Monday, November 30, 2020

മോഹം

 ചെവിയിൽ വെഞ്ചാമരം പോലെ രോമം വളർന്ന വിഭാണ്ഡകൻ നായർക്ക് ഒരു മോഹം.

ചെവിയിലെ രോമം കഷണ്ടിയേലേയക്ക് പറിച്ചു നടണം.
"നിങ്ങടെ സ്വഭാവം പോലെ ഇനി തലേലും രോമം എണീറ്റു നിൽക്കണോ ?" ഭാര്യ കോന്ത്രിച്ചു.
"എനിക്ക് സ്ത്രീധനം കിട്ടീതല്ല. ഞാനദ്ധ്വാനിച്ചുണ്ടാക്കീതാണ്." വിഭാണ്ഡകൻ നായർ തിരിച്ചടിച്ചു.
"എന്താണാവോ അദ്ധ്വാനിച്ചത്?"
ചായക്കടയിലെ അബ്ദ്രൈമാൻ പറഞ്ഞു. "നായരേ ങ്ങക്കതൊരു ചേലാ. അബടെ നിന്നോട്ടേ"
"എഡോഴിക്കൂടേ പോരുമ്പൊ അപ്രത്തേം ഇപ്രത്തേം മുള്ളുവേലീടെ മക്കള് പിടിച്ചു വലിക്കാടോ"
വയസ്സായ നാരേണമ്മാഷ് "കളിണ്ണില് നട്ടാൽ ശരിക്ക് വളര്വോ?" എന്ന് ചോദിച്ച് വായഎടുത്തില്ല, ഭാഗ്യത്തിന് ഇലക്ട്രിക്ക് കമ്പിയിലിരുന്ന കാക്ക കഷണ്ടിയിൽ വളം ഇട്ടു. മാഷ് തൊണ്ണു കാട്ടി ചിരിച്ചു. "ആ ഇനി മാറ്റി നട്ടു നോക്ക്."
വാങ്കുവിളിക്കാരൻ മയമ്മത് മൊസ്ല്യാരും, അമ്പലത്തിലെ പാട്ടു വെപ്പുകാരൻ വാരരും സംശയിച്ചു. "ദൈവത്തിൻ്റെ ശബ്ദം കേട്ട് വളർന്നതല്ലേ. പറിക്കണോ?"
"പറിച്ച് കളേണൊന്നും ഇല്യലോ. മാറ്റി വെയ്ക്കല്ലേ?"
വില്ലേജോഫീസറ് ആലോചിച്ച് പറഞ്ഞു. "തരിശുഭൂമി കൃഷിഭൂമി ആക്കണതോണ്ട് നിയമതടസ്സം ഒന്നും ണ്ടാവില്യ." വിഭാണ്ഡകൻ നായര് കെഞ്ചി "എന്നാലും കുറച്ച് കൈക്കൂലി അടിവളായിട്ട് ഇടണോ?"
രാഷ്ട്രീയക്കാരൻ കറിയാച്ചൻ തീർത്തു പറഞ്ഞു. "ഏന്തൂട്ടാ നായരേ ദ്?. തെരഞ്ഞെടുപ്പങ്ങട് കഴിഞ്ഞോട്ടേന്നയ്. നമക്ക് പോസ്റ്റൊറൊട്ടിക്കാള്ള സ്ഥലത്തൊക്കെ രോമം വെച്ചാലെങ്ങെനാ?"
"എന്നാ ആദ്യത്തെ വെട്ട് ഫ്രീ." ബാർബർ ഷോപ്പ് കുമാരൻ ഉത്സാഹപൂർവ്വം പറഞ്ഞു.
"അയ്യോ ചെവീലെ രോമം തലേല് വെയ്ക്കാൻ പറ്റില്യ." ഡോക്ർ ബാലഗോപാലൻ തീർത്തു പറഞ്ഞു.
തരിശ് കൂടുതൽ തരിശാക്കാനും ഉള്ള രോമം വെട്ടാനും തീരുമാനമായി..
"

