Wednesday, November 18, 2020

മുത്തച്ഛൻ

 എന്നുടെ മുത്തച്ഛൻ വീടു വിറപ്പിച്ച

നാട്ടിൽ പ്രമാണിയാം കാശുകാരൻ
മൂക്കിന്റെ തുമ്പത്തു നിന്ന് ത്രസിച്ചീടും
ശുണ്ഠിയാൽ കണ്ണിൻ പുരികം കത്തും.
പൂച്ചയെ പേടിക്കും മൂഷികരേപ്പോലെ
മുക്കിലൊളിക്കുമനന്തരവർ
പൂജാമുറിയിലും മൂത്രമൊഴിച്ചീടും
ചിന്തയിൽ മുത്തച്ഛൻ വന്നുവെന്നാൽ.
അങ്ങിനെയുള്ളൊരു മുത്തച്ഛനൂണി-
ന്നിരിക്കുന്ന നേരത്തു തട്ടിൽനിന്നും
നേരേയിലയിൻ നടുക്കായി വീണുപോയു-
ത്തരം താങ്ങുന്ന കുഞ്ഞുഗൌളി
വീണതും വാലുമുറിച്ചിട്ടു പാഞ്ഞുപോയ്
പേടിച്ചരണ്ടുള്ള കുഞ്ഞുഗൌളി
നായയെ കണ്ടൊരു മാർജ്ജാരനേപ്പോലെ
രോമമെഴുന്നേറ്റു മുത്തച്ഛന്
ഒമ്പതു ദ്വാരങ്ങളിൽകൂടിയാകോപം
ആകെ പുകഞ്ഞു പുറത്തു ചാടി
ചോറുവിളമ്പുവാൻ നിന്നുള്ള മുത്തശ്ശി-
യാകെ വിയർത്തു കലശലായി
വീട്ടിലുള്ളാൾക്കാരും പിന്നെയാ നാട്ടിലെ
നാട്ടാരും പയ്ക്കളും പോത്തുകളും
പട്ടി കുറുക്കൻ കടവാതിൽ കാക്കക-
ളെന്നു വേണ്ടല്ലാം വിരണ്ടുപോയി.
ഇങ്ങിനെയാകെ കുലുമാലാം നേരത്തു
ലക്ഷണം ചൊല്ലുന്ന നാടുതെണ്ടി
ഒന്നുമറിയാതെ പൂമോത്തെ മുറ്റത്തു
നിന്നു വിളിച്ചു പറഞ്ഞുറക്കെ
"അമ്മാ ഞാൻ ലക്ഷണം ചൊല്ലാം മുഖം നോക്കി
ഭൂതവും ഭാവിയുമെല്ലാം ചൊല്ലാം"
മുത്തച്ഛനപ്പോഴാണഗ്നി പുകയുമ്പോൽ
പൂമുഖത്തേയ്ക്ക് വരും വരവ്
ലക്ഷണക്കാരൻ പറഞ്ഞു “മുഖം നോക്കി
ചൊല്ലട്ടോ ലക്ഷണം തമ്പുരാനേ?
യോഗിയേപ്പോലെ യമനിയമങ്ങളാ-
ലുള്ളടക്കീട്ടുള്ള യോഗ്യനെന്ന്
കണ്ടാലേ ചൊല്ലീടും ചൊല്ലട്ടോ ലക്ഷണം
രാജകലയുള്ള തമ്പുരാനേ?”
മുത്തച്ഛൻ കോപത്താലന്ധനായ് കണ്ണടച്ചാ-
ക്രോശിക്കാനായ് തുടങ്ങീടവേ
ലക്ഷണക്കാരൻ തുടർന്നു “ദയയാലെ
ചന്ദ്രനേപ്പോലെ തണുത്തവനാം.
ചൊല്ലട്ടോ ലക്ഷണം? സത്യമേ ചൊല്ലുള്ളൂ.
ചൊല്ലട്ടോ ലക്ഷണം തമ്പുരാനേ?”
കണ്ണു തുറക്കാതെ മുത്തച്ഛനുള്ളിലെ
ചന്ദ്രനെയൊന്നു തിരഞ്ഞു നോക്കി.
“ദക്ഷിണ വേണ്ടായേ സത്യം പറഞ്ഞില്ലേൽ.
ചൊല്ലട്ടോ ലക്ഷണം തമ്പുരാനേ?”
ഉള്ളിലെയഗ്നി പതുക്കവെ ചൂടാറി
ചന്ദ്രനായ് തീർന്നുപോയെൻ മുത്തച്ഛൻ.

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...