യേന കേന പ്രകാരേണ പ്രസിദ്ധ: പുരുഷോ ഭവേല്‍

Saturday, January 22, 2011

നടക്കുന്നകാലം

ഒളിച്ചും തെളിഞ്ഞും പുളയ്ക്കുന്നു മായാ
തെളിഞ്ഞില്ല കാര്‍മേഘവര്‍ണ്ണന്‍റെ രൂപം
മുളയ്ക്കുന്നു കള്ളത്തരങ്ങള്‍ മനസ്സില്‍
തിളയ്ക്കുന്നു രാഗാദിദോഷങ്ങള്‍ നിത്യം

കണ്ണില്‍ തറയ്ക്കുന്ന കാഴ്ചയ്ക്കുമുന്നില്‍
പിണങ്ങാതിണങ്ങുന്നു കണ്ണീര്‍ക്കയത്തിന്‍
ഉണങ്ങാത്ത തീരത്തു നിര്‍ത്തുന്നു പിന്നെ
തുണയ്ക്കാത്ത കണ്ണിന്നടങ്ങുന്നു ജീവന്‍

എടുക്കും തൊടുക്കും വികാരങ്ങളെല്ലാ
മൊടുക്കും മടങ്ങും തടുക്കാന്‍ നിനച്ചാല്‍
മടിയ്ക്കുള്ളില്‍ വെച്ചുള്ള പാംപിന്‍ കണക്കേ
കടിയ്ക്കും മുടിയ്ക്കും തടുത്താലടങ്ങാ

കണ്ണാണു കാണുന്നതെന്നേ നിനച്ചാല്‍
കാണുന്നതില്‍നിന്നു കണ്ണേ പറയ്ക്കാന്‍
കണ്ണിന്നു ദണ്ണം ഭവിയ്ക്കില്ല പുണ്ണാ-
യുണ്ണേണ്ട മണ്ണില്‍ നടക്കുന്നകാലം

No comments: