Saturday, August 16, 2008

നന്ദി

ആ മരം എന്നു മൊഴിയാന്‍ തലയുയര്‍ത്തി
നോക്കെത്താത്തോളം പൊക്കത്തില്‍ കണ്ണും നട്ട്
മരത്തിന്‍റെ അറ്റം വ്യക്തമല്ലാതെ കണ്ടപ്പോളുണ്ടായ
വാക്കാണത്രേ ആമ്രം

മുതുമുത്തച്ഛന്മാര്‍ പശുവിന്നകിടില്‍ പാല്‍
കണ്ടു പിടിയ്ക്കും മുന്‍പ്
അവര്‍ക്ക് വാത്സല്യം ചുരത്തിയത്
ആ ആമ്രമായിരുന്നത്രേ
അതാണു പോലും മാതാവില്‍ നിന്ന് കുറച്ചു കുറഞ്ഞ്
മാവായത്

ഇതിന്‍റെ തണലിലാണു പോലും രാത്രി
പകലിനെ പേടിച്ച് ഇരുന്നിരുന്നത്
ഇന്നത് മനുഷ്യമനസ്സിലാണല്ലോ
കൂടുതല്‍ സുരക്ഷിതമായിരിയ്ക്കുന്നത്.

പണ്ട് മേഘങ്ങളെ തോളത്തിരുത്തി
താലോലിച്ചത് അത്ര ഉയരമുണ്ടായിരുന്ന
മാവായിരുന്നത്രേ

ആ വാത്സല്യഭാജനങ്ങളായമേഘങ്ങള്‍
മദം മൂത്ത് പടവെട്ടിക്കളിയ്ക്കുമ്പോള്‍
അതിലൊന്നിന്‍റെ ഇടിവാള്‍
പാളി വീണാണത്രേ ആ ആദ്യമാവുമരിച്ചത്

മാവൊഴിഞ്ഞിടത്ത് മാവിന്‍റെ ആദ്യസ്മാരകമായാണത്രേ
ആദ്യഗ്രാമം പണിതത്

ആ മാവിന്‍റെ മക്കള്‍
മനുഷ്യരെ തോളിലേറ്റിയും
വാത്സല്യ്ം ചുരത്തിയും
വളര്‍ത്തിയതിന് ഉപകാരസ്മരണയായാണത്രേ
മരണരണം കഴിഞ്ഞാല്‍
ആ മാവിന്‍റെ മക്കള്‍ക്ക്
മോക്ഷം കൊടുക്കുന്നത്

മനുഷ്യര്‍ മേഘങ്ങളേപ്പോലെ
നന്ദിയുള്ളവരാണല്ലോ

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...