Tuesday, March 29, 2022

ശബ്ദം

 


എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും
വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ്
വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക്കിയീ
മണ്ണിൻ മാറുതൊടാതെ വാക്കുമുനകൾമേലേ കിടക്കുന്നു ഞാൻ.
ആരാരസ്ത്രമയച്ചു ജീവഹൃദയം ഖണ്ഡിച്ചു ശബ്ദങ്ങളാൽ
ആരാരുള്ളുമറച്ചു പൂരുഷശിഖണ്ഡിക്കായിടം നൽകിയോ
ആരാരങ്കുശവാക്കിനാൽ പിടിമുറുക്കിപ്പോന്നു മർമ്മത്തിലായ്
ആരാരൊക്കെ വിരിച്ചു വെച്ചു മുനകൾ തേയാത്ത ദുർവ്വാക്കുകൾ
ഞാനെയ്തെയ്തു മുറിച്ചു തള്ളിയ വചോബാണങ്ങളെല്ലാം തിരി-
ച്ചെന്നോടുഗ്രമനസ്സുമായടരിനായാർത്താർത്തു വന്നീടവേ
തേനിൻമാധുരിതൂകിടും ഹിമജലം പോലുള്ള മാതൃസ്വരം
വേനൽക്കാട്ടിലെയാറുപോൽ സ്മൃതിയിലേയ്ക്കെത്തുന്നു വിൽ വെച്ചുപോയ്

ഒരു നേറുകോലിൻ മുഴക്കം,

 


ഒരു നേറുകോലിൻ മുഴക്കം,
കച്ചയാൽ മൂടി പുറപ്പെട്ടു പോയീ,
താളങ്ങൾ ബാക്കി നിൽക്കുമ്പോൾ.
ഏറ്റിച്ചുരുക്കൽപടവിൽ പതുക്കവേ
സൗമ്യപാദത്താൽ കയറി,
താളം മുറിക്കാത്ത കാലത്തിൽ ശാന്തമായ്
എന്തോ നിറഞ്ഞു കൊട്ടീടാൻ,
ആസ്വാദനത്തിന്റെയത്യന്ത കോടിയിൽ
കണ്ണുകൾ കൂമ്പിയ ടച്ച്
കച്ചയാൽ മൂടി പുറപ്പെട്ടു പോയിയാ
നേരുള്ള കോലിൻ മുഴക്കം

കവിതേ


ഊർമ്മികളില്ലാത്ത ശാന്തനിലാവിൻ്റെ തീരത്തിരുന്നു കിനാവുകാണാൻ
ഓർമ്മയിൽ പോലുമിടറാത്ത ശബ്ദത്തിൽ സ്നിഗ്ധഭാവത്തിലലിഞ്ഞു പാടാൻ
മുഗ്ധമാം നോട്ടങ്ങൾ നുള്ളിയെടുത്തൊരു പുഞ്ചിരിപ്പൂമാല കോർത്തീടുവാൻ
രോമാഞ്ചകഞ്ചുകം മൂടിയീരാവിൻ്റെ മന്ദോഷ്ണസുന്ദരമന്തരീക്ഷം
ഉള്ളിലൊതുക്കുവാൻ കൺപീയിലൂറും ഹൈമകണങ്ങളിൽ സൂക്ഷമമായി
സ്വാത്മപ്രതികൃതി കാണുവാനെന്നോടു ചേർന്നിങ്ങിരിക്കൂ നീ വേറെയല്ല

നിഴലുകൾ

 


