കയ്യിൻ്റെ ഉദ്ഭവസ്ഥാനത്ത് വേദന.
തലച്ചോറിൽനിന്ന് എടുക്കാനും കൊടുക്കാനും തൊടാനും ഉള്ള ആഗ്രഹസന്ദേശങ്ങൾ എത്തുന്ന കൈയ്യിൻ്റെ ഉദ്ഭവസ്ഥാനത്താണ് വേദന.
ഈ വേദനയിൽകൂടി കടന്നു പോകുന്ന സന്ദേശങ്ങൾക്ക് പരിണാമം സംഭവിക്കില്ലായിരിക്കാം.
കൊടുക്കാനുള്ള ആഗ്രഹങ്ങൾക്ക് ഭ്രാന്തുപിടിച്ചപോലെ വിജൃംഭിച്ച് വികൃതമായ രൂപമായാൽ വാങ്ങുന്നവരുടെ കൈ പേടിച്ച് പിൻവാങ്ങില്ലായിരിക്കാം.
കുട്ടിക്കാലത്ത് തറയും പൂതനും കെട്ടിവരുന്നവർക്ക് മുണ്ടുകൊടുക്കാൻ പിൻവാങ്ങിയരുന്ന കയ്യിന് ഉദ്ഭവസ്ഥാനത്ത് വേദനയുണ്ടായിരുന്നില്ല. സന്ദേശത്തിലേ ഭയം ലയിച്ചിരുന്നു.
ഇന്ന് കൊടുക്കാൻ കൈ ചലിക്കുമ്പോൾ സന്ദേശം വേദനയിൽ കാച്ചിയെടുത്തതുപോലെ പൊള്ളച്ച് വികൃതമാകുമോ എന്നാണ് ഭയം.
ഇനി എടുക്കലിൻ്റെ കാര്യം
വിഷുക്കൈനേട്ടം വാങ്ങിയ കൈ വിഷമപ്രതീക്ഷയോടെയല്ലാതെ നീട്ടാൻ മറന്നു പോയിരിക്കുന്നു. തീ തീറ്റുന്ന വേദന,
നായും നരിയും പശുവും കൈ നീട്ടാതെ തിന്നുന്നപോലെ താമിസ്രാന്ധതാമിസ്രസൂചീപാകാദികൾ തീറ്റിക്കുമോ എന്നാർക്കറിയാം?
പണ്ട് ഊഷ്മളമായിരുന്ന കാമസ്പർശസന്ദേശങ്ങൾ വേദനയിൽ നനഞ്ഞ് തണുത്ത് ശവസ്പർശസന്ദേശങ്ങളായിത്തീരുമെന്ന ഭയം പ്രതിസന്ദേശമായി മസ്തിഷ്കജ്വരത്തിന് കാരണമാകുന്നു.
എന്തിനാണ് ഭയം?
വേദനയെ വേദനയായംഗീകരിച്ച് വേദനിക്കാം. സമാധാനമായ് മരണം വരെ വേദനിക്കാം.
1 comment:
സഹനം സർവ ദുഃഖാനാം അപ്രതീകാര പൂർവകം ചിന്താവിലാപ രഹിതം (വിവേകചൂഡാമണിയിൽ നിന്നും ശ്രീ നോച്ചൂർ സ്വാമി ഉദ്ധരിക്കാറുള്ളത്)
Post a Comment