Saturday, April 19, 2008

ഒഴികഴിവ്

കൃഷ്ണ പാണ്ഡവരീ ഞങ്ങള്‍
‍സാക്ഷാല്‍ ധാര്‍മ്മികസത്തമര്‍
‍എന്ന ചിന്തയുറച്ചേ പോയ്
വൃഥാ ഞങ്ങള്‍ക്കു മാലിനായ്

കൌരവര്‍ മറുപക്ഷക്കാര്‍
ധര്‍മ്മാധര്‍മ്മവിമൂഢരാം
ധര്‍മ്മത്തിന്നെതിരായുള്ളോര്‍
‍ജീവന്നനധികാരികള്‍

അവരെ കൊലചെയ്കാകില്‍
ധര്‍മ്മമെങ്ങിനെ വാണിടും
അധര്‍മ്മം നാടുവാണീടില്‍
‍ലോകത്തിന്‍ ഗതിമുട്ടിടും

ഞങ്ങളേ ലോകനന്മയ്ക്കു
നല്ലൂ നന്നല്ല മറ്റവര്‍
ഞങ്ങളേ ധര്‍മ്മമെന്നല്ലോ
ധരിച്ചൂ ഞാനിതേവരെ

ഇന്നു ഞാനറിവൂ ശൌരേ
ധര്‍മ്മാധര്‍മ്മ വിവേചനം
വെറുമാപേക്ഷികം പാപം
സുഖശാന്തിവിനാശകം

ഏഷണാത്രയസമ്പന്നന്‍
ധൃതരാഷ്ടൃസുതാഗ്രജന്‍
യുദ്ധമില്ലാതെ തന്‍ കാര്യം
നേടാന്‍ മാര്‍ഗം തിരഞ്ഞവന്‍

മഹായുദ്ധമഹാദോഷം
മുളയില്‍ താനൊതുക്കുവാന്‍
യത്നിച്ചവനധര്‍മ്മത്തിന്‍
മൂര്‍ത്തിമദ്ഭാവകാകുമോ

കൃഷ്ണ ശര്‍വ്വേശസൃഷ്ടിയ്ക്കു
ദോഷം കാണുന്നതെങ്ങിനെ
ധാര്‍ത്തരാഷ്ട്രന്‍ വന്ദനീയന്‍
ശ്ലാഘ്യന്‍ താനെന്നതേ ശരി

അധര്‍മ്മം ദോഷമെന്നെന്തേ
ശഠിപ്പൂ പൂര്‍വ്വസൂരികള്‍
‍സുയോധനനവന്‍ സ്വസ്ഥം
വാഴട്ടെ രാജ്യമൊക്കെയും

ഭീഷ്മദ്ദ്രോണാദി വീരന്മാര്‍
‍തൊടുക്കും ശരസഞ്ചയം
തടുക്കാനര്‍ജ്ജുനന്‍ പോരും
സംശയിയ്ക്കേണ്ട കേശവ

അവര്‍തന്‍ സ്നേഹവാത്സല്യ
നോട്ടമേറ്റെന്‍റെ മാറിടം
കത്തിക്കാളുന്ന ചൂടേറ്റു
ഞെട്ടറ്റീടുന്നു ചിന്തകള്‍

കണ്‍ തടം കണ്ണുനീരേറ്റു
നീറുന്നു തേങ്ങലാം തിര
ലക്ഷ്യമില്ലാതടിയ്ക്കു-
ന്നിതിന്ദ്രിയം തകരും വിധം

ഗാണ്ഡീവം ബന്ധുവേപ്പോലെ
അകന്നൂ കൈപ്പിടീന്നിതാ
ഗുരുവാത്സല്യമാധുര്യം
അറിഞ്ഞെന്നോടിടഞ്ഞപോല്‍

