Wednesday, February 9, 2022

പ്രതികരണം

പ്രതികരിക്കണമെന്നുണ്ട് 
പക്ഷേ ദിവാകരനെന്നു പേരായിപ്പോയില്ലേ?
 പകലുണ്ടാക്കുന്നവൻ രാത്രിക്കും കാരണക്കാരനാണ്. 
ഗാന്ധിയുടേയും ഗോഡ്സേയുടേയും അംശം ഉള്ളിലുണ്ട് 
 ആര് ആരോട് പ്രതികരിക്കുമെന്നാണ്.
 മാസ്ക്കും പൊട്ടിച്ചിരകളും ആരോഗ്യവും അനാരോഗ്യവും ഉണ്ട് 
നടിയും നടനും ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ട്. 
ന്യായവും അന്യായവുമുണ്ട് 
സർവ്വം ഖല്വിദം ബ്രഹ്മ എന്ന് കൃഷ്ണാമണി മേൽപ്പോട്ടുയർത്തി ഉയർന്ന ഭാവത്തിൽ മിണ്ടാതിരിക്കാനേ പറ്റൂ.

താരകൾ

ഭൂവിൽ കൂരിരുളാലൊന്നും കാണാൻ പറ്റാതുള്ളപ്പോൾ 
ഇവിടേയ്ക്കിങ്ങിനെ നോക്കീടാൻ കാരണമെന്തെന്നോതാമോ? 
ഇരുളിൽ നോക്കീടാൻ തന്നെ കിടുകിട പേടി എനിക്കുണ്ട്.
ഭൂതപ്രേതപിശാചുക്കൾ ഇരുളിൻ മറവിലിരുന്നാലോ? 
പേടി പരത്തും കൂട്ടങ്ങൾ ആകാശത്തങ്ങുയരത്തിൽ 
എത്താൻ പറ്റില്ലെന്നാണോ കരുതീടുന്നൂ താരകളേ? 
നിങ്ങടെ കൂടെ കൂടീടാൻ പൂതിയെനിക്കുണ്ടൊരുപാട് 
ഭൂമിയിലങ്ങിങ്ങായ് പമ്മും പേടികളെ പേടിക്കാതെ 
താഴെ നോക്കിയിരുന്നീടാൻ അവിടെ വന്നാൽ പറ്റൂലോ 
അമ്മയുമൊപ്പം വന്നാലേ പറ്റുകയുള്ളൂ വന്നീടാൻ 
അമ്മ വരാതെയിരുട്ടത്ത് ഞാനില്ലവിടെയിരുന്നീടാൻ 
അമ്മെടെ മടിയിലിരുന്നാണോ ഭൂമിയിൽ നിങ്ങൾ നോക്കുന്നൂ?

നാരദീയം

സാക്ഷാദിന്ദ്രൻ്റെ കൈതട്ടി ചപ്ലാങ്കട്ട തരിപ്പണം 
സ്വർഗ്ഗം വാഴുമഹങ്കാരം എന്നു കോപിച്ചു മാമുനി 
നാരദൻ ദുർദ്ധരം ശാപമെറിഞ്ഞൂ മഘവന്നുമേൽ 
ഇന്ദ്രനെന്നുള്ള നാട്യം താൻ ശേഷിക്കും ബാക്കി പോയിടും
നണംകെട്ടുനടക്കേണ്ടി വരും മത്ശാപകാരണാത് 
ഇന്ദ്രൻ വട്ടത്തിലായെന്നു കണ്ടപ്പോൾ കാൽക്കൽ വീഴ്കയാൽ 
നാരദൻ ശാപമോക്ഷത്തെ കനിവാലോതിയിങ്ങിനെ
ശാപം നിനക്കു വല്ലോർക്കും ഭാഗിച്ചങ്ങു കൊടുത്തിടാം 
എന്നിട്ടു വാഴാം മുൻപോലെ ദേവരാജ്യത്തു നാഥനായ് 
ഗവർണ്ണർപ്രസിഡണ്ടെന്ന സ്ഥാനങ്ങൾ കൈക്കലാക്കുവാൻ 
കോപ്പുകൂട്ടി നടന്നീടും മാനവർക്കുമ്പർനായകൻ 
വാഴക്കാതൽ കൊണ്ടു തീർത്ത ചെങ്കോലാർഭാടപൂർവകം 
കയ്യിലേൽപ്പിച്ചു മിന്നീടും സ്ഥാനിയാണെന്നു വാഴ്തിനാനൻ
ചപ്ലാങ്കട്ടപൊടിഞ്ഞുള്ള പൊടി ഭൂമിയിൽ വീഴവേ 
ചേരുവൃക്ഷം കൊടുത്തൂവ്വ ചാനൽചർച്ച നയിപ്പവർ 
എന്നീ സ്ഥാനങ്ങളിൽ വീണു സംസർഗ്ഗത്തിൻറെ ശക്തിയാൽ 
ചപ്ലാങ്കട്ട പൊടിഞ്ഞുള്ള പൊടി വാഴട്ടെ മേൽക്കുമേൽ

എന്നെ കാണാനില്ല

അടിച്ചുവാരും നേരത്ത് നിലമാകെ പൊടി പടലങ്ങൾ 
പൊടിയുടെയിടയിൽ പണ്ടെന്നോ കാണാതായയഴുത്താണി
കണ്ടുപിടിച്ചപ്പോളയ്യോ ഓലകൾ കാണാനില്ലെങ്ങും 
ഉത്തരമാകെ തപ്പീട്ടും പെട്ടികളപ്പിടി പരതീട്ടും 
ശുണ്ഠിയെടുത്തെൻ വീടിനുചുറ്റും മണ്ടിനടന്നു ചിലച്ചിട്ടും 
ഓല ലഭിക്കാൻ വഴികാണാതെ പനയിൽ തന്നെ കേറീ ഞാൻ 
പന മാറത്തും കൈകാൽകളിലും കോറി കവിതകളെമ്പാടും 
ഓല ലഭിച്ചു കവിത കുറിക്കാൻ കിട്ടിപ്പോയരെഴുത്താണി 
കയ്യിലെടുത്തു കഷ്ടം കഷ്ടം എന്നെ കാണാനില്ലപ്പോൾ

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...