നീലക്കാറ്റു കടന്നു പോയൊരിടയഗ്രാമത്തിലാലോമായ്
കാളിന്ദീനദി തീരഭൂമി തഴുകീടുന്നൂ കിനാവെന്നപോൽ.
കാലിൻ ധുളി തിരഞ്ഞിടുന്നു ലതയും വൃക്ഷങ്ങളും വേരിനാൽ.
കാലം പോലുമിടയ്ക്കുനിന്നു തിരിന്നുണ്ടോർമ്മ വീണ്ടീടുവാൻ.
ഒട്ടും സാദ്ധ്യതയില്ലയെങ്കിലുമിടയ്ക്കെന്തോ നിഴൽനീങ്ങിടും
മട്ടായ് വന്നു മനസ്സിളക്കി മറയും മായങ്ങളുൾച്ചിന്തകൾ.
പൊട്ടിച്ചിന്നിയ മോർക്കുടങ്ങളുരലിൽ കെട്ടിക്കിടക്കും കയർ.
പൊട്ടുന്നുണ്ടഴലുള്ളിലൊട്ടുമൊഴിയാതാഴക്കടൽ തീർക്കുവാൻ.
ചന്ദ്രൻ വന്നു നിലാവു നീർത്തി യമുനാതീരത്തു രാസത്തിനായ്,
മന്ദ്രം തെന്നലു വീശിടുന്നു മലരിൻ ഗന്ധം നിറഞ്ഞുള്ളപോൽ,
സാന്ദ്രം യാമിനി. വേണുവിൻ നിനദവും കാതോർത്തു ചിന്താകുലം
നിദ്രാവീതമശാന്തമാനസമെഴും വാതായനപ്പാതികൾ
No comments:
Post a Comment