കാണാനിഴലുകൾ ജീവിതാന്ത്യം വരെ
തണലായ് നിനക്കായ് പൊഴിച്ചിടുന്നു.
മൂർദ്ധാവിലാഴും വെയിലിൻ്റെ തീക്ഷ്ണത
വല്ലാതുലയ്ക്കുമ്പോൾ ചൂടുവാനായ്
പഴകിക്കൊഴിയാത്ത നിഴലിൻ്റെ പാളികൾ
വഴിയിലുപേക്ഷിച്ചു ഞാൻ നടക്കാം.
എൻ്റെ നിഴലിന്നിരുട്ടിൽനിന്നായിരം
ക്രോധശൂത്കാരം ഫണം വിടർത്താം
സാന്ത്വനമായ് മൊഴിഞ്ഞിട്ട വചസ്സുകൾ
ചുറ്റിപ്പിണഞ്ഞു വഴിമുടക്കാം
ചെഞ്ചോരനാരുകൾ പാറിക്കിടക്കുന്ന
കൺകലക്കങ്ങൾ വഴിത്താരയിൽ
ചക്രവാകത്തോളമാഞ്ഞാഞ്ഞു കാണുവാൻ
എത്തിവലിഞ്ഞിഞ്ഞു നിറഞ്ഞു നിൽക്കാം
പൂർവ്വപിതാക്കൾ വഴി പറഞ്ഞീടുവാൻ
എൻ്റെ നിഴൽക്കൊമ്പിൽ വന്നിരുന്ന്
എള്ളു പുരണ്ട ബലിച്ചോറു കൊക്കിൽവെച്ച-
വ്യക്തലക്ഷ്യമുപദേശിക്കാം.
ഞങ്ങൾ നടന്നുപോന്നുള്ള വരമ്പുകൾ
കുണ്ടനിടവഴിപ്പാതകളും
തട്ടിനിരത്തി കനൽച്ചില്ലു പാകിയ
പുത്തൻ നിരത്തിൽ നടന്നീടവേ
നോക്കൂ നിക്കെൻ നിഴലുപേക്ഷിച്ചിട്ടു
നിൻ്റെ നിഴലിൻ തണലുകളിൽ
ഒന്നിരുന്നാശ്വിസിക്കാൻ കഴിഞ്ഞീടവേ
ചുട്ടുപൊള്ളീടും വെയിൽക്കാഴ്ചയിൽ
കാനൽജലതടാകം കണ്ടു കയ്യിലെ
തണ്ണീർക്കുടം മറന്നീടരുത്.
ഞാനെൻ്റെ കണ്ണട കെട്ടിപ്പൊതിഞ്ഞു നിൻ
സഞ്ചിയൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

യുദ്ധം

 

മുഴക്കങ്ങൾ ഇളകിയുണ്ടു വരുന്നുണ്ട്.
അവ എല്ലാ ചരാചരങ്ങളിലും കയറിയങ്ങി പോകും.
ഹൃദയമിടിപ്പിൻ ചെറുരണിതങ്ങളെ
നിസ്സാരമാക്കി, തപസ്സിരിക്കും കല്ലുകളുടെ കൂപ്പുകൈകളുടെ തുമ്പ് പൊടിച്ച്, പേടിച്ചരണ്ട കണ്ണുകൾക്ക് കൂരിരുട്ടിൻ ഭീകരത കൂട്ടാൻ കണ്ണഞ്ചിക്കും പ്രകാശം ഇടയ്ക്ക് മിന്നിച്ച് സമത്വഭീതിദമായ ശ്മശാനസൗന്ദര്യം പരത്തി കടന്നുപോകും.
കാഴ്ചകൾ കാണാൻവിടർത്തിപ്പിടിച്ച അദ്ഭുതക്കണ്ണുകളുടെ ഇതളുകൾ കൊഴിയും വിധം മുഴക്കങ്ങൾ കടന്നു പോയിട്ട് പിന്നെ എപ്പോഴെങ്കിലും സമാധാനം പെയ്യുമായിരിക്കും.
മുളച്ചു വരുന്ന പുതുനാമ്പുകളോട് ശാന്തിമന്ത്രം ഉപദേശിക്കുമായിരിക്കും.
ഈ മുഴക്കമേഘങ്ങൾക്ക് ഒരു തണുത്ത മഴ ചുരത്താനാകും എന്ന് സങ്കൽപ്പിക്കാൻ പോലും വിഷമം.
പിന്നെ എങ്ങിനെ?

യുദ്ധാനന്തരം



മഞ്ഞിൻ്റെ പാളികൾ തള്ളി നീക്കിയൊരു ദേഹം
നദിയിലെ ശൈത്യത്തിൽ വീഴുന്നു.
മത്സ്യങ്ങളേ ഇതു നിങ്ങൾക്കു ദൈവമായ്
കൊണ്ടു കൊടുത്ത വിശപ്പിൻ്റെ സാന്ത്വനം
മാറിൽ അഭിമാനസംസ്കാരമുദ്രകൾ
ആലേഖനം ചെയ്ത മാനവ വേദന
തിന്നു പുഷ്ടിപ്പെട്ടുകൊള്ളുക കൊള്ളിമീൻ
പൊള്ളിക്കുമുൽക്കടമാകാശദീപ്തിയിൽ
നാളെ അടിമുടി കീറിമുറിഞ്ഞൊരു
ബാല്യം വിശപ്പിന്നു ചൂണ്ടയിട്ടീടവേ
നീയന്നസഹ്യമാം പ്രാണപ്പിടച്ചിലാൽ

നൽകണം പുഷ്ടിയാർന്നുള്ള ശരീരവും 

Tuesday, March 1, 2022

ചണ്ടി


ചണ്ടി നിറയുന്നു ചണ്ടി.

ചാടിമറിഞ്ഞു കളിച്ച കുളങ്ങളിൽ

ചണ്ടി നിറയുന്നു ചണ്ടി.

കാലപ്പഴക്കം കഴപ്പിച്ച കണ്ണിൻ്റെ

മുന്നിൽ പടരുന്ന ചണ്ടി.

എത്ര വലിച്ചു കയറ്റി കളഞ്ഞാലും-

മത്ര വളരുന്ന ചണ്ടി.

ഗർഭപാത്രത്തിലെ ഭിത്തിയിലാഴ്ത്തിയ

വേരാൽ വളരുന്ന ചണ്ടി.

തെക്കേത്തൊടിയിലുടഞ്ഞ പാത്രത്തിൻ്റെ

പൊട്ടിൽ മുളക്കുന്ന ചണ്ടി.

ചെന്നിടത്തെല്ലാം മലീമസമാക്കുന്ന

ചുറ്റിപ്പിണയുന്ന ചണ്ടി.

കയ്യിലും കാലിലും ചുറ്റി വരിഞ്ഞെന്നെ 

ചണ്ടിയാക്കുന്നൊരു ചണ്ടി

ആകാശഭൂമികൾ മൂടി പുനർജനി-

പാതയിൽ ചീയുന്ന ചണ്ടി

 

Wednesday, February 9, 2022

പ്രതികരണം

പ്രതികരിക്കണമെന്നുണ്ട് 
പക്ഷേ ദിവാകരനെന്നു പേരായിപ്പോയില്ലേ?
 പകലുണ്ടാക്കുന്നവൻ രാത്രിക്കും കാരണക്കാരനാണ്. 
ഗാന്ധിയുടേയും ഗോഡ്സേയുടേയും അംശം ഉള്ളിലുണ്ട് 
 ആര് ആരോട് പ്രതികരിക്കുമെന്നാണ്.
 മാസ്ക്കും പൊട്ടിച്ചിരകളും ആരോഗ്യവും അനാരോഗ്യവും ഉണ്ട് 
നടിയും നടനും ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ട്. 
ന്യായവും അന്യായവുമുണ്ട് 
സർവ്വം ഖല്വിദം ബ്രഹ്മ എന്ന് കൃഷ്ണാമണി മേൽപ്പോട്ടുയർത്തി ഉയർന്ന ഭാവത്തിൽ മിണ്ടാതിരിക്കാനേ പറ്റൂ.

താരകൾ

ഭൂവിൽ കൂരിരുളാലൊന്നും കാണാൻ പറ്റാതുള്ളപ്പോൾ 
ഇവിടേയ്ക്കിങ്ങിനെ നോക്കീടാൻ കാരണമെന്തെന്നോതാമോ? 
ഇരുളിൽ നോക്കീടാൻ തന്നെ കിടുകിട പേടി എനിക്കുണ്ട്.
ഭൂതപ്രേതപിശാചുക്കൾ ഇരുളിൻ മറവിലിരുന്നാലോ? 
പേടി പരത്തും കൂട്ടങ്ങൾ ആകാശത്തങ്ങുയരത്തിൽ 
എത്താൻ പറ്റില്ലെന്നാണോ കരുതീടുന്നൂ താരകളേ? 
നിങ്ങടെ കൂടെ കൂടീടാൻ പൂതിയെനിക്കുണ്ടൊരുപാട് 
ഭൂമിയിലങ്ങിങ്ങായ് പമ്മും പേടികളെ പേടിക്കാതെ 
താഴെ നോക്കിയിരുന്നീടാൻ അവിടെ വന്നാൽ പറ്റൂലോ 
അമ്മയുമൊപ്പം വന്നാലേ പറ്റുകയുള്ളൂ വന്നീടാൻ 
അമ്മ വരാതെയിരുട്ടത്ത് ഞാനില്ലവിടെയിരുന്നീടാൻ 
അമ്മെടെ മടിയിലിരുന്നാണോ ഭൂമിയിൽ നിങ്ങൾ നോക്കുന്നൂ?

