Tuesday, October 19, 2021

ആഗ്രഹവും ഭയത്താലുള്ള നിസ്സങ്ഗതയും

മാനത്തലഞ്ഞു നടക്കുന്ന പഞ്ഞികൾ 
ഏതു മരത്തിൽ നിന്നുണ്ടായതോ? 
എല്ലാം പെറുക്കി യടക്കി നിറച്ചൊരു 
വമ്പിച്ച കോസറിയുണ്ടാക്കണം 
എന്നിട്ടതിൽ കിടന്നിട്ടെല്ലാസ്ഥലത്തിലും 
ചുറ്റിത്തിരിഞ്ഞു കളിച്ചീടണം. 

മേഘങ്ങൾക്കെല്ലാമിടയ്ക്കൊന്നു പെട്ടന്ന- 
ങ്ങാകെ കറുക്കും സ്വഭാവമുണ്ട്. 
എന്നല്ലവയപ്പോൾ തമ്മിലടി കൂടും.  
ലോകം മുഴുവൻ വിറപ്പിച്ചിടും.
തമ്മിലിടഞ്ഞിട്ടു മിന്നലാലന്യോന്യം 
വെട്ടിയും കുത്തിയും പോരാടവേ 
ഉള്ളിൽ കരുതിയ വെള്ളം മുഴുക്കെയും 
ചോർന്നു മുറിയുടെ പാടല്ലതിൻ 
ദേഹമേ മാഞ്ഞു മറയുമെന്നുള്ളോരു 
കാര്യമേയോർക്കാതെ വിഢികളായ് 
പിന്നെയും പിന്നെയും കട്ടിക്കറുപ്പായി 
മാറുമീ മേഘക്കിടക്കയിന്മേൽ 
കേറിക്കിടന്നിട്ടു മുറ്റത്തിന്നറ്റത്തു 
 പോലും പറന്നീടാനില്ല ഞാനും. 
മേഘങ്ങൾ തുമ്പില്ലാതാകാശത്തെങ്ങെങ്ങാനും  ചുറ്റിത്തിരിഞ്ഞാലെനിക്കെന്താണ്?

കല്ലും തുമ്പിയും

കല്ലേ കല്ലേ തുമ്പി വരുമ്പോൾ 
 കല്ലത്തം കാട്ടിക്കിടക്കരുതേ 
തമ്പ്രാൻ പറഞ്ഞിട്ടു കല്ലെടുത്തീടുമ്പോൾ 
കഞ്ഞിയിൽ കല്ലായ് കിടക്കരുതേ 
പൊങ്ങാത്ത കല്ലിന്നഹങ്കാരം തീർപ്പതു 
തുമ്പിച്ചിറകു പറിച്ചിട്ടാകും. 
ആകാശത്താകെ പറന്നു നടക്കുവാൻ 
ഈശ്വരൻ കൽപ്പിച്ച കൽപനയിൽ 
തന്നിഷ്ടം പോലെ തിരുത്തു വരുത്തുവാൻ 
ചെങ്കോലെടുത്തൊരു തമ്പുരാനെ 
കൊല്ലല്ലേ കുഞ്ഞിച്ചിറകു പറിക്കല്ലേ 
പൊന്തിയ്ക്കാം പൊന്താത്തകല്ലുപോലും

മുട്ടിയിരുപ്പത് (ദ്വാസുപർണ്ണാ...)

