Wednesday, January 26, 2022

ശില്പം

ആരയിത്താണ്ടുകളാദിത്യരശ്മികൾ വീണുറഞ്ഞുണ്ടായകല്ലാണു നിൻ മനം
ഞാനെൻ്റെ ഭാവനയ്ക്കൊത്ത വിധത്തിലായ് ഒന്നെന്നുളിയാൽ പണിയട്ടെ ഭാവിയെ 
എന്നുളിത്തീയ്യിൻ്റെ രശ്മികൾ പാടുന്ന പാട്ടിൽ മയങ്ങിയുറങ്ങിക്കിടക്കുക.
പൊട്ടിപ്പൊടിഞ്ഞുപതിക്കുന്ന ഭാഗങ്ങൾ നിൻ്റെയല്ലായവ സൂര്യൻ്റെ രശ്മിയാം.
സൂര്യൻ്റെ രശ്മിക്കുടമയായുള്ളതു ഛത്രം ധരിച്ചിടും ഞങ്ങൾ താനല്ലയോ.
ഛത്രവിഹീനയാം നിൻ മനം നിശ്ചിതരൂപമില്ലാതെ കിടക്കുന്നതെന്തിന് 
നിൻ മനം രൂപപ്പെടുത്തും ചുമതലയേറ്റെടുത്തിട്ടുണ്ടു ശിൽപ്പിയാകുന്ന ഞാൻ

ഭ്രമം

എന്തിനാണെൻ മേലെ കാണുമീയാകാശം നീലനിറമായി തോന്നുന്നത്?
 എന്തിനാണെൻ കീഴേയാധരമാം ഭൂമിയാകെ പരന്നതായ് തോന്നുന്നത്?
എന്തിനാണീ ഭൂമി വേഗത്തിൽ ചുറ്റാതെ നിൽക്കുന്നതാണെന്നു തോന്നുന്നത്?
എന്തിനാണങ്ങു വിമാനം വിഹായസ്സിൽ നീങ്ങും പറവയായ് തോന്നുന്നത്?
 എന്തുകൊണ്ടാണെനിക്കുണ്മയെയുണ്മയായ് കാണുവാനൊട്ടും കഴിയാത്തത്?

മണം

എന്തൊക്കെയോ മണം ഉണ്ടാവുന്നുണ്ട്. 
ഇഷ്ടമെന്നോ അനിഷ്ടമൊന്നോ വേർതിരിക്കാൻ കഴിയാമണങ്ങൾ. 
ചിലതെല്ലാം അകത്തുനിന്നാകണം. 
എവിടെയോ പരിചയപ്പെട്ട് മായ്ഞ്ഞുപോയ മണങ്ങൾ. 
ചിലതെല്ലാം കുഴഞ്ഞ് ഒന്നായി ഭ്രമിപ്പിക്കുന്ന മണങ്ങളാണ്. 
ജീരകം ഇട്ടുകാച്ചിയ എണ്ണയുടെ മണം അച്ഛൻ്റെ താവഴിവഴിയോ അമ്മയുടെ താവഴിവഴിയോ വന്ന് പിണ്ഡതൈലത്തിൻ്റെ കഴയ്ക്കുന്ന വേഷം കെട്ടിയാടുന്നെതെന്തിനാണെന്ന് മനസ്സിലാകുന്നേ ഇല്ല. 
നാട്ടിൽ മഴപെയ്യുമ്പോൾ ഏഴുകടലും താണ്ടി പുതുമണ്ണിൻ മണം വരാൻ വഴിയില്ല. 
ചിലതെല്ലാം പുറത്തുനിന്നാകണം. 
കൊറോണക്കാലത്ത് മണം നഷ്ടപ്പെടുമെന്ന് കേട്ടിരുന്നു. 
ഗന്ധവതീ പൃഥിവീ എന്നുള്ളതിനാൽ പ്രളയം വരുമെന്നും സമുദ്രം പുതച്ച് മണമില്ലാതെ ഉറങ്ങാറായി എന്നും വിചാരിച്ചു. 
ഇപ്പോൾ പരിചയമില്ലാത്ത മണങ്ങൾകൂടി കയറിയിറങ്ങി പോകുന്നുണ്ട്. 
ഇതിൽ ആര് മിതവാദി? 
ആര് തീവ്രവാദി? 
ആര് വാദമില്ലാത്തവർ?

കൊറോണ

കാഴ്ചകൾ പലതും മുട്ടി വിളിക്കും ഹൃദയത്തിന്നുടെ വാതിൽ 
താഴിട്ടെന്നും പൂട്ടുന്നൂ ഞാൻ സൂര്യനുദിക്കും മുന്നേ.
വാതിൽപഴുതിന്നിടയിൽക്കുടീ-ട്ടെത്തും ചിരിയുടെയലയാൽ
കണ്ണുവിടർന്നിട്ടുത്സാഹത്താൽ വാതിൽതുറക്കാനായും 
അപ്പോഴാകും ഹൃദയത്തിന്നുടെ തായ് വേരുരിയുംപോലെ 
മരണം വന്നു പറിച്ചെന്നുള്ളൊരു നിലവിളി വന്നു വിളിക്കൽ 
പോയ്പ്പോയവരുടെ മൂക്കിന്നുള്ളിൽ പഞ്ഞികളെന്തിനു വയ്പ്പൂ?
ജീവിപ്പോരുടെ കേൾവി തടുക്കാൻ വെച്ചാലല്ലേ നല്ലൂ? മരണാണുക്കളകത്തെങ്ങാനും വന്നാലെന്തായീടും? 
 സൂര്യൻ അന്ധസമുദ്രത്തിന്നുടെ ഉള്ളിൽ മുഴുകാൻ പോയാൽ 
മരണക്കുഴിയിൽ കുടികൊണ്ടീടും രോഗാണുക്കൾ മലപോൽ 
തിരയായ് വന്നു മറിഞ്ഞീടുമ്പോൾ തടയായ് നിൽക്കും വാതിൽ 
തകരും നിലയായ് തീരുവതോർത്തേ പേടിച്ചാകെ വിറച്ച് 
 സൂര്യവെളിച്ചം തട്ടാതിങ്ങിനെ വിളറിവെളുത്തേ പോയി