നാരദീയം

സാക്ഷാദിന്ദ്രൻ്റെ കൈതട്ടി ചപ്ലാങ്കട്ട തരിപ്പണം 
സ്വർഗ്ഗം വാഴുമഹങ്കാരം എന്നു കോപിച്ചു മാമുനി 
നാരദൻ ദുർദ്ധരം ശാപമെറിഞ്ഞൂ മഘവന്നുമേൽ 
ഇന്ദ്രനെന്നുള്ള നാട്യം താൻ ശേഷിക്കും ബാക്കി പോയിടും
നണംകെട്ടുനടക്കേണ്ടി വരും മത്ശാപകാരണാത് 
ഇന്ദ്രൻ വട്ടത്തിലായെന്നു കണ്ടപ്പോൾ കാൽക്കൽ വീഴ്കയാൽ 
നാരദൻ ശാപമോക്ഷത്തെ കനിവാലോതിയിങ്ങിനെ
ശാപം നിനക്കു വല്ലോർക്കും ഭാഗിച്ചങ്ങു കൊടുത്തിടാം 
എന്നിട്ടു വാഴാം മുൻപോലെ ദേവരാജ്യത്തു നാഥനായ് 
ഗവർണ്ണർപ്രസിഡണ്ടെന്ന സ്ഥാനങ്ങൾ കൈക്കലാക്കുവാൻ 
കോപ്പുകൂട്ടി നടന്നീടും മാനവർക്കുമ്പർനായകൻ 
വാഴക്കാതൽ കൊണ്ടു തീർത്ത ചെങ്കോലാർഭാടപൂർവകം 
കയ്യിലേൽപ്പിച്ചു മിന്നീടും സ്ഥാനിയാണെന്നു വാഴ്തിനാനൻ
ചപ്ലാങ്കട്ടപൊടിഞ്ഞുള്ള പൊടി ഭൂമിയിൽ വീഴവേ 
ചേരുവൃക്ഷം കൊടുത്തൂവ്വ ചാനൽചർച്ച നയിപ്പവർ 
എന്നീ സ്ഥാനങ്ങളിൽ വീണു സംസർഗ്ഗത്തിൻറെ ശക്തിയാൽ 
ചപ്ലാങ്കട്ട പൊടിഞ്ഞുള്ള പൊടി വാഴട്ടെ മേൽക്കുമേൽ

എന്നെ കാണാനില്ല

അടിച്ചുവാരും നേരത്ത് നിലമാകെ പൊടി പടലങ്ങൾ 
പൊടിയുടെയിടയിൽ പണ്ടെന്നോ കാണാതായയഴുത്താണി
കണ്ടുപിടിച്ചപ്പോളയ്യോ ഓലകൾ കാണാനില്ലെങ്ങും 
ഉത്തരമാകെ തപ്പീട്ടും പെട്ടികളപ്പിടി പരതീട്ടും 
ശുണ്ഠിയെടുത്തെൻ വീടിനുചുറ്റും മണ്ടിനടന്നു ചിലച്ചിട്ടും 
ഓല ലഭിക്കാൻ വഴികാണാതെ പനയിൽ തന്നെ കേറീ ഞാൻ 
പന മാറത്തും കൈകാൽകളിലും കോറി കവിതകളെമ്പാടും 
ഓല ലഭിച്ചു കവിത കുറിക്കാൻ കിട്ടിപ്പോയരെഴുത്താണി 
കയ്യിലെടുത്തു കഷ്ടം കഷ്ടം എന്നെ കാണാനില്ലപ്പോൾ

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...