Saturday, February 28, 2009

ഭ്രാന്തന്‍ യാത്ര

ഭ്രാന്തുകൊണ്ടതിരാവിലെപ്പെരു കല്ലുരുട്ടിയുയര്‍ത്തിടാം
ചന്തമുള്ള മലയ്ക്കു മേലെ വിയര്‍ത്തു കേറ്റിയൊടുക്കമോ
അന്തിമാനവുമത്ഭുതത്തിലലിഞ്ഞു ചെറ്റു ചുവക്കവേ
സന്തതാന്തതമസ്സിലേയ്ക്കതു വീണ്ടുമങ്ങുമറിയ്ക്കണം

പോരു പോരു വഴിയ്ക്കു തീയ്യു കിടച്ചിടുന്ന ചിതാന്തിക-
ത്താരുമൊന്നു കിടുങ്ങിടുന്ന നിതാന്തശാന്തജനസ്ഥലം
നീരുടഞ്ഞ കുടത്തിലുണ്ടരി ബാക്കിയുള്ളതു വെച്ചിടാന്‍
ആരുമൊന്നു തിരിഞ്ഞു നോക്കുകയില്ലയുണ്ടു കിടന്നിടാം

കാളികൂളികള്‍ വന്നു നിന്നു തിമര്‍ത്തിടട്ടെയവര്‍ക്കുമേ
നാളൊരിത്തിരി കൂട്ടിടാ മരണം വരുന്ന ദിനത്തിനായ്
പൊള്ള പോലെ തടിച്ച മന്തു വലത്തുകാലിനു ഭൂഷണം
കള്ളമല്ലയിടത്തു കാലിനു മാറ്റിയാലതനുഗ്രഹം

നല്ല ജോലി ലഭിയ്ക്കുവാന്‍ പണമേറെ വന്നു മറഞ്ഞിടാന്‍
വല്ലവര്‍ക്കുമടിയ്ക്കു വീണുപണിഞ്ഞിടുന്ന മനുഷ്യരേ
കല്ലുരുട്ടുക കണ്ണില്‍ വന്നതു തിന്നുറങ്ങുക ശാന്തമായ്
നല്ല നാളുകള്‍ തിന്നുതീര്‍ക്കുവതിന്നു പോരിക വട്ടുമായ്

2 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സാമ്പത്തികമാന്ദ്യം മൂലമുണ്ടായ കവിതയാണോ ? :)

പകല്‍കിനാവന്‍ | daYdreaMer said...

കണ്ണില്‍ വന്നതു തിന്നുറങ്ങുക ശാന്തമായ്...
:)

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...