അമ്മേ

കാലിൻ തുമ്പു തരിമ്പു കല്ലിലിടറീടുന്നേരമോർക്കാതയ-
ങ്ങല്ലൽ ചേർത്തുവിളിച്ചിടും മധുരമാമമ്മേ പദം കൊണ്ടുതാൻ 
ഈ ലോകം മുഴുവൻ നിറഞ്ഞളവുകൾക്കുള്ളിൽ കുടുങ്ങാത്തതാം 
കാലംകൊണ്ട് പുതച്ച ശക്തിയെ വിളിക്കുന്നൂ മഹാമായയെ

പുതുവത്സരാശംസ

ഇരവിനിരുളു നീക്കി സ്നേഹസാന്ദ്രം തലോടു- 
 ന്നരുണ കിരണജാലം വന്നുണർത്തട്ടെ ശാന്തം.
ചെറുചെറു ചലനങ്ങൾ പോലുമീ വത്സരത്തേ- 
യുരുതരസുഖസാന്ദ്രാലംബിയായ് തീർത്തിടട്ടെ

ചൂട്ടുപോൽ കെട്ടുപോകും

റോട്ടിന്നോരത്തു ചെന്നിട്ടനവധിധൃതിയായോടിടുന്നോരെ നോക്കി-
പ്പൊട്ടിപ്പൊട്ടിച്ചിരിക്കാനടിമുടിയുറയുന്നുണ്ടു ജീവൻ്റെ തള്ളൽ 
കഷ്ടം നൃത്തം തിമർക്കുന്നിലകളെയലയും കാറ്റിനേ പുഞ്ചിരിക്കാൻ
മൊട്ടിന്നുള്ളീന്നിറങ്ങും സുമതതിയെയിവർ കാണ്മതില്ലെന്നു തോന്നും

ഓരോരോ വേവലാതിപ്പടലകൾ വെറുതേയേറ്റിവെയ്ക്കും തലയ്ക്കാ-
യോരാതോരോന്നു ചെയ്തിട്ടവയുടെ കനവും നാളുതോറും കനക്കും 
ചോരും കാലത്തിലൊട്ടും കരുതലുമിയലാതങ്ങുമിങ്ങും തുലയ്ക്കും 
തീരും പോകേണ്ടദൂരം കഴിവതിനിടയിൽ ചൂട്ടുപോൽ കെട്ടു പോകും

വധിക്കാനുള്ള കരുണ

ലക്ഷ്മണന് ശൂർപ്പണഖയെ വധിക്കാനുള്ള കരുണയെങ്കിലും കാണിക്കാമായിരുന്നു. 
ശൂർപ്പണഖ രാക്ഷസധർമ്മത്തിൽ കൂടുതലൊന്നും ചെയ്തില്ല. 
കാമത്തിന് അതിർത്തി വരമ്പ് ബ്രഹ്മാവ് പോലും പണിതിട്ടില്ല.
മനുഷ്യക്കോലുവെച്ച് രാക്ഷസിയെ അളന്ന്,
കാമാർത്തയായ ഒരുത്തിയെ ജീവിതകാലം മുഴുവൻ ശിക്ഷിക്കണം എന്ന്,
യമനോ ചിത്രഗുപ്തനോ എന്തിന് രാമൻ പോലും വിധിക്കാൻ വഴിയില്ല. 
ലക്ഷ്മണന് ശൂർപ്പണഖയെ വധിക്കാനുള്ള കരുണയെങ്കിലും കാണിക്കാമായിരുന്നു

പോത്തുകളെ

ചന്തയ്ക്കു പോരുന്നോ പോത്തുകളേ 
ചിന്തിച്ചയവെട്ടാൻ നേരമില്ല. 
ലോറിയിലെങ്ങുനിന്നൊക്കയാണ് 
 പോത്തുകൾ വന്നങ്ങു ചേരുന്നത്?                
വന്നവർ വന്നവർ കൂട്ടമായി 
പോകും പ്രദേശമറിഞ്ഞുവെന്നാൽ 
നിങ്ങളുമുത്സാഹത്താൽ നടക്കും.
കോലും പിടിച്ചാരും പിന്നിൽനിന്ന് 
 തല്ലില്ല, ഭൂമിയുഴുതീടുവാൻ. 
തിന്നുവാൻ വയ്ക്കോലും പുല്ലുമില്ല 
 എന്നൊന്നും കേഴേണ്ട കാര്യമില്ല. 
കൂട്ടമായ് കൂട്ടമായ് സ്വർഗ്ഗവാതിൽ 
കേറുവാൻ പറ്റുമവസ്ഥയാണ്. 
ചന്തയ്ക്കു പോരുന്നോ പോത്തുകളേ 
 ചിന്തിച്ചയവെട്ടാൻ നേരമില്ല

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...