Tuesday, October 19, 2021

M R I

ഇന്നെൻ തലച്ചോറിൻ ചിത്രമെടുക്കാനായ് 
ആസ്പത്രിയിൽ ചെന്നിരിക്കുമ്പോൾ 
എൻറെ ശരീരത്തിന്നെല്ലാ ചരിത്രവും 
ചോദിക്കും പേപ്പറെനിക്കു തന്നു. 

 ബി പി, ഷുഗർ, കൊളസ്റ്റ്രോളെന്നിത്യാദി 
യോഗത്യ ചോദിക്കും കള്ളികളിൽ 
യോഗ്യമായുത്തരം നൽകി. 

ഉള്ളിലിരുമ്പുണ്ടോ എന്നൊരു ചോദ്യത്താലെൻ 
 മനോധൈര്യത്തെ ചോദ്യം ചെയ്ത പേപ്പറിൻ 
ദുഷ്ടവെളുത്തമുഖത്തിൽ ഞാൻ 
ഇല്ലെന്നു തെറ്റുവരച്ചു കൊടുത്തു. 

വല്ലപ്പോഴും വല്ല എല്ലും മുറിഞ്ഞതു 
കൂട്ടിച്ചേർക്കാൻ ഇരുമ്പുദണ്ഡു 
 അകത്തു വെച്ചിട്ടുണ്ടോ എന്നാണ് ചോദ്യം 
 എന്ന് മനസ്സിലാവായ്കയല്ല. 

പേപ്പർ കാഴ്ചയിൽ നിരുപദ്രവമായ 
 ചോദ്യമാണ് ചോദിച്ചതെങ്കിലും 
എൻ്റെ അകത്ത് ഇരുമ്പില്ല 
എന്ന സത്യം തുറന്നു പറയേണ്ടി
വന്നതിൽ വലിയ സങ്കടമുണ്ട്. 

ഇരുമ്പുണ്ടായിരുന്നു. സൌന്ദര്യത്തിൻ്റെ, 
ബുദ്ധിയുടെ, വേഗത്തിൻ്റെ, 
ആത്മവിശ്വാസത്തിൻ്റെ എല്ലാം ഇരുമ്പുണ്ടായിരുന്നു. 

ഇന്ന് തുരുമ്പിന്നിന്നുള്ളിൽ ഇരുമ്പ് ഇല്ലെന്ന സത്യം എഴുതിക്കൊടുക്കേണ്ടിവന്നതിൽ ഞാൻ അഗാധദുഃഖവാനാണ്.

മാറ്റം

ജീവിതമുച്ചതിരിഞ്ഞു നമുക്കിനി 
 കൈകൾ പിടിച്ചീ വഴിത്താരയിൽ 
കാലത്തിന്നദ്ഭുത കാഴ്ചകൾ കാണാനായ് 
വേച്ചു വേച്ചെങ്കിലു നീങ്ങി നോക്കാം. 
നോക്കൂ സഖീയിതാ നമ്മൾ ശരിയെന്നു 
വെച്ചു വളർത്തിയ പൂച്ചെടികൾ 
വെട്ടിക്കളഞ്ഞു നാം തെറ്റായ് കരുതിയ 
 സസ്യങ്ങൾ വെച്ചു പിടിപ്പിച്ചത്. 

 കള്ളക്കറുക്കിടകത്തിലൊഴിയാത്ത
പേമാരി കൊണ്ടു നനഞ്ഞ കാലം 
ചുട്ടു വിയർത്തു നനഞ്ഞു വിവശമായ് 
മാറുന്ന കാഴ്ചകൾ കാണുക മാഴ്കാതെ നീ 

മഞ്ഞളരച്ചു പുരട്ടി പ്രഭയാർന്നു 
നാലാൾക്കു മുന്നിൽ തളിഞ്ഞ മുഖം 
ദുർഗ്ഗതി വന്നു മുഖമ്മൂടിവെപ്പിച്ചു 
 ഭാവങ്ങളെല്ലാം മറയ്ക്കും കാലം. 
കാഴ്ചകൾ കാണുക. കണ്ടതിലൊട്ടായ്ക 
കാഴ്ചകൾ കാഴ്ചകൾ മാത്രമെന്ന് 
കണ്ടു പഠിക്കുക. കൂരിരുട്ടാകയും 
മുന്നിൽ പരക്കുവാൻ കലമായി