നീലക്കാറ്റ്

നീലക്കാറ്റു കടന്നു പോയൊരിടയഗ്രാമത്തിലാലോമായ്
കാളിന്ദീനദി തീരഭൂമി തഴുകീടുന്നൂ കിനാവെന്നപോൽ.
കാലിൻ ധുളി തിരഞ്ഞിടുന്നു ലതയും വൃക്ഷങ്ങളും വേരിനാൽ.
കാലം പോലുമിടയ്ക്കുനിന്നു തിരിന്നുണ്ടോർമ്മ വീണ്ടീടുവാൻ.
ഒട്ടും സാദ്ധ്യതയില്ലയെങ്കിലുമിടയ്ക്കെന്തോ നിഴൽനീങ്ങിടും
മട്ടായ് വന്നു മനസ്സിളക്കി മറയും മായങ്ങളുൾച്ചിന്തകൾ.
പൊട്ടിച്ചിന്നിയ മോർക്കുടങ്ങളുരലിൽ കെട്ടിക്കിടക്കും കയർ.
പൊട്ടുന്നുണ്ടഴലുള്ളിലൊട്ടുമൊഴിയാതാഴക്കടൽ തീർക്കുവാൻ.
ചന്ദ്രൻ വന്നു നിലാവു നീർത്തി യമുനാതീരത്തു രാസത്തിനായ്,
മന്ദ്രം തെന്നലു വീശിടുന്നു മലരിൻ ഗന്ധം നിറഞ്ഞുള്ളപോൽ,
സാന്ദ്രം യാമിനി. വേണുവിൻ നിനദവും കാതോർത്തു ചിന്താകുലം
നിദ്രാവീതമശാന്തമാനസമെഴും വാതായനപ്പാതികൾ

Wednesday, November 18, 2020

സ്വപ്നം

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടപ്പോളോന്നെയൊരാൾ മെല്ലെ പിന്തുടർന്നു.
മാനത്തെ ചന്ദ്രനൊളിക്കും പോലയാളങ്ങിങ്ങു കണ്ണീന്നൊഴിഞ്ഞു മാറി
ഇല്ലാത്ത പൂ പറിക്കാനായിനിന്നു ഞാൻ പൂമരം പെട്ടെന്നു പൂത്തുലഞ്ഞു
പൂപറിക്കാനായി കയ്യുകൾ നീട്ടുമ്പോൾ പൂമരം തൊട്ടു തലോടിയെന്നെ
പൂമരമെൻ ചുണ്ടിൽ തേനു ചൊരിഞ്ഞപ്പോൾ ഞാനറിയാതെ യുണർന്നുപോയി

എഴുത്ത്


വാക്കുകളവിടെ തടഞ്ഞു വെച്ചിരിക്കയാണ്
ബുദ്ധിയിൽ പാടയിറങ്ങിയ പോലെ
ആശയങ്ങൾ വറ്റിത്തുടങ്ങിയിരിക്കുന്നു.
നാളെ മുതൽ ധ്യാനിച്ചുതുടങ്ങണം.
കുളക്കരയും പൊന്മയും സന്ധ്യകളും
ചേർത്ത് ഓരോനിമിഷവും ധ്യാനപൂതമാക്കണം.
ധ്യാനത്തിൽ കാക്കകരയുന്ന ശബ്ദം കുപ്പിയിലാക്കി
രാവിലെ മുറ്റത്തേയ്ക്ക് ഒഴിക്കണം.
മുറ്റമടിക്കുന്ന ശബ്ദം കൊണ്ട് തലങ്ങും വിലങ്ങും വരകളുണ്ടാക്കണം.
വരകളിൽ കാക്കക്കാലുകൊണ്ട് കോപ്പിയെഴുതണം.
കയ്യിൻറെ വെള്ളയിൽ കിട്ടിയ അടി പിഴിഞ്ഞ്
നോവെഴുതണം

കയ്യക്ഷരം

സ്കൂളിൽനിന്നു പോരുമ്പോൾ
തല്ലു കൂടുന്ന വേളയിൽ
തലയ്ക്കിടിച്ചൂ സ്ലേയ്റ്റിൻ്റെ
മൂലയാൽ കൃഷ്ണനൂക്കൊടെ
മണ്ണിൽ പുളഞ്ഞു നീങ്ങുന്ന
മിന്നും മണ്ണിരയെന്നപോൽ
മിന്നിക്കളിച്ചെൻ കാഴ്ചയക്കു
മുന്നിൽ മൺതരിയൊക്കവേ
അന്നു തെയ്യുണ്ണി മാഷ് തന്ന
കേട്ടെഴുത്തിൻ്റെ വാക്കുകൾ
ഉടഞ്ഞൂ സ്ലൈയ്റ്റിനോടൊപ്പം
കണ്ണീരുപ്പിറ്റു കൃഷ്ണനും
പത്തിൽ നാലും ശരിക്കായ
തോഷത്തിൽ വിള്ളൽ വീഴ്കയാൽ
ചിളമ്പ്രംകുന്നിനേക്കാളും
മുഖം വീർപ്പിച്ചു കൃഷ്ണനും
അതിനേക്കാൾ പത്തിരട്ടി
കനപ്പിച്ചുള്ള വാക്കിനാൽ
ഇടഞ്ഞു ചൊല്ലീ മിണ്ടില്ല
ഒരുകാലത്തുമെന്നു ഞാൻ
മുഴച്ചുള്ള തലക്കുള്ളിൽ
കഴക്കും പക വിങ്ങവേ
തേങ്ങലാൽ തെന്നി നീങ്ങീടും
തല വെട്ടിച്ചു നീങ്ങി ഞാൻ
അറക്കുള്ളിൽ കട്ടിലിന്മേൽ
മടക്കീട്ടുള്ള പായയിൽ
മുഖം പൂഴ്തി കിടന്നിട്ടും
നിന്നില്ലാ തേങ്ങലിന്നല
ഒരു ചെറ്റുപിണക്കത്തിൽ
ഏച്ചു കൂട്ടുന്ന ചിന്തയാൽ
ലോകമേ എതിരാണെന്ന
തോന്നലാലേകനായപോൽ
അമ്മ വന്നു തലോടുന്നൂ
തലയിൽ, തേങ്ങലേറവേ
എന്തിനാണിത്രമേൽ ദുഖം
സാരമില്ലൊക്കെ മാറുവാൻ
ഇന്നുണ്ടാക്കിയതെന്തെന്നു
വന്നു നോക്കെന്നു പോകവേ
കനത്ത ലോകരോഷത്തിൻ
കനം ചെറ്റൊന്നൊഴിഞ്ഞപോൽ
വെറുപ്പിൻ വിങ്ങലിന്നപ്പോൾ
ചെറുവാശ്വാസമേറ്റപോൽ
പുറംകൈ കണ്ണുനീർ തേച്ച്
താളിൻ തണ്ടു കുഴഞ്ഞപോൽ
അടുക്കളേടെ വാതിൽക്കൽ
വെറുപ്പാറാത്തമാതിരി
തിരുപ്പിടിച്ചു വൈരാഗ്യം
വ്യാഖ്യാനിക്കന്ന ഭാവമായ്
വാതിലിൽ ചെന്നു നിന്നപ്പോൾ
വാത്സല്യത്തിൻ തണുപ്പിനാൽ
നാലഞ്ചു ചീട ചൂടൂതി
നീട്ടിയമ്മ പതുക്കവേ
കൈകളിൽ വാങ്ങിടും ചീട
തിന്നു തീർക്കുന്ന വേളയിൽ
ഓർത്തില്ല കൃഷ്ണനെ, സ്ലേയ്റ്റാൽ
അടി, വേദനയൊന്നുമേ
ചീടയുണ്ടാക്കിടും മാവു
വാങ്ങിട്ടുരലുലക്കയും
മെനഞ്ഞതു വറുത്തമ്മ
തന്നിടുന്നതുമായി ഞാൻ
ഓടിനേനോപ്പൊളോടോതാൻ
അപ്പോളെൻ സ്ലൈയ്റ്റുമായതാ
ശുണ്ഠി ചോപ്പിച്ചു നിൽക്കുന്നൂ
കുഞ്ഞോപ്പോൾ കുഞ്ഞുടീച്ചറായ്
കാക്കക്കാലുകണക്കുള്ള
കേട്ടഴുത്തിൻ്റെമേലയായ്
തെയ്യുണിമാഷു ദേഷ്യത്താൽ
ചോക്കയാലിട്ട തെറ്റുകൾ
പത്തിലൊന്നെങ്കിലും വേണ്ടേ
ശരിയാണെന്നു ചൊല്ലുവാൻ
ഭേദമാകൃഷ്ണനാണെന്നു
തോന്നും കൈയ്യക്ഷരത്തിനാൽ
സ്ലൈയ്റ്റും കൊണ്ട് നടക്കുമ്പോൾ
ഓപ്പോൾ തട്ടിയ ചീടകൾ
നിലത്തു വീണൂ പായക്കു
മേലായ് ഞാൻ വീണ്ടുമേകനായ് 

