ട്രാക്ടർ ഇറങ്ങിയതാദ്യമായി.
കുട്ടൻ്റെ നീളത്തിൽ രണ്ടിലധിക-
മിരട്ടി വലുതായ ചക്രങ്ങളായ്
പ്ലാശീരിപ്പാടത്തിലാകെ മുഴങ്ങുന്ന
ശബ്ദത്തിലാകെ മുരണ്ടുകൊണ്ട്
ചേറിനെയാകെയിളക്കിമറിച്ചു-
കൊണ്ടങ്ങിങ്ങു മണ്ടി നടന്നു ട്രാക്ടർ.
കൊറ്റികളെന്തൊരു ദുർഭൂതമാണിതെ-
ന്നൂക്കിൽ പറന്നകലത്തു പോയി.
ചാമിയും ചാത്തനും കൈക്കോട്ട് തോളിൽ വെ-
ച്ചൽപ്പം ഭയത്തോടെ മാറിന്നു.
കാളിയും പാത്തുവും ഞാറുപറിക്കുന്ന
കണ്ടത്തിലേയ്ക്കെങ്ങാൻ ജന്തു വന്നു-
കേറുമോ എന്നുള്ള പേടി പെരുക്കയാൽ
വീണ്ടുമിടയ്ക്കു തിരിഞ്ഞു നോക്കി.
പാടവരമ്പത്തു നാട്ടുകാരെല്ലാരും
അത്ഭുതം കാണുാൻ നിരന്നു നിന്നു.
അങ്ങിനെയേതാണ്ടു നട്ടുച്ചയായപ്പോൾ
കുട്ടൻ്റെ കണ്ടത്തിലെത്തി ട്രാക്ടർ.
വീട്ടുപടിക്കലെ വല്യേ വരമ്പിൻ്റെ
ഓരത്തു നിർത്തിയ ട്രാക്ടറിൻ്റെ
ഡ്രൈവറടുത്തുള്ള തോട്ടിലിറങ്ങി കൈ-
കാലുകൾ തേച്ചു കഴുകീടവേ
കുട്ടൻറെ അച്ഛനിലവെച്ചുകോലായി-
ലൂണിനെല്ലാമേയൊരുക്കി വെച്ചു.
ഡ്രൈവറും ക്ലീനറുമൂണുകഴിക്കുവാൻ
പോയുള്ള നേരത്തു കുട്ടൻ മെല്ലെ
ചാരേ വരമ്പത്തു വിസ്തരിച്ചാകവേ
നോക്കി നിന്നീടവേ പിന്നിൽ നിന്നും
മേലേ തൊടിയിലെ സൈതാലി മൊട്ടയിൽ
തോർത്തുണ്ട് വട്ടത്തിൽ കെട്ടിക്കൊണ്ട്
പട്ട നിലത്തുരയുന്നതു പോലവേ
മലപ്പടക്കം പൊരിയുമ്പോലെ
പേടിപ്പിച്ചീടുന്ന ശബ്ദത്തിൽ ചോദിച്ചു
ഞെട്ടിത്തിരിഞ്ഞുപോയ് കുട്ടനാകെ.
ആരാണ്ടാ? വേണ്ടാതാകുന്ത്രാണ്ടത്തിന്നടു-
ത്തെ.ന്തു കുലുമാലാ കൂട്ടുന്നത്?
കുട്ടൻ പൊടുന്നനെ വീട്ടുപറമ്പിലേ-
യ്ക്കോടി മരത്തിൻ മറവിൽ നിന്നു.
സൈതാലിമാപ്പിള പാടവരമ്പത്ത്
കുന്തിച്ചിരുന്നങ്ങ് നോക്കിക്കണ്ടു
ട്രാക്ടറിൻ ചക്രത്തെ കൈകൊണ്ടു തൊട്ടൊന്നു
നോക്കിയിടഞ്ഞീല ട്രാക്ടറൊട്ടും
കാലാൽ ചവിട്ടീല കൊമ്പു കുലുക്കീല
പാവത്തെപ്പോലെ വെറുതെ നിന്നു.
സൈതാലി ജന്തുവിൻ സൗഹൃദഭാവത്തെ -
യാസ്വദിച്ചുള്ളു കുളിർത്തപോലെ
അങ്ങുന്നെണീറ്റു പറമ്പിൽ കരയേറി
കിട്ടുന്ന പുല്ലു പറിച്ചു ചെന്ന്
തിന്നാൻ കൊടുത്തു കൊടുത്തിട്ടും ട്രാക്ടറു
തിന്നാതെ ചുമ്മാതെകണ്ടു നിന്നു.
ദേഷ്യം പിടിച്ചിട്ടു സൈതാലി കിട്ടിയ
കോലാലെയൊന്നു പിടച്ചു പിട.
എന്നിട്ടുമില്ലായിളക്കം അടി മർമ്മ-
ത്തെങ്ങാനും കൊണ്ടതു ചത്തുപോയോ?
ഉള്ളിൽ പരിഭ്രമം പൂണ്ടിട്ടു
സൈതാലി
ചുറ്റിലുമെല്ലാമേ പാളിനോക്കി.
ആരുമേ കണ്ടില്ലെന്നാശ്വാസവുമായി
മണ്ടയിൽ കെട്ടിയ കെട്ടഴിച്ച്
വിസ്തരിച്ചൊന്നു മുഖം തുടയ്ക്കും നേരം
കുട്ടനെ കണ്ടു പകച്ചു പോയി.
ആരോടും മിണ്ടരുതെന്നു വിരലാലെ
കാണിച്ചു മത്തങ്ങക്കണ്ണുരുട്ടി
ട്രാക്ടറിൻ ജീവനെ തല്ലിക്കെടുത്തിയ
ഗുണ്ടയായ് പാടത്തു നിന്നും കേറി-
നിൽക്കുമ്പോൾ ഡ്രൈവറു വന്നിട്ടാ
ജന്തുവിൻ
നേരെമുതുകത്തു ചാടിക്കേറി
ഡ്ർഡ്ർഡ്ർ ഡ്ർഡ്ർഡ്ർ ഡ്ർഡ്ർഡ്ർ ഡ്ർഡ്ർഡ്ർ
ഡ്ർഡ്ർഡ്ർ ഡ്ർഡ്ർഡ്ർ
ഡ്ർ ഡ്ർ ഡ്ർ
No comments:
Post a Comment