Tuesday, October 19, 2021

M R I

ഇന്നെൻ തലച്ചോറിൻ ചിത്രമെടുക്കാനായ് 
ആസ്പത്രിയിൽ ചെന്നിരിക്കുമ്പോൾ 
എൻറെ ശരീരത്തിന്നെല്ലാ ചരിത്രവും 
ചോദിക്കും പേപ്പറെനിക്കു തന്നു. 

 ബി പി, ഷുഗർ, കൊളസ്റ്റ്രോളെന്നിത്യാദി 
യോഗത്യ ചോദിക്കും കള്ളികളിൽ 
യോഗ്യമായുത്തരം നൽകി. 

ഉള്ളിലിരുമ്പുണ്ടോ എന്നൊരു ചോദ്യത്താലെൻ 
 മനോധൈര്യത്തെ ചോദ്യം ചെയ്ത പേപ്പറിൻ 
ദുഷ്ടവെളുത്തമുഖത്തിൽ ഞാൻ 
ഇല്ലെന്നു തെറ്റുവരച്ചു കൊടുത്തു. 

വല്ലപ്പോഴും വല്ല എല്ലും മുറിഞ്ഞതു 
കൂട്ടിച്ചേർക്കാൻ ഇരുമ്പുദണ്ഡു 
 അകത്തു വെച്ചിട്ടുണ്ടോ എന്നാണ് ചോദ്യം 
 എന്ന് മനസ്സിലാവായ്കയല്ല. 

പേപ്പർ കാഴ്ചയിൽ നിരുപദ്രവമായ 
 ചോദ്യമാണ് ചോദിച്ചതെങ്കിലും 
എൻ്റെ അകത്ത് ഇരുമ്പില്ല 
എന്ന സത്യം തുറന്നു പറയേണ്ടി
വന്നതിൽ വലിയ സങ്കടമുണ്ട്. 

ഇരുമ്പുണ്ടായിരുന്നു. സൌന്ദര്യത്തിൻ്റെ, 
ബുദ്ധിയുടെ, വേഗത്തിൻ്റെ, 
ആത്മവിശ്വാസത്തിൻ്റെ എല്ലാം ഇരുമ്പുണ്ടായിരുന്നു. 

ഇന്ന് തുരുമ്പിന്നിന്നുള്ളിൽ ഇരുമ്പ് ഇല്ലെന്ന സത്യം എഴുതിക്കൊടുക്കേണ്ടിവന്നതിൽ ഞാൻ അഗാധദുഃഖവാനാണ്.

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...