രവാളം കഴിഞ്ഞാലും

തീരില്ലാ ദീർഘമാം വഴി


ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...