Friday, April 3, 2020

കോവിദൻ

ഉലകിലഖിലത്തിലും യമഭടകവാത്താലെ-
യുയിരുകളുലഞ്ഞങ്ങു കെട്ടുപോയീടവേ
അതികിടിലമുൾക്കൊണ്ടു കൂട്ടിൽ കിടക്കുന്ന
കിളിമകളുമോതിനാൾ ചത്ത സ്വരത്തിനാൽ

നാലഞ്ചടിവിട്ടു നിന്നു താൻ കേൾക്കണം
കോവിദ വിക്രമം ലോകഭയങ്കരം.
അരികിൽ വന്നിങ്ങിനെ പാലും പഴങ്ങളും
തന്നു കൊല്ലേണ്ട ഞാൻ താനെ മരിച്ചിടാം.

ഭൂമിയിൽ പാർക്കും ചരാചരശ്രേണിയിൽ
മാനുഷവർഗ്ഗമാം രോഗം പിടിക്കയാൽ
പുല്ലും മരങ്ങളും കല്ലും പുഴകളും
മാമല ചന്ദ്രനും ചൊവ്വയും വ്യാഴവും
പുൽച്ചാടിതൊട്ടുള്ള ജീവജാലങ്ങളും 
കേണുകേണുച്ചത്തിലാർത്തു വിളിക്കവേ
ആശബ്ദരേണുക്കളത്യന്ത ദുഖമാം
ദുർമ്മൃതിയായ് മാറിയുഗ്രതപസ്സിനാൽ
വെന്തുവെന്തുണ്മയെ വെല്ലുവിളിക്കവേ
കയ്യുയർത്തിക്കൊണ്ടനുഗ്രഹം നൽകിനാ-
നീശ്വരൻ സർവ്വചരാചരനായകൻ
കെട്ടിപ്പിടിക്കലിൽ കയ്യുകൊടുക്കലിൽ
സ്നേഹം പകരുന്ന ചുംബനവേളയിൽ
നൂറിനൊരായിരമായ് നീവളരുക
കാലനു പാതയിൽ ചൂണ്ടു പലകയായ്
കാലം വരും വരെ താണ്ഡവമാടുക
മർത്ത്യദംഭത്തിൻ ഫണങ്ങളിൽ സ്വൈരമായ്

ദുർമ്മൃതി ചീനയിൽചെന്നു തുടങ്ങിനാൻ
ദുസ്സഹമാകുന്ന വീരപരാക്രമം
കോവിദനെന്നുള്ള നാമം വരിച്ചതു
കോവിദനായതുകൊണ്ടുതാനല്ലയോ
കോവിദനെന്നുള്ള ശബ്ദാർത്ഥമോർക്കുകിൽ
സാമർത്ഥ്യവാനെന്നുതന്നെയാം നിശ്ചയം

മാനുഷരേ നിങ്ങളന്ധമാം കണ്ണിനാൽ
കാണ്മതിനൊക്കെയുമുണ്ടു പരിധികൾ
ചോരക്കറവീണ കൺകൊണ്ടു നോക്കാതെ-
യെന്നെ വിഹായസ്സിലേക്കു വിട്ടീടുക.

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...