‍സ്നേഹം താന്‍ പരമം ധര്‍മ്മം
സ്നേഹം താന്‍ പരമം സുഖം
സ്നേഹം താന്‍ പരമം ദൈവം
സ്നേഹയുദ്ധം ഭയാവഹം

നോക്കു കൃഷ്ണ ദിഗന്തങ്ങള്‍
കരിവാളിച്ച മുഖങ്ങളാല്‍
ശാന്തിയ്ക്കായ് കേണു നോക്കുന്നൂ
യുദ്ധം വേണ്ടെന്നു വെയ്ക്കുവാന്‍

എനിയ്ക്കു വയ്യ യുദ്ധത്തിന്‍
പാപഭാരം ചുമക്കുവാന്‍
ഗിരിധാരിന്‍ പാര്‍ത്ഥനില്ലെങ്കില്‍
യുദ്ധമേ നിന്നു പോയിടും

വൈരാഗ്യം പൂര്‍ണ്ണമായ് വന്നു
കര്‍ത്തവ്യങ്ങളലിഞ്ഞുപോയ്
ശാന്തനായ് കാടു പൂകേണം
യുദ്ധവിഡ്ഢിത്വമുക്തനായ്

കൃഷ്ണ ശാന്തവനം നോക്കി
രഥം പോകുകയല്ലയോ
പ്രശാന്തസുന്ദരം ഭാവി
വിളിപ്പൂ പൊകയല്ലയോ

സമാധാനം

നന്നായെന്നര്‍ജ്ജുനാ ബോധം
ഇത്രമേല്‍ തെളിവാര്‍ന്നുവോ
സ്വന്തം കാര്യത്തിനീയുദ്ധം
പരമാധര്‍മ്മമായിടും

സ്വാര്‍ത്ഥം താന്‍ പോയ കാലത്തില്‍
തീയ്യായുള്ളില്‍ പുകഞ്ഞതും
നിനക്കും കൂടെയുള്ളോര്‍ക്കും
ജീവശ്വാസം തടഞ്ഞതും

സ്വാര്‍ത്ഥനൂലാമാല നീക്കി
പടവെട്ടുക നേടുക
ധര്‍മ്മാധര്‍മ്മങ്ങളില്‍ തെന്നി
നിലതെറ്റാതെ നടക്കുക

ഭൂതഭാവികളില്‍ മാത്രം
വെയ്ക്കും കാലാലെയര്‍ജ്ജുന
സുഖമാം വര്‍ത്തമാനത്തിന്‍
നൌകയില്‍ ‍പോകതെങ്ങിനെ

വര്‍ത്തമാനത്തിന്‍റെ മുന്നില്‍
സുഖദുഖമടങ്ങിടും
ധര്‍മ്മാധര്‍മ്മാഖ്യന്ദേഹ-
സന്ദോഹങ്ങളടങ്ങിടും

വര്‍ത്തമാനത്തിലുള്‍ക്കൊണ്ടാല്‍
‍ഞാനാരാണെന്നറിഞ്ഞിടും
ഞാനാരാണെന്നറിഞ്ഞീടില്‍
നീയ്യാരെന്നുമറിഞ്ഞിടും

അപ്പോഴാചാര്യബന്ധുക്കള്‍
‍സൂര്യതാപത്തില്‍ മഞ്ഞുപോല്‍
‍മാഞ്ഞിടും സത്യസങ്കല്‍പ്പന്‍
‍ഈശ്വരന്‍ വെളിവാര്‍ന്നിടും

ഭൂതഭാവികള്‍ നോക്കാതെ
വര്‍ത്തമാന പടക്കളം
പാപപങ്കിലമാക്കാതെ
യജ്ഞഭൂവാക്കി മാറ്റുക

സംശയം പാപജന്മാവ്
ഭൂതഭാവിസുതന്‍ വൃഥാ
കര്‍മ്മങ്ങള്‍ സഞ്ചയിയ്ക്കുന്നോന്‍
അവനെ കൊല്ലുക കൊല്ലുക

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...