Sunday, January 4, 2009

മുക്തകങ്ങള്‍ രണ്ടാം ഭാഗം

ചെഞ്ചോരചീറ്റുന്നതു കേട്ടുകേട്ടെന്‍
‍നെഞ്ചിന്നകത്തുള്ള ദയയ്ക്കു പോലും
ഇഞ്ചോളവും ചഞ്ചലമില്ല എന്ന
തഞ്ചത്തിലായീ മലയാളഭൂമേ

പോരാളും കേരളത്തില്‍ കുസൃതിവികലമായ് പാര്‍ട്ടിയാടുന്ന നാട്ടില്‍
പേരിന്മേല്‍ ചോരചാര്‍ത്തി ക്കരുണയിലെരിയും ക്രൂരരോഷം പുരട്ടി
വീരന്മാരെന്നു ചൊല്ലീട്ടവനിയെ മുഴുവന്നന്ധതാമിസ്രമാക്കി
ദ്ദാരിദ്ര്യത്തിനു മേലില്‍ മരണമണവുമായ് ഘോരഘോരം നടപ്പൂ.

ഉരുപിഴപ്പുഴ കുത്തിയൊലിയ്ക്കയാ-
ലൊരുവിധത്തിലുമര്‍ത്ഥസമാര്‍ജ്ജനം
അരുതു. രാമ! ശിരസ്സിലെ ലേഖനം
പുരുഷഭൂഷണ! തെറ്റുനിറഞ്ഞു പോയ്

ചീയ്യും ഗാര്‍ബേജുകുന്നിന്നരികല‍തിരസം പന്നി വാലിട്ടടിപ്പാ-
ണയ്യോ ശബ്ദപ്രപഞ്ചം പലപലവിധമാം ഹോണുചീറുന്നു ചുറ്റും,
പയ്യിന്‍ദേഹത്തുപൊട്ടന്‍കടിപിടിസഹിയാതോടിടും പോലെയോട്ടോ,
വയ്യേ ചന്തം സഹിയ്ക്കാനടിമുടിപൊടിയാല്‍ മൂടുമീപ്പട്ടണത്തില്‍

നാട്ടില്‍ സത്യാദിയെല്ലാം ദിനമനു കുറയുന്നെന്നു ചൊല്ലാതിരിയ്ക്കാ-
മെട്ടാള്‍ പന്ത്രണ്ടുപേരില്‍ കുസൃതികള്‍ കലരാതുള്ള സാധാരണക്കാര്
‍കൊട്ടിഗ്ഘോഷിപ്പൂ നാലാളാവരുടെ വികടം. പത്രമെല്ലാം വിതപ്പൂ.
കേട്ടാല്‍ നാടാകെ നാറും നടപടി തുടരും നാട്ടുകാര്‍ സ്വല്‍പ്പമാണേ

എന്നും നമുക്കു മരണം നിരയായ് വരുന്നൂ
തോന്നുന്ന മതിരി നടപ്പവര്‍ മൂലമായി
എന്നാല്‍ ശരിയ്ക്കു മരണം വരുമെന്നതോന്നല്
‍താനാണു ജിവനു ലക്ഷ്യദിശയ്ക്കു മൂലം

കുത്തേറ്റാളുകള്‍ കോമയായി മരണം വന്നീടുവാന്‍ കാക്കവേ
ചത്താല്‍ ജാഥനയിയ്ക്കുവാന്‍ കൊടികളില്‍ ചെഞ്ചോര തേയ്ക്കുന്നവര്
‍മൊത്തം നാടുമുടിച്ചിടാന്‍ വ്രതവുമായ് നില്‍ക്കുന്ന നാട്ടില്‍ ജനം
ചത്താലെന്തു കിടാങ്ങളെ കലികളില്‍ തുള്ളാനയച്ചീടുമേ

