Tuesday, March 1, 2022

ചണ്ടി


ചണ്ടി നിറയുന്നു ചണ്ടി.

ചാടിമറിഞ്ഞു കളിച്ച കുളങ്ങളിൽ

ചണ്ടി നിറയുന്നു ചണ്ടി.

കാലപ്പഴക്കം കഴപ്പിച്ച കണ്ണിൻ്റെ

മുന്നിൽ പടരുന്ന ചണ്ടി.

എത്ര വലിച്ചു കയറ്റി കളഞ്ഞാലും-

മത്ര വളരുന്ന ചണ്ടി.

ഗർഭപാത്രത്തിലെ ഭിത്തിയിലാഴ്ത്തിയ

വേരാൽ വളരുന്ന ചണ്ടി.

തെക്കേത്തൊടിയിലുടഞ്ഞ പാത്രത്തിൻ്റെ

പൊട്ടിൽ മുളക്കുന്ന ചണ്ടി.

ചെന്നിടത്തെല്ലാം മലീമസമാക്കുന്ന

ചുറ്റിപ്പിണയുന്ന ചണ്ടി.

കയ്യിലും കാലിലും ചുറ്റി വരിഞ്ഞെന്നെ 

ചണ്ടിയാക്കുന്നൊരു ചണ്ടി

ആകാശഭൂമികൾ മൂടി പുനർജനി-

പാതയിൽ ചീയുന്ന ചണ്ടി

 

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...