Saturday, January 30, 2021

കൊട്ടും ചിരി

 കൊട്ടും ചിരിയും കഴിക്കുവാൻകുട്ടികൾ

മുറ്റത്തു കൈകൊട്ടിയാർത്തീടവേ
ഒട്ടും ചിരിക്കാതെ ഗൗരവം തേച്ചു ഞാൻ
വാതായനത്തിൽ പിടിച്ചു നിന്നു
*
ഊഷ്മളസുസ്മിതം തന്ന മുലപ്പാലിലെത്ര
ചിരി ഞാൻ കുതിർത്തെടുത്തു
അത്രയും വറ്റിച്ചുണക്കിയെടുത്താ-
ണെൻ്റെ നട്ടെല്ലിൻ കശേരുക്കളെ.
നട്ടെല്ലിനാത്മവുതാനായിരിക്കുന്ന
പൊട്ടിച്ചിരികളെ ശത്രുക്കൾപോൽ
ഗൌരവക്കാരനായീടുവാൻ ശക്തമായ്
കെട്ടിയടക്കി ഞാനിത്രനാളും
ഇന്നതിൽ ദുഖിച്ചുറന്നുവന്നീടുന്ന-
കക്കണ്ണുനീരുപ്പു പറ്റുകയാൽ
ആകെ ദ്രവിച്ചൊന്നു നീർന്നു നിന്നീടുവാൻ
പറ്റാതെ ഭൂതവാതായനത്തിൻ
ദുശ്ഛേദ്യമാകുമഴികളിൽ കൈവച്ചു
ദൈവദോഷത്തെ പഴിച്ചിടുന്നു.
*
ഗൌരവവാർത്തകളെന്നെയും ലോകത്തി-
നുന്നതസ്ഥാനത്തു കൊണ്ടിരുത്തും
എന്നു ഞാനാത്മാർത്ഥമായി കരുതിക്കൊ-
ണ്ടാർത്തിയാൽ വായിച്ചു മന്ദനായി.
വേണ്ടുന്ന വേളയിൽ വേണ്ടുന്ന വീതിയിൽ
വേണ്ടുന്ന നീളം ചിരിക്കുവാനായ്
വാർത്തകളെന്നെ പഠിപ്പിച്ചു. ചെറ്റുമേ
പുഞ്ചിരി തൂകാതിരിക്കുവാനും
ചെത്തിമിനുക്കിയ പുഞ്ചിരി വിറ്റിട്ടു
ചെത്തിമിനുക്കിയ വഞ്ചനയെ
വാങ്ങി സ്വരുക്കൂട്ടിയാകണം ജീവിതം
ഉള്ളിൽ വറ്റിക്കണം പുഞ്ചിരിയെ
എന്നറിഞ്ഞെല്ലാമറിഞ്ഞെന്നവീമ്പിനാൽ
ഉന്നതസ്ഥാനങ്ങൾ കയ്യടക്കി
എന്നിട്ടുമിന്നൊന്നു നീർന്നു നിന്നീടുവാൻ
നട്ടെല്ലിനില്ലാ കരുത്തെനിക്ക്
പുഞ്ചിരിക്കാനായ് ശ്രമിക്കുവാൻ പോലുമേ
പറ്റില്ല. പേശി വലിഞ്ഞുപൊട്ടും.
*
കൊട്ടും ചിരിയും കഴിക്കുവാൻകുട്ടികൾ
മുറ്റത്തു കൈകൊട്ടിയാർത്തീടവേ
ഒട്ടും ചിരിക്കാതെ ഗൗരവം തേച്ചു ഞാൻ
വാഴ്ന്നു ജയിച്ചവൻ പോലെ നിന്നു

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...