അത്തിമരക്കൊമ്പിൽ മുട്ടിയിരുന്നതു 
ഞാനാണോ നീയാണോ നമ്മളാണോ 
ഞാൻ തിന്ന സ്വാദെല്ലാമൂറ്റിക്കുടിച്ച നീ 
കണ്ണു തുറന്നു തപസ്സു ചെയ്തു. 
തിന്നുതിന്നാകെ വശം കെട്ട ഞാനപ്പോൾ 
കൺപീലികൾക്കുമേൽ തൂങ്ങി നിൽക്കും 
നിദ്രയാൽ ബോധത്തിരി താഴ്ത്തി രാവാക്കി 
വന്നതും പോയതുമോർത്തീടാതെ 
ചുറ്റുമുള്ളോരുടെ ദുഃഖത്തിൻ ചൂടേറ്റു 
നീണ്ടുനിവർന്നു കിടന്നുറങ്ങി. 
സ്വപനമോ സത്യമോ കാഴ്ചക്കാരൻ താനോ 
കാഴ്ചയോയെന്നറിയാതെകണ്ട്. 
പോയില്ല എന്നാലും ലോകം മുഴുക്കനെ 
ചുറ്റിക്കറങ്ങി നടന്നു കണ്ടു. 
വസ്ത്രമെടുക്കാതെ പട്ടുവസ്ത്രങ്ങളാൽ 
 രാജാവു തോൽക്കുന്ന വേഷം കെട്ടി. 
ഏത്തായൊലിപ്പിച്ചു പുണ്യനദികളിൽ 
 ഒട്ടും നനയാതെ നീരിലാടി. 
കെട്ടിപ്പൊതിഞ്ഞിട്ടെടുത്തു വച്ചീടാൻ 
എല്ലിൻ തരിപോലും വച്ചിടാതെ 
എല്ലാമുണർവ്വിന്നൊളിയിൽ നശിച്ചിട്ടും 
നാളെയും കാണുമാസ്വപ്നമെന്ന് 
തെറ്റിദ്ധരിപ്പതു ഞാനാണോ? നീയ്യാണോ? 
മുട്ടിയുരുമ്മിയ നമ്മളാണോ?

ആത്മഹത്യ

ആത്രേയനിന്നലെ സന്ധ്യക്കു ജീവിതം 
അട്ടത്തു കെട്ടി തുലച്ചുവത്രേ. 
രാത്രിയിൽ കൂരിരുൾ മൂടിപ്പുതച്ചുള്ള 
കാലൻ വരുമെന്ന പേടിയാലെ 
സന്ധ്യക്കുമുന്നിലേ ജീവിതവാതിലും 
കൊട്ടിയടച്ചിട്ടു തൂങ്ങിയാടി 
ജീവിതപൂർണ്ണവിരാമം വരും വരെ 
പേടി പുതച്ചു കഴിഞ്ഞീടുവാൻ 
പേടിയാലാണത്രേയാത്രേയൻജീവനെ 
പീഡിപ്പിച്ചിട്ടങ്ങു കെട്ടടങ്ങി.

ജീവിതം മൊട്ടിട്ട കാലത്തേ കാലന്മാർ 
കൊത്തിപ്പിളർക്കുവാൻ തക്കം നോക്കി 
പാറിന്നീടുമെന്നതുകൊണ്ടെല്ലാം 
ചാകുവാൻ പോകുകിൽ കഷ്ടമാണ് 
അല്ലെങ്കിൽ ജീവൻറെയാദ്യതുടിപ്പിലേ 
ആത്മാവിൻ ഹത്യ തുടങ്ങുവോർ നാം. 
പേടിയാലാഗ്രഹത്തിൻറെ കഴുത്തിലായ് 
എത്ര കയറാൽ കുരുക്കണിഞ്ഞു? 
മാനത്തിൻ പേരിനാലുള്ളുപുകയുന്ന 
 തീയ്യിൽ നാം കണ്ണുനീരെത്ര വീഴ്ത്തി? 
ആത്മാവിൻ ഹത്യകൾ പാടെനിറുത്താത്തോ-
രാത്രേയന്മരാണു നമ്മളെല്ലാം

കോവിഡ്

വല്ലാതല്ലലു സൃഷ്ടിയാലനുഭവിച്ചീടും വിരിഞ്ചാഖ്യനോ 
നെല്ലും കല്ലുമിടയ്ക്കണഞ്ഞ ചിബിഡം തിന്നുന്ന കാർവർണ്ണനോ 
കൊല്ലാൻ തന്നെ നടന്നിടുന്ന യമനെക്കൊല്ലും മഹാശംഭുവോ 
കൊല്ലാൻ കോവിടുകാട്ടിടുന്ന വികൃതിക്കോതില്ല ചെറ്റും പിഴ.

