Tuesday, March 29, 2022

നിഴലുകൾ

 


കാണാനിഴലുകൾ ജീവിതാന്ത്യം വരെ
തണലായ് നിനക്കായ് പൊഴിച്ചിടുന്നു.
മൂർദ്ധാവിലാഴും വെയിലിൻ്റെ തീക്ഷ്ണത
വല്ലാതുലയ്ക്കുമ്പോൾ ചൂടുവാനായ്
പഴകിക്കൊഴിയാത്ത നിഴലിൻ്റെ പാളികൾ
വഴിയിലുപേക്ഷിച്ചു ഞാൻ നടക്കാം.
എൻ്റെ നിഴലിന്നിരുട്ടിൽനിന്നായിരം
ക്രോധശൂത്കാരം ഫണം വിടർത്താം
സാന്ത്വനമായ് മൊഴിഞ്ഞിട്ട വചസ്സുകൾ
ചുറ്റിപ്പിണഞ്ഞു വഴിമുടക്കാം
ചെഞ്ചോരനാരുകൾ പാറിക്കിടക്കുന്ന
കൺകലക്കങ്ങൾ വഴിത്താരയിൽ
ചക്രവാകത്തോളമാഞ്ഞാഞ്ഞു കാണുവാൻ
എത്തിവലിഞ്ഞിഞ്ഞു നിറഞ്ഞു നിൽക്കാം
പൂർവ്വപിതാക്കൾ വഴി പറഞ്ഞീടുവാൻ
എൻ്റെ നിഴൽക്കൊമ്പിൽ വന്നിരുന്ന്
എള്ളു പുരണ്ട ബലിച്ചോറു കൊക്കിൽവെച്ച-
വ്യക്തലക്ഷ്യമുപദേശിക്കാം.
ഞങ്ങൾ നടന്നുപോന്നുള്ള വരമ്പുകൾ
കുണ്ടനിടവഴിപ്പാതകളും
തട്ടിനിരത്തി കനൽച്ചില്ലു പാകിയ
പുത്തൻ നിരത്തിൽ നടന്നീടവേ
നോക്കൂ നിക്കെൻ നിഴലുപേക്ഷിച്ചിട്ടു
നിൻ്റെ നിഴലിൻ തണലുകളിൽ
ഒന്നിരുന്നാശ്വിസിക്കാൻ കഴിഞ്ഞീടവേ
ചുട്ടുപൊള്ളീടും വെയിൽക്കാഴ്ചയിൽ
കാനൽജലതടാകം കണ്ടു കയ്യിലെ
തണ്ണീർക്കുടം മറന്നീടരുത്.
ഞാനെൻ്റെ കണ്ണട കെട്ടിപ്പൊതിഞ്ഞു നിൻ
സഞ്ചിയൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...