പൊട്ടിത്തെറി

വലിയൊരു പൊട്ടിത്തെറിയാലത്രേയുലകം പൊട്ടിവരിഞ്ഞു.
നക്ഷത്രത്തിൻ കോടികളതിൽനിന്നൂർന്നു പതിച്ചൂ വിണ്ണിൽ.
അവകളുമവയുടെ പൂമ്പൊടിയും പോലായുണ്ടായ് ഗ്രഹകോടികളും.
അവയിലൊരിത്തിരിചെറുതാം ഭൂവിൽ വലിയവനാം ഞാനുണ്ടായ് 

 എന്നുടെയുള്ളിൽ പുറമേനിന്നും വന്നുപതിച്ചിട്ടുള്ള 
ചിന്തകൾ ചിത്തച്ചെന്തീയിൽ ഞാൻ വാളുകൾ പണിയാൻ കാച്ചി. 
എന്നുടെ വിശ്വാസത്തിന്നച്ചിൽ പോരാളികളെ പണിതു. 
സുഖമേറീടും സ്വർഗ്ഗങ്ങളെയും ദുർഗ്ഗതിനരകങ്ങളെയും
കൽപ്പിച്ചെന്നുടെ പടയല്ലാത്തോർ പാപികളെന്നു വിധിച്ചു. 

പാപികളെല്ലാം ചത്തുമലച്ചാലെങ്ങും സ്വർഗ്ഗം സുലഭം 
എന്നു നിനച്ചേ രാവും പകലും കൊല്ലാൻ പമ്മി നടന്നു. 
എന്നുടെ പടയുടെ രക്തത്തിൽനിന്നെന്നതു പോലെ തന്നെ 
പാപിപ്പടയുടെ രക്തത്തിൽനിന്നാർത്തുവിളിച്ചിട്ടുണ്ടായ് 
അക്ഷൌഹിണികൾ സ്വസ്ഥത വിഷമായ് ചിന്തിച്ചീടും കൂട്ടം.

ഈ സമയത്തും പൊട്ടിത്തെറിയുടെ ചൂടുശമിക്കാത്തതിനാൽ 
വിണ്ണിലുരുണ്ടു കളിപ്പൂ ഗ്രഹശതകോടിളതിലീ ഭൂവും

ദൃശ്യം

ഞാനെൻറെ വീടിൻറെ ജനലുകൾ മൂടി 
നല്ല പ്രകൃതിദൃശ്ര്യങ്ങളുടെ ചിത്രങ്ങൾ ഒട്ടിച്ചു. 
പേടിക്കേണ്ട. വായുസഞ്ചാരത്തിന് ഏ സി ഉണ്ട്. 
പുറത്ത് സസ്യജാലം കരിഞ്ഞാലും 
കാറ്റടിച്ച് എല്ലാം ഒടിഞ്ഞടങ്ങിയാലും 
കാഴ്ചയ്ക്ക് വ്യത്യാസം വരില്ല. 

അഥവാ കാഴ്ച മടുത്താൽ വേറെ ചിത്രം ഒട്ടിക്കാം

മൂക്കുകടി

ഇടവപ്പാതികനക്കും കാലം 
നീർദ്ദോഷത്തിൻ കാലം 
ആറ്റിൻവക്കിൽ മാങ്കൂട്ടത്തിലെ 
മാക്കുണ്യാരുടെ പുത്രൻ 
കുന്നിൻ മുകളിലെ ആനക്കാട്ടിലെ 
ആന്തുണ്യാരുടെ മകളെ 
കാണാൻ പോയി മടങ്ങീടുമ്പോൾ 
 മാക്കുണ്ണ്യാരുടെ മൂക്ക് 
വല്ലാതങ്ങുകടിച്ചൂ പ്രാകു-
ന്നാരോയെന്നു പറഞ്ഞേ 
മൂക്കു പിടിച്ചു കശക്കി.  
മൂക്കിൻ കടിയിൽ കണ്ടൂ ഭാര്യ 
കലഹത്തിൻ ചെറു കണികകൾ 
പാറും തീക്കൽ തരികൾ പോലേ.