ഒന്നോര്‍‍ത്താല്‍ മലരമ്പനൊത്തവിളിയീ കുണ്ടമ്പന്നുള്ളതേ
പൊന്നേ കുണ്ടിലിറക്കലേ പണിയവന്നെന്നെന്നുമെല്ലാരെയും
കുന്നേപ്പോലുമിളക്കിടും മനസിജന്‍ കുന്ദമ്പനാവില്ലയേ
കുന്നിയ്ക്കും കുറയാതെ ഞാനുമിതിനെ പിന്താങ്ങിടാം നിശ്ചയം

ഈഞ്ഞാമ്പ്ലിയാമിവനു ദാനമലിഞ്ഞു നല്‍കാന്‍
മഞ്ഞിന്‍ മലയ്ക്കു മകളേ സുമുഹൂര്‍ത്തമായി.
കുഞ്ഞേ പിതാവുലകചൂടുസഹിച്ചിടാതെ
മഞ്ഞാര്‍ന്നദേഹമൊഴിയേ പശുദാനമാവാം

സാറെ മഹാകഷ്ടമിതെന്തു കൂത്താ-
ണാറാത്തെന്താണു ധനക്കുഴപ്പം?
മാറില്ല കാശിന്‍റെ വഴിയ്ക്കുപോയാല്‍
നാറും നടന്നീടുക നിന്‍ വഴിയ്ക്ക്

കുലം പണം ജോലിയിവയ്ക്കുമെല്ലാം
മേലാണു കൈക്കൂലിതരും പൊരുത്തം
കല്യാണകമ്പോളവിലയ്ക്കു പോലും
വല്ലോണമെന്നാലുമതിന്നുമേന്മ

കാലിമേച്ചിടും നാരികള്‍ മനം
നല്ലപോലവിരിയിച്ചു വാക്കിനാല്‍
മെല്ലെരാസനടനം നടത്തുവാന്‍
ഉല്ലസിച്ച പവനേശ കാക്കണേ

ലക്ഷ്യം ചൊല്ലാതിറാക്കില്‍ ജനതതിവലയുന്നെന്നു ചൊല്ലിത്തകര്‍ത്തൂ
ലക്ഷം ലക്ഷം ജനങ്ങള്‍ ദിനമനു ദുരിതം തിന്നു തീര്‍ക്കാന്‍ വിധിച്ചു
ലക്ഷ്യം കാണാതെ പെട്ടൂ പടയുടെ ചെലവിന്നിടലായാടിടുന്നു
രക്ഷയ്ക്കായ് ചെന്നുപെട്ടാ പണി കെണിപണിയാന്‍ കാരണമ്പോലെയായി

മേല്‍ശാന്തിയ്ക്കിനി ഗോപിയിട്ടു തികയും ശാന്തിയ്ക്കു മേലാളനായ്
കാശില്ലാതെ, വളര്‍ന്ന താടി തടവീട്ടില്ലത്തു ചെന്നീടലാം
നാശം ബോര്‍ഡിലു പൂത്തുലഞ്ഞഴിമതിയ്ക്കെല്ലാം നിദാനം തുലോം
കാശായ് ദക്ഷിണ വാങ്ങിടുന്നതു. സഖേ ശാന്തിയ്ക്കു കാശെന്തിനാ?

ഹര ഹര വൈദ്യന്‍ കയ്യുമലര്‍ത്തീ കഥയെനിയെന്താണാവുന്നേ
മുരഹര നീയ്യേ ഗതിയെനി വഴി ചൊല്‍ വൃത്തത്തീന്നു പുറത്തേയ്ക്ക്
ഉരുതരവൈഷമ്യങ്ങള്‍ നിറഞ്ഞൊരു സൃഷ്ടി തമസ്സില്‍ മുഴുകിപ്പോയ്
വരികെനി രവിയൊരു നല്ലവെളിച്ചം തരണേ തരണേ സംസാരേ

2 comments:

വല്യമ്മായി said...

ഇടയ്ക്കുള്ള ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവക്കാമായിരുന്നു.

നല്ല ചിന്തകള്‍.

Anonymous said...

യേന കേന പ്രകാരേണ.... എന്നാണു വേണ്ടത്.

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...