Tuesday, October 19, 2021

മുട്ടിയിരുപ്പത് (ദ്വാസുപർണ്ണാ...)

അത്തിമരക്കൊമ്പിൽ മുട്ടിയിരുന്നതു 
ഞാനാണോ നീയാണോ നമ്മളാണോ 
ഞാൻ തിന്ന സ്വാദെല്ലാമൂറ്റിക്കുടിച്ച നീ 
കണ്ണു തുറന്നു തപസ്സു ചെയ്തു. 
തിന്നുതിന്നാകെ വശം കെട്ട ഞാനപ്പോൾ 
കൺപീലികൾക്കുമേൽ തൂങ്ങി നിൽക്കും 
നിദ്രയാൽ ബോധത്തിരി താഴ്ത്തി രാവാക്കി 
വന്നതും പോയതുമോർത്തീടാതെ 
ചുറ്റുമുള്ളോരുടെ ദുഃഖത്തിൻ ചൂടേറ്റു 
നീണ്ടുനിവർന്നു കിടന്നുറങ്ങി. 
സ്വപനമോ സത്യമോ കാഴ്ചക്കാരൻ താനോ 
കാഴ്ചയോയെന്നറിയാതെകണ്ട്. 
പോയില്ല എന്നാലും ലോകം മുഴുക്കനെ 
ചുറ്റിക്കറങ്ങി നടന്നു കണ്ടു. 
വസ്ത്രമെടുക്കാതെ പട്ടുവസ്ത്രങ്ങളാൽ 
 രാജാവു തോൽക്കുന്ന വേഷം കെട്ടി. 
ഏത്തായൊലിപ്പിച്ചു പുണ്യനദികളിൽ 
 ഒട്ടും നനയാതെ നീരിലാടി. 
കെട്ടിപ്പൊതിഞ്ഞിട്ടെടുത്തു വച്ചീടാൻ 
എല്ലിൻ തരിപോലും വച്ചിടാതെ 
എല്ലാമുണർവ്വിന്നൊളിയിൽ നശിച്ചിട്ടും 
നാളെയും കാണുമാസ്വപ്നമെന്ന് 
തെറ്റിദ്ധരിപ്പതു ഞാനാണോ? നീയ്യാണോ? 
മുട്ടിയുരുമ്മിയ നമ്മളാണോ?

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...