ഉള്ളിൽ കരുതീ മാക്കുണ്യാരുടെ 
 മൂക്കിൻ കടികൾ ഭാര്യ. 
പലകുറി പകലോൻ കടലിൽ ചാടി 
പനിമതി കലകൾ മാറ്റി. 
മാക്കുണ്യാരുടെ മൂക്കിൻ കടിയുടെ
കാഠിന്യം പോയേപോയി. 
മൂക്കേ പോയ് പ്പോയെന്നു  പറഞ്ഞാ-
ലധികപറ്റായീടും

മാക്കുണ്യാരുടെ മകനും സാക്ഷാ-
ലാന്തുണ്യാരുടെ മകളും 
ഗുരുവായൂരിലെ തള്ളിന്നിടയിൽ 
മാലകളിട്ടുതമ്മിൽ. 
അന്നും ചനുപിനെ മഴയുണ്ടായീ 
 മംഗളമെന്നായ് നാട്ടാർ.

ദുശ്ശകുനംപോൽ മാക്കുണ്യാരുടെ 
മൂക്കു കടിച്ചു വീണ്ടും. 
ആ സമയത്തേ മകനുടെ ചെവിയിൽ 
മരുമകളെന്തോ ചൊല്ലി. 
മൂക്കിൻകടിയുടെ കാരണമങ്ങിനെ-
യമ്മായിക്കുമുറച്ചു. 

അങ്ങിനെയങ്ങിനെ മാക്കുണ്യാരുടെ 
മൂക്കിന്നുള്ളിൽ കടിയായ് 
ഉദയം കൊണ്ടാത്തീക്കൽത്തരികൾ 
ഊതിക്കത്തിച്ചീടാൻ 
കാലം വഴികൾ പലതും പണിതൂ 
പുകയും കടികൾ കത്തി.
മാക്കുണ്യാരടെ ഭാര്യക്കടിമുടി
അമ്മായിപ്പോർ പെരുകി. 
ആന്തുണ്യാരുടെ മകളും തലയിണ-
മന്ത്രം സിദ്ധി വരുത്തി.
അടിപിടികലശൽ വീട്ടിന്നുള്ളിൽ 
ചുഴലിക്കാറ്റായ് ചുറ്റി.
വീട്ടിന്നുള്ളിൽ വെള്ളം വെച്ചാൽ 
തന്നെത്താനെ തിളക്കും 
എന്നാം നിലയിൽ സംഗതിയെല്ലാം 
ചൂടിൻ തുമ്പത്തെത്തേ 
പെട്ടെന്നൊരുനാൾ മാക്കുണ്യാരുടെ 
ഭാര്യ മരിച്ചേ പോയി. 
തിരുനാവായപ്പുഴയിൽ പോരിൻ 
തരികളലിഞ്ഞേ പോയി. 

കാലം തിരിയേയിടവപ്പാതി 
 കനപ്പിക്കാനായ് വന്നു. 
മാക്കുണ്യാരുടെ മൂക്കിനു വീണ്ടും 
കടിയുടെ ശല്യം വന്നു.
ജലദോഷത്തിൻ വരവാകാമെ- 
ന്നോതീ മാക്കുണ്യാരും 
മൂക്കിൻ തുമ്പു കശക്കീ 
പാവം ചായ്പ്പിന്നുള്ളിൽ ചാഞ്ഞു.

