Sunday, February 15, 2009

യാത്ര

യാത്രാരംഭമറിഞ്ഞുവോ? ജനനിതന്‍ ഗര്‍ഭത്തിനങ്ങേപ്പുറ-
ത്തെന്താണെന്നതുകണ്ടുവോ?, വഴിയിലില്ലാരും തുണയ്ക്കെന്നതെന്‍
ചിന്തയ്ക്കുള്ളിലുറഞ്ഞുവോ? സഹജമാം രോഷാദിഭാവങ്ങളാല്‍
സ്വാന്തത്തില്‍ തിരയാര്‍ന്നുവോ? സ്മൃതിയിലില്ലൊന്നും. വെറും ശൂന്യതാ

എന്നോ വന്നു പിറന്നു. പിന്നെയധരം കോട്ടുമ്പൊഴേയ്ക്കും സദാ
തന്നൂ സ്നേഹവിലോലലോലമധുരം പാലൂഷ്മളം സാന്ത്വനം.
എന്നോ കാഴ്ചകള്‍ കണ്ടു, പുഞ്ചിരിയുറഞ്ഞീടും മുഖം തോറുമേ
മിന്നീ ഭാവവിഭാവനങ്ങളവ, പഠിച്ചീടാന്‍ ചിരിച്ചീടിനേന്‍.

മുന്നേ വന്നവര്‍ തൂകിയിട്ട ചരണപ്പാടില്‍ കരം ചേര്‍ത്തു ഞാന്‍
മുന്നോട്ടാഞ്ഞു നിലത്തു നീന്തി,യുലകം ജിജ്ഞാസയാല്‍ നേടുവാന്‍.
“പിന്നോട്ടാണിവനെപ്പൊഴും ഗതി“ നറും വാത്സല്യവാക്കേല്‍ക്കവേ-
യന്നേ തോന്നിയിരിയ്ക്കണം വിഗതിയാണെന്നും ഫലം മേല്‍ക്കുമേല്‍

കാലിന്‍ താളമറിഞ്ഞിടാതെയിടറും പാദങ്ങള്‍, പാതത്തിനാല്‍
മാലാര്‍ന്നുള്ള കരച്ചില്‍, വാശികള്‍, കുഴക്കീടുന്ന ദണ്ണങ്ങളും
ഓലപ്പാമ്പിലുമാടിടുന്ന ഭയവും, യാത്രയ്ക്കിടയ്ക്കിപ്പൊഴും
കാലില്‍ പൂട്ടിയ ചങ്ങലയ്ക്കു കനമില്ലാതാക്കിടുന്നൂ ദൃഢം

വാക്കാല്‍ തമ്മിലടുത്തു കെട്ടിവരിയാന്‍ കൊഞ്ചുന്ന നാവില്‍ പിതാ-
വക്കാരുണ്യവരാക്ഷരങ്ങള്‍ നിറയാന്‍ സ്വര്‍ണ്ണാക്ഷരം തൂകിനാന്‍
ഇക്കാണുന്നതിനൊക്കെയും കയറുപോലെന്നുള്ളു ബന്ധിയ്ക്കുവാന്‍
വാക്കുണ്ടായതു മെല്ലെ മെല്ലെയകലാന്‍ വയ്യാതെയാക്കീ സ്വയം

ജ്യേഷ്ഠന്‍ നീട്ടിയ കൈ പിടിച്ചു ചെറുതാം പാഥേയവും ഗ്രന്ഥവും
കഷ്ടപ്പെട്ടു പുറത്തു കേറ്റിയറിവിന്‍ ക്ഷേത്രത്തിലെത്തീടിനേന്‍
ഇഷ്ടര്‍ക്കൊത്തു നടന്നു ദൂരെ മറയത്താരോ കുറിച്ചിട്ടതാ-
മഷ്ടിയ്ക്കുള്ള വഴിയ്ക്കിരുട്ടുനിറയാന്‍ തെണ്ടിത്തിരിഞ്ഞീടിനേന്‍

സൂര്യന്‍ തൊട്ടുവിടര്‍ത്തിടുന്നഴകെഴും പുഷ്പങ്ങളില്‍, നീര്‍മ്മദം
ചോരും വീരഗജങ്ങളില്‍, വെടി കുലുക്കീടുന്ന പൂരങ്ങളില്‍
മാരന്‍ സുന്ദരവര്‍ണ്ണമിട്ട തരുണസ്വപ്നങ്ങളില്‍, മുദ്രകള്‍
ഹാരം ചേര്‍ന്നിളകുന്നിടത്തുമലയാന്‍ വെമ്പല്‍ കലര്‍ന്നീടിനേന്‍

മിന്നും പൊന്‍വളകള്‍ സ്വകാര്യമരുളും കയ്യില്‍ പിടിച്ചീടവേ
തന്നത്താനെ വലിഞ്ഞു ലജ്ജയിലൊളിച്ചീടും നവോഢാകരം
ചിന്നീടും പുളകം കലര്‍ന്നു കവരേയാശംസ നേര്‍ന്നീടിനാര്‍
പിന്നില്‍ പോയി മറഞ്ഞിടുന്ന നിമിഷക്കൂട്ടം വഴിത്താരയില്‍

ചുറ്റും നിന്നു തുളുമ്പിടുന്ന കുളിരാം കറ്റക്കിടാങ്ങള്‍ സ്വരം
തെറ്റെന്നാകെ വളര്‍ന്നിടുന്നു തണലായ് മാറുന്നു മദ്യാത്രയില്‍
വറ്റിപ്പോകുമൊരിയ്ക്കലീ ഹൃദയതാളത്തിന്നൊഴുക്കും നിറം
മുറ്റും കാഴ്ചകള്‍ മങ്ങിടും മണിമുഴങ്ങീടും നിറുത്തും രഥം

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...