യേന കേന പ്രകാരേണ പ്രസിദ്ധ: പുരുഷോ ഭവേല്‍

Monday, November 2, 2009

ജനനം

മലമുകളില്‍ കാര്‍മേഘങ്ങള്‍
നിരനിരയായ് തിരയാനെത്തി
ചെറുചെടികള്‍ക്കിടയില്‍ തിരയാന്‍
ചെറുപവനന്‍ പാഞ്ഞു നടന്നു
ഇടിമുരളും മാനത്താരോ
മിന്നല്‍ തെളിയിച്ചു തിരഞ്ഞു

ധരയുടെ ചുടുമാറിലുറങ്ങും
ചെറുവിത്തിനെ കണ്ടെല്ലാരും

വര്‍ഷാരവമകലേനിന്നേ
ഭൂമണ്ഡലാമാകെ നനച്ചു്
മടിപൂണ്ടു കിടക്കും വിത്തിന്‍
അരികത്തു തിമര്‍ത്തു മതിച്ചു

ചെറുതോടില്‍ നനവുപരക്കെ
ചെറുവിത്തിന്‍ കുഞ്ഞകതാരില്‍
അറിയാതൊരുകുളിരു പരന്നു
ചെറുകുളിരില്‍ നെടുനാളായി
മതികെട്ടുകിടക്കും വിത്തിന്‍
കൈകാലുകള്‍ ഞെരിപിരികൊണ്ടു

ഞെരിപിരിയാല്‍ നാരാം വേരുകള്‍
അമ്മപുതപ്പിച്ചു കിടത്തിയ
ചെറുതോടിന്‍ വെളിയില്‍ വന്നു
ധരയുടെ കനിവാര്‍ന്നു നനഞ്ഞ
ചെറുചൂടെഴുമുടലില്‍ കൊണ്ടു

സ്നേഹാദ്യസ്പര്‍ശനമെന്തെ-
ന്നാരായാന്‍ തോടില്‍ നിന്നും
തലമെല്ലെ വെളിയലെടുത്ത്
മുട്ടില്‍ കുംപിട്ടു തിരഞ്ഞൂ.


കിളികള്‍ കളനാദത്താലെ
ജനനോത്സവനാദമുതിര്‍ത്തൂ
ചെറുപവനന്‍ ചൊല്ലുകയാലെ
മരനിരകള്‍ ഇലയില്‍ കാത്ത
ചെറുതുള്ളികള്‍ കണ്ടു കൊടുത്തൂ
സൂര്യന്‍ ജഗദധിപന്‍ തന്നെ
ചെറുമുളയെ തൊട്ടുതലോടി
രാത്രിവരാന്‍ കാത്തീടാതെ
പനിമതിയും മാനത്തെത്തീ
ചെറുതെങ്കിലുമൊരുജനനത്തിന്‍
മേളത്തില്‍ ചേര്‍ന്നേന്‍ ഞാനും

2 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

നല്ലജന്മം...നല്ല പിറവി
നമസ്കാരം നന്ദി!

കറുത്തേടം said...

ആരും ശ്രദ്ധിക്കാതെ ഒരു ജന്മം കൂടി. വളരെ ഭംഗിയായി വിത്തില്‍ നിന്ന് ചെടിയിലെക്കുള്ള പരിണാമം അവതരിപ്പിച്ചിരിക്കുന്നു. നമസ്കാരം..