അക്കിത്തത്തിന് നമസ്കാരം


വേരിലെന്നോ വന്നു കൂടിയ വർണ്ണങ്ങൾ
കറയായ് മുറിപ്പാടിൽ
നിന്നുമൂറാം
കട്ടിയായ് കതലായ് ഗാഢസമാധിയായ്
നാശത്തെ നേരിട്ടെതിർത്തു നിൽക്കാം
ഉഗ്രകോപംകൊണ്ടു ചീറുന്ന കാറ്റിനെ പേടിച്ചുലയുമിലയുമാകാം
തെന്നലെ തൊട്ടു തലോടും തളിരിലെ മാർദ്ദവമുറ്റും നിറവുമാകാം.
ചുറ്റുപാടൊക്കയും സൂക്ഷിച്ച ചെല്ലത്തിൽനിന്നും എടുത്തു ചവയ്ക്കുന്നതിൽ
ചുവപ്പും ചിരിയും പുകലയുടെ നീറ്റലും
ഉള്ളിലൊതുക്കും മലരുമാകാം
വേരിനകം പുക്ക വർണ്ണങ്ങൾ നമ്മളിലെന്തേ വെറും നമ്മളായിമാറാൻ?

എന്തേ ബലിച്ചോറു മുറ്റത്തു വെയ്ക്കുവാൻ


 എന്തേ ബലിച്ചോറു മുറ്റത്തു വെയ്ക്കുവാൻ

അച്ഛനകത്തു വരികയില്ലേ
അഫന്മാർ തെക്കേ തൊടിയിൽ കിടത്തിയെ-
ന്നച്ഛനെ പൊള്ളിച്ചതിനാലാണോ
ഉള്ളിലേയ്ക്കച്ഛൻ വരില്ലെന്നു വെച്ചതു
കുട്ടിക്കും മാമു മുറ്റത്തുവേണം
അച്ഛനോടൊപ്പമിരുന്നു കഴിക്കണം
കിണ്ണം തരൂന്നേ പുറത്തു പോട്ടെ

ഇരുട്ടിലേയ്ക്ക് നോക്കരുത്

 പൂമുഖത്തുനിന്നെത്തുന്ന അരണ്ട വെളിച്ചത്തിൽ

മകൾ പൂമ്പാറ്റപോലെ തത്തിക്കളിച്ചു.
അമ്മ ചോദിച്ചു.
“അവളുടെ ഓരോ ചലനത്തിലും സ്വതന്ത്ര്യം തുടിക്കുന്നണ്ടല്ലേ?”
അച്ഛൻ പറഞ്ഞു. “അതിലൂടെ വേണം ഭാവി പടരാൻ”
ചന്ദ്രനെ നോക്കി മകൾ കുഞ്ഞിക്കൈ കൊട്ടി ചിരിച്ചു.
“എന്നെങ്കിലും മകളും ചന്ദ്രനിൽ പോകുമായിരിക്കും അല്ലേ?”
“അന്ന് നക്ഷത്രങ്ങളായി ഇതുപോലെ നമ്മൾ ചന്ദ്രനെ നോക്കിയിരിക്കും”
കാറ്റത്ത് വീണ പൂവ്വെടുത്ത് മകൾ വാസനിച്ച് തലയിൽ വെച്ചു.
“അവൾക്കെല്ലാം അറിയാം അല്ലേ?”
“അറിവിലൂടെ ഈ പ്രപഞ്ചം മുഴുവനും കാണണം.”
മകൾ ഇരുട്ടിലേയ്ക്ക് ചൂണ്ടി എന്തോ ശബ്ദം പുറപ്പെടീച്ചു.
അമ്മ ഓടിച്ചെന്ന് മകളെ വാരിയെടുത്ത് ഇറയത്തുകയറി
“എന്താണ് എന്നൊന്നു നോക്കൂ!”.
“നമുക്ക് ഇരുട്ടിലേയ്ക്ക് നോക്കേണ്ട. വതിലടച്ചു കിടക്കാം”

രാത്രി

 നിരുപമസൌന്ദര്യത്തിൻ മേലായ് ഇരുളിൻ കറകൾ വീണു

കറകളിൽനിന്നും കറയുടെ പരാവാരം തന്നെയുണർന്നു.
പാരാവാരഭയത്താൽ സൂര്യൻ നിറമില്ലാതെ മരിച്ചു.
സൂര്യനുചിതയായ് മാനുഷരെല്ലാം അന്തിത്തിരികളെരിച്ചു.
തിരിയുടെ പുകയേറ്റിരുളിന്നുള്ളിൽ ബോധക്കേടു കഴച്ചു.
ബോധക്കേടിന്നാഴക്കടലിൽസ്വപ്നം പോലെ ചന്ദ്രൻ
തോണിയിറക്കി നീലനിലാവാം വലയും വീശിയെറിഞ്ഞു.
ഉഴലും നിഴലുകളായിരമായിരമായാ വലയിൽ പെട്ടു.
നിഴലിൻ ഭാരമുയർത്താൻ കഴിയാതാകെ വലഞ്ഞൂ ചന്ദ്രൻ