താളത്തിൽ പിഴയാതെകണ്ടു മഴയും വെയ്ലും തണുപ്പും സ്വയം 
മേളം കൊട്ടിനിറച്ച ഭൂമിയിലബദ്ധക്കയ്യുകൊട്ടീടുവാൻ 
തള്ളിത്തള്ളിവരുന്ന ലോഭഹൃദയന്മാരെ പഠിപ്പിയ്ക്കുവാൻ
കൊള്ളാം കോവിഡു കൊട്ടിടുന്ന മൃതിയാമെണ്ണങ്ങൾ   തീക്കയ്യിനാൽ

തമോബിന്ദു

എല്ലാം തന്നെയിടിഞ്ഞു വീണുലകമേ ചേരും തമോബിന്ദുവിൽ 
തല്ലീടും കടലും ജ്വലിച്ചുയരുമീ സുര്യൻ ജഗത്സാക്ഷിയും 
പുല്ലും മാമരവും മദിച്ചഗജവും കണ്ണിന്നുകാണാത്തതാ- 
മല്പാകാരമിയന്ന ജീവികളുമേ പായുന്നതിൽ വീഴുവാൻ.

കോണകം

കോണകം എവിടെ തോരയിടണം?
മറയ്ക്കേണ്ടതെന്ന് നമ്മൾ വെച്ചതിനെ 
മറയ്ക്കുന്ന കോണകം മറച്ചു വെയ്ക്കുന്നതിനെ കുറിച്ച് 
ഉള്ള വേവലാതി. 

മറയ്ക്കേണ്ടവ ഉണ്ടെന്നും 
അവ മറയ്ക്കുന്നവയും ഉണ്ടെന്നും 
എല്ലാവർക്കും അറിയാം. 
എന്നിട്ടും കോണകം തോരയിടാൻ സ്ഥലം അന്വേഷിക്കണം. 
ആരും കാണാതെ തോരയിടണം. 
പല പാളികളായി തൊലിയും മാംസവുമെല്ലാം ഉണ്ടായത് നന്നായി. 
അല്ലെങ്കിൽ മറയ്ക്കേണ്ടവ തോരയിടാൻ സ്ഥലമില്ലാതായി പോയേനെ

ആർത്തനാദങ്ങൾ

പുൽത്തകിടി ഒരുപോലെ വെട്ടി ഭംഗിയാക്കുകയാണ്. 
ഇതുപോലെ രാജ്യം മുഴുവൻ ആർത്തനാദങ്ങൾ വെട്ടി ഒതുക്കി മോടിപിടിപ്പിക്കണം. 
ആർത്തനാദങ്ങൾ വേരറ്റുപോയയാൽ മോടിപിടിപ്പിയ്ക്കാൻ ബാക്കി ഒന്നും തന്നെ ഉണ്ടാകില്ല. 
ആർത്തനാദങ്ങളിൽ നിറം പൂശണം. 
ആർത്തനാദങ്ങളെ തരം തിരിച്ച് ശപിക്കുകയും കുത്തികീറി മുറിവേൽപ്പിക്കുകയും ആഘോഷിക്കുകയും വേണം.

ആവർത്തനവിരസത

മരണങ്ങൾ കണ്ണുകലക്കുന്നില്ല. 
കരളുനനയ്ക്കുന്നില്ല. 
അനുശോചനവാക്കിലെ അക്ഷരങ്ങൾ തേഞ്ഞ് 
വല്ലാതെ മിനുസപ്പെട്ടിരിക്കുന്നു. 
ആവർത്തനവിരസത. 
കനത്ത വേനൽ കഴിഞ്ഞ് ഇടവപ്പാതി പടരുമ്പോൾ 
ഇടിമുഴക്കങ്ങളിൽ പൊതിഞ്ഞ പേടിയിലൂടെയും 
ചോർന്നൊലിക്കുന്ന മേൽക്കൂരയിലൂടെയും 
കിനിഞ്ഞു വരുന്ന പ്രതീക്ഷയുണ്ടായിരുന്നു. 
മരണപ്പെയ്ത്തിൽ പുതുനാമ്പുകൾ മുളയ്ക്കുമെന്ന 
പ്രതീക്ഷപോലും മങ്ങുന്നു. 
നാമ്പുകളിൽ കറുത്തതും വളുത്തതും മഞ്ഞയും 
പൂപ്പൽ പരക്കുമ്പോൾ ഇനിയെന്തിന് കരയണം.

ജാതകക്കള്ളികളുടെ വരകൾ

കിണറിൽ നീർക്കോലി മത്സ്യത്തേയുും തവളയേയും പിടിച്ചു തിന്നാണ് ജീവിക്കുന്നതെന്ന് പറയുന്നു

എത്ര പിടച്ചലുകൾ കലങ്ങിയ വെള്ളമാണ് കുടിച്ചത്? 
തവളക്കരച്ചിലേറ്റ് സഹികെട്ട വെള്ളം തലങ്ങും വിലങ്ങും തലതല്ലിയിരിക്കും.
തവളക്കരച്ചിലിൻ ദയനീയത രക്തത്തിലൂടെ സഞ്ചരിച്ച് ശരീരകോശങ്ങൾക്ക് എന്തെല്ലാം വിവരങ്ങൾ കൊടുത്തിട്ടുണ്ടാകാം? 
മത്സ്യത്തിൻറെ നിലവിളി ഇതുവരെ കേട്ടിട്ടില്ല. 
ചിതമ്പലുകൾ പൊഴിഞ്ഞ് നിലവിളി ചത്തുമലച്ചാൽ? 
ഓർക്കാൻ വയ്യ. 
ഒരു പക്ഷേ നീർക്കോലിയുടെ വിശപ്പും പതുങ്ങിയിരിപ്പും ക്രൂരതയും വെള്ളത്തിൽ കലർന്നിരിക്കാം.
നിലവിളിയും വിശപ്പും പതുങ്ങിയിരിപ്പും ക്രൂരതയും ചിതമ്പലുകൾ കൊഴിച്ചിലും ജാതകക്കള്ളികളുടെ വരകളിലൂടെ ദേഹം മുഴുവൻ പടർന്നിരിക്കാം

ചുറ്റ്

കെട്ടിയ കുറ്റിയിലാകെ ചുറ്റി ചുറ്റിപ്പോയീ നമ്മൾ 
ചുറ്റിൽനിന്നും കാലൻ ചുറ്റും കാൽപ്പെരുമാറ്റം കേൾപ്പൂ
കുട്ടിക്കാലക്കളിയിൽ ഞാനും കൂട്ടുരുമെല്ലാമൊത്തേ 
കെട്ടിമറിഞ്ഞൂ, കൈകൾ കോർത്തേ വട്ടുകൾ കാട്ടി നടന്നൂ. 
വട്ടം വട്ടം ചുറ്റും കളിയാൽ കൂട്ടം കൂടി നടന്നു. 
ലണ്ടൻ ബ്രിഡ്ജിന്നിടയിൽ പെട്ടി-ട്ടുള്ളു കുതിർന്നു ചിരിച്ചു.
കുട്ടികളിപ്പോൾ തമ്മിൽ തമ്മിൽ തൊട്ടുകളിച്ചാൽ ഉള്ളം 
പൊള്ളും നമ്മൾ നമ്മുടെയുള്ളം തുണികൾ വെച്ചു മറപ്പൂ. 
കനവിൽപ്പോലും കൈകൾ കോർക്കാൻ കഴിയാതുള്ളൊരു കാലം 
കളിയുടെ മുഖവും മാസ്കാൽ മൂടും കനിവില്ലാത്തൊരു കാലം

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...