Friday, August 29, 2008

പരസ്യം

സംസ്കാരമെന്നാല്‍ വെറും വെച്ചുകെട്ടുകള്‍ ചുറ്റും
നില്‍ക്കുവോര്‍ സമ്മാനിച്ച ചിഹ്നങ്ങള്‍ വിചിത്രങ്ങള്‍
മേല്‍ക്കുമേല്‍ പരസ്യങ്ങള്‍ പതിച്ചെന്‍ സത്യരൂപ-
മോര്‍ക്കുവാനാവാതായ മതിലായ് മാറുന്നു ഞാന്‍

മാതാവിന്‍ മുലപ്പാലാല്‍ വാത്സല്യപ്പരസ്യത്തിന്‍
പതിയല്‍ മുതല്‍ക്കേ ഞാന്‍ ഞാനല്ലാതായിത്തീര്‍ന്നു.
ഏതുമേ തിരിയാത്ത ചലനം ചിരിയ്ക്കാനായ്
പതിച്ചാല്‍ കൈകാല്‍ കുടഞ്ഞാവോളമാഹ്ലാദിച്ചു

ക്രോധതാമ്രാക്ഷം താതന്‍ കോപിയ്ക്കും ചിഹ്നം വെച്ചാല്‍
അധരപിളര്‍ത്തിക്കൊണ്ടഴലായ് കേണീടാനും
മധുരം നാവിന്‍ തുമ്പത്തായിരം വള്ളം കളി
സാധിയ്ക്കാന്‍ പോരും നല്ല ചിഹ്നമെന്നറിയാനും

ചുറ്റുമുള്ളോരെ കണ്ടാല്‍ വണങ്ങും ചിഹ്നം വെച്ചാല്‍
മാറ്റനിയ്ക്കേറേ കൂടുമെന്നുള്ളതറിയാനും
മാറ്റില്ലാചിഹ്നം എന്നില്‍ പതിച്ചാല്‍ മറ്റുള്ളോര്‍ക്കു
മാറ്റില്ലാതാവും ചിരിയെന്നും ഞാന്‍ പഠിച്ചേനേ

ചിതയില്‍ കിടക്കാനായ് കച്ചയാല്‍ പുതയ്ക്കോളം
പതിയും പരസ്യങ്ങള്‍ കാഴ്ച്ചക്കാര്‍ നോക്കിക്കാണും
ഇതിനാല്‍ കാഴ്ച്ചക്കാരും പരസ്യം ശീലമാക്കി
മതിലായ് നിന്നു സ്വയം സംസ്കാരം നിലനിര്‍ത്തും

എന്തിനീ സംസ്കാരത്തിന്‍ ചിഹ്നങ്ങള്‍ സ്വയം കാണും
‍ചിന്തയേ മുടക്കീടും മൂടലായ് ചുറ്റും വന്നു?
അന്തിയായാലുമിരുള്‍ കട്ടിയായ് പൊതിഞ്ഞാലും
അന്തമില്ലാതെകണ്ടീ പരസ്യം നിലനില്‍ക്കും

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...