Wednesday, November 18, 2020

കയ്യക്ഷരം

സ്കൂളിൽനിന്നു പോരുമ്പോൾ
തല്ലു കൂടുന്ന വേളയിൽ
തലയ്ക്കിടിച്ചൂ സ്ലേയ്റ്റിൻ്റെ
മൂലയാൽ കൃഷ്ണനൂക്കൊടെ
മണ്ണിൽ പുളഞ്ഞു നീങ്ങുന്ന
മിന്നും മണ്ണിരയെന്നപോൽ
മിന്നിക്കളിച്ചെൻ കാഴ്ചയക്കു
മുന്നിൽ മൺതരിയൊക്കവേ
അന്നു തെയ്യുണ്ണി മാഷ് തന്ന
കേട്ടെഴുത്തിൻ്റെ വാക്കുകൾ
ഉടഞ്ഞൂ സ്ലൈയ്റ്റിനോടൊപ്പം
കണ്ണീരുപ്പിറ്റു കൃഷ്ണനും
പത്തിൽ നാലും ശരിക്കായ
തോഷത്തിൽ വിള്ളൽ വീഴ്കയാൽ
ചിളമ്പ്രംകുന്നിനേക്കാളും
മുഖം വീർപ്പിച്ചു കൃഷ്ണനും
അതിനേക്കാൾ പത്തിരട്ടി
കനപ്പിച്ചുള്ള വാക്കിനാൽ
ഇടഞ്ഞു ചൊല്ലീ മിണ്ടില്ല
ഒരുകാലത്തുമെന്നു ഞാൻ
മുഴച്ചുള്ള തലക്കുള്ളിൽ
കഴക്കും പക വിങ്ങവേ
തേങ്ങലാൽ തെന്നി നീങ്ങീടും
തല വെട്ടിച്ചു നീങ്ങി ഞാൻ
അറക്കുള്ളിൽ കട്ടിലിന്മേൽ
മടക്കീട്ടുള്ള പായയിൽ
മുഖം പൂഴ്തി കിടന്നിട്ടും
നിന്നില്ലാ തേങ്ങലിന്നല
ഒരു ചെറ്റുപിണക്കത്തിൽ
ഏച്ചു കൂട്ടുന്ന ചിന്തയാൽ
ലോകമേ എതിരാണെന്ന
തോന്നലാലേകനായപോൽ
അമ്മ വന്നു തലോടുന്നൂ
തലയിൽ, തേങ്ങലേറവേ
എന്തിനാണിത്രമേൽ ദുഖം
സാരമില്ലൊക്കെ മാറുവാൻ
ഇന്നുണ്ടാക്കിയതെന്തെന്നു
വന്നു നോക്കെന്നു പോകവേ
കനത്ത ലോകരോഷത്തിൻ
കനം ചെറ്റൊന്നൊഴിഞ്ഞപോൽ
വെറുപ്പിൻ വിങ്ങലിന്നപ്പോൾ
ചെറുവാശ്വാസമേറ്റപോൽ
പുറംകൈ കണ്ണുനീർ തേച്ച്
താളിൻ തണ്ടു കുഴഞ്ഞപോൽ
അടുക്കളേടെ വാതിൽക്കൽ
വെറുപ്പാറാത്തമാതിരി
തിരുപ്പിടിച്ചു വൈരാഗ്യം
വ്യാഖ്യാനിക്കന്ന ഭാവമായ്
വാതിലിൽ ചെന്നു നിന്നപ്പോൾ
വാത്സല്യത്തിൻ തണുപ്പിനാൽ
നാലഞ്ചു ചീട ചൂടൂതി
നീട്ടിയമ്മ പതുക്കവേ
കൈകളിൽ വാങ്ങിടും ചീട
തിന്നു തീർക്കുന്ന വേളയിൽ
ഓർത്തില്ല കൃഷ്ണനെ, സ്ലേയ്റ്റാൽ
അടി, വേദനയൊന്നുമേ
ചീടയുണ്ടാക്കിടും മാവു
വാങ്ങിട്ടുരലുലക്കയും
മെനഞ്ഞതു വറുത്തമ്മ
തന്നിടുന്നതുമായി ഞാൻ
ഓടിനേനോപ്പൊളോടോതാൻ
അപ്പോളെൻ സ്ലൈയ്റ്റുമായതാ
ശുണ്ഠി ചോപ്പിച്ചു നിൽക്കുന്നൂ
കുഞ്ഞോപ്പോൾ കുഞ്ഞുടീച്ചറായ്
കാക്കക്കാലുകണക്കുള്ള
കേട്ടഴുത്തിൻ്റെമേലയായ്
തെയ്യുണിമാഷു ദേഷ്യത്താൽ
ചോക്കയാലിട്ട തെറ്റുകൾ
പത്തിലൊന്നെങ്കിലും വേണ്ടേ
ശരിയാണെന്നു ചൊല്ലുവാൻ
ഭേദമാകൃഷ്ണനാണെന്നു
തോന്നും കൈയ്യക്ഷരത്തിനാൽ
സ്ലൈയ്റ്റും കൊണ്ട് നടക്കുമ്പോൾ
ഓപ്പോൾ തട്ടിയ ചീടകൾ
നിലത്തു വീണൂ പായക്കു
മേലായ് ഞാൻ വീണ്ടുമേകനായ് 

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...