Tuesday, October 19, 2021

ആത്മഹത്യ

ആത്രേയനിന്നലെ സന്ധ്യക്കു ജീവിതം 
അട്ടത്തു കെട്ടി തുലച്ചുവത്രേ. 
രാത്രിയിൽ കൂരിരുൾ മൂടിപ്പുതച്ചുള്ള 
കാലൻ വരുമെന്ന പേടിയാലെ 
സന്ധ്യക്കുമുന്നിലേ ജീവിതവാതിലും 
കൊട്ടിയടച്ചിട്ടു തൂങ്ങിയാടി 
ജീവിതപൂർണ്ണവിരാമം വരും വരെ 
പേടി പുതച്ചു കഴിഞ്ഞീടുവാൻ 
പേടിയാലാണത്രേയാത്രേയൻജീവനെ 
പീഡിപ്പിച്ചിട്ടങ്ങു കെട്ടടങ്ങി.

ജീവിതം മൊട്ടിട്ട കാലത്തേ കാലന്മാർ 
കൊത്തിപ്പിളർക്കുവാൻ തക്കം നോക്കി 
പാറിന്നീടുമെന്നതുകൊണ്ടെല്ലാം 
ചാകുവാൻ പോകുകിൽ കഷ്ടമാണ് 
അല്ലെങ്കിൽ ജീവൻറെയാദ്യതുടിപ്പിലേ 
ആത്മാവിൻ ഹത്യ തുടങ്ങുവോർ നാം. 
പേടിയാലാഗ്രഹത്തിൻറെ കഴുത്തിലായ് 
എത്ര കയറാൽ കുരുക്കണിഞ്ഞു? 
മാനത്തിൻ പേരിനാലുള്ളുപുകയുന്ന 
 തീയ്യിൽ നാം കണ്ണുനീരെത്ര വീഴ്ത്തി? 
ആത്മാവിൻ ഹത്യകൾ പാടെനിറുത്താത്തോ-
രാത്രേയന്മരാണു നമ്മളെല്ലാം

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...