Thursday, May 29, 2008

രാമസൌഹൃദം

തപ്പിത്തടഞ്ഞെത്തും അന്ധമാം കൂരിരുള്‍ ചോദിച്ചു
രാഘവ! എന്തിനാണെന്നെ ക്ഷണിച്ചത്?
എന്തിനു സൂര്യകുലത്തില്‍ ഇരുളിന്
സൌഹൃദം കല്‍പ്പിച്ചു നല്‍‍കി നീ?

ഇത്രനാള്‍ സത്യക്കൈവാള്‍ മൂര്‍ച്ച കൂടിയത്
പ്രകാശത്തിരശ്ശീല കുത്തിക്കീറി
എന്നെ പുറത്തു കൊണ്ടുവരാനായിരുന്നോ?

ശരിയ്ക്കും കുട്ടിക്കാലം മുതലേ
നിന്നെ എനിയ്ക്കു പേടിയായിരുന്നു.

വിശ്വാമിത്രന്‍റെ മൂര്‍ച്ചയെയ്ത് താടകയെ കൊന്നപ്പോള്‍
ഉരുള്‍പൊട്ടിയ ചോരയില്‍ കലര്‍ന്ന് നിന്‍റെ മാറില്‍
മാറാമറുകായി വെന്നിക്കൊടി നാട്ടാന്‍ മോഹിച്ചു.
ജനം സ്തുതി പാടിപ്പാടി
ആ മറുകു ശ്രീവത്സത്തില്‍ ആണ്ടു പോയി.


മന്ഥര പിരിച്ച് കൈകേയി കുരുക്കിട്ട
കയര്‍ വീശിയെറിഞ്ഞു നിന്നെ എന്‍റെ
തൊഴുത്തിലൊരു കറവപ്പശുവാക്കാന്‍ നോക്കി
ആകയറു നീ യജ്ഞസൂത്രമാക്കി സത്യസത്രം ചെയ്തു.

പഞ്ചവടിയില്‍ ചിത്രാങ്ഗിനിയായ് ഞാന്‍ വന്നപ്പോള്‍
ലക്ഷ്മണക്രോധത്തുമ്പിനാല്‍ അങ്ഗഭങ്ഗം ചെയ്തയച്ചു എന്നെ നീ

മാരീചന്‍റെ സ്വര്‍ണ്ണപ്രഭയില്‍ മറഞ്ഞ്
വീണ്ടും നിന്നടുത്തെത്തി,
ഏഴടി കൂടെ നടന്ന് അന്നേ നീ അറിയാതെ എങ്കിലും
എന്നെ പരോക്ഷമായങ്ഗീകരിച്ചതിനു
നന്ദി

ബാലി പിടയുമ്പോള്‍ തപ്പിത്തടഞ്ഞു നീ ധര്‍‍മ്മം
വ്യാഖ്യാനിയ്ക്കുന്ന്നതിനിടയ്ക്കു
പുഞ്ചിരിച്ചത് എന്നെ നോക്കിയായിരുന്നെന്നു ഞാനോര്‍ക്കുന്നു.

സീതയ്ക്കു കുളിരായാളിയ കരാളാഗ്നിയില്‍
ഞാന്‍ താണ്ഡവമാടിയത് നീ താളം
പിടിച്ചാസ്വദിച്ചതും
സൂര്യകുലത്തിലെ സൌഹൃദാസനത്തിന്‍റെ
നാന്ദിയായിരുന്നെന്നു ഞാനോര്‍ത്തില്ല.

തമസാ നദിക്കരയിലെ
വാത്മീകിയുടെ സ്വാന്തനത്താലുലയുന്ന
സാധ്വിയുടെ നിശ്വാസങ്ങള്‍
സൂര്യവംശദീപങ്ങള്‍ക്ക്
കറുത്തനാളങ്ങളായാടിക്കളിയ്ക്കുമ്പോള്‍
എന്‍റെ അന്ധമാം കണ്ണില്‍ നിന്നു കൂടി
കറുപ്പു കിനിയുന്നു.

രാഘവാ! വേണ്ടായിരുന്നു.
നീയെന്‍റെ സൌഹൃദം
അങ്ഗീകരിയ്ക്കേണ്ടായിരുന്നു

5 comments:

കൂപന്‍ said...

കരിയന്നൂരെ
താങ്കളുടെ കവിതയേക്കാള്‍ ഭേദം എന്റെ നുണക്കഥ തന്നെ
അത് നുണയാണെന്നെങ്കിലും ഭവാന് മനസിലായി
താങ്കഴുടെ കവിതവായിച്ചാല്‍ അത് എന്താണ്
എന്നു പോലും ആര്‍ക്കും മനസിലാകില്ല
എന്തായാലും കരിയന്നൂരാന് അഭിന്ദനങ്ങള്‍.. ഒപ്പം നന്ദിയും
താങ്കളാണ് കൂപന്റെ ബൂലോകത്തെ ആദ്യ കമന്റ് പോസ്റ്റ് ചെയ്തത്
താങ്ക്സ്.. വിമര്‍ശനങ്ങള്‍ തുടരാം
ഇരുപക്ഷത്തും

vasan said...

വരികള്‍ എവിടെയോ രാവണനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്‍

Balendu said...

രാമന്റെ അന്ധഭക്തന്മാര്‍ കേള്‍ക്കണ്ട. അല്ല കേട്ടാലും അവറ്റയ്ക്കൊന്നും മനസ്സിലാവുകയുമില്ല.
പിന്നെ, "മൂര്‍ച്ഛ" എന്ന വാക്കിനു ആയുധങ്ങളുടെ മൂര്‍ച്ച എന്നര്‍ത്ഥം വരില്ലെന്നാണ്‍ തോന്നല്‍. മറ്റൊന്നുകൂടി, ശൂര്‍പ്പണഖാങ്കം ചിത്രകൂടത്തിലല്ലല്ലോ! പഞ്ചവടിയിലല്ലേ?

kariannur said...

വാസാ “വ്യാഖ്യാതാ വേത്തി നോ കവി:“
മാഷേ മാറ്റി. മൂര്‍ച്ചയും പഞ്ചവടിയും. വളരെ സന്തോഷം.

ഷാജി നായരമ്പലം said...

കരയുന്ന പത്നിയുടെ മിഴിനീരിലതിരറ്റ
ധര്‍മ്മച്ഛ്യുതിക്കുമൊരതിര്‍വരമ്പിട്ടുകൊണ്ട-
തിഗൂഢമവളെ ത്യജിയ്ക്കുവാന്‍ ത്വരപൂണ്ടു
വിരഹം നടിച്ചവന്‍, അതിമാനുഷന്‍ രാമന്‍...

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...