മുത്തച്ഛൻ

 എന്നുടെ മുത്തച്ഛൻ വീടു വിറപ്പിച്ച

നാട്ടിൽ പ്രമാണിയാം കാശുകാരൻ
മൂക്കിന്റെ തുമ്പത്തു നിന്ന് ത്രസിച്ചീടും
ശുണ്ഠിയാൽ കണ്ണിൻ പുരികം കത്തും.
പൂച്ചയെ പേടിക്കും മൂഷികരേപ്പോലെ
മുക്കിലൊളിക്കുമനന്തരവർ
പൂജാമുറിയിലും മൂത്രമൊഴിച്ചീടും
ചിന്തയിൽ മുത്തച്ഛൻ വന്നുവെന്നാൽ.
അങ്ങിനെയുള്ളൊരു മുത്തച്ഛനൂണി-
ന്നിരിക്കുന്ന നേരത്തു തട്ടിൽനിന്നും
നേരേയിലയിൻ നടുക്കായി വീണുപോയു-
ത്തരം താങ്ങുന്ന കുഞ്ഞുഗൌളി
വീണതും വാലുമുറിച്ചിട്ടു പാഞ്ഞുപോയ്
പേടിച്ചരണ്ടുള്ള കുഞ്ഞുഗൌളി
നായയെ കണ്ടൊരു മാർജ്ജാരനേപ്പോലെ
രോമമെഴുന്നേറ്റു മുത്തച്ഛന്
ഒമ്പതു ദ്വാരങ്ങളിൽകൂടിയാകോപം
ആകെ പുകഞ്ഞു പുറത്തു ചാടി
ചോറുവിളമ്പുവാൻ നിന്നുള്ള മുത്തശ്ശി-
യാകെ വിയർത്തു കലശലായി
വീട്ടിലുള്ളാൾക്കാരും പിന്നെയാ നാട്ടിലെ
നാട്ടാരും പയ്ക്കളും പോത്തുകളും
പട്ടി കുറുക്കൻ കടവാതിൽ കാക്കക-
ളെന്നു വേണ്ടല്ലാം വിരണ്ടുപോയി.
ഇങ്ങിനെയാകെ കുലുമാലാം നേരത്തു
ലക്ഷണം ചൊല്ലുന്ന നാടുതെണ്ടി
ഒന്നുമറിയാതെ പൂമോത്തെ മുറ്റത്തു
നിന്നു വിളിച്ചു പറഞ്ഞുറക്കെ
"അമ്മാ ഞാൻ ലക്ഷണം ചൊല്ലാം മുഖം നോക്കി
ഭൂതവും ഭാവിയുമെല്ലാം ചൊല്ലാം"
മുത്തച്ഛനപ്പോഴാണഗ്നി പുകയുമ്പോൽ
പൂമുഖത്തേയ്ക്ക് വരും വരവ്
ലക്ഷണക്കാരൻ പറഞ്ഞു “മുഖം നോക്കി
ചൊല്ലട്ടോ ലക്ഷണം തമ്പുരാനേ?
യോഗിയേപ്പോലെ യമനിയമങ്ങളാ-
ലുള്ളടക്കീട്ടുള്ള യോഗ്യനെന്ന്
കണ്ടാലേ ചൊല്ലീടും ചൊല്ലട്ടോ ലക്ഷണം
രാജകലയുള്ള തമ്പുരാനേ?”
മുത്തച്ഛൻ കോപത്താലന്ധനായ് കണ്ണടച്ചാ-
ക്രോശിക്കാനായ് തുടങ്ങീടവേ
ലക്ഷണക്കാരൻ തുടർന്നു “ദയയാലെ
ചന്ദ്രനേപ്പോലെ തണുത്തവനാം.
ചൊല്ലട്ടോ ലക്ഷണം? സത്യമേ ചൊല്ലുള്ളൂ.
ചൊല്ലട്ടോ ലക്ഷണം തമ്പുരാനേ?”
കണ്ണു തുറക്കാതെ മുത്തച്ഛനുള്ളിലെ
ചന്ദ്രനെയൊന്നു തിരഞ്ഞു നോക്കി.
“ദക്ഷിണ വേണ്ടായേ സത്യം പറഞ്ഞില്ലേൽ.
ചൊല്ലട്ടോ ലക്ഷണം തമ്പുരാനേ?”
ഉള്ളിലെയഗ്നി പതുക്കവെ ചൂടാറി
ചന്ദ്രനായ് തീർന്നുപോയെൻ മുത്തച്ഛൻ.

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...