Monday, March 16, 2009

മഴക്കാലം

തിയ്യുപോല്‍ വേനല്‍ കത്തുമ്പോള്‍
മെയ്യില്‍ വറ്റുന്ന വേര്‍പ്പുമായ്
കയ്യിലേ ജലപാത്രത്തെ
പയ്യെ സഞ്ചീന്നെടുക്കവേ

ആര്‍ത്തികത്തുന്ന കണ്ണാലെ
ആര്‍ത്തഭാവസ്വരൂപിണി
പേര്‍ത്തതെന്‍ ജലപാത്രത്തില്‍
ആര്‍ത്താളും ജാതവേദനായ്

ബലം പോയിമറഞ്ഞിടും
ജലമൂറുന്നകണ്ണിനാല്‍
ജലത്തില്‍ തീ പിടിയ്ക്കുന്നു
ബലഹീനതയീജലം

വേനല്‍ കാലം കടന്നൊന്നു
മനസ്സില്‍ കുളിര്‍കോരിടും
കനക്കും കാറുതിങ്ങീടും
മാനം കാണുന്നുതെന്നു താന്‍?

ഒരു നാള്‍ ചക്രവാളത്തില്‍
നീരണിഞ്ഞ കിനാവുപോള്‍
വരും കാര്‍മേഘസംഘാതം
ചൊരിയും സാന്ദ്രശീതതാ

മഴയേയാനയിക്കാനായ്
വഴിതോറും മരങ്ങളെ
തഴുകും കുളിര്‍കാറ്റാകെ
മിഴിവേകും ജഗത്തിനേ

മിന്നല്‍ കൈ നീട്ടിയാകാശം
മന്നിനേയാണ്ടു പുല്‍കവേ
ആനന്ദാ‍മൃതവര്‍ഷത്തില്‍
നനയും കാര്യമോതിടും

ദിഗന്തം മുഴുവന്‍ തോഷ-
ഗദ്ഗദം നിറയും വിധം
ജഗത്തിനെയുണര്‍ത്താനായ്
സ്വര്‍ഗ്ഗം ദുന്ദുഭി കൊട്ടിടും

തുള്ളിയ്ക്കൊരുകുടം പോലെ
തുള്ളിയാര്‍ക്കുന്ന പേമഴ
ഉള്ളത്തില്‍ പുതുമണ്ണിന്‍റെ
തിളയ്ക്കും മണമേകിടും

ഏറാല്‍വെള്ളം വിഴും ശബ്ദം
നിറയും നനയുമ്മനം
നിറയും കിണറും തോടും
നിറയും ഭേകരോദനം

പുതപ്പിന്നുളിലേയ്ക്കെത്തും
പുതുശീതം നുകര്‍ന്നിടാന്‍
കൊതിയാകുന്നു. പേമാരി
മതിയില്‍ കുളിര്‍ കോരിടാന്‍

2 comments:

. said...

എല്ലാ കവിതകളും വായിച്ചു.
ഇഷ്ടപ്പെട്ടവയും ഇഷ്ടപ്പെടാത്തവയുമുണ്ട്‌
ചെറുകവിതകൾ പലതും സരസങ്ങളാണ്‌.എന്നാൽ
ചില കവിതകളിൽ പഴക്കം ചുവയ്ക്കുന്നു.തുറന്ന്‌
പറഞ്ഞതിൽ വിരോധം തോന്നരുത്‌
വയിച്ചപ്പോൾ മനസ്സിലായ മറ്റൊരു കാര്യം
ഭാഷയിലുള്ള പ്രാവീണ്യമാണ്‌.ഒരുപാട്‌ പദ സമ്പത്ത്‌.
സംസ്കൃതവും അറിയുമെന്ന്‌ തോന്നി
ശരിയല്ലേ?

kariannur said...

നന്ദി. എല്ലാകവിതകളും വായിച്ചുവെന്നോ? വിശ്വസിയ്ക്കാന്‍ പറ്റിയില്ല. ഇത്ര് ക്ഷമ എവിടെനിന്നു കിട്ടി? പിന്നെ പഴക്കത്തിന്‍റെ കാര്യം. ഒരുസ്വകാര്യം പറയാം. (ശബ്ദം താഴ്ത്തി)“ഞാന്‍ ഒരു പഴഞ്ചനാണ്. ക്ഷമിയ്ക്കണം”

എന്നാലും നന്ദി പറഞ്ഞത് പോരാ എന്നൊരു തോന്നല്‍ ബാക്കി “എന്‍റെ വീട്ടില്‍ വന്നാകട്ടേ

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...