എല്ലാം അടങ്ങിയൊതുങ്ങുന്ന കറുപ്പ് അടിച്ച്
വേദനകളും ഞെരങ്ങലുകളും മരുന്നിൻ്റെ മണവും
എല്ലാം ചേർന്ന് കറുപ്പിൻ്റെ കറുപ്പുനിറം മാറ്റി
ഉള്ളിലടക്കാൻ പറ്റാത്ത വല്ല നിറവും ആയി മാറില്ലായിരിക്കും.
അല്ലെങ്കിൽ വെളുപ്പ്. വെളിച്ചം തട്ടുമ്പോൾ
ചിരിയും ഭാവങ്ങളും വേർതിരിച്ച് വെളുപ്പിൻ്റെ ഉള്ളിൽ
വെളുപ്പായി തിളങ്ങും എന്ന് പ്രത്യാശിയ്ക്കാം.
വെളിച്ചം മങ്ങിവരുമ്പോൾ വെളുപ്പെല്ലാം മങ്ങി
ചാരനിറം പടരും. പിന്നെ കറുപ്പും.
വെളിച്ചം മടങ്ങിവരും
കണ്ണിൽ തിമിരം പടരുവോളം വെളിച്ചം മടങ്ങിവരുമായിരിയ്ക്കും.
കറുപ്പിൻ്റെ ഒന്നും രണ്ടും മൂന്നും ഓളങ്ങളിൽ
വെളിച്ചത്തിൻ ചൂണ്ടുപലക ദിശമാറി
തിമിരത്തിൻ കൂരാക്കൂരിട്ടിൽ മുഖകുത്തി വീഴാനും മതി.
മാറ്റത്തിൻ തീറവകാശം വാങ്ങിക്കൂട്ടിയ ചുവപ്പാകാം.
മരണവും ജനനവും മാറ്റത്തിൻ നീറ്റലാണെന്ന്
ജാതകത്തിൻ്റെ എല്ലാ കള്ളികളിലും ഇടതൂർന്ന്
എഴുതി അതിനുമുകളിൽ ചുവപ്പടിക്കണം.
ചുവപ്പണുക്കളും വെളുപ്പണുക്കളും യുദ്ധം ചെയ്ത്
ജീവരക്തത്തിൻ കാലപ്പഴക്കത്താൽ കറുപ്പാർന്ന
തിലജലത്താൽ തർപ്പണം ചെയ്ത് ശാന്തിപർവ്വങ്ങളിൽ
അശാന്തരായ് വിറങ്ങലിച്ചിരിക്കാം.
No comments:
Post a Comment