നീർദ്ദോഷത്തിൻ കാലം
ആറ്റിൻവക്കിൽ മാങ്കൂട്ടത്തിലെ
മാക്കുണ്യാരുടെ പുത്രൻ
കുന്നിൻ മുകളിലെ ആനക്കാട്ടിലെ
ആന്തുണ്യാരുടെ മകളെ
കാണാൻ പോയി മടങ്ങീടുമ്പോൾ
മാക്കുണ്ണ്യാരുടെ മൂക്ക്
വല്ലാതങ്ങുകടിച്ചൂ
പ്രാകു-
ന്നാരോയെന്നു പറഞ്ഞേ
മൂക്കു പിടിച്ചു കശക്കി.
മൂക്കിൻ കടിയിൽ കണ്ടൂ ഭാര്യ
കലഹത്തിൻ ചെറു കണികകൾ
പാറും
തീക്കൽ തരികൾ പോലേ.
ഉള്ളിൽ കരുതീ മാക്കുണ്യാരുടെ
മൂക്കിൻ കടികൾ ഭാര്യ.
പലകുറി പകലോൻ കടലിൽ ചാടി
പനിമതി കലകൾ മാറ്റി.
മാക്കുണ്യാരുടെ മൂക്കിൻ കടിയുടെ
കാഠിന്യം പോയേപോയി.
മൂക്കേ പോയ് പ്പോയെന്നു പറഞ്ഞാ-
ലധികപറ്റായീടും
മാക്കുണ്യാരുടെ മകനും
സാക്ഷാ-
ലാന്തുണ്യാരുടെ മകളും
ഗുരുവായൂരിലെ തള്ളിന്നിടയിൽ
മാലകളിട്ടുതമ്മിൽ.
അന്നും ചനുപിനെ മഴയുണ്ടായീ
മംഗളമെന്നായ് നാട്ടാർ.
ദുശ്ശകുനംപോൽ മാക്കുണ്യാരുടെ
മൂക്കു കടിച്ചു വീണ്ടും.
ആ സമയത്തേ മകനുടെ ചെവിയിൽ
മരുമകളെന്തോ ചൊല്ലി.
മൂക്കിൻകടിയുടെ കാരണമങ്ങിനെ-
യമ്മായിക്കുമുറച്ചു.
അങ്ങിനെയങ്ങിനെ മാക്കുണ്യാരുടെ
മൂക്കിന്നുള്ളിൽ കടിയായ്
ഉദയം കൊണ്ടാത്തീക്കൽത്തരികൾ
ഊതിക്കത്തിച്ചീടാൻ
കാലം വഴികൾ പലതും പണിതൂ
പുകയും കടികൾ കത്തി.
മാക്കുണ്യാരടെ ഭാര്യക്കടിമുടി
അമ്മായിപ്പോർ പെരുകി.
ആന്തുണ്യാരുടെ മകളും
തലയിണ-
മന്ത്രം സിദ്ധി വരുത്തി.
അടിപിടികലശൽ വീട്ടിന്നുള്ളിൽ
ചുഴലിക്കാറ്റായ് ചുറ്റി.
വീട്ടിന്നുള്ളിൽ വെള്ളം വെച്ചാൽ
തന്നെത്താനെ തിളക്കും
എന്നാം നിലയിൽ സംഗതിയെല്ലാം
ചൂടിൻ തുമ്പത്തെത്തേ
പെട്ടെന്നൊരുനാൾ മാക്കുണ്യാരുടെ
ഭാര്യ മരിച്ചേ പോയി.
തിരുനാവായപ്പുഴയിൽ
പോരിൻ
തരികളലിഞ്ഞേ പോയി.
കാലം തിരിയേയിടവപ്പാതി
കനപ്പിക്കാനായ് വന്നു.
മാക്കുണ്യാരുടെ മൂക്കിനു വീണ്ടും
കടിയുടെ ശല്യം വന്നു.
ജലദോഷത്തിൻ വരവാകാമെ-
ന്നോതീ മാക്കുണ്യാരും
മൂക്കിൻ തുമ്പു കശക്കീ
പാവം
ചായ്പ്പിന്നുള്ളിൽ ചാഞ്ഞു.
No comments:
Post a Comment