Tuesday, October 19, 2021

അഹങ്കാരം

പുല്ലേ എന്നുടെ മുറ്റത്തിങ്ങിനെ വന്നുമുളയ്ക്കാനെന്തേ 
തിണ്ടിന്നപ്പുറമല്ലേ നിങ്ങൾ നിൽക്കാൻ പാടുകയുള്ളൂ 
മുതുമുതുമുത്തച്ഛന്മാർ മുതലേ നിങ്ങളെയെല്ലാം വെട്ടി 
ഭൂമി പിടിച്ചതുകൊണ്ടീ ഭൂവിൻ രാജാക്കന്മാർ ഞങ്ങൾ.
ഞങ്ങടെ ദയവുണ്ടായലല്ലേ ജീവിക്കാനായ് പറ്റൂ? 
മനുജന്മാരുടെ വംശം ഭൂവിൽ ഉണ്ടായതിനും മുന്നെ 
യുഗയുഗമായിട്ടിവിടെ നിങ്ങൾ വന്നുമുളച്ചിട്ടുണ്ടാം. 
ഭൂമിയിൽ മുഴുവൻ നിങ്ങടെ വർഗ്ഗം വേരുപരത്തീട്ടുണ്ടാം.
ഈശ്വരനോടേ കൊല്ലും കൊലയും വരമായ് വാങ്ങി വസിക്കും മനുജന്മാരിലെയൊരുവൻ ഞാനും നുള്ളിയെടുത്തേ കളയും.
പുല്ലേ എന്നുടെ മുറ്റത്തിങ്ങിനെ വന്നുമുളയ്ക്കാനെന്തേ?

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...