Monday, September 8, 2008

കുമ്മി

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ

കാണമുപേക്ഷിച്ചുമോണമുണ്ണാന്‍ നാണമുണരില്ല നാട്ടുകാര്‍ക്ക്
നാണിയ്ക്കാന്‍ നാണത്തിന്‍ കാണിപോലും കാണില്ല. കാണുന്നതൂണുമാത്രം

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ

നഞ്ഞു കലര്‍ത്തുന്നിതമ്മിഞ്ഞയില്‍, വീഞ്ഞു പകരുന്നു നെഞ്ഞുകളില്‍
ഊഞ്ഞാലിട്ടാടുന്നു കുഞ്ഞുങ്ങളില്‍ ആഞ്ഞാഞ്ഞു പൊങ്ങുമവിവേകങ്ങള്‍

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ

തന്‍ മതം പൊന്മതമെന്നമദം ദുര്‍മ്മദമേദസ്സായ് മേദിനിയില്‍
മേദുരവേദനാദായിയായ ദുര്‍ഗ്ഗദമായി മദിച്ചിടുന്നു.

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ

കള്ളപ്പറകള്‍വഴിഞ്ഞീടുന്നൂ കുന്നോളമല്ലാര്‍ത്തി കൂടീടുന്നു.
വാക്കില്‍ പൊളി, ഹൃത്തില്‍ ചതി, നോക്കില്‍ കൊതി, കരണത്തില്‍
കൊടികുത്തും കളവിന്‍റെ കള്ളക്കളി, സ്വാര്‍ത്ഥ-കഴുകന്‍റെ ക്രൂരമാം ചിറകിട്ടടി

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ ‍

1 comment:

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...