യേന കേന പ്രകാരേണ പ്രസിദ്ധ: പുരുഷോ ഭവേല്‍

Tuesday, September 27, 2011

ദുഖസാന്ദ്രമാം ചിരി

ഇന്നലെയെന്‍ കൊച്ചുമോളുടെ വാക്തുംപികള്‍ക്കു കല്ലായ് കിടക്കാന്‍
കുസൃതിക്കുന്നിക്കുരുക്കള്‍ പെറുക്കാന്‍
കുരുന്നുകനവിന്‍ പട്ടങ്ങള്‍ പറത്താന്‍
എന്‍കിതപ്പിന്‍ തുംപില്‍ തൂങ്ങി
തുള്ളിത്തുളുംപി
ജരാനരകേറിയ കൗമാരക്കാരനായി നടന്നേന്‍

വഴിയിലത്ഭുതം പൂണ്ട പോക്കാച്ചിത്തവള
കണ്ണുതള്ളിയിരുന്നതും,
നിറംമാറ്റക്കാരന്‍ ഓന്ത്
ബാലനിറമാര്‍ന്നു ചാഞ്ചാടിയതും,
പാംപ് ശീല്‍ക്കാരമെറിഞ്ഞ്
രണ്ടുപേരുണ്ടെന്നാരോടോ
നാവിനാലാങ്ഗ്യം കാട്ടിയതും,
മുള്‍ച്ചെടികള്‍ ലോഗ്യം ചൊല്ലാനായ്
പിടിച്ചു വലിച്ചതും
താണ്ടി ഞങ്ങള്‍
ഗ്രാമാതിര്‍ത്തിക്കുന്നിന്‍ പുറത്തെത്തിച്ചേര്‍ന്നാര്‍

ഭൂമിയിലേയ്ക്ക് ഞാന്നു കിടന്ന
മാനത്തിന്നടില്‍ക്കൂടി കരിങ്കാറ്
എത്തിനോക്കുന്നതും,
അവയുടെ പിന്നില്‍
ഇടിമുഴക്കങ്ങള്‍ അവസരം പാര്‍ത്ത്
പതുങ്ങിയിരിയ്ക്കുന്നതും,
ചപ്രത്തലയുള്ള മലകളും,
ഇളന്നിറങ്ങളും കടുന്നിറങ്ങളും
തേച്ച ചതുരപ്പാടങ്ങളും,
തീപ്പട്ടിക്കൂടുപോല്‍
ബസ്സിഴയുന്നതും
നോക്കി കൗമാരക്കാരന്‍
മുത്തച്ഛനും കൊച്ചുമകളും
ചക്രവാളങ്ങളില്‍
കണ്ണുകള്‍ കൊളുത്തിവലിച്ച്
ഇളകാന്‍ ആവാതെ ലയിച്ചു നിന്നൂ.

മലയുടെ അടിയില്‍
ചുവന്ന കന്നിമണ്ണിടിച്ച്
ചുവപ്പു തളംകെട്ടിയ
ഒരിടം

കൊച്ചുമകളെനിയ്ക്ക് എടുത്താല്‍
പൊങ്ങാത്തൊരു ചോദ്യം തന്നാള്‍
നമുക്ക് മലയെ തൊടാന്‍ പാടില്ലേ?
ചേച്ചിയ്ക്കിതുപോലെ ചുവന്ന ചോരവന്നപ്പോള്‍
അമ്മ പറഞ്ഞല്ലോ തൊടാന്‍ പാടില്ലെന്ന്

ജരാനരകേറിയ കൗമാരക്കാരന്‍റെ മുഖത്തൊരു
ദുഃഖസാന്ദ്രമാം ചിരി നിന്നു കിതച്ചു

1 comment:

Gayu said...

Nannaayirikkunnu thirumeneee, aa bhaavana..... kochumolude niskalankamaaya chodyam.... kazhinja kaalathekkoru madakkayaatra pole thonnippichu....