Monday, April 5, 2010

ഏതന്മേ

ഉണ്ണീ, സർവ്വപ്രായശ്ചിത്തം എന്നു സങ്കൽപ്പിച്ച് ഓം തത്സൽ.



നടുക്കില്‍ എള്ളു കൂട്ടിയൊരു വെള്ളം
ഉണ്ണീ, പിണ്ഡം കുറച്ചകത്തിപ്പിടിച്ചേയ്ക്കൂ
കണ്ണീരിറ്റുപ്പുചേരേണ്ട. അടുത്ത ഗര്‍ഭപാത്രം തേടിയലുംപോള്‍
പൊതിച്ചേറില്‍ ഉപ്പധികമാക്കി  വിഷമിപ്പിയ്ക്കരുത്.

തേങ്ങലിന്‍ ഓളങ്ങളൊന്നടക്കിയേക്കൂ.
മരണവേദനയുടെ വേരുകള്‍ മുഴുവന്‍ വിട്ടു പോയിട്ടുണ്ടാവില്ല.
ചെറിയ ഇളക്കം പോലും താങ്ങാന്‍ പറ്റന്ന അവസ്ഥയിലായിരിയ്ക്കില്ല.

മന്ത്രങ്ങള്‍‍ ശരിയ്ക്കു ചൊല്ലൂ
നിന്‍റെ അക്ഷരങ്ങളില്‍ പിഴപിണഞ്ഞാല്‍
വയംപരച്ചു തന്നു വളര്‍ത്തിയ സങ്കല്‍പ്പങ്ങളില്‍
ഇതികര്‍ത്തവ്യതാമൂഢതപടര്‍ന്ന്
തെക്കേത്തൊടിയില്‍ ചിതയിലെരിഞ്ഞുകരിഞ്ഞ ശിരസ്സ
ചൂടാറാത്ത കയ്യില്‍ താങ്ങി
മോക്ഷകവാടം മറന്നേ ഇരിയ്ക്കും.

Wednesday, March 24, 2010

വേനല്‍

തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴ്കുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുക നാം

വേനലിലായിരമാര്‍പ്പും വിളിയും പൊങ്ങിയ പാടത്ത്
മനമിളകും പോല്‍ കളികകളിലാടിയ ചിരിയുടടെയോരത്ത്
ചെറുചെറുപരിഭവമടിപിടിയായി കണ്ണു കലങ്ങുംപോള്
‍ചറുപറെ കണ്ണീര്‍ തൂകി നനച്ചൊരു ധരയുടെ മാറത്ത്
കൊടികുത്തീടും വാക്കുകള്‍ വാതുകള് നട്ടൊരു പാടത്ത്
വെടിയും പൂരവുമുറഞ്ഞു തുള്ളിയ നിനവിന്നോരത്ത്‍
തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴ്കുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുകനാം

നമുക്കുകിട്ടിയ ബാല്യസുഖത്തില്‍ പുളച്ച നാമെന്തേ
നമുക്കുപോലും താങ്ങാനാവാ ചുമടിന്‍ ഭാരത്തെ
തലയ്ക്കുവെച്ചുകൊടുപ്പൂ? കളിയുടെ ഹരമേ പോയെന്നോ?
വിലങ്ങവെച്ചൂ പൈതങ്ങളെ നാം‍ കച്ചോടക്കാര്‍ക്കായ്
പഠനം കഠിനം, മത്സരമുനയില്‍ നടനം കഠിനതരം
ജഠരാപൂരണപഠനം ലക്ഷ്യം മാനവതാ തുച്ഛം
തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴ്കുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുകനാം

നമ്മുടെ കുട്ടികളവരുടെ മക്കള്‍ക്കേകീടാനായി
വിലങ്ങു പണിവതു കണ്ടു നടുങ്ങാന്‍ തയ്യാറാവാം നാം
നനുത്ത മഴകൊണ്ടോടി നടന്നൂ തൊടിയില്‍ നാമെല്ലാം
മക്കള്‍ക്കേകാന്‍ മഴയും തൊടിയും കഥകളിലാക്കീനാം
മക്കള്‍ മക്കള്‍ക്കേകാന്‍ കഥയുടെ പൊടിയും കിട്ടാതെ
നട്ടം തിരിവതു കണ്ടു തപിച്ചു കിടക്കാം നമ്മള്‍ക്ക്
തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴ്കുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുകനാം

Thursday, February 18, 2010

പുഴ

ചുട്ടു പഴുത്തു തിളച്ചു കിടക്കും ധരയുടെ നിശ്വാസങ്ങള്‍
കാലംകൊണ്ടു കറുത്തു തടിച്ചൂ മേഞ്ഞൂ മാനത്താകെ
മിന്നല്‍പ്പിണരും പൊട്ടിച്ചാകെ കൂറ്റം കുത്തി നടന്നു
ഝടഝടയെന്നവ തമ്മില്‍ തമ്മില്‍ കൊംപുകാളാലെയുടക്കി
ദീര്‍ഘതപസ്സില്‍ മുഴുകിയദിക്കുകള്‍ ഞെട്ടിയുണര്‍ന്നു ചൊടിച്ചു
ഓടിനടക്കുന്നവെയെ ദോഹനശിക്ഷയായി വിധിച്ചൂ
മനുജര്‍ ഹൃദയത്തട്ടില്‍ കുളിരാം പാലുകറന്നാര്‍ മുറ്റും
ചെടികള്‍ പുതിയൊരു പച്ചനിറത്തെ കറന്നെടുത്താരിലയില്‍
പശുനിര നിറുകയില്‍ വാലുംകുത്തീട്ടോടിനടന്നു കറന്നു
ഭൂമിയില്‍ മേയാല്‍ പുല്ലിന്‍മുളകള്‍ തണലുകളയവെട്ടാനും
ദോഹനസുഖവേദിതനിശ്വാസപംപര പിന്നെ പിന്നെ
മലകളെ മുലയൂട്ടാനായവയെ മുട്ടി യുരുമ്മീ മെല്ലെ
അകിടു നിറച്ചു ചുരത്തിയതെളിനീര്‍ പെയ്തു നനച്ചൂ മലയെ
കുടിച്ചു മയങ്ങിയ മലയുടെയാലസ്യങ്ങള്‍ പുകപോല്‍ മലയെ
മൂടീ പിന്നെ, സൂര്യന്‍ വന്നു വിളച്ചു പുതപ്പും മാറ്റീ
വെള്ളച്ചാട്ടമണിഞ്ഞൂ മലയും കുളിര്‍നീര്‍ മാലകള്‍ പോലെ.
കളകളനാദമുണര്‍ത്തീ മാലകള്‍ താഴത്തേയ്ക്കു കുതിച്ചൂ.
താഴ്വാരത്തില്‍ കാടിന്നിടയില്‍ നൃത്തം വെച്ചു കളിച്ചൂ
മാമുനിമാര്‍ വന്നാദരപൂര്‍വ്വം മന്ത്രാചമനം ചെയ്തു
മാമരനിരയും വേരാലൊട്ടു തടഞ്ഞൂ സൊഹൃദമരുളി
ക്രൂരമൃഗങ്ങള്‍ കണ്ണുമടച്ചു കുടിച്ചാര്‍ ശാന്തം കുടിനീര്
‍ശാന്തമൃഗങ്ങള്‍ തെളിനീരില്‍ തന്‍ രൂപം കണ്ടു പകച്ചൂ
കാടിന്‍ പാവനശാന്തതയോടെ നാണം പൂണ്ടുങ്കൊണ്ടേ
നാട്ടില്‍ മനുജര്‍ ധരയുടെ മാറില്‍‍ കൊത്തും കൈക്കോട്ടിന്‍റെ
ക്രൂരതമോന്തിയ ചളിവെള്ളത്തിന്‍ ചങ്ങാതിത്തം നേടി
ഇരുകരതിങ്ങി നിറഞ്ഞു കവിഞ്ഞീലോകം മുങ്ങോന്‍പോരും
ഉദ്ധതയാലെ ചില നാളുകളില്‍ ഘോരതയാര്‍ന്നും പാഞ്ഞും
കയ്യില്‍ കിട്ടിയതൊക്കെയൊടുക്കി കലിയുംതുള്ളിക്കൊണ്ടേ
നുരയും പതയും ചുഴിയും പൊന്തക്കെട്ടും ശവവുമൊഴുക്കി
ആക്രമണോത്സുകമാകും ഭ്രാന്തില്‍ പെട്ടു തിളച്ചു മറിഞ്ഞു
പലനാളുകളായ് ക്രോധിച്ചാകാശത്തെത്താത്താ സൂര്യന്‍
കാര്‍മ്മേഘങ്ങളടങ്ങിയ വേളയില്‍ മെല്ലെ താഴെ നോക്കി.
യുഗയുഗമായിട്ടെരിയും കണ്ണുകള്‍ കണ്ടു നടുങ്ങീ പുഴയും
അക്രമവാസനയെല്ലാം വിട്ടു പതുക്കേ വാങ്ങിയൊതുങ്ങി
ചളിയുടെ ചങ്ങാതിത്തം വിട്ടു തെളിഞ്ഞൂ കുഞ്ഞലയാലെ
കരയെ തഴുകീ പരിഭവമുള്ളതു കഴുകിക്കളയും പോലെ
കറുത്തമണലും വെളുത്തമണലും വേറിട്ടാക്കാന്‍ നോക്കി
മണപ്പുറത്തെ കാല്‍പ്പാടുകളില്‍ തെറ്റും ശരിയും ചേര്‍ന്നു
കരയിലുയര്‍ന്ന മാഹാനഗരത്തില്‍ പാതകപാപം വാങ്ങി
മാരകരോഗം ദുഷ്ടത ചവറുകള്‍ വാങ്ങിയഴുക്കിന്‍ ചാലായ്
ജീവിതമാകെ മടുത്തു മരിയ്ക്കാന്‍ തയ്യാറായക്കൊണ്ടേ
കടലില്‍ ചെന്നു മറഞ്ഞാളലകടല്‍ തിരമാലകളാലലറി

Thursday, January 7, 2010

പ്രതിഗമനം ദേവതാ

നരമൃഗഃ ഋഷിഃ
ഗായത്രീ ഛന്ദഃ
പ്രതിഗമനം ദേവതാ

തുടക്കത്തെ മടക്കത്തിന്‍
തുടിയ്ക്കും ലക്ഷ്യമാക്കുവാന്‍
ബുദ്ധി നല്‍കട്ടെയീശ്വരന്‍

കടലില്‍ നിന്നു പൊങ്ങീടും
കട്ടിക്കാര്‍ കടല്‍ പൂകിടും.
ബുദ്ധി വന്‍തിരയാകണം

കാട്ടില്‍ ചാടും കുരങ്ങന്‍റെ
കാടത്തം പൂണ്ട മാനുഷര്‍
എങ്ങോട്ടാണുമടങ്ങുക?

നാട്ടിലിന്നും രണ്ടു കാലില്‍
ഓടും മാനുഷര്‍ മുള്ളുവാന്‍
കാലുയര്‍ത്തീടില്‍ നായയാം

വാലില്ലേല്‍ നാവിനാലാവാം
തിരുമുംപിലെ സേവനം
പോയാല്‍ തന്നെ മടങ്ങണം?

പോയില്ലെങ്ങുമേ നമ്മള്‍
മടങ്ങും കാര്യമോര്‍ക്കുവാന്‍
രങ്ഗം മാറ്റുന്നതീശ്വരന്‍

Monday, November 2, 2009

ജനനം

മലമുകളില്‍ കാര്‍മേഘങ്ങള്‍
നിരനിരയായ് തിരയാനെത്തി
ചെറുചെടികള്‍ക്കിടയില്‍ തിരയാന്‍
ചെറുപവനന്‍ പാഞ്ഞു നടന്നു
ഇടിമുരളും മാനത്താരോ
മിന്നല്‍ തെളിയിച്ചു തിരഞ്ഞു
ധരയുടെ ചുടുമാറിലുറങ്ങും
ചെറുവിത്തിനെ കണ്ടെല്ലാരും

വര്‍ഷാരവമകലേനിന്നേ
ഭൂമണ്ഡലാമാകെ നനച്ചു്
മടിപൂണ്ടു കിടക്കും വിത്തിന്‍
അരികത്തു തിമര്‍ത്തു മതിച്ചു

ചെറുതോടില്‍ നനവുപരക്കെ
ചെറുവിത്തിന്‍ കുഞ്ഞകതാരില്‍
അറിയാതൊരുകുളിരു പരന്നു
ചെറുകുളിരില്‍ നെടുനാളായി
മതികെട്ടുകിടക്കും വിത്തിന്‍
കൈകാലുകള്‍ ഞെരിപിരികൊണ്ടു

ഞെരിപിരിയാല്‍ നാരാം വേരുകള്‍
അമ്മപുതപ്പിച്ചു കിടത്തിയ
ചെറുതോടിന്‍ വെളിയില്‍ വന്നു
ധരയുടെ കനിവാര്‍ന്നു നനഞ്ഞ
ചെറുചൂടെഴുമുടലില്‍ കൊണ്ടു

സ്നേഹാദ്യസ്പര്‍ശനമെന്തെ-
ന്നാരായാന്‍ തോടില്‍ നിന്നും
തലമെല്ലെ വെളിയലെടുത്ത്
മുട്ടില്‍ കുംപിട്ടു തിരഞ്ഞൂ.


കിളികള്‍ കളനാദത്താലെ
ജനനോത്സവനാദമുതിര്‍ത്തൂ
ചെറുപവനന്‍ ചൊല്ലുകയാലെ
മരനിരകള്‍ ഇലയില്‍ കാത്ത
ചെറുതുള്ളികള്‍ കണ്ടു കൊടുത്തൂ
സൂര്യന്‍ ജഗദധിപന്‍ തന്നെ
ചെറുമുളയെ തൊട്ടുതലോടി
രാത്രിവരാന്‍ കാത്തീടാതെ
പനിമതിയും മാനത്തെത്തീ
ചെറുതെങ്കിലുമൊരുജനനത്തിന്‍
മേളത്തില്‍ ചേര്‍ന്നേന്‍ ഞാനും

Tuesday, August 18, 2009

ഗുരുത്വാകര്‍ഷണം

ഭൂമിയില്ലെല്ലാതും വീണുപോകുന്നത്
ചുമാതല്ലായതിന്‍ കാരണമായ്
കണ്ടുപിടിച്ചത് ഭൂഗുരുത്വത്തിന്‍റെ
കൊണ്ടുപിടുത്തത്തിന്‍ വ്യഗ്രതയാം
ആവൂ സമാധാനമെന്നുടെ ദേഹത്തില്‍
സര്‍വ്വരും കല്ലെറിഞ്ഞീടുകിലും
വന്നു പതിയ്ക്കില്ല ചെയ്തതു ചിന്തിച്ചാല്‍
നന്നായി കുന്നോളം തോന്ന്യാസങ്ങള്‍
കിട്ടിയതിനാലെ വേണ്ടതില്‍ കൂടുതല്‍
വിട്ടുപോയീടാ ഗുരുത്വക്കേട്
വല്ലതും വന്നു പതിയ്ക്കേണമെങ്കിലോ
നല്ലഗുരുത്ത്വമുള്ളാളാവണം

അല്ലയെനിയ്ക്കൊരു സംശയം തോന്നുന്നു
വല്ലമലയിലും താമസിയ്ക്കും
കച്ചോടക്കാരൊക്കെ കൂടുതല്‍ കാശിന്നു
കച്ചോടം ചെയ്യേണ്ട കാര്യമില്ലേ
മേലെയും താഴത്തും തൂക്കത്തില്‍ കാര്യമായ്
തുല്യത നഷ്ടപ്പെടുന്നതില്ലേ
കള്ളത്തുലാസൊന്നു കൈക്കലാക്കീടണം
എള്ളോളം പോയാലും നഷ്ടമല്ലേ

പെണ്ണുങ്ങളെ ചുറ്റും പൂവാലരെ നിങ്ങള്‍
കണ്ണിലും വായിലും നോക്കിനിന്നാല്‍
നിങ്ങള്‍ക്കു നിങ്ങടെ പോക്കിന്‍റെയൂര്‍ജ്ജത്തില്‍
മങ്ങല്‍ വന്നീടുകില്‍ ബുദ്ധിമുട്ടും
പെട്ടെന്നവരുടെയാകര്‍ഷണത്തിനാല്‍
മുട്ടീടും ദേഹത്ത്. പൊട്ടും പൂശ
വേഗം നടന്നെനാലാകര്‍ഷണത്തിനെ
വേഗം ജയിച്ചീടും നല്ലതത്

Friday, August 14, 2009

സ്വാതന്ത്ര്യം

തിളച്ചുമറിയും സ്വാതന്ത്ര്യത്തിന്‍ ഭാവം പൂണ്ടീടാന്‍
തളച്ചചങ്ങലയഴിച്ചുകളയുകയന്യോന്യം നമ്മള്‍
കച്ചോടക്കാര്‍ നല്‍കുമുടുപ്പിന്‍ പാകത്തിന്നായി
ഇച്ചെറു ദേഹം ചെത്തീടുവതിന്നിച്ഛിച്ചീടരുതേ
നമ്മുടെയിടയില്‍ മതിലുകള്‍ പണിയാന്‍ വേറങ്ങാര്‍ക്കാനും
നമ്മുടെ മെയ്നീരാക്കിക്കിട്ടിയ സമ്പാദ്യം നല്‍കാ.
മതിലുകള്‍ വേണം ദുസ്വാതന്ത്ര്യത്തടപണിയാന്‍‍ മാത്രം
മൊത്തം നമ്മളകപ്പെട്ടീടും മതിലുകള്‍ പണിയേണ്ട
നാമുണ്ടാക്കുമതിര്‍ത്തികള്‍കാക്കാന്‍ ചോരയൊഴുക്കീടും
വിമ്മിഷ്ടത്തിന്‍ മതിലുതകര്‍ക്കാന്‍ ഞാനെന്നേ തയ്യാര്‍
ഞാന്‍ പാടീടും പാട്ടുകള്‍ കേള്‍ക്കാന്‍ തയ്യാറുണ്ടെങ്കില്‍
ഞാന്‍ പാടീടാം ദുസ്വാതന്ത്ര്യപ്പാട്ടിന്നില്ലാ ഞാന്‍

Wednesday, June 24, 2009

സൌരം

വറ്റുന്ന സൂര്യനായിട്ടെന്‍
അറ്റുപോകുന്ന നീരിനാല്‍
ചുട്ടുപൊള്ളീടുമഞ്ജലി

ലാവ പായും ഞെരമ്പിന്മേല്‍
കവാത്തുണ്ടെന്‍റെ കാമന
കാവലാദിത്യ നല്‍കുക.

കര്‍ണ്ണകുണ്ഡലമില്ലാഞ്ഞും
നിഴലില്‍‍ കര്‍മബന്ധനം
വേരിലശ്രു തളിയ്ക്കുക

മേഘങ്ങള്‍ നിഴല്‍ ‍പെയ്യുംപോള്‍
എന്‍ നിഴല്‍ വീണ്ടു കിട്ടുവാന്‍
ചണ്ഡരശ്മിയയ്ക്കുക

പാപബീജം വേരിറങ്ങും
രാത്രിയില്‍ നിസ്സഹായയായ്
വെളിച്ചത്തെയൊഴുക്കുവേന്‍‌

എന്നുള്ളില്‍ വെട്ടമേകായ്ക
അഹങ്കാരത്തിലെ കറ
വര്‍ത്തമാനത്തിലേ മറ

ജടയില്‍ രശ്മിയാഴ്ത്തായക
ഇടയില്‍ ദ്രൌണിനല്‍കിയ
കടയും വ്രണവേദന

രശ്മിയൂറ്റി കുടിപ്പോര്‍ക്ക്
ശ്മശാനത്തിന്നു തീയിന്നായ്
പ്രേമത്തോടത്തല്‍ നല്‍കുക

Monday, June 22, 2009

ആശ

തണ്ണിര്‍കുടങ്ങളില്‍ തണുപ്പു
ബ്രഹ്മഹത്യാപാപത്തിനു തപസ്സു ചെയ്യുന്നു.
വേനനും വൃത്രനും വെട്ടിയിട്ട ഇടിമുഴക്കങ്ങളും
മിന്നലുകളും ജീര്‍ണ്ണിച്ച് പോയിരിയ്ക്കുന്നു.
തണുപ്പിനു പേടിയാണ്

ചൂടില്‍ കാഴ്ചകളൊക്കെ പുളയുന്നു
തണുപ്പിനു പേടിയാണ്
ക്രൂരജന്മങ്ങള്‍ മലയില്‍
കാറ്റുതീയ്യാല്‍ ചൂടിന് ആരതിചെയ്യുന്നുണ്ട്
തണുപ്പിനെ കണ്ടുപിടിച്ച് ബലികൊടുക്കുമോ?
തണുപ്പിനു പേടിയാണ്

സൃഷ്ടി ഒരിടിമുഴക്കം മെനയുന്നുണ്ടാവും
വിധി അതെടുത്ത് ഒരുനാള്‍ തടവയ്ക്കും
മഴത്തുള്ളികള്‍ ചൂടിന്‍റെ ഫണംതോറും
നൃത്തം വയ്ക്കും
ഇലകളും പുല്ലുകളും മഴത്തുള്ളിയുടെ
നൃത്തത്തില്‍ മതിമറന്ന് ആളിക്കളിയ്ക്കും
തണ്ണീര്‍ക്കുടത്തിലെതണുപ്പ് അന്ന് നാടുവാഴാന്‍വരും.
വേനനും വൃത്രനും ജീര്‍ണ്ണിയ്ക്കും

Tuesday, June 16, 2009

രക്ഷിയ്ക്കണേ

ചേരയെ തിന്നുന്ന നാട്ടിലെനിയ്ക്കൊരു
ചേരവാല്‍ തിന്നുവാന്‍ വായയില്ല
വായയില്‍ മാലിന്യക്കൂമ്പാരം കൂട്ടിയോര്‍
കയ്യുമലര്‍ത്തി കടന്നു പോയി
അണ്ഡകടാഹം കുരച്ചു വിറപ്പിയ്ക്കും
അണ്ഡമുടഞ്ഞുള്ള നായവാലില്‍
ആകെ ഭ്രമിച്ചോളിപാടുന്ന പട്ടിയ്ക്കു
മൂക്കിന്‍ മുകളിലോ പന്നിപ്പനി
ചക്കക്കുരുവിത്ര വേണമോ ചക്കയ്ക്കു
ചുക്കിച്ചുളിഞ്ഞ വൃഷണദ്വയം
കൊണ്ടുകുലുമാലു കൂട്ടുന്നു കൂടുന്നു
വിണ്ടലം വിള്ളിയ്ക്കും ഭീകരത
ചോരയില്‍ നിന്നു മുളച്ചോര്‍ക്കു ചോരയില്‍
ഊര വഴുക്കും കൊളസ്റ്റ്രോളത്രേ
ചേരയെ തിന്നുന്ന നാട്ടിലെനിയ്ക്കൊരു
ചേരവാല്‍ തിന്നുവാന്‍ വായയില്ല

Wednesday, April 22, 2009

കുമ്പിളിനു വ്യത്യാസം. കഞ്ഞി കഞ്ഞി തന്നെ

ഞാറാഞ്ഞു നട്ട് നിവര്‍ന്നപ്പോള്‍
മുതുകത്താലുമുളച്ചു
ആലിന്തറയിരുന്നു മുറുക്കി
തുപ്പുത്തുന്നതു കേട്ടിട്ടാണ്
ചുകന്നതാടി തിരശ്ശീല
തകര്‍ക്കാന്‍ നോക്കിയത്.
പാവംഅണ്ഡകടാഹം
ചീറിപ്പൊളിച്ചാലും
തിരശ്ശീല കീറില്ലെന്ന്
കത്തിയോ, താടിയോ, കരിയോ അറിയുന്നോ?

പൈതലിന്‍ പിളരും ചുണ്ടു നിനച്ചു
കളപറിച്ചു പറിച്ച്മുലചുരന്നു.
നെല്ലിന്‍ മണിയില്‍ പാലൊഴിച്ചു വച്ചു
പാലിനശുദ്ധമില്ലെന്നാര്‍ക്കാണറിയാത്തത്?
പാലും നൂലും കൂടി കാശിയ്ക്കു പോയി
പാല്‍ ഗംഗയില്‍ മുങ്ങിച്ചത്തു.
ഗംഗ പരിശുദ്ധയായി
നൂലും പരിശുദ്ധമായി.

ഉണങ്ങി ജീവനുപേക്ഷിച്ച
വൈക്കോലിന് പശു മോക്ഷം കൊടുക്കുന്നത്
ഇന്നു മുതലാണ്
നെല്ലിന്‍റെ ഭാഗ്യം
വിദേശത്തു പോകുന്നത്രേ
ചെല്ലുന്നെങ്കില്‍നഗനരായ് ചെല്ലണം
എന്ന് അവര്‍ നിയമം വെച്ചിട്ടുണ്ടത്രേ
എന്നാലും വിദേശത്തേയ്ക്കല്ലേ
നാണമ്മറയ്ക്കാഞ്ഞാലും സാരമില്ല

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...