Wednesday, February 9, 2022

നാരദീയം

സാക്ഷാദിന്ദ്രൻ്റെ കൈതട്ടി ചപ്ലാങ്കട്ട തരിപ്പണം 
സ്വർഗ്ഗം വാഴുമഹങ്കാരം എന്നു കോപിച്ചു മാമുനി 
നാരദൻ ദുർദ്ധരം ശാപമെറിഞ്ഞൂ മഘവന്നുമേൽ 
ഇന്ദ്രനെന്നുള്ള നാട്യം താൻ ശേഷിക്കും ബാക്കി പോയിടും
നണംകെട്ടുനടക്കേണ്ടി വരും മത്ശാപകാരണാത് 
ഇന്ദ്രൻ വട്ടത്തിലായെന്നു കണ്ടപ്പോൾ കാൽക്കൽ വീഴ്കയാൽ 
നാരദൻ ശാപമോക്ഷത്തെ കനിവാലോതിയിങ്ങിനെ
ശാപം നിനക്കു വല്ലോർക്കും ഭാഗിച്ചങ്ങു കൊടുത്തിടാം 
എന്നിട്ടു വാഴാം മുൻപോലെ ദേവരാജ്യത്തു നാഥനായ് 
ഗവർണ്ണർപ്രസിഡണ്ടെന്ന സ്ഥാനങ്ങൾ കൈക്കലാക്കുവാൻ 
കോപ്പുകൂട്ടി നടന്നീടും മാനവർക്കുമ്പർനായകൻ 
വാഴക്കാതൽ കൊണ്ടു തീർത്ത ചെങ്കോലാർഭാടപൂർവകം 
കയ്യിലേൽപ്പിച്ചു മിന്നീടും സ്ഥാനിയാണെന്നു വാഴ്തിനാനൻ
ചപ്ലാങ്കട്ടപൊടിഞ്ഞുള്ള പൊടി ഭൂമിയിൽ വീഴവേ 
ചേരുവൃക്ഷം കൊടുത്തൂവ്വ ചാനൽചർച്ച നയിപ്പവർ 
എന്നീ സ്ഥാനങ്ങളിൽ വീണു സംസർഗ്ഗത്തിൻറെ ശക്തിയാൽ 
ചപ്ലാങ്കട്ട പൊടിഞ്ഞുള്ള പൊടി വാഴട്ടെ മേൽക്കുമേൽ

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...