തുമ്പപ്പൂ

തുമ്പപ്പൂവ്വേ തുമ്പപ്പൂവ്വേ 
ഓണം വന്നു മടങ്ങീലോ 
എന്നിട്ടും നീയ്യെന്താണിങ്ങിനെ?
ആരേക്കാണാൻ നിൽക്കുന്നൂ?
വിനയാന്വിത നീ കാണുന്നുണ്ടാം 
ഓണത്തപ്പൻ തിരുവരവ്. 
ചതിയും കള്ളവുമറിയാതുള്ളൊരു 
ചെടി നീ അറിയുന്നുണ്ടാകാം. 
സ്വർണ്ണത്തേരിലെഴുന്നൊള്ളീടും 
മാവേലിപ്പൊൻ തംബ്രാനെ.
കഥയിൽ കേട്ടിട്ടറിയാമെന്നു 
നിനയ്ക്കുന്നോരീമനുജന്മാർ. 
സത്യം! സത്യം! ഞാനറിയുന്നേ- 
യില്ലാ നമ്മുടെ തംബ്രാനെ.
നിന്നുടെയരികത്തെത്തീടുമ്പോൾ 
താഴെയിറങ്ങീടും നേരം 
ഓണക്കോടികളില്ലാതെങ്ങിനെ 
വരവേറ്റീടും തംബ്രാനെ 
കറികൾ നാലും വെയ്ക്കാതെങ്ങിനെ 
വരവേറ്റീടും തംബ്രാനെ 
തുമ്പേ തംബ്രാൻ വന്നുകഴിഞ്ഞാ- 
ലെന്നോടും നീ ചൊല്ലേണം 
അല്ലെങ്കിൽ നീ ചൊല്ലിത്തരണം 
ബലിയെക്കാണാനുള്ള വഴി

സ്വാതന്ത്ര്യം

സ്വാതന്ത്യത്തിൻ വേരും തളിരും 
കൽപ്പനയിൽ താൻ നിൽപ്പൂ. 
ഉണ്ടന്നോരുകിലുണ്ടാകാമതു- 
മില്ലെന്നോർത്താലില്ല. 
ഭൂവിലെമണ്ണുകുഴച്ചു പടുത്തീ 
വീടുകൾ പണിതൂ നമ്മൾ 
സ്വാതന്ത്ര്യത്തിൻ വരവും പോക്കും 
 കതകുകൾ വഴിയേയാക്കി. 
ചങ്ങലയുണ്ടെന്നാകിൽ മാത്രം 
പുറമേയൊന്നുനടക്കാം 
എന്നുനിനയ്ക്കും ശ്വാവേപ്പോലെ 
കോട്ടും സൂട്ടുമണിഞ്ഞൂ. 
പണ്ടത്തേക്കാൾ പലതിനും 
മിപ്പോളടിയറവെച്ചൂ സ്വയമേ 
കണ്ടപരസ്യത്തിന്നുടെയുള്ളിൽ 
തലകൾ വെച്ചു കുടുക്കീ 
ഞാനേ സ്വാതന്ത്യത്തിൻ നേതാ-
വെന്നു ഞെളിഞ്ഞു നടന്നു. 
സ്വാതന്ത്യത്തിൻ വേരും തളിരും 
കൽപ്പനയിൽ താൻ നിൽപ്പൂ

ട്രാക്ടർ

അന്നാണ് പ്ലാശീരിപ്പാടത്ത് ദുർദ്ധര 
ട്രാക്ടർ ഇറങ്ങിയതാദ്യമായി. 
കുട്ടൻ്റെ നീളത്തിൽ രണ്ടിലധിക-
മിരട്ടി വലുതായ ചക്രങ്ങളായ് 
പ്ലാശീരിപ്പാടത്തിലാകെ മുഴങ്ങുന്ന 
ശബ്ദത്തിലാകെ മുരണ്ടുകൊണ്ട് 
ചേറിനെയാകെയിളക്കിമറിച്ചു-
കൊണ്ടങ്ങിങ്ങു മണ്ടി നടന്നു ട്രാക്ടർ. 
കൊറ്റികളെന്തൊരു ദുർഭൂതമാണിതെ-
ന്നൂക്കിൽ പറന്നകലത്തു പോയി. 
ചാമിയും ചാത്തനും കൈക്കോട്ട് തോളിൽ വെ-
ച്ചൽപ്പം ഭയത്തോടെ മാറിന്നു. 
കാളിയും പാത്തുവും ഞാറുപറിക്കുന്ന 
കണ്ടത്തിലേയ്ക്കെങ്ങാൻ ജന്തു വന്നു- 
കേറുമോ എന്നുള്ള പേടി പെരുക്കയാൽ 
വീണ്ടുമിടയ്ക്കു തിരിഞ്ഞു നോക്കി. 
പാടവരമ്പത്തു നാട്ടുകാരെല്ലാരും 
അത്ഭുതം കാണുാൻ നിരന്നു നിന്നു. 
അങ്ങിനെയേതാണ്ടു നട്ടുച്ചയായപ്പോൾ 
കുട്ടൻ്റെ കണ്ടത്തിലെത്തി ട്രാക്ടർ. 
വീട്ടുപടിക്കലെ വല്യേ വരമ്പിൻ്റെ 
ഓരത്തു നിർത്തിയ ട്രാക്ടറിൻ്റെ 
ഡ്രൈവറടുത്തുള്ള തോട്ടിലിറങ്ങി കൈ-
കാലുകൾ തേച്ചു കഴുകീടവേ 
കുട്ടൻറെ അച്ഛനിലവെച്ചുകോലായി-
ലൂണിനെല്ലാമേയൊരുക്കി വെച്ചു. 
ഡ്രൈവറും ക്ലീനറുമൂണുകഴിക്കുവാൻ 
പോയുള്ള നേരത്തു കുട്ടൻ മെല്ലെ 
ചാരേ വരമ്പത്തു വിസ്തരിച്ചാകവേ 
നോക്കി നിന്നീടവേ പിന്നിൽ നിന്നും 
മേലേ തൊടിയിലെ സൈതാലി മൊട്ടയിൽ 
തോർത്തുണ്ട് വട്ടത്തിൽ കെട്ടിക്കൊണ്ട് 
പട്ട നിലത്തുരയുന്നതു പോലവേ 
മലപ്പടക്കം പൊരിയുമ്പോലെ 
പേടിപ്പിച്ചീടുന്ന ശബ്ദത്തിൽ ചോദിച്ചു 
ഞെട്ടിത്തിരിഞ്ഞുപോയ് കുട്ടനാകെ.
ആരാണ്ടാ? വേണ്ടാതാകുന്ത്രാണ്ടത്തിന്നടു-
ത്തെ.ന്തു കുലുമാലാ കൂട്ടുന്നത്? 
കുട്ടൻ പൊടുന്നനെ വീട്ടുപറമ്പിലേ-
യ്ക്കോടി മരത്തിൻ മറവിൽ നിന്നു. 
സൈതാലിമാപ്പിള പാടവരമ്പത്ത് 
കുന്തിച്ചിരുന്നങ്ങ് നോക്കിക്കണ്ടു 
ട്രാക്ടറിൻ ചക്രത്തെ കൈകൊണ്ടു തൊട്ടൊന്നു 
നോക്കിയിടഞ്ഞീല ട്രാക്ടറൊട്ടും 
കാലാൽ ചവിട്ടീല കൊമ്പു കുലുക്കീല 
പാവത്തെപ്പോലെ വെറുതെ നിന്നു. 
സൈതാലി ജന്തുവിൻ സൗഹൃദഭാവത്തെ - 
യാസ്വദിച്ചുള്ളു കുളിർത്തപോലെ 
അങ്ങുന്നെണീറ്റു പറമ്പിൽ കരയേറി 
കിട്ടുന്ന പുല്ലു പറിച്ചു ചെന്ന് 
തിന്നാൻ കൊടുത്തു കൊടുത്തിട്ടും ട്രാക്ടറു 
തിന്നാതെ ചുമ്മാതെകണ്ടു നിന്നു. 
ദേഷ്യം പിടിച്ചിട്ടു സൈതാലി കിട്ടിയ 
കോലാലെയൊന്നു പിടച്ചു പിട. 
എന്നിട്ടുമില്ലായിളക്കം അടി മർമ്മ-
ത്തെങ്ങാനും കൊണ്ടതു ചത്തുപോയോ? 
ഉള്ളിൽ പരിഭ്രമം പൂണ്ടിട്ടു സൈതാലി 
ചുറ്റിലുമെല്ലാമേ പാളിനോക്കി. 
ആരുമേ കണ്ടില്ലെന്നാശ്വാസവുമായി 
മണ്ടയിൽ കെട്ടിയ കെട്ടഴിച്ച് 
വിസ്തരിച്ചൊന്നു മുഖം തുടയ്ക്കും നേരം 
കുട്ടനെ കണ്ടു പകച്ചു പോയി. 
ആരോടും മിണ്ടരുതെന്നു വിരലാലെ 
കാണിച്ചു മത്തങ്ങക്കണ്ണുരുട്ടി 
ട്രാക്ടറിൻ ജീവനെ തല്ലിക്കെടുത്തിയ 
ഗുണ്ടയായ് പാടത്തു നിന്നും കേറി- 
നിൽക്കുമ്പോൾ ഡ്രൈവറു വന്നിട്ടാ
ജന്തുവിൻ നേരെമുതുകത്തു ചാടിക്കേറി 
ഡ്ർഡ്ർഡ്ർ ഡ്ർഡ്ർഡ്ർ ഡ്ർഡ്ർഡ്ർ ഡ്ർഡ്ർഡ്ർ 
ഡ്ർഡ്ർഡ്ർ ഡ്ർഡ്ർഡ്ർ ഡ്ർ ഡ്ർ ഡ്ർ

സഞ്ചി

ഞാനെന്നും സഞ്ചിയും തൂക്കി 
പഴങ്ങൾ ശേഖരിച്ചിടാൻ 
നടപ്പാണെന്തിനാണെന്നു 
ചിന്തിച്ചാലില്ലൊരന്തവും. 
നന്നെന്നു തോന്നിയാലങ്ങു 
പൊട്ടിയ്ക്കും. പത്തിലൊമ്പതും 
 മൂക്കാതെ വാടിടും ബാക്കി 
ചീഞ്ഞുപോയെന്നുവന്നിടാം 
ചീഞ്ഞതിൽ പുഴുവുണ്ടെന്നു 
 കണ്ടാലും പിന്നെയും വൃഥാ 
സഞ്ചിയിൽ വെച്ചുവെച്ചെൻറെ 
സഞ്ചിയേ നാറ്റസഞ്ചയം

നന്ദി

എത്ര ആളുകളോടാണ് നന്ദി പറയേണ്ടത്? 
എല്ലാവരുടേയും പേരോ മുഖമോ ഓർമ്മയില്ല. 
വാലുണ്ടെങ്കിൽ എത്ര നന്നായിരുന്നു? 
വെറുതെ ആട്ടിയാൽ കാര്യം കഴിഞ്ഞു. 
കുറേ ആളുകളോട് കോപിക്കാനും ഉണ്ട്. 
ദുരഭിമാനം വിട്ട് വാതോരാതെ കുരയ്ക്കാമായിരുന്നു

സർവ്വശക്തൻ

ഞാൻ നിങ്ങൾക്ക് വാക്കു തന്നിരുന്നു, 
ഇരട്ടുകത്തിച്ച് വെളിച്ചമേകും എന്ന്. 
ഞാനീയിരുട്ടെല്ലാം ഒന്നു വാരിക്കുട്ടുന്നതുവരെ 
നിങ്ങൾ കണ്ണുതുറക്കതെ വെളിച്ചത്തെ സ്വപ്നം കാണണം. 
 നിങ്ങൾ കണ്ണടച്ചിരിക്കുമ്പോൾ കണ്ണുതുറന്ന് 
ഇരുട്ടു വാരിക്കൂട്ടുന്ന ഞാൻ പറയുന്നത് വിശ്വസിക്കണം.
ഇരുളിൻറെ വേരുകൾ നിശ്ശേഷം പറിക്കാൻ 
ശക്തമായ കൈകളുമായി ഞാൻ ഇറങ്ങുമ്പോൾ 
 നിങ്ങൾ കോരിത്തരിക്കണം. 
ഇരുട്ടു മുഴുവൻ പറിച്ച് കത്തിക്കുമ്പോൾ ഞാൻ പറയാം. 
ഇരുട്ടെല്ലാം കത്തിക്കഴിഞ്ഞാൽ വെളിച്ചവും പൊലിഞ്ഞു പോകില്ലേ 
എന്ന് സംശയിക്കരുത്. 
ഞാൻ സർവ്വശക്